കാശ്മീർ ഡയറീസ് (Travelogue) Chap.8 - ദൂത്‌പത്രി

 

8

             രണ്ടാം ദിനം തലേ ദിവസം പ്ലാൻ ചെയ്ത പോലെ തന്നെ, എല്ലാവരും അതിരാവിലെ എഴുന്നേറ്റു. എല്ലാവരും അലാറം വെച്ച് തന്നെ ഉറങ്ങുന്നതെങ്കിലും, ദിനം മുഴുവൻ അലഞ്ഞു തിരിയുന്നതിന്റെ ക്ഷീണവും കശ്മീരിന്റെ സുഖശീതളിമയാർന്ന കാലാവസ്ഥയും മൂലം നിദ്രയിൽ നിന്നുമുള്ള ഉയിർത്തെഴുന്നേൽപ്പ് അല്പം കഠിനം തന്നെയാണ്. രാവിലെ എഴുന്നേറ്റു മറ്റു ഏഴു മുറികളുടെയും കതകിനു മുട്ടി എല്ലാവരെയും എഴുന്നേൽപ്പിക്കുന്ന ചുമതല ശ്രീ.അൻവർ സാദത്ത് സ്വയം ഏറ്റെടുത്തിരുന്നു. രാവിലെ തന്നെ എല്ലാവരെയും എഴുന്നേൽപ്പിച്ചു തന്റെ സുന്ദരവദനം അവരെ കണി കാണിക്കുന്നതിൽ അദ്ദേഹത്തിന് ഒരു  പ്രത്യേക ആനന്ദമുള്ളതു പോലെ തോന്നി. പക്ഷെ, കുട്ടികളുടെ മുറിയിൽ മാത്രം അദ്ദേഹത്തിന് ഒരല്പം അധികം സമയം ചിലവഴിക്കേണ്ടി വരാറുണ്ട്. കൃത്യം ഏഴരക്ക് തന്നെ പുറപ്പെടണമെന്നു സാരഥി ആഷിഖ് കഴിഞ്ഞ രാത്രിയിൽ തന്നെ കർശനനിർദേശം നൽകിയിരുന്നു. ചിലപ്പോഴൊക്കെ കാര്യങ്ങൾ കർശനമാക്കുന്നതിൽ അദ്ദേഹം ഒരു സ്കൂൾ ഹെഡ്മാസ്റ്ററോളും കണിശത പുലർത്തിയിരുന്നു. എല്ലാവരും ഏഴു മണിയോടെ തന്നെ തീന്മുറിയിൽ എത്തിച്ചേർന്നു. ബ്രഡ്,ബട്ടർ, റൊട്ടി,ദാൽ, ചായ,കാപ്പി, പാൽ, തുടങ്ങി നല്ലൊരു പ്രാതൽ തന്നെ അവിടെ ഒരുക്കിവെച്ചിരുന്നു. കുട്ടികളുൾപ്പെടെ എല്ലാരും ഭക്ഷണശേഷം പുറത്തേക്കു ഇറങ്ങി. ആഷിഖ് അവിടെ ഉന്മേഷവാനായി, പതിവ് പോലെ ശ്വാസകോശത്തിന് ധൂമം നൽകിക്കൊണ്ടിരുന്നു. ഞങ്ങളുടെ കൂട്ടത്തിലും ഇതേ പോലെ പുകക്കു വേണ്ടി കൊതിക്കുന്ന രണ്ടു ശ്വാസകോശങ്ങളുണ്ടായിരുന്നെങ്കിലും അവരതു എപ്പോൾ എങ്ങനെ സാധിക്കുന്നുവെന്നത് ആർക്കും പിടി കിട്ടിയിരുന്നില്ല. എന്നാൽ അത് മുടക്കമില്ലാതെ മുറക്ക് നടക്കുന്നുണ്ടെന്ന് മാത്രം അറിയാം. എല്ലാവർക്കും...!



         ഏതാണ്ട് എട്ടു മാണിയോട് കൂടി തന്നെ ഞങ്ങൾ പുറപ്പെട്ടു. ഇന്നത്തെ യാത്ര ദൂത്പത്രിയിലേക്കാണ്. ഏതാണ്ട് 2 മണിക്കൂർ യാത്ര ഉണ്ടെന്നു ഞങ്ങൾക്ക് ആദ്യമേ ഒരു ധാരണ ഉണ്ടായിരുന്നു.ഏതാണ്ട് ദൂത്‌പത്രിയിൽ എത്താറായപ്പോൾ ആഷിഖ് ആ സ്ഥലത്തെക്കുറിച്ചും അതിനു ആ പേര് ലഭിച്ചതിനു പിന്നിലെ ഐതിഹ്യത്തെകുറിച്ചും സംസാരിക്കാനാരംഭിച്ചു. ഞങ്ങളോട് സംസാരിക്കുമ്പോൾ ഉർദുവും റോഡിലെ മറ്റു വാഹനങ്ങളിലുള്ളവരെ ചീത്ത വിളിക്കേണ്ടപ്പോൾ കാശ്മീരിയും ആയിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്.

       ദൂത്‌പത്രി എന്നാൽ "പാലിന്റെ താഴ്വര" എന്നാണ് അർഥം.ബഡ്ഗാം ജില്ലയിൽ സമുദ്രനിരപ്പിൽ നിന്നും 8957 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  ഒരു ഹിൽസ്റ്റേഷൻ ആണിത്. ജമ്മു & കാശ്മീർ സംസ്ഥാനത്തിന്റെ ഉഷ്ണകാല തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് 42 കിലോമീറ്ററും ബഡ്ഗാം ജില്ലാ ആസ്ഥാനത്തു നിന്ന് 22 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ദൂത്‌പത്രിക്കു പാലിന്റെ താഴ്വര എന്ന പേര് ലഭിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. അതിങ്ങനെയാണ്.കശ്മീരിലെ പ്രമുഖ സൂഫിവര്യനായ ഷെയ്‌ഖുൽ ആലം ഷെയ്ഖ് നൂറുദ്ധീൻ നൂറാനി ഒരിക്കൽ അവിടെയെത്തിയപ്പോൾ നമസ്കാരം നിർവഹിക്കാനായി വുളൂ (അംഗശുദ്ധി) ചെയ്യാൻ വേണ്ടി വെള്ളം അന്വേഷിച്ചു താഴ്വര ആകെ നടന്നു.വെള്ളം കാണാത്തതിനെ തുടർന്ന് അദ്ദേഹം മണ്ണിൽ അല്പം കുഴിക്കുകയും എന്നാൽ മണ്ണിൽ നിന്നും വെള്ളത്തിന് പകരം പാൽ വരികയുമുണ്ടായി.എന്നാൽ പാൽ കൊണ്ട് അംഗശുദ്ധി വരുത്താൻ ആവില്ലെന്നും പാൽ ഭക്ഷണമാക്കാൻ മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പാലിനോട് പറഞ്ഞു. ഇതിനെത്തുടർന്ന് പാൽ സ്വയം ജലമായി മാറുകയായിരുന്നു. ഇപ്പോഴും ഈ താഴ്വരയിലൂടെ ഒഴുകുന്ന വെള്ളം ശുദ്ധമായ തെളിനീര് ആണെങ്കിലും കാഴ്ച്ചയിൽ പാലിനോട് ഏറെ സാമ്യപ്പെട്ടിരിക്കുന്നു.

    ദൂത്പത്രിയോടടുക്കുമ്പോൾ ചുരങ്ങൾ കയറിയിറങ്ങാൻ തുടങ്ങിയിരുന്നു. നമ്മുടെ വയനാട് ചുരം പോലെ ഹെയർപിൻ വളവുകൾ അല്ലെങ്കിലും, സാമാന്യം കറങ്ങി തിരിഞ്ഞുള്ള ചുരങ്ങൾ തന്നെയായിരുന്നു. ഇടയ്ക്കു കുട്ടികളിലാരോ ചുരം കയറുമ്പോഴുള്ള നിർബന്ധിത അനുഷ്ടാനം പൂർത്തീകരിക്കാനെന്ന വണ്ണം ശർദ്ധിച്ചിരുന്നു. എങ്കിലും, ചുരം ഉയരങ്ങളിലേക്ക് നയിച്ചപ്പോൾ, അന്തരീക്ഷമാകെ മാറി തുടങ്ങി. കോടമഞ്ഞിന്റെ മൂടുപടമണിഞ്ഞു തന്റെ സൗന്ദര്യം മുഴുവനും കാണിക്കാതെ ദൂത്‌പത്രി ഞങ്ങളെ കൊതിപ്പിക്കുവാൻ ആരംഭിച്ചു. വേനൽക്കാലമായതിനാൽ മഞ്ഞോ തണുപ്പോ തീരെ പ്രതീക്ഷിക്കാത്ത ഞങ്ങളിൽ, ആ കാഴ്ച  ചെറുതല്ലാത്ത സന്തോഷം  അലയടിക്കാൻ കാരണമായി. കോടമഞ്ഞിൽ കാഴ്ചപഥം കുറയുമ്പോൾ ഞങ്ങളുടെ സാരഥി അസ്വസ്ഥനാവുന്നുണ്ടായിരുന്നെങ്കിലും ഞങ്ങളെല്ലാവരും കൂടുതൽ കൂടുതൽ അത് ആസ്വദിക്കാൻ തുടങ്ങി. അന്നേ ദിവസത്തേക്ക് സ്വയം സംഘത്തലവനായി  മുൻസീറ്റിലിടം പിടിച്ചിരുന്ന ശ്രീമാൻ. വലീദ് പാലാട്ട് കോലൈസ് വണ്ടി കണ്ട കുട്ടികളെപ്പോലെ തുള്ളിച്ചാടാനും ആർപ്പു വിളിക്കാനും തുടങ്ങി. വീഡിയോ പിടിച്ചിട്ട് തൃപ്തി വരാതെ ഫോൺ വണ്ടിയിൽ നിന്നും പുറത്തേക്കു വെച്ച് ഛായാഗ്രഹണം തുടർന്നു.വഴിയിലുടെ നീളം ഒരുപാടു യുവാക്കൾ കുതിരയുമായി ചുരം കയറുന്നുണ്ടായിരുന്നു.ചിലർ കുതിരയുമായി നടന്നും ചിലർ കുതിരപ്പുറത്തും .തുടർച്ചയായി ഇങ്ങനെ ഒരുപാടു പേരെ കണ്ടപ്പോൾ എന്റെ മനസ്സിൽ രണ്ടു ചോദ്യങ്ങളുയർന്നു. ഈ രാവിലെ തന്നെ ഇവർ കുതിരയുമായി, എങ്ങോട്ടു, എന്തിനു പോവുകയാണ് ? ചിലരെങ്കിലും  എന്തിനാണ് നടന്നു പോവുന്നത്, അവർക്കും കുതിരപ്പുറത്തു കയറി സഞ്ചരിച്ചാൽ പോരെ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ അല്പസമയത്തിനു ശേഷം  ഞങ്ങൾ  മനസ്സിലാക്കി. മരങ്ങൾക്കിടയിലും റോഡിലും മൂടൽമഞ്ഞു തന്റെ ആർദ്രത കൂട്ടിക്കൂട്ടി വരുന്നത് പോലെ തോന്നി. അപ്രതീക്ഷിതമായതിനാൽ, മൂടൽമഞ്ഞു തന്ന സന്തോഷം വിവരണാതീതമായിരുന്നു. ഞങ്ങൾ പോകുന്ന വഴികളിൽ കാണപ്പെട്ട മരങ്ങളേറെയും ദേവദാരു, കൈൽ , കയൂർ എന്നിവയാണെന്നും, താഴ്വാരങ്ങളിലും മലമ്പ്രദേശങ്ങളിലും കാണപ്പെടുന്ന വീടുകൾ ഏറെയും ഇത്തരം മരങ്ങളാൽ നിർമിക്കുന്ന വീടുകളാണെന്നും ആഷിഖ് പറഞ്ഞു. ചുരം കയറി ഏതാണ്ട് 10 മണിയോട് കൂടി ഞങ്ങൾ ദുത്പത്രി മലമുകളിലെത്തി. പക്ഷെ, അവിടെ ആകമാനം മഞ്ഞുമൂടിക്കിടക്കുന്നതിനാൽ അവിടത്തെ കാഴ്ചകളെന്തെന്നോ മനോഹാരിത എന്തെന്നോ മനസ്സിലാക്കാനാവുന്നുണ്ടായിരുന്നില്ല. വണ്ടിയിൽ നിന്നിറങ്ങിയ ഞങ്ങളെല്ലാവരും ചന്നം പിന്നം ചിതറി കിടന്നിരുന്ന കുതിര ചാണകങ്ങളിൽ ചവിട്ടാതെ, മുന്നോട്ടു നീങ്ങി. സ്ത്രീരത്നങ്ങളും കുട്ടികളും ടോയ്‌ലറ്റ് അന്വേഷിച്ചു മുന്നോട്ടു നീങ്ങിയപ്പോൾ പുരുഷകേസരികൾ അന്നത്തെ കാര്യപരിപാടികൾ ആസൂത്രണം ചെയ്യാനുള്ള ചർച്ചകളിലേക്ക് നീങ്ങിയിരുന്നു.



                അവിടെ എത്തിച്ചേർന്നിട്ടും അവിടെയുള്ള പ്രധാന ആകർഷണമെന്തെന്നോ, ആക്ടിവിറ്റി എന്തെന്നോ ഞങ്ങൾക്ക് ഒരു രൂപം കിട്ടുന്നുണ്ടായിരുന്നില്ല. ഞങ്ങളുടെ വണ്ടി പാർക്ക് ചെയ്ത ചെറിയ ഒരു പ്രദേശം താറിട്ടു നിർത്തിയതൊഴിച്ചാൽ വലിയൊരു പച്ച പുൽമേടും അതിലങ്ങിങ്ങായി ഒരുപാട് കുതിരകളും അവയുടെ കുതിരക്കാരുമാണ്  അവിടെയുണ്ടായിരുന്നത്. ഇതിനിടെ ചില കുതിരക്കാർ ഒറ്റയായും കൂട്ടായും ഞങ്ങളെ സമീപിച്ചു, കുതിര സവാരി വേണോ എന്ന് തിരക്കുകയും, ഞങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ മികച്ച കുതിരസവാരി അനുഭവം പഹൽഗാമിലേതാണെന്നു മുൻപ് യാത്ര ചെയ്ത ഫഹദകന്റെ ചില സുഹൃത്തുക്കൾ മുഖേന ഞങ്ങൾക്ക് വിവരം ലഭിച്ചതിനാൽ കുതിരസവാരി വേണ്ട എന്നൊരു തീരുമാനത്തിൽ ആയിരുന്നു ഞങ്ങൾ ഉണ്ടായിരുന്നത്.എന്നാൽ കുതിരക്കാരുടെ ക്യാൻവാസിംഗ് കൂടിക്കൂടി വരുന്നുണ്ടായിരുന്നു. തുടർന്നു ഞങ്ങളുടെ സാരഥിയും ഗൈഡുമായ ആഷിഖിനെ തന്നെ അഭയം പ്രാപിച്ചു. കുതിരസവാരി അല്ലാതെ മറ്റു എന്താണ് ഇവിടെ ചെയ്യാനാവുക എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി അവ്യക്തമായിരുന്നു . അല്പം വിശദമായി ചോദിച്ചതിന് ശേഷമാണ് കാണാൻ അതിമനോഹരമായ താഴ്വര ഉണ്ടെന്നും എന്നാൽ അവിടേക്കു വണ്ടിയിൽ പോകാനാകില്ലെന്നും നടന്നു പോവൽ അല്പം ദുഷ്കരമാണെന്നും അതിനാൽ കുതിരസവാരി ഉപയോഗപ്പെടുത്തുന്നത് തന്നെയാകും നല്ലതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ചർച്ച നടക്കുന്നതിനിടയിൽ കുതിരക്കാർ അസഹനീയമാം വിധം ഞങ്ങളെ പിന്തുടർന്ന് സംസാരിച്ചപ്പോൾ,ഞാൻ പെട്ടെന്നൊരലപ്പം ശബ്ദമുയർത്തി അവരോടു സംസാരിച്ചു. അതുവരെ അവരോടു സംസാരിച്ചിരുന്ന മുറി ഉർദുവിനിടയിൽ എന്റെ അനർഗനിർഗ്ഗളമായ ഉറുദു കേട്ട് ഫഹദ്‌ക്ക ആഹ്ലാദചിത്തനായി അസൂയയോടെ നോക്കിക്കൊണ്ടു എന്റെ കൈ പിടിച്ചു കുലുക്കി. ആ നിമിഷത്തിൽ തന്നെ; തൊട്ടു മുൻപത്തെ കമ്പനിയിലെ ജോലി സൈറ്റിൽ എന്റെ ക്ഷമ എന്നും പരീക്ഷിച്ചു,  ചീത്ത പറയാൻ വേണ്ടി മികച്ച ഹിന്ദി സ്വായത്തമാക്കാൻ പ്രേരിപ്പിച്ച എന്റെ ബംഗാളി , പാകിസ്താനി, നോർത്ത് ഇന്ത്യൻ തൊഴിലാളികളെ ഞാൻ നന്ദിയോടെ സ്മരിച്ചു.അപ്പോഴേക്കും ഒരു മണിക്കൂർ കടന്നു പോയി  മൂടൽമഞ്ഞു പൂർണമായി വിട്ടൊഴിഞ്ഞു പതിനൊന്നു മണിയായിരുന്നു. അൽപ സമയത്തെ കടുത്ത വിലപേശലിനൊടുവിൽ എന്തായാലും കുതിര സവാരി ഉപയോഗപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. അപ്പോഴായിരുന്നു അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി ഉടലെടുത്തത്............



Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്