കാശ്മീർ ഡയറീസ് (Travelogue) Chap.15 - പഹൽഗാമിലേക്ക്...!

 

15

ഇന്നത്തെ യാത്ര പഹൽഗാമിലേക്കാണ്. ലോബിയിൽ എല്ലാവരും എത്തുന്നതിനിടെ ഞാൻ പതിയെ നമ്മുടെ സാരഥിയുമായി സംഭാഷണശകലങ്ങളിൽ ഏർപ്പെട്ടു. ഏതാണ്ട് 100 കിലോമീറ്റര് ദൂരം ഉണ്ടെന്നും മൂന്നു മണിക്കൂറോളം യാത്ര ഉണ്ടാവുമെന്നും പറഞ്ഞു. അങ്ങനെ അധികം വൈകാതെ ഞങ്ങൾ പുറപ്പെട്ടു.ദൂരം ഏറെയുള്ളതിനാൽ ആഷിഖ് തുടക്കത്തിലേ തന്നെ ആംബുലൻസ് സ്റ്റൈൽ സ്വീകരിച്ചിരുന്നു. വണ്ടിയുടെ ഹോൺ ആക്സിലേറ്ററിൽ ആണോ ഇരിക്കുന്നത് എന്ന് തോന്നുന്ന തരത്തിൽ ആയിരുന്നു പോയിക്കൊണ്ടിരുന്നത്. ഹോൺ അടിക്കാതെ ഒരു നൂറു മീറ്ററിലധികം പോയിട്ടുണ്ടാവില്ല. ഇതൊരു അലോസരമായി മാറിയപ്പോൾ വളരെ സൗമ്യമായി ടിയാനോട് കാര്യം അവതരിപ്പിച്ചപ്പോൾ " ഇവിടെ ഇങ്ങനെയൊക്കെയേ പോകാനൊക്കൂ.. ഹോൺ അടിച്ചില്ലേൽ ആരും മാറിത്തരില്ല" എന്ന് പറഞ്ഞു. പിന്നെ പതിയെ ഞങ്ങളും അതിനോട് പൊരുത്തപ്പെട്ടു. ഹൈവേയിൽ എത്തികഴിഞ്ഞാൽ റോഡുകൾ ഒക്കെ മികച്ചത് തന്നെയാണ്.പോകുന്ന വഴിയിൽ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന പാടശേഖരങ്ങൾ കണ്ടു. അത് കുങ്കുമപാടമാണെന്നും വർഷത്തിൽ ഒരു പ്രത്യേക കാലാവസ്ഥയിൽ രണ്ടോ മൂന്നോ മാസം മാത്രം കൃഷി ചെയ്യുകയും ബാക്കി കാലയളവിൽ ആ നിലം വെറുതെ കിടക്കുകയുമാണ് പതിവെന്ന് ആഷിഖ് പറഞ്ഞു.ഏതാണ്ട് ഒരു മണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ വണ്ടി ഒരു വലിയ കടയുടെ മുന്നിൽ നിന്നു. ഡ്രൈ ഫ്രൂട്സും കാശ്മീരി കരകൗശലവസ്തുക്കളും സൗന്ദര്യവർദ്ധക ഉത്പന്നങ്ങളും വസ്ത്രശേഖരവുമൊക്കെയുള്ള വലിയൊരു കട. സാരഥി അവരുമായുള്ള ഒരു ധാരണയുടെ പേരിൽ അവിടെ നിർത്തിയതാകാമെന്നു ഞങ്ങൾ ഊഹിച്ചു. ഏതായാലും അകത്തേക്ക് പ്രവേശിച്ച ഉടനെ കാശ്മീരി ഖാവ തന്നു ഞങ്ങളെ വരവേറ്റു.

ഞങ്ങളുടെ കൂടെ കുറെ സ്ത്രീരത്നങ്ങൾ ഉണ്ടായിരുന്നതിനാൽ ചെറിയൊരു ഷോപ്പിംഗ് അവിടെ സംഭവിക്കുവാൻ ഏറെ താമസമുണ്ടായില്ല. ചില സൗന്ദര്യവർധകവസ്തുക്കളും ഡ്രൈ ഫ്രൂട്സും ഒക്കെ വാങ്ങിയപ്പോൾ പുരുഷന്മാർ മോശമാകാതിരിക്കാൻ വേണ്ടി കൂട്ടത്തിലെ എമിറാത്തി ശ്രീ. ശ്രീ. ഫഹദ് പള്ളിവീട് രംഗപ്രവേശനം ചെയ്തു. കറുത്ത നിറത്തിൽ ലേഹ്യം പോലെ കണ്ട എന്തോ ഒന്ന് എന്താണെന്നു ചോദിച്ചപ്പോൾ അത് അവിടെ പ്രാദേശികമായി തയ്യാറാക്കുന്ന ഒരു ഔഷധക്കൂട്ടു ആണെന്നും, അതിനു ഒരു അഞ്ചെട്ടു ഗുണഗണങ്ങളും സെയിൽസ്മാൻ വാരി വിതറി. അക്കൂട്ടത്തിൽ സന്ധികൾക്കും വേദനക്കുമെല്ലാം നല്ലതാണെന്നു കേട്ടപ്പോൾ ഫഹദ്‌കയിലെ ബാഡ്മിന്റൺ സ്റ്റാർ ചാടിയുയർന്നു.ഒരു 5 - 8 പാക്കറ്റ് വാങ്ങാൻ തുനിഞ്ഞ ഫഹദ്‌ക ഞങ്ങളുടെ നിർബന്ധപ്രകാരം അത് ഒരു പാക്കറ്റ് ആക്കി ചുരുക്കി. അത് പാലിൽ ചേർത്ത് കുടിക്കണമെന്നും മറ്റും അയാൾ നിർദേശങ്ങൾ തന്നു കൊണ്ടേ ഇരിക്കുന്നു. ഇതൊക്കെ കുറെ കണ്ടതാ, എന്നർത്ഥത്തിൽ ഫഹദ്‌ക തലയാട്ടി. ഏതായാലും അവിടുത്തെ ഷോപ്പിംഗ് അവസാനിപ്പിച്ച് ഞങ്ങൾ യാത്ര പുനരാരംഭിച്ചു. മുന്നോട്ടു പോകുന്ന വഴിയിൽ ഞങ്ങൾ പുൽവാമ എത്തിയപ്പോൾ , ആ പ്രദേശത്തെ കുറിച്ചും മുൻപ് നടന്ന തീവ്രവാദി ആക്രമണത്തെ കുറിച്ചുമൊക്കെ ആഷിഖ് ഒരു ചെറു വിവരണം നടത്തി. ഇന്ത്യക്കാർ ആയ എല്ലാവര്ക്കും സുപരിചിതമായ സംഭവമായതിനാൽ അല്പനേരത്തേക്കു ഞങ്ങളുടെ ചർച്ച അതിലേക്കു തിരിഞ്ഞു.

അല്പം കൂടി മുന്നോട്ടു പോയപ്പോൾ ദൂരെ ഒരു ഭാഗത്തേക്ക് വിരൽ ചൂണ്ടി ഒരു ചെറിയ ദർഗ പോലെ കാണപ്പെട്ട സ്ഥലം കാണിച്ചു, അത് "ബജ്‌രംഗി ഭായിജാൻ" എന്ന സിനിമ ഷൂട്ട് ചെയ്ത സ്ഥലം ആണെന്ന് പറഞ്ഞു. ആ സിനിമയിൽ ഏറെ ഭാഗം കാശ്മീരിൽ ഷൂട്ട് ചെയ്തിട്ടുണ്ടെന്നു അറിയാമെങ്കിലും ഈ പറയുന്നതൊക്കെ യാഥാർഥ്യമാണോ എന്നറിയാൻ , കണ്ണുമടച്ചു വിശ്വസിക്കുകയല്ലാതെ വേറെ മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴാണ്, കൂടെയുള്ളവരിൽ ബഹുഭൂരിഭാഗവും അങ്ങനെ ഒരു സിനിമ കാണുകയോ കേട്ടിട്ടോ പോലുമില്ലെന്ന് അറിയുന്നത്. പിന്നെ, ഞാൻ പെട്ടെന്ന് ആ സിനിമയുടെ കഥാസാരം ഒരു പത്തു മിനിറ്റിൽ ആറ്റിക്കുറുക്കി പറഞ്ഞു. കഥ പറയാനുള്ള താല്പര്യവും പറഞ്ഞു ഫലിപ്പിക്കാനുള്ള ത്വരയും അഭിനന്ദനത്തിനു വിധേയമായി. പെട്ടെന്ന് മുൻപിൽ നിന്നൊരു അപസ്വരം. എന്താണെന്നു തിരിച്ചറിയുന്നതിന് മുൻപ് എന്റെ മൂത്ത സല്പുത്രൻ സാമാന്യം ഭേദമായി തന്നെ ചർദ്ധിച്ചു കഴിഞ്ഞിരുന്നു. ടിയാന്റെ വസ്ത്രം മുഴുവനായും കൂടെ ഇരുന്ന പിതാമഹനെ ഭാഗികമായും ഛർദി കൊണ്ടഭിഷേകം ചെയ്തു കഴിഞ്ഞിരുന്നു. മറ്റു വഴികളില്ലാതെ വണ്ടി നിർത്തി. പക്ഷെ, അത്ഭുതമെന്നോണം ഞങ്ങൾ നിർത്തിയതിനു എതിർവശം ഒരു പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു. ഉർവ്വശീശാപം ഉപകാരമെന്നോണം ഉമ്മ ചാടി ഇറങ്ങി മോന്റെ വസ്ത്രങ്ങൾ അലക്കാൻ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. ചെറിയ തോതിൽ ഒരു വാട്ടർ സെർവീസിനു പിതാമഹനും പൗത്രനും വിധേയരായി. യാത്രകളിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ പെട്ടെന്ന് തന്നെ വലിയ തമാശകളും കളിയാക്കലുകൾക്കുള്ള കാരണങ്ങളുമായി മാറാറുണ്ട്. ഇവിടെയും അത് തന്നെ സംഭവിച്ചു. കൂടെയുള്ള കരങ്ങൾ ചേർത്ത് പിടിക്കുന്നതാകുമ്പോൾ മുള്ളുകളെല്ലാം പെട്ടെന്ന് പൂക്കളായി മാറാറുണ്ട്. എല്ലാവരും ഇത് മൊത്തം ആസ്വദിച്ചു ആഘോഷിക്കുമ്പോൾ , സമയം വൈകുന്നതിനാൽ ക്രുദ്ധമാകുന്ന ഒരു മുഖം സിഗരറ്റിന്റെ പുക പുറത്തേക്കു തുപ്പിക്കൊണ്ടേയിരുന്നു. സാരഥിയെ കൂടുതൽ ദേഷ്യം പിടിപ്പിക്കേണ്ടെന്നു കരുതി ,ഞങ്ങൾ എല്ലാവരും വേഗം വണ്ടിയിൽ കയറി.

ഏതാണ്ട് പന്ത്രണ്ടു മണിയോട് കൂടി പഹൽഗാമിലെത്തിച്ചേർന്നു.മാനം മേഘാവൃതമായതിനാൽ വെയിൽ തീരെ ഉണ്ടായിരുന്നില്ല. എത്തിയ ഉടനെ ഞങ്ങളെ കുറെ കുതിരക്കാർ വളഞ്ഞു. ദൂത്‌പത്രിയിൽ നിന്ന് കുതിരസവാരി നടത്തിയതിനാൽ , ഞങ്ങൾ വലിയ താല്പര്യം കാണിച്ചില്ല. മാത്രമല്ല, ദൂത്‌പത്രിയിൽ ഒരു മലമുകളിൽ വെച്ചായിരുന്നു കുതിരസവാരി തുടങ്ങിയത്. ഇത് ഞങ്ങൾ എത്തി നിൽക്കുന്നത് ഒരു ചെറു പട്ടണത്തിൽ ആണ്.ഇവിടെ എന്ത് കുതിരസവാരി , എന്നർത്ഥത്തിൽ ഞങ്ങൾ പലയിടങ്ങളിലേക്കു ഉലാത്തുവാനും ചെറിയ കടകളിൽ കയറുവാനുമൊക്കെ ആരംഭിച്ചിരുന്നു. ആദ്യപടിയെന്നോണം ഒരു പഴക്കടയിൽ നിന്ന് വാഴപ്പഴവും ഓറഞ്ചും മറ്റും വാങ്ങുകയും കഴിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു.

പഹൽഗാമിലെ കുതിരസവാരി ഒഴിവാക്കരുതെന്നു യാത്രക്ക് മുൻപേ ചിലരിൽ നിന്ന് കേട്ടതിനാലും, അവിടെ ഉള്ള മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമായ, മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബൈസരൺവാലിയിലേക്ക് കുതിരമാർഗം മാത്രമേ എത്താനാവുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞതിനാൽ, ഞങ്ങൾ കുതിരക്കാരുമായുള്ള വിലപേശൽ ആരംഭിച്ചു.ഒരു കുതിരക്കു രണ്ടായിരം രൂപയിൽ തുടങ്ങി ആയിരം രൂപയിലുറപ്പിച്ചു.ആ ടൗണിൽ നിന്നും സ്വൽപദൂരം മാത്രം പിന്നിട്ടു, ഒരു ഇടവഴിയിലൂടെ കാട്ടുപാതയിൽ പ്രവേശിച്ചു. ഞങ്ങൾ മാള കയറാൻ തുടങ്ങുന്നതിനു മുൻപേ, ചില മലയാളി യുവാക്കൾ ആ കുന്നിറങ്ങി വരുന്നത് കണ്ടിരുന്നു. പരസ്പരം മലയാളികളാണെന്നു തിരിച്ചറിഞ്ഞതിനാൽ ഒരു കുഞ്ഞു സൗഹൃദസംഭാഷണം അന്തരീക്ഷത്തിലെറിഞ്ഞു ഞങ്ങൾ മുന്നോട്ടു നീങ്ങി. ചെറുതായി മഴ പാറി തുടങ്ങിയതിനാൽ ഞങ്ങളെല്ലാവരും റെയിൻകോട്ട് എന്ന് വിളിക്കാവുന്ന ഒരു പ്ലാസ്റ്റിക് ആവരണത്തിനുള്ളിൽ ആയിരുന്നുകുതിരപ്പുറത്തിരുന്നിരുന്നത്. അൽപ ദൂരം പിന്നിട്ടപ്പോൾ ആണ്, ദൂത്‌പത്രിയിലെ പാത വെറും മൺകൂനകൾ ആണെന്ന തോന്നൽ ഉണ്ടായത്.ഇവിടെ ചെങ്കുത്തായ കയറ്റങ്ങളും കാട്ടുപാതയും, മഴ പെയ്തു കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ചെളി തിട്ടകളും ഇടയ്ക്കിടെ ഒഴുകുന്ന അരുവികളും , ഇതിലൂടെയെല്ലാം പ്രയാസപ്പെടും വഴി കണ്ടെത്തിയും മുന്നോട്ടു പോകുന്ന കുതിരകളും. ദൂത്‌പത്രിയിൽ കുതിരകളെല്ലാം അനായാസം ഒരുമിച്ചു തന്നെ മുന്നോട്ട് പോയിരുന്നെങ്കിൽ, ഇവിടെ പല കുതിരകളും പല വഴികൾ കണ്ടെത്തി, പല വേഗത്തിൽ ആയിരുന്നു ഗമിച്ചിരുന്നത്. ദൂത്‌പത്രിയിൽ കുതിരസവാരിയിൽ ഞങ്ങൾ പ്രത്യേകിച്ച് ഒന്നും ചെയ്തിരുന്നില്ല. എന്നാൽ ഇവിടെ, കുതിര കയറ്റം കയറുമ്പോൾ നമ്മുടെ ശരീരം മുന്നോട്ടു ആയാനും, ഇറക്കം ഇറങ്ങുമ്പോൾ ശരീരം പരമാവധി പിന്നോട്ട് ചാഞ്ഞു കുതിരക്കു ഭാരം ബാലൻസ് ചെയ്യാനുള്ള രീതിയിൽ ഇരിക്കാനുമൊക്കെ ഇവർ നിർദേശം നൽകിയിരുന്നു.കടിഞ്ഞാൺ കാലു കൊണ്ട് പിന്നോട്ട് ആക്കുമ്പോൾ കുതിര വേഗം കൂട്ടുമെന്നും, കയ്യിലുള്ള കടിഞ്ഞാൺ വലിക്കുമ്പോൾ വേഗം കുറക്കുമെന്നുമൊക്കെ നിർദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നു. നമ്മൾ തന്നെ കുതിരയെ നിയന്ത്രിക്കുന്നു എന്നൊരു അവസ്ഥയിലെത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ആണ്.

തുടർന്ന്, കുതിരക്കാരനോട് ഞാൻ സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ സഞ്ചരിക്കുന്ന കുതിരയുടെ പേര് "റഫ്‌ത്താർ" എന്നാണെന്നും, ആദ്യകാലങ്ങളിൽ റേസിങ്ങിനു ഉപയോഗിച്ചിരുന്ന കുതിരകൾ ആണ് പിന്നീട് ഇവരുടെ കൈകളിലേക്ക് എത്തുന്നതെന്നും മറ്റും അവൻ പറഞ്ഞു. അവനെ കുറിച്ച് ചോദിച്ചപ്പോൾ, കോളേജിൽ പടിക്കുന്നുണ്ടെന്നും ഇത് മാത്രമാണ് ജീവിതോപാധിയെന്നും പറഞ്ഞു. ചെളിയിലൂടെ നടക്കുമ്പോൾ കുളമ്പുകൾ പൂണ്ടു പോവുന്നതും, ഉരുളൻ കല്ലുകൾ ഉള്ളയിടങ്ങളിൽ വഴുതി മാറി കുളമ്പുകളിൽ നിന്ന് ശബ്ദം വരുന്നതും, കൊച്ചരുവികൾ കടക്കുമ്പോൾ അവിടെ നിന്ന് കുതിര വെള്ളം കുടിക്കുന്നതുമൊക്കെ, കുതിരസവാരി ഹൃദ്യമാക്കുന്ന ഏടുകളായിരുന്നു. അരക്കെട്ടിനോളം നീണ്ടു നിൽക്കുന്ന ഒരു സുന്ദരിയുടെ കാർകൂന്തലിനു സമാനമായ വാൽ ആയിരുന്നു എന്റെ കുതിരക്കു ഉണ്ടായിരുന്നത്. മകനെ എന്റെ കൂടെ കയറാൻ അവർ അനുവദിച്ചിരുന്നില്ല. ഭാരം കൂടുമെന്നും കുതിരക്കു മല കയറാനാവില്ലെന്നും പറഞ്ഞു, അബ്ദുൽ, യുസുഫിന്റെ കൂടെയും സാഹിർ, ഫെല്ലയുടെ കൂടെയുമായിരുന്നു കയറിയത്.  ഏതാണ്ട് 6 കിലോമീറ്ററോളം ദൂരം ചെളിയും മലയും കാടും താണ്ടി ഞങ്ങൾ ബൈസൺവാലിയിലെത്തി. ഇതിനിടയിൽ പലവുരു കുതിരയെ നിർത്തിയും നിർത്താതെയും ഫോട്ടോകളും വിഡിയോയും യഥേഷ്ടം എടുത്തിരുന്നു. ചുരുക്കത്തിൽ ദൂത്‌പത്രിയിലെ കുതിരസവാരിയെ ഓർമയിൽ നിന്ന് മായ്ചുകളയുമെന്ന പോലെയായിരുന്നു പഹൽഗാം. ഭൂപ്രകൃതിയിലും കാഴ്ചകളിലും അനുഭൂതിയിലുമെല്ലാം ഒരു അജഗജാന്തരം അനുഭവപ്പെട്ടു.

മിനി സ്വിറ്റ്സർലൻഡ് എന്ന വിളിപ്പേര് വെറുതെയല്ല എന്ന് വിളിച്ചോതുന്നതായിരുന്നു ഞങ്ങൾ എത്തിച്ചേർന്ന  ബൈസരൺവാലി...!

Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്