കാശ്മീർ ഡയറീസ് (Travelogue) Chap.14 - ദീപസ്തംഭം മഹാശ്ചര്യം, ലോകത്തെവിടെ ആയാലും ..!
എല്ലാവരും വണ്ടിയിൽ കയറി, വണ്ടി പാർക്കിങ്ങിൽ നിന്നും പുറത്തേക്കെടുത്തു ഏതാണ്ട്
ഒരു 800 മീറ്റർ പിന്നിടുമ്പോഴേക്കും, അവിടെ ഒരു പോലീസ്
ചെക്‌പോസ്റ്റു സ്ഥാപിച്ചിരിക്കുന്നു. വലത്തോട്ടും ഇടത്തോട്ടും പിരിയുന്ന റോഡിൽ ഞങ്ങൾക്ക്
പോകേണ്ട വലത്തോട്ടേക്കുള്ള റോഡ് അടച്ചിരിക്കുന്നു. അല്പം മുൻപ് ആഷിഖ് ക്ഷുഭിതൻ ആയി
പുലമ്പിയതിന്റെ കാര്യം ഏതാണ്ട് വ്യക്തമായി. അമർനാഥ് തീർത്ഥയാത്ര നിയന്ത്രണങ്ങളുടെ ഭാഗമായി
ഉച്ച മൂന്നു മണിക്ക് ശേഷം ടൂറിസ്റ്റുകളെ ആരെയും ഗുൽമാർഗിൽ നിന്ന് പുറത്തേക്കു വിടുന്നില്ല.
ഞങ്ങൾ ഫാമിലി ആയതുകൊണ്ട് ഞങ്ങളുടെ അപേക്ഷയിൽ അവർ അങ്ങ് അലിഞ്ഞോളുമെന്നുള്ള ഞങ്ങളുടെ
പ്രതീക്ഷ അസ്ഥാനത്തായിരുന്നു. ഞങ്ങൾ എത്ര അപേക്ഷിച്ചിട്ടും ദൈന്യതയോടെ കെഞ്ചിയിട്ടും
അവർ ചെവി കൊണ്ടില്ല. അവസാനം ഞങ്ങളെ ഒഴിവാക്കാനെന്ന പോലെ , ഇടത്തോട്ട് പോയാൽ പോലീസ് സ്റ്റേഷൻ ആണെന്നും അവിടെ പോയി മേലുദ്യോഗസ്ഥനോട് സംസാരിച്ചു
അനുവാദം വാങ്ങിയാൽ പോകാനനുവദിക്കാമെന്നു പറഞ്ഞു. വേറെ വഴിയില്ലാതെ ഞങ്ങൾ വണ്ടി ഇടത്തോട്ട്
തിരിച്ചു. ഒരു രണ്ടു മൂന്നു കിലോമീറ്ററിനുള്ളിൽ പോലീസ് സ്റ്റേഷൻ എത്തി. ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു.
ഞങ്ങൾ ഗേറ്റിൽ പോയി കുറെ സമയം നിന്ന് അകത്തേക്ക് നോക്കി വിളിച്ചപ്പോൾ ഒരു കോൺസ്റ്റബിൾ
വന്നു കാര്യം തിരക്കി. ഞങ്ങൾ വിവരങ്ങളും ആവശ്യവും പറഞ്ഞു. എല്ലാം കേട്ട ശേഷം ആരെങ്കിലും
ഒരാൾക്ക് മാത്രം ഉള്ളിൽ വന്നു സാറിനോട് സംസാരിക്കാമെന്നു പറഞ്ഞു. ആപൽഘട്ടങ്ങളിൽ നിങ്ങളെ
സഹായിക്കാൻ മിന്നൽ മുരളി ആയ ഞാൻ അല്ലാതെ വേറെ ആര് എന്ന മുഖഭാവത്തോടെ ശ്രീമാൻ. അൻവർ
സാദത്ത് പോകാനൊരുങ്ങി. അപ്പോൾ വാലീദ്ക്കാന്റെ ഒരു പിൻവിളി."അബ്ദുൽനെ കൂടി കൂട്ടിക്കോ, ഒരു സിമ്പതി വർക്ഔട് ആയിക്കോട്ടെ". 5 വയസ്സുള്ള പൈതലിനെ കണ്ടു പോലീസ്‌കാർ
അങ്ങ് ഉരുകിപ്പോവുമെന്നാണ് കവി ഉദ്ദേശിച്ചത്. എന്ത് തന്നെ ആയാലും ഞാൻ ഇപ്പൊ ഗോദയിൽ
കേറി ഓഫീസറെ മലർത്തിയടിച്ചു പെർമിഷൻ എടുത്തു വരാം എന്ന ആത്മവിശ്വാസത്തിൽ അംബർക്കാക്ക
പോയി. ഞങ്ങൾ ഏതാണ്ട് പത്തു പതിനഞ്ചു മിനുട്ടോളം ഉദ്വേഗഭരിതരായി കാത്തു നിന്ന്. ഇതിനിടയിൽ ചക്കരയിൽ ഈച്ച വന്നിരിക്കുന്ന
പോലെ 2 പേര് ഞങ്ങളെ ചുറ്റിപ്പറ്റി വരികയും ഞങ്ങളോട് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നുമൊക്കെയുണ്ട്.ഞങ്ങളവരെ
ശ്രദ്ധിച്ചില്ല. എന്തിനു ശ്രദ്ധിക്കണം , ഞങ്ങൾക്ക് പോകാനുള്ള
പെർമിഷനും എടുത്തു ശ്രീ. അൻവർ സാദത്ത് ഇപ്പോൾ സ്ലോ മോഷനിൽ കൂളിംഗ് ഗ്ലാസും വെച്ച് വരുമല്ലോ.
പിന്നെന്ത് പേടിക്കാൻ...!
ഒരഞ്ചു മിനിറ്റിനകം അൻവർക്ക പുറത്തേക്കു വരുന്നത് കണ്ടു. സ്ലോ മോഷൻ അല്ല, കൂളിംഗ് ഗ്ലാസും ഇല്ല. ഏതാണ്ട് കാര്യം വ്യക്തമായെങ്കിലും, എങ്ങാനും ബിരിയാണി കൊടുത്താലോ എന്ന പ്രതീക്ഷയോടെ ഞങ്ങൾ പ്രതീക്ഷയോടെ ആ മുഖത്തേക്ക്
നോക്കി. " ഒന്നും നടന്നില്ല. കാശ്മീർ ആയിപ്പോയി, കേരളം ആണേൽ ഞാൻ തകർത്തേനെ..." എന്ന പ്രസ്താവന ഞങ്ങളെ നിരാശയുടെ പടുകുഴിയിലേക്ക്
തള്ളിയിട്ടു. ഞങ്ങൾ അത് വരെ നേർത്ത പരിഗണന പോലും കൊടുക്കാത്ത ആ രണ്ടു പേർ ഒരു നായക
പരിവേഷത്തോടെ ഞങ്ങളുടെ മുൻപിൽ അവതരിച്ചു. ഞങ്ങളുടെ പ്രശ്നം കൃത്യമായി മനസ്സിലാക്കിയിട്ടെന്ന
പോലെ അവർ സംസാരിച്ചു. ഞങ്ങളെ അവർ അവരുടെ വണ്ടിയിൽ പോലീസ് ചെക്ക്പോസ്റ്റു കടത്തി തരാമെന്നും
അതിനു അവർക്കൊരു തുക നൽകിയാൽ മതിയെന്നും പറഞ്ഞു. ആദ്യം അതത്ര വിശ്വാസമായില്ലെങ്കിലും, ഞങ്ങളുടെ സാരഥിയോട് ചോദിച്ചപ്പോൾ അങ്ങനെയൊക്കെ ഇവിടെ നടക്കാറുണ്ടെന്നും പറഞ്ഞും.
മാത്രമല്ല, യാത്രാവിലക്ക് ഉള്ളത് ടൂറിസ്റ്റുകൾക്ക് മാത്രമാണെന്നും
, ഞങ്ങൾ ഇന്നിവിടെ എവിടെയെങ്കിലും റൂം എടുത്തു താമസിക്കുകയാണെങ്കിൽ, ആഷിഖിന് ഒറ്റയ്ക്ക് തിരികെ പോവാൻ തടസ്സമില്ലെന്നും പറഞ്ഞു. അവരെ വലിയ വിശ്വാസം
ആയില്ലെങ്കിലും ഞങ്ങൾക്ക് മുൻപിൽ വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ , പണം മുൻകൂർ ആയി തരില്ലെന്നും ചെക്ക്പോസ്റ്റു
കഴിഞ്ഞതിനു ശേഷം മാത്രമേ കാശ് തരൂ എന്ന് കരാറാക്കി, വിലപേശലിനൊടുവിൽ
2500 രൂപയ്ക്കു അവരുമായി ധാരണയിലെത്തി.അങ്ങനെ ഞങ്ങളുടെ സാധനങ്ങൾ എല്ലാം ഞങ്ങൾ വന്ന
വണ്ടിയിൽ തന്നെ വെച്ച്, ഞങ്ങൾ മാത്രം ആ DUNKI സാഹസത്തിനൊരുങ്ങി.
ഒരു ഇരുപതു വർഷത്തിലേറെ പഴക്കമുള്ള 2 ടാറ്റ സുമോ ഞങ്ങൾക്കു മുന്നിലെത്തി.ഞങ്ങൾ എല്ലാവരും
ആ രണ്ടു വണ്ടികളിലായി കയറി. ഞങ്ങളെ തൊട്ടു മുൻപ് തിരിച്ചു വിട്ട അതേ ചെക്‌പോസ്റ്റിൽ
എത്തിയപ്പോൾ ഈ ഡ്രൈവർ ആ പോലീസുദ്യോഗസ്ഥന് ഒരു ഹാൻഡ്ഷേക്ക് കൊടുത്തു. ആ ഹാൻഡ്ഷേക്കിനുള്ളിൽ
ഒരു ഗാന്ധിജിയുടെ പടമുള്ള നോട്ടു ചുരുണ്ടു കിടന്നിരുന്നു. ഒരു ചോദ്യവുമില്ല , ഉത്തരങ്ങളുമില്ല. ഒരു ഹാൻഡ്ഷേക്ക് , ഒരു പുഞ്ചിരി, ഒരു തലയാട്ടൽ. ചെക്ക്പോസ്റ്റിന്റെ ഗേറ്റ് ഞങ്ങൾക്ക് മുന്നിൽ വഴിമാറി. പക്ഷെ, അയാൾ നിർത്താതെ മുന്നോട്ടു തന്നെ പോയിക്കൊണ്ടിരുന്നു. കാര്യം അന്വേഷിച്ചപ്പോൾ ആണ്
പറഞ്ഞത്, ചുരം ഇറങ്ങി കഴിഞ്ഞാൽ ഒരു ചെക്ക്പോസ്റ്റു കൂടെ ഉണ്ട്.
ചിലപ്പോൾ അവിടെ നിങ്ങളെ പിടിച്ചു വെക്കും, അതുകൊണ്ടു അവിടം കൂടി
കടത്തിതരാം എന്ന്. എടുക്കുന്നത് ഒരു കള്ളപ്പണി ആണെങ്കിലും അതിൽ അയാൾ കാണിച്ച ആത്മാർത്ഥത
എനിക്കിഷ്ടമായി. അയാൾക്ക് വേണമെങ്കിൽ ഞങ്ങളെ അവിടെ ഇറക്കി വിടാമായിരുന്നു. മറ്റൊരു
ചെക്‌പോസ്റ്റു ഉള്ളത് ഞങ്ങൾക്ക് അറിയുക പോലുമുണ്ടായിരുന്നില്ല. എന്തായാലും ഒരു ഇരുപത്
മിനിറ്റിനുള്ളിൽ 5 - 8 കിലോമീറ്റർ ഉള്ള ചുരമിറങ്ങി. രണ്ടാമത്തെ ചെക്‌പോസ്റ്റിൽ ചെക്കിങ്
ഒന്നുമുണ്ടായില്ല. പെട്ടെന്ന് തന്നെ കടത്തി വിട്ടു. വണ്ടി നിർത്തിയത് പോലുമില്ല. ഞങ്ങളെ
ഇറക്കി പറഞ്ഞുറപ്പിച്ച തുക കൈപറ്റി അവർ ഉടനെ വണ്ടി തിരിച്ചു. ചുരമിറങ്ങിയത് കൊണ്ടോ, അല്ല ആ പുരാവസ്തുവിലെ അനിതരസാധാരണമായ കുലുക്കം മൂലമോ എനിക്ക് ശക്തമായ തലവേദന ആരംഭിച്ചിരുന്നു.
ഞാൻ പെട്ടെന്ന് തന്നെ "Retired
Hurt " പ്രഖ്യാപിച്ചു ഒരു
സൈഡ് സീറ്റിലേക്ക് ചാഞ്ഞു. മേമ്പൊടിക്ക് ഒരു പാരസെറ്റമോളും അകത്താക്കി. സാധാരണ മുഴുവൻ
സമയവും എല്ലാരുടെയും തല തിന്നുന്ന എനിക്ക് തലവേദന വന്നത്, മറ്റുള്ളവർക്ക് നല്ല സമാധാനം കൊടുത്തിട്ടുണ്ടാവും എന്ന് തന്നെ വേണം കരുതാൻ...!
ഏതാണ്ട് ഒരു ഒന്നര മണിക്കൂർ കൊണ്ട് ഹോട്ടലിൽ എത്തി. തലവേദന ശക്തമായി തന്നെ തുടരുന്നുണ്ടായിരുന്നു.എങ്ങനെയെങ്കിലും
ഒന്ന് റൂമിലെത്തി ബെഡിലേക്കു വീഴുക എന്നത് മാത്രമായിരുന്നു എന്റെ ലക്‌ഷ്യം. അതിനിടയിൽ
വസ്ത്രം മാറുന്നതോ, എന്തിനു ഷൂ ഒന്ന് അഴിക്കുന്നതോ പോലും എനിക്കൊരു
ബാലികേറാമലയായിരുന്നു അപ്പോൾ. അല്ലെങ്കിലും ലോകം തന്റെ കാൽക്കീഴിൽ ആണെന്ന അഹങ്കാരത്തിന്റെ
ആയുസ്സു ഒക്കെ നല്ല ഒരു തലവേദനയോ അതിസാരമോ (Diarrhoea) വരുന്നത് വരെയല്ലേ
ഉള്ളൂ...
ഇത്തരം ചില ഘട്ടങ്ങളിലാണ് നമ്മുടെ നിഴലായി നടക്കുന്നവരുടെ ഒരു പരകായപ്രവേശനം അനുഭവിക്കാനാവുക.
ഇപ്പോഴും നമ്മുടെ പിറകിലായി നടക്കുന്ന നമ്മുടെ നേർപതി ഒരു സൂപ്പർവുമൺ ആയി പരിണമിക്കും.
"ഇങ്ങള് ഒന്നും അറിയണ്ട, ഒന്ന് കുളിച്ചു ഭക്ഷണം കഴിച്ചു കിടന്നോ, ബാക്കി ഞാൻ നോക്കിക്കൊള്ളാം " എന്ന് അവൾ പറഞ്ഞെങ്കിലും തലവേദന കലശൽ ആയിരുന്നു.
എങ്ങനെയൊക്കെയോ തലയിൽ ഒന്ന് വെള്ളം ഒഴിച്ച് ,തോർത്തിയെന്നു വരുത്തി ഞാൻ
കട്ടിലിലേക്ക് ഒരു വെട്ടിയിട്ട വാഴ കണക്കെ വീണു. പിന്നെ ഞാൻ ഒന്നുമറിഞ്ഞിരുന്നില്ല
. പിറ്റേന്ന് രാവിലെ ഞങ്ങൾക്ക് ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യേണ്ടതുണ്ട്. കുട്ടികളെ
ഫ്രഷ് ആക്കിയതും, അവർക്കു ഭക്ഷണം കൊടുത്തു, അവരെ കിടത്തിയുറക്കിയ ശേഷം ,
ഞങ്ങളുടെ എല്ലാ സാധനങ്ങളും
ഘടാഘടിയമായ ബാഗുകളിലേക്കു ഒതുക്കി വെച്ച് പാക്കിങ് പൂർത്തിയതിക്കിയതെല്ലാം അവൾ ഒറ്റയ്ക്ക്.
അതത്ര നിസ്സാരമല്ലായിരുന്നു. അല്ലെങ്കിലും, മരണതുല്യമായ പ്രസവവേദന
ഒരിക്കൽ അനുഭവിച്ചിട്ടും വീണ്ടും സന്തോഷത്തോടെ ഗർഭിണിയാവുകയും പ്രസവിക്കാനൊരുങ്ങുകയും
ചെയ്യുന്ന സ്ത്രീജനത്തിനു ഇത് വല്ലതും ഒരു പുത്തരിയാണോ. എപ്പോൾ എങ്കിലും ഇത്തരം ചില
തിരിച്ചറിവുകൾ പുരുഷപ്രജകൾക്കു ഉണ്ടാവുന്നത് നല്ലതാണ്. അവരോടുള്ള സ്നേഹത്തോടൊപ്പം ബഹുമാനവും
തുലനം ചെയ്യാൻ അതുപകരിക്കും. കാലത്തു അല്പം നേരത്തെ എഴുന്നേറ്റ ഞാൻ ആദ്യം കണ്ടത്, കട്ടിലിനരികിൽ എനിക്ക് വേണ്ടി അവൾ കരുതി വെച്ചിരുന്ന ഭക്ഷണമാണ്. അതും എനിക്കേറെ
പ്രിയപ്പെട്ട "നാനും ചിക്കൻ കറിയും". ഞാൻ അത്താഴം കഴിക്കാതെ കിടന്നതിനാൽ
,പാതിരാത്രിയിലെങ്ങാനും വിശന്നു എഴുന്നേറ്റാൽ കഴിക്കാൻ വേണ്ടി
കരുതി വെച്ചതാണ്. ഈ അസാമാന്യ കരുതൽ ആണ് ഭാര്യയെ ചിലപ്പോൾ മാതാവ് ആയും മകൾ ആയും മാറ്റുന്നത്.
രാത്രിയിലെ എന്റെ അസ്സാന്നിധ്യത്തിന്റെ പരിഹാരമെന്നോണം രാവിലെ നേരത്തെ എണീറ്റ്,
കുട്ടികളെ എഴുന്നേൽപ്പിച്ചു, അവരുടെ കുളിയും വസ്ത്രം മാറലുമൊക്കെ ഞാൻ സ്വയം ഏറ്റെടുത്തു
നടപ്പിലാക്കി. അവൾക്കു അത്രയെങ്കിലും സമയവും അധ്വാനവും കുറഞ്ഞു കിട്ടാൻ വേണ്ടി. കേവലം
ഏതെങ്കിലും ചെയ്തില്ലെങ്കിൽ കണ്ണാടിയിൽ നോക്കാൻ തന്നെ ഒരു എടങ്ങേറ് ആണ്. അവൾ എഴുന്നേറ്റപ്പോൾ
മാത്രമാണ് അന്ന് രാത്രിയിൽ അതിശക്തമായ മഴയും ഇടിമിന്നലുമെല്ലാം ഉണ്ടായിരുന്നെന്ന് ഞാൻ
അറിഞ്ഞത്. അത്ര മാത്രം ഗാഢനിദ്രയിൽ ആയിരുന്നു അന്ന് ഞാൻ. എല്ലാവരും ഒരുങ്ങി ഭക്ഷണം
കഴിക്കാൻ പോയപ്പോൾ ആണ്, രാത്രിയിലെ ഇടിമിന്നലിൽ
ഫഹദ്ക്കാന്റെ റൂമിലെ ഫാൻ short circuit ആയി തീ ഉയർന്നെന്നും, അത് കണ്ടു ഷിഫത്താത്ത
"ഹായ് , പൂത്തിരി
..!" എന്ന് പറഞ്ഞു കൈകൊട്ടി സന്തോഷിച്ചെന്നും ഒക്കെ അറിഞ്ഞത്. എന്തായാലും മറ്റു
അപകടങ്ങളൊന്നും ഉണ്ടായില്ല. പ്രാതലിനു ശേഷം എല്ലാവരും അവരവരുടെ മുട്ടക്കാട്ടൻ പെട്ടികളുമായി
ലോബിയിൽ എത്തി. ഇന്ന് ഒരു ദിവസത്തേക്ക് ചെക്ക് ഔട്ട് ചെയ്ത നാളെ മാത്രം തിരിച്ചു എത്തുന്നതിനാൽ
അത്യാവശ്യ സാധനങ്ങളും വസ്ത്രങ്ങളും കയ്യിലെടുത്തു, ബാക്കി സാധനങ്ങൾ ഹോട്ടലിന്റെ ക്ലോക്ക് റൂമിലേക്ക് മാറ്റി.
ഇനി യാത്ര പഹൽഗാമിലേക്കു ആണ്. കണ്ടതൊക്കെ
മനോഹരമായിരുന്നുവെങ്കിൽ , അതിമനോഹരമായതൊക്കെ
ഇനി കാണാനിരിക്കുന്നതേ ഉള്ളൂ...
Comments
Post a Comment