കാശ്മീർ ഡയറീസ് (Travelogue) Chap.6- ദാൽ തടാകം
6
അങ്ങനെ
കുറച്ച ദിവസത്തേക്കുള്ള ഞങ്ങളുടെ വാസസ്ഥലമായ ഹോട്ടൽ വിക്ടറിയിൽ നിന്നും ഞങ്ങളെയും വഹിച്ചു
കൊണ്ട് ആ ടെമ്പോ ട്രാവലർ പുറത്തേക്കു ഇറങ്ങി. തീരെ ഇടുങ്ങിയ റോഡിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്.
എതിരെ ഒരു കാർ വന്നാലും, വണ്ടി നിർത്തി പതുക്കെ
പതുക്കെ മാത്രമേ മുന്നോട്ടു പോവാൻ ഒക്കുകയുള്ളൂ..പക്ഷെ, അവിടെ ഡ്രൈവ് ചെയ്യുന്നവർക്ക് ഇത് ശീലമായതിനാൽ അതവരെ ബാധിച്ചതേയില്ല,
നിർത്തി നിർത്തിയും ഇടയ്ക്കു അല്പം പിന്നോട്ട് മാറി
മറ്റുള്ളവർക്ക് വഴിയൊരുക്കിയും വണ്ടികൾ ചലിച്ചു കൊണ്ടേയിരുന്നു. പക്ഷെ, ഞങ്ങളുടെ ഡ്രൈവർ ആഷിഖ് വളരെ അപൂർവമായി മാത്രമേ വണ്ടി
പിന്നോട്ട് എടുത്തിരുന്നുള്ളൂ... ടിയാന്റെ സ്വതസിദ്ധമായ വലിയ പരുക്കൻ ശബ്ദത്തിൽ കാശ്മീരി
ഭാഷയിൽ ആക്രോശിച്ചു കൊണ്ട് മറ്റുള്ളവരെ പിന്നിലേക്ക് എടുപ്പിക്കാൻ ആൾ വളരെ വിദഗ്ദൻ
ആണെന്ന് ഞങ്ങൾക്ക് വരും ദിവസങ്ങളിലൂടെ മനസ്സിലായിരുന്നു. ഏതാണ്ട് അര മണിക്കൂറിനുള്ളിൽ
ഞങ്ങൾ ദാൽ തടാകത്തിന്റെ തീരത്ത് എത്തിച്ചേർന്നു. ദാൽ തടാകം....! കശ്മീരിന്റെ കിരീടത്തിലെ
രത്നം എന്നറിയപ്പെടുന്ന ദാൽ തടാകം. വരികളിലൂടെയും ദൃശ്യങ്ങളിലൂടെയും മാത്രം കണ്ട ദാൽ
തടാകം. കീർത്തിചക്ര എന്ന ചലച്ചിത്രത്തിലെ മനോഹരമായൊരു ഗാനത്തിന് ദൃശ്യവിരുന്നേകിയ ദാൽ...
ഏതാണ്ട് 16 കിലോമീറ്ററോളം നീളത്തിലും
18 കിലോമീറ്ററിലെറെ വിസ്തൃതിയിലും
പരന്നു കിടന്നിരുന്ന ദാൽ , കാഴ്ച്ചയിൽ അതിലേറെ
വലിപ്പം തോന്നിച്ചു. ഒരു വശത്തു മലകളാൽ ചുറ്റപ്പെട്ടും, ഒരുവശം റോഡിനോട് ചേർന്നും
മറ്റു വശങ്ങൾ സമതലമായും ദാൽ എന്ന സുന്ദരി ഒരു മന്ദമാരുതന്റെ അകമ്പടിയോടെ ഒഴുകുകയാണ്.വലിയ
ചൂടോ വലിയ തണുപ്പോ ഇല്ലാത്ത, ഈ മനോഹരമായ കാലാവസ്ഥയിൽ
ദാലിൽ അങ്ങനെ ഒഴുകി നടക്കാനുള്ള അവസരം. യാ ഖുദാ, ഈ ലോകം ഇത്ര മനോഹരമാക്കുകയും അത് കാണാൻ അവസരം നൽകുകയും ചെയ്യുന്ന
അങ്ങയോടു ഞങ്ങൾ മനുഷ്യർ എന്നും നന്ദിയുള്ളവരാവേണ്ടിയിരിക്കുന്നു. ദാലിനെ അടുത്തറിയാൻ
"ഷിക്കാര" എന്ന് വിളിക്കുന്ന നൗകയിലൂടെയുള്ള യാത്രയാണ് അടുത്തത്.ഞങ്ങളുടെ
പാക്കേജ് പ്രകാരം തീരെച്ചുരുങ്ങിയ ഒരു സമയം മാത്രമേ ലഭിക്കുകയുള്ളൂ എന്ന് അറിഞ്ഞതിനെ
തുടർന്ന്, അധികപണം വിലപേശിയുറപ്പിച്ചു
4 ഷിക്കാര തോണി ഞങ്ങൾ വാടകക്ക്
എടുത്തു. നമ്മുടെ നാട്ടിലെ തോണിയിൽ നിന്നും വ്യത്യസ്തമായി, മധ്യഭാഗത്തു തീരെ അരികില്ലാതെ, ജലനിരപ്പിനോട് ചേർന്ന് നിൽക്കുന്ന മദ്ധ്യഭാഗവും, കൂർത്ത അഗ്രങ്ങളുമാണ് ഷിക്കാരകൾക്കുള്ളത്. ഒരു ഷിക്കാരയിൽ 4 പേർക്കാണ് ഇരിക്കാനനുവാദമുള്ളത്.കൊച്ചു കുട്ടികളുണ്ടെങ്കിൽ
അവരടക്കം പരമാവധി 6 പേർ വരെയാവാം.
എല്ലാ ഷിക്കാരകളിലും പതുപതുത്ത ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. അറേബ്യൻ മജ്‌ലിസുകളിൽ
കാണപ്പെടുന്ന ഇരിപ്പിടങ്ങളുടെ മാതൃകയിൽ ഒരുക്കിയവയായിരുന്നു അത്. ഞങ്ങളുടെ ഷിക്കാരയിൽ ആറും മറ്റു മൂന്നു ഷിക്കാരകളിൽ നാലോ അതിൽ കുറവോ
മാത്രമേ ആളുകളുണ്ടായിരുന്നുള്ളൂ... തുടക്കത്തിൽ ജലനിരപ്പിനോട് വല്ലാതെ ചേർന്ന് നിൽക്കുന്ന
അതിന്റെ ഘടന അല്പം ഭയപ്പെടുത്തിയെങ്കിലും, അൽപ സമയത്തിനുള്ളിൽ അത് തുഴയുന്നവരുടെ വൈദഗ്ധ്യം , ആ ഭയത്തെ ഇല്ലാതാക്കി. ഷിക്കാരയുടെ ഒരാട്ടത്തിൽ ചമ്രം പടിഞ്ഞും
കാലുകൾ നീട്ടിയും ഇരിക്കുന്ന തുഴച്ചിലുകാരൻ ഒരു കവിത രചിക്കുന്ന പോലെ തുഴഞ്ഞു കൊണ്ടേയിരുന്നു.
വെള്ളത്തിൽ ഉണ്ടാക്കുന്ന അലകൾ പോലും ഒരു ചിത്രചനയിലെ ബ്രഷുകളുടെ ചലനത്തിന് സമാനമായിരുന്നു.ഒരിക്കലും
അവർ ധൃതി കാണിച്ചില്ല. ഇരിക്കുന്നവരിലെ ചെറിയ ചലനങ്ങൾ പോലും വലിയ ചാഞ്ചാട്ടം ഉണ്ടാക്കാൻ
കാരണമായേക്കാവുന്ന ആ നൗക അവർ വളരെ ആയാസത്തോടെ സമതുലിതമാക്കുന്നു. അൽപ നേരത്തിനുള്ളിൽ
തന്നെ ആശങ്കകൾ അകന്നു ആസ്വാദനത്തിന്റെ മാധുര്യം നുകരാൻ ഞങ്ങൾ ആരംഭിച്ചിരുന്നു.നേർത്ത
പച്ചനിറത്തിലുള്ള വെള്ളത്തിലൂടെ, ദൂരെയുള്ള മലനിരകളെ
നോക്കി മുന്നോട്ടു പോകുമ്പോൾ ഇളം വെയിലിൽ നേർത്ത മന്ദമാരുതൻ ഞങ്ങളുടെ മുടിയിഴകളെ തലോടി
കടന്നു പോയി.
ഇടയ്ക്കിടെ മറ്റു ഒരുപാട് ഷിക്കാരകൾ പലവിധ കച്ചവടസാധനങ്ങളുമായി ഞങ്ങളെ സമീപിക്കുന്നുണ്ട്.
കാശ്മീരി ഖാവ, കരകൗശല വസ്തുക്കൾ,
ചിത്രകലകൾ, ആഭരണങ്ങൾ, കാശ്മീരി സോവനീറുകൾ,
പഴവർഗങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഉല്‌പന്നങ്ങളുമായി
അവർ തുടരെ തുടരെ വന്നു കൊണ്ടേ ഇരുന്നു. അവർ വരുമ്പോൾ ഷിക്കാരകൾ തുഴച്ചിൽ നിർത്തി,
അവർക്കു കച്ചവടത്തിനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുന്നുമുണ്ട്.
പക്ഷെ, ആരും തന്നെ, ഒരുപാട് നിർബന്ധിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തില്ല.നമ്മെ
സമീപിക്കുന്നു, ഇഷ്ടമുണ്ടെങ്കിൽ വാങ്ങാം,
ഇല്ലെങ്കിൽ അവർ അടുത്ത ഷിക്കാരക്ക് നേരെ തുഴയുകയായി.
എല്ലാവരും അവരവരുടെ അതിജീവനം തേടുന്നു. വ്യത്യസ്ത രീതികളിൽ...! അവരിൽ നിന്നും ഞങ്ങൾ
എല്ലാവരും പഴവർഗങ്ങൾ വാങ്ങി. പഴവർഗങ്ങൾ ഒക്കെ കഷ്ണിച്ചു അപ്പോൾ തന്നെ തിന്നാൻ ഉതകുന്ന
രീതിയിൽ പ്ലേറ്റുകളിൽ ആക്കി തന്നെ തന്നത് ഏറെ സഹായകമായി. ആരോ ചിലർ ആഭരണങ്ങളും വാങ്ങി.
ഞങ്ങൾ പറഞ്ഞുറപ്പിച്ചത് പ്രകാരം ആറു പോയിന്റുകൾ താണ്ടി തിരിച്ചു എത്തിക്കും. അതിൽ ഓരോ
പോയിന്റ് എത്തുമ്പോഴും തുഴച്ചിലുകാരൻ അത് പ്രസ്താവിക്കുന്നുണ്ട്.
ഇതിനിടയിൽ ജെറ്റ്സ്കീ, ബനാന റൈഡ് പോലുള്ള
വാട്ടർ സ്പോർട്സ് ആസ്വദിക്കാൻ അവസരം നൽകുന്ന ഒരു പോയിന്റ് ഉണ്ടായിരുന്നെങ്കിലും ആരും
തന്നെ താല്പര്യം കാണിച്ചില്ല. കുട്ടികളുൾപ്പെടെ എല്ലാരും ആ യാത്ര അത്രമാത്രം ആസ്വദിക്കുന്നുണ്ടായിരുന്നു.
ഒരു തുരുത്തു പോലെ കാണപ്പെട്ട ഒരു ഭാഗത്തു നിരവധി ഹൌസ്ബോട്ടുകൾ നിർത്തിവെച്ച്,
സഞ്ചാരികൾക്കുള്ള താമസസൗകര്യം നൽകുന്നുണ്ട്. പക്ഷെ,
അത് തീരെ ആകർഷകമായി തോന്നിയില്ല. കിഴക്കിന്റെ വെനീസിലെ
മികച്ച സഞ്ചരിക്കുന്ന ഹൌസ്ബോട്ടുകൾ അനുഭവിക്കുന്ന നമുക്ക് , അവിടെ കണ്ടത് അല്പം അരോചകം ആയി തോന്നിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ..
ആ തുരുത്തുകളിൽ എമ്പാടും താമരകൾ വിരിഞ്ഞിരുന്നു. കുറെയേറെ താമരകൾ വിരിയാനുള്ള തങ്ങളുടെ
ഊഴവും കാത്തു സൂര്യഭഗവാനെ ധ്യാനിച്ച് ഇരിപ്പുണ്ടായിരുന്നു. തുടർന്ന്, ഷിക്കാരകൾ വെള്ളത്തിനോട് ചേർന്ന് കെട്ടിയുണ്ടാക്കിയ
കൊച്ചു കൊച്ചു കടകളിലേക്ക് ചേർത്ത് നിർത്തി. അവിടെ ചൂട് ചായയും പലഹാരങ്ങളുമെല്ലാമുണ്ടായിരുന്നു.
എല്ലാവര്ക്കും ചായയും പലഹാരങ്ങളും വാങ്ങി. നമ്മൾ ഇരിക്കുന്ന ഷിക്കാരകളിലേക്കു തന്നെ
നമുക്ക് എല്ലാം എത്തിച്ചു തരും. തായ്‌ലൻഡിലെ ഫ്ലോട്ടിങ് മാർക്കറ്റിനെ ഓർമപ്പെടുത്തുന്ന
ഒന്നായിരുന്നു അത്. ചായ കുടിക്കു ശേഷം, യാത്ര അവസാനിപ്പിക്കാനായി ഷിക്കാര തിരികെ തുഴഞ്ഞു തുടങ്ങി. അതിമനോഹരമായ ഒരു അനുഭൂതിയോടെ
തന്നെ കാശ്മീർ സന്ദർശനം ആരംഭിച്ചതിൽ എല്ലാവരും സന്തുഷ്ടരായിരുന്നു. ജലയാത്ര തീരെ ഇഷ്ടപ്പെടാത്ത
താൻ ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച ഒന്നായിരുന്നു ഇതെന്ന ഫഹദ്‌കയുടെ പ്രസ്താവന ആ തുഴച്ചിലുകാർക്കുള്ള
ഒരു അംഗീകാരമായി എനിക്ക് തോന്നി. ഷിക്കാരയിൽ നിന്നും ഒരു മൂളിപ്പാട്ടോടു കൂടി ഞാൻ ഞങ്ങളുടെ
വണ്ടിയിലേക്ക് നടന്നു. "ഖുദാ സെ മന്നത്ത് ഹേ മേരീ, ലോട്ടാ ദേ ജന്നത്ത് വോ മേരീ....."
Comments
Post a Comment