1
യാത്രകൾ ... നാം എത്ര
പദ്ധതിയിട്ടാലും ആഗ്രഹിച്ചാലും , പലപ്പോഴും യാത്രകൾ
നമ്മെ തിരഞ്ഞെടുക്കാറാണെന്നു തോന്നിയിട്ടുണ്ട്. എത്തിച്ചേരേണ്ട സ്ഥലവും സമയവുമെല്ലാം
ഒരു നിയോഗം പോലെ വന്നു ചേരാറാണ്. ഒരുവേള നാം ആഗ്രഹിച്ച ചില യാത്രകൾ ദശകങ്ങൾക്ക് ശേഷമായിരിക്കും
പ്രവർത്തികമാകുക. എന്നാൽ മറ്റു ചിലതു യാതൊരു തയ്യാറെടുപ്പുകൾക്കോ കാത്തിരിപ്പുകൾക്കോ
ഇട നൽകാതെ നൊടിയിടയിൽ സംഭവിക്കും.
ഈ യാത്ര ഇതിലേതാണെന്നു ചോദിച്ചാൽ അറിയില്ല.പണ്ടെങ്ങോ
ആഗ്രഹിച്ചിരുന്നു, എന്നാൽ തീവ്രമായി
ആഗ്രഹിച്ചിരുന്നുമില്ല.പ്രവാസമെന്ന ചക്കിൽ തിരിയാൻ തുടങ്ങിയത് മുതൽ നടക്കാതെ പോവുന്ന
പ്ലാനുകൾ അതിസാധാരണമായതിനാൽ , വല്ലപ്പോഴും സംഭവിക്കുന്ന,
യാഥാർഥ്യമാവുന്ന പ്ലാനുകൾക്ക് മധുരമേറെയാണ്. മഹാമാരി
ഉലച്ചുകളഞ്ഞ ശേഷം, സമാധാനത്തോടും സാവകാശത്തോടും
പ്ലാൻ ചെയ്ത Annual Vacation ഇൽ , നാട്ടിൽ നിന്നും ഒരു യാത്ര പോവണമെന്ന് ആദ്യമേ കരുതിയിരുന്നു.
അതെങ്ങനെ കാശ്മീർ ആയെന്നു നിശ്ചയമില്ല. തുടക്കത്തിൽ പറഞ്ഞത് പോലെ അതങ്ങനെ വന്ന് ചേർന്നുവെന്നു
വേണം കരുതാൻ.
യാത്ര പോകാനുദ്ദേശിച്ച
സമയം തിരക്കേറിയ സീസൺ ആയതിനാലും, യാത്ര ചെയ്യേണ്ടവർ
ഏറെയും വിദേശത്തു ആയതിനാലും, നാട്ടിലെ ഒരു ട്രാവൽ
ഏജൻറ് മുഖേന ടിക്കറ്റുകളും റൂമും മറ്റും ബുക്ക് ചെയ്യാൻ വേണ്ടി യാത്ര പാക്കേജ് തരപ്പെടുത്തിയിരുന്നു.
ഈ പറഞ്ഞ ബുക്കിങ്ങുകൾ , വ്യത്യസ്ത യാത്ര പദ്ധതികളുമായി യാഥാർഥ്യമാക്കിയെടുക്കാൻ
തന്റെ തിരക്കുകൾ എല്ലാം തൃണവൽക്കരിച്ചുകൊണ്ടു അഹോരാത്രം പരിശ്രമിച്ച കോഴിക്കോട് നഗരത്തിലെ
പ്രമുഖ റിയൽ എസ്റ്റേറ്റ് കൺസൽടെന്റ് കൂടിയായ
ശ്രീമാൻ. വലീദ് പാലാട്ടിനെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. എങ്കിൽ പോലും അനിശ്ചിതത്തിന്റെ
കാർമേഘങ്ങൾ ഒഴിഞ്ഞു പോയിരുന്നില്ല. യാത്ര പോകേണ്ടതിന്റെ 2 ദിവസങ്ങൾക്കു മുൻപ് പോലും...! കാരണങ്ങൾ പലതു ആയിരുന്നു. കുട്ടികളുൾപ്പെടെ
പലരുടെയും അസുഖം, നാട്ടിലെ കല്യാണമഹാമഹങ്ങളുടെ
പിടിച്ചു വെക്കലുകൾ, കാലാവസ്ഥ വ്യതിയാനങ്ങൾ,
കാശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന അമർനാഥ് തീർത്ഥയാത്ര
തുടങ്ങിയവ. ചുരുക്കത്തിൽ അനിശ്ചിതത്വങ്ങളുടെ ഒരു ഘോഷയാത്ര...
ചില പ്രതിബന്ധങ്ങൾ താനേ മാറിയും മറ്റു ചിലതിനെ
തട്ടിമാറ്റിയും, ഏതാണ്ട് എല്ലാവരും
പുറപ്പാടുകൾ തുടങ്ങി. മുന്നോട്ട് തന്നെ..മുന്നോട്ടു... ഇല്ലാ ഇല്ലാ പിൻവാങ്ങില്ല...!
ഡൽഹി വരെ ഉള്ള യാത്ര ട്രെയിനിലും തുടർന്നുള്ള യാത്രകൾ ഫ്ലൈറ്റിലുമാണ് ക്രമീകരിച്ചിരുന്നത്. എന്റെ 2 മക്കളും ആദ്യമായി ഇന്ത്യൻ റെയ്ൽവേയിൽ യാത്ര ചെയ്‌യുന്നതിന്റെ
ത്രില്ല് അവരേക്കാളേറെ എനിക്കായിരുന്നു.യാത്ര തുടങ്ങുന്നത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ
നിന്നാണ്. 4 കുടുംബങ്ങളിൽ മറ്റു
മൂന്നും കോഴിക്കോട് നിവാസികൾ തന്നെ ആയതിനാൽ ഞങ്ങൾ കൊയിലാണ്ടിക്കാർ അല്പം നേരത്തെ തന്നെ
യാത്ര തിരിച്ചു. ചെറു ചാറ്റൽ മഴയുടെ അകമ്പടിയോടെ കോഴിക്കോട് നഗരത്തെ പുൽകി. ആമാശയത്തിന്റെ
വിളികൾക്കു ഉത്തരം നൽകാൻ ബോംബെ ഹോട്ടലിൽ തന്നെ ബ്രേക്ക് ചവിട്ടി. കത്തലടക്കലും നമസ്കാരവുമൊക്കെ
പൂർത്തിയാക്കി അല്പം ധൃതിയിൽ തന്നെ റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചു.ഏതാണ്ട് ട്രെയിൻ
സമയത്തോടടുത്തിരുന്നു. കോഴിക്കോട് നഗരത്തിലെ യാത്ര എന്നും മനസ്സിനെ സന്തോഷിപ്പിക്കുന്ന
ഒന്ന് തന്നെയാണ്.ഓർമവെച്ച നാളുകളിലെ മഹാനഗരമായതിനാലാണോ അല്ല സ്വന്തം നാടെന്ന പിരിശത്തിനാലാണോ
എന്നറിയില്ല. "ഞമ്മളെ കൊയ്‌ക്കോട് ...!" അതൊരു കൊഷി തന്നാണ് കോയാ... പ്ലാറ്റുഫോം
4 ഇൽ ഞങ്ങൾ എത്തി അല്പനേരത്തിനുള്ളിൽ തന്നെ മറ്റെല്ലാവരും എത്തിച്ചേർന്നു... ആളുകൾ
ഏറെ സുന്ദരന്മാർ ആയി കാണപ്പെടുന്നത് ഏറെ സന്തോഷിക്കുമ്പോഴാണല്ലോ , അതും ഒരു ഉല്ലാസയാത്രക്ക് മുൻപുള്ള സന്തോഷത്തിനു മാറ്റ് കൂടും. ഞങ്ങളുടെ സാരഥി
സർവ്വശ്രീ: Zain Bafakhy (ടിയാന്റെ നാമം മലയാളത്തിൽ ആലേഖനം ചെയ്യാൻ ശ്രമിച്ചു
ഞാൻ പരാജയപ്പെട്ടു) പതിവ് പോലെ സേവനതല്പരനായി ഞങ്ങളുടെ ബാഗുകൾ എടുത്തു വെക്കുന്നതിലും
വെള്ളം വാങ്ങുന്നതിലുമെല്ലാം വ്യാപൃതനായി. പിന്നീട് അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി ദൗർബല്യം
പുറത്തു ചാടി ഞങ്ങളെയെല്ലാവരെയും അറഞ്ചം പുറഞ്ചം ഫോട്ടോ പിടിക്കാൻ തുടങ്ങി. ഇതിനിടയിൽ
ട്രെയിനിന്റെ വരവും ബാഗുകളുടെ ലോഡിങ്ങും സീറ്റ് കണ്ടെത്തലുമൊക്കെ പെട്ടെന്ന് ആയിരുന്നു.
കോഴിക്കോട് സ്റ്റേഷൻ ആയതിനാലും ദീർഘദൂര ട്രെയിൻ ആയതിനാലും വല്ലാതെ വെപ്രാളപ്പെടേണ്ടി
വന്നില്ല. ആവശ്യത്തിന് സമയമുണ്ടായിരുന്നു. മഴ നിലച്ചിരുന്നുവെങ്കിലും, കാർമേഘം മൂടിയ ആകാശത്തിനു കീഴെ ഞങ്ങളെയും വഹിച്ചു പുക തുപ്പിക്കൊണ്ട് ട്രെയിൻ മുന്നോട്ടു
കുതിക്കാൻ തുടങ്ങി...
Comments
Post a Comment