കാശ്മീർ ഡയറീസ് (Travelogue) Chap.11 - ഒരു ഓട്ടോറിക്ഷ നഗരപ്രദക്ഷിണം !

 

11

തലേ ദിവസത്തെ അപ്രതീക്ഷിത സംഭവങ്ങളുടെ വൈകാരിക നിമ്നോന്നതങ്ങളുടെ ഒരു ആലസ്യത്തിലാണ് നേരം പുലർന്നത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എഴുന്നേറ്റ ഉടനെ ജനവാതിൽക്കൽ പോയി അന്തരീക്ഷത്തെ വിലയിരുത്തിയില്ല. എങ്കിലും മകൻ രാത്രി നന്നായി ഇറങ്ങിയതും പിന്നീട് മറ്റു ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്നതിനാൽ നന്നായി ഉറങ്ങിയിരുന്നു. എന്നും കാലത്തു പതിവുള്ള അനുകാക്കാന്റെ വാതിലിനു മുട്ടൽ അന്ന് ഉണ്ടായില്ല. കുളിച്ചൊരുങ്ങി പ്രാതൽ കഴിക്കാനിറങ്ങിയപ്പോഴാണ് കാര്യം അറിഞ്ഞത്. ഷബ്‌നത്താക്കു പനിയും ഹെസ്സക്ക് കണ്ണുദീനവും. തലേന്ന് രാത്രി തുടങ്ങിയതാണത്രേ. രണ്ടു പേർക്കും അല്പം കലശലായതു കൊണ്ട് ഡോക്ടറെ കാണാൻ വേണ്ടി അൻവർക്ക കൊണ്ട് പോയിരിക്കുകയാണ്. ഞങ്ങളുടെ അന്നത്തെ യാത്ര നിശ്ചയിച്ചതിൽ യാതൊരു മാറ്റവും വരാതിരിക്കാൻ, അവർ 7 മണിക്ക് തന്നെ ഒരു ഓട്ടോയിൽ പോയിരിക്കുകയാണ്. കാലത്തെ  വാതിലിനുമുട്ടൽ ഇല്ലാത്തതിന്റെ കാര്യം അപ്പോഴാണ് പിടി കിട്ടിയത്. ഏതായാലും അവർ പെട്ടെന്ന് പോയതിനാൽ, ഞങ്ങളുടെ പദ്ധതികളിൽ മാറ്റങ്ങളൊന്നും ഉണ്ടാവാൻ സാധ്യതയില്ല. ഒരു മണിക്കൂറിനുള്ളിൽ പോയി വരാവുന്നതേയുള്ളൂ... ബലേഭേഷ്...! എന്ന് മനസ്സിൽ പറഞ്ഞു, ഞങ്ങളെല്ലാവരും എന്നത്തേയും പോലെ തീന്മുറിയിലേക്കു പോയി. ഭക്ഷണശേഷം എട്ടു മണിയോടെ എല്ലാവരും ലോബിയിൽ കാത്തിരിപ്പ് തുടങ്ങി. അവരെ കാണാതായപ്പോൾ ആഷിഖിന്റെ സിഗരറ്റ് പാക്കറ്റിലെ എണ്ണം കുറഞ്ഞു കൊണ്ടേയിരുന്നു. ഏതാണ്ട് എട്ടരയായിട്ടും കാണാതായപ്പോൾ ഫോണിൽ ബന്ധപ്പെട്ടു. "നിങ്ങൾ എവിടെയെത്തി" എന്ന ചോദ്യത്തിന്, "ഞങ്ങൾ ഇത് വരെ ഹോസ്പിറ്റലിൽ എത്തിയിട്ടില്ല, ഞങ്ങൾ എവിടെയോ ആണുള്ളത്,വേറെ  ജില്ല എത്തിയോ എന്ന് പോലും സംശയം ഉണ്ട്.." എന്നാണ് ശ്രീ. അൻവർ സാദത്ത് മൊഴിഞ്ഞത്. ഏതാണ്ട് ഒൻപത് മണിയോടെ അവർ തിരികെയെത്തി. അപ്പോൾ മാത്രമാണ് കാലത്തു നടന്ന മുഴുവൻ സംഭവങ്ങളുടെ വ്യക്തമായ രൂപം ഞങ്ങൾക്ക് ലഭിക്കുന്നത്. കാലത്തു കയറിപ്പോയ ഓട്ടോക്കാരൻ നല്ല ഹോസ്പിറ്റൽ ഉണ്ടെന്നു പറഞ്ഞു കുറെ ദൂരം ഓടി, പെട്ടെന്ന് അയാൾക്ക്‌ സ്കൂൾ കുട്ടികളെ കൊണ്ട് വിടാൻ ഉണ്ടെന്നു കാരണം പറഞ്ഞു, അയാൾ തന്നെ മറ്റൊരു ഓട്ടോ ഏർപ്പാടാക്കി അതിൽ കയറ്റി വിട്ടു.പിന്നെ കയറിയ ഓട്ടോക്കാരൻ ആദ്യത്തേതിലും കഷ്ടമായിരുന്നു. ഹോസ്പിറ്റലോ സ്ഥലമോ ഒന്നുമറിയാതെ, അയാൾ അലക്ഷ്യമായി എങ്ങോട്ടോ വണ്ടി ഓടിച്ചു. കാര്യം പന്തിയല്ലെന്ന് മനസ്സിലായ അനുകാക്ക ഞങ്ങളെ തിരിച്ചു ഹോട്ടലിൽ തന്നെ വിട്ടേക്കെന്നു പറഞ്ഞപ്പോൾ മഹാനവർകൾക്ക് തിരികെ വരാനുള്ള വഴി അറിയില്ല എന്നും പറഞ്ഞു ഇളിച്ചുവത്രെ.. പിന്നീട്, ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ആരോ ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്തിട്ടാണ് തിരികെ ഹോട്ടലിൽ എത്തിയത്. കാലത്തു എഴുന്നേറ്റു ഒന്നരമണിക്കൂർ നേരം ശ്രീനഗറിൽ അലഞ്ഞു എന്നല്ലാതെ, ഹോസ്പിറ്റലിന്റെ ഒരു ബോർഡ് പോലും കണ്ടില്ല. ഇത്രയൊക്കെ ആയിട്ടും ഈ പാഴ്‌വേലക്കു 1500 രൂപയാണ് കൂലി ചോദിച്ചത്. ഏറെ നേരം തർക്കിച്ചു 600 രൂപ കൊടുത്തതിനു ശേഷമാണ് ഈ ഹതഭാഗ്യൻ ഇപ്പോൾ ഇതൊക്കെ വിവരിക്കുന്നത്.

അപ്പോൾ രണ്ടു രോഗികൾക്കും ഡോക്ടറെ കാണാനായിട്ടില്ല, രണ്ടു പേരുടെയും ആരോഗ്യസ്ഥിതിയിൽ പുരോഗതി ഒന്നും കാണാനും ഇല്ല. "ഞങ്ങൾ കാരണം യാത്ര മുടങ്ങേണ്ട , ഞങ്ങൾ ഹോട്ടലിൽ ഇരുന്നോളാം, നിങ്ങൾ പോയി വരൂ.." എന്ന ത്യഗോജ്വലമായ തീരുമാനം എടുക്കാൻ ശ്രീമതി.ചെമ്മൻകാട് പള്ളിവീട്ടിൽ ഷബ്‌ന മുതിർന്നെങ്കിലും , അത് വേണ്ട, പോകുന്നെങ്കിൽ എല്ലാരും ഒരുമിച്ചു എന്ന് പ്രഖ്യാപിച്ചു ഞങ്ങൾ മാസ്സ് കാണിച്ചു. തുടർന്ന് അസഹിഷ്ണുതയോടെ നിൽക്കുന്ന ഞങ്ങളുടെ സാരഥിയോട് കാര്യം പറഞ്ഞു. ഇവരെ ഹോസ്പിറ്റലിൽ കാണിച്ച ശേഷം മാത്രമേ നമ്മൾ പോകുന്നുള്ളൂവെന്നു. നമ്മൾ ഇപ്പോൾ തന്നെ വൈകിയെന്നും ഇനിയും വൈകിയാൽ ഇന്നത്തെ പരിപാടികളെല്ലാം ഉദ്ദേശിച്ച പോലെ നടക്കില്ലെന്നും ,ഇനി അങ്ങനെ സംഭവിച്ചാൽ താൻ അതിൽ ഉത്തരവാദി അല്ല എന്നും അദ്ദേഹം ആദ്യം തന്നെ ഒരു മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എല്ലാ വ്യവസ്ഥകളും അടങ്ങുന്ന ജാമ്യം പൂർണ്ണ മനസ്സോടെ അനുവദിച്ചു കൊടുത്തു, ഞങ്ങൾ തീരുമാനത്തിൽ ഉറച്ചു നിന്നു. പോകുന്ന വഴിയിൽ ഒരു നല്ല ഹോസ്പിറ്റൽ ഉണ്ടെന്നും അവിടെ പോകാമെന്നുമുള്ള ധാരണയിൽ വണ്ടി പറ പറന്നു. പതിനഞ്ച് മിനിറ്റിനുള്ളിൽ ഞങ്ങൾ ബെമിനയിൽ ഉള്ള സ്‌കിംസ്‌ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തി.ഒരുപാടു ആളുകൾ തിങ്ങി നിൽക്കുന്ന ഹോസ്പിറ്റൽ കവാടത്തിൽ നിന്നും ആദ്യം ഞങ്ങളെ അകത്തേക്ക് കയറ്റി വിടാൻ സെക്യൂരിറ്റി വിസമ്മതിച്ചെങ്കിലും, ടൂറിസ്റ്റുകളാണെന്നു പറഞ്ഞപ്പോൾ അകത്തേക്ക് കടത്തി വിട്ടു. തൊട്ടു മുൻപത്തെ രാത്രിയിൽ ഒരു ഗവണ്മെന്റ് ഹോസ്പിറ്റൽ മുഴുവൻ ഓടി നടന്ന പരിചയത്തിലും ധൈര്യത്തിലും അൻവർക്കാന്റെ കൂടെ ഞാനും മുന്നിട്ടിറങ്ങി. അമാന്തിച്ചു നിന്നാൽ അവിടെ ഒന്നും നടക്കില്ലെന്നും, ഞങ്ങളുടെ ഇന്നത്തെ പദ്ധതികൾ മുടങ്ങരുതെന്നും ആഗ്രഹമുണ്ടായതിനാൽ, എണ്ണയിട്ട യന്ത്രം കണക്കെ എല്ലാരും ഓടി. രണ്ടു ഓ പി ടിക്കറ്റ് എടുത്തു ഡോക്ടറെ കണ്ടു. കണ്ണ് കാണിക്കേണ്ടത് മറ്റൊരു ഡോക്ടറെ ആയതിനാൽ , അൻവർക്ക ഹെസ്സയെയും കൊണ്ട് പോയപ്പോൾ, ഞാൻ ആ ഡോക്ടറുടെ അടുത്ത് തന്നെ ശബ്നത്താന്റെ കൂടെ നിന്നു. ദൂത്‌പത്രിയിൽ വെച്ച് കൂളിംഗ് ഗ്ലാസും വെച്ച് ജാൻസി റാണിയെപ്പോലെ പോയ മഹതിയതാ ഇൻജെക്ഷൻ സൂചി കണ്ടപ്പോൾ പതുങ്ങുന്നു. തനിക്കു നേരെ ഒരു വെടിയുണ്ട വരുന്നെന്ന ഭാവത്തിൽ ആ സൂചി നോക്കി കണ്ണടച്ചിരിക്കുന്ന ജാൻസി റാണിയെ കണ്ടു, കരയണോ ചിരിക്കണോ എന്നറിയാതെ ഞാൻ നിന്നപ്പോൾ, ഉമ്മാക്ക് ജന്മനാ സൂചി പേടിയാണെന്ന് ഫെല്ലയുടെ വക ഒരു സർട്ടിഫിക്കറ്റും. രക്തപരിശോധനഫലം കിട്ടാൻ ഒരു മണിക്കൂറോളം സമയമെടുത്തെങ്കിലും, ഡോക്ടറെ കണ്ട ശേഷം രോഗികൾ അല്പം ഭേദമായതായി തോന്നി. ആശുപത്രിയിലെ അങ്കം അവസാനിപ്പിച്ച് ഞങ്ങൾ പുറപ്പെടാനൊരുങ്ങി.

സാധാരണഗതിയിൽ നാം ഒരു സ്ഥലം സന്ദർശിക്കുമ്പോൾ, അവിടെയുള്ള മനോഹരമായ ടൂറിസ്റ്റ് സ്പോട്ടുകൾ മാത്രമാണ് സന്ദർശിക്കാറുള്ളത്. പക്ഷെ, അപ്രതീക്ഷിതമായി ഇത് പോലെ ആശുപത്രികളോ , പോലീസ് സ്റ്റേഷനിലോ ഒക്കെ കയറേണ്ടി വരുമ്പോൾ മാത്രമാണ് വ്യസ്ത്യസ്തമായ പല അനുഭവങ്ങളും പല പാഠങ്ങളും നമ്മിലേക്ക്‌ വന്നു ചേരുക. തീരെ അപരിചിതമായ ചില മുഖങ്ങളിൽ നിന്നുമുള്ള കരുണ , നമ്മുടെ ഭാഷാപരിമിതികൾ മനസ്സിലാക്കി നമ്മോടു കാണിക്കുന്ന അനുകമ്പ, ടൂറിസ്റ്റുകളാണെന്നു മനസ്സിലാക്കുമ്പോൾ നമ്മുടെ സമയത്തിന് തരുന്ന വില, കേരളം എന്ന് കേൾക്കുമ്പോൾ വിദ്യഭ്യാസമുള്ളവരുടെ നാട് എന്നും പറഞ്ഞു നമ്മോടു കാണിക്കുന്ന ബഹുമാനം, പ്രായമേറെ ആയിട്ടും, ഞങ്ങളുടെ കൂടെയുള്ള രോഗിക്ക് വേണ്ടി ഇരിപ്പിടം ഒഴിഞ്ഞു തന്നയാൾ. അങ്ങനെ ഒരുപാട് ഒരുപാട് നന്മകൾ. അല്ലെങ്കിലും ജീവിതം നമ്മെ വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ കൊണ്ട് പോവുമ്പോൾ അവിടങ്ങളിലെല്ലാം, നമുക്ക് വേണ്ടി പലതും കരുതി വെച്ചിട്ടുണ്ടാകും. മെച്ചപ്പെട്ട ഒരു മനുഷ്യജീവിയായി മാറാൻ നമ്മെ പ്രേരിപ്പിക്കുന്ന പലതും. ഉള്ളിലെ സഹാനുഭൂതിയും കരുണയുമെല്ലാം തേച്ചുരച്ചു മാറ്റ് കൂട്ടാനുള്ള ചില അവസരങ്ങൾ. ഉള്ളിലേക്കൊന്നു നോക്കി നാം ഇനിയുമേറെ നന്നാകേണ്ടിയിരിക്കുന്നു എന്നുള്ള ഒരു ആത്മഗതം. ഇതിനിടെ എന്റെ കർമ്മോത്സുകതക്ക് ഫഹദകന്റെ വക ഒരു പ്രശസ്തിപത്രം ലഭിച്ചെങ്കിലും ഞാൻ ഉടൻ തന്നെ ആ പത്രത്തിൽ എല്ലാരുടെ പേരും എഴുതിചേർത്തു.

ആശുപത്രിപർവ്വം ഇനി തുടരാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ വണ്ടിയിലേക്ക് കയറി. സമയം ഏതാണ്ട് പത്തര കഴിഞ്ഞിട്ടുണ്ടാകണം. ഗുൽമാർഗിലേക്കു ഒന്നര മണിക്കൂറോളം യാത്ര ഉണ്ട്. ഇനി അവിടെത്തുമ്പോഴേക്ക് നിങ്ങൾക്ക് കേബിൾ കാർ ഒന്നും കിട്ടാൻ സാധ്യത ഇല്ലെന്നു ആഷിഖ് പിറുപിറുത്തെങ്കിലും ഒരു ആംബുലൻസ് യാത്രക്ക് സമാനമായ രീതിയിൽ ഞങ്ങളെയും കൊണ്ട് അദ്ദേഹം കുതി-കുതിച്ചു. ശുഭപ്രതീക്ഷകളെ മുറുകെ പിടിച്ചു പുറത്തെ കാഴ്ചകളിലേക്ക് ദൃഷ്ടിയെ പായിച്ചു ഞാൻ ഇരുന്നു.

Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്