കാശ്മീർ ഡയറീസ് (Travelogue) Chap.13 - മഞ്ഞും ആലിപ്പഴമഴയും
13
കേബിൾ കാറിൽ നിന്നിറങ്ങിയ ഉടനെ ഞങ്ങളെ വരവേറ്റിരുന്നത് കൺകുളിർമയേകുന്ന
കാഴ്ചകളും അന്തരീക്ഷവുമായിരുന്നു. അല്പം മുമ്പുള്ളതിൽ നിന്ന് വ്യത്യസ്തമായി തെളിഞ്ഞ
ആകാശവും, തൂവെള്ള പഞ്ഞിക്കെട്ടുകളെ
വെല്ലുന്ന മേഘക്കൂട്ടവും, പച്ച പടർന്ന കൽക്കൂട്ടങ്ങളും
ഉള്ളിലേക്കിറങ്ങി ചെല്ലുന്ന തണുത്ത കാറ്റും. ഈ നിമിഷം മാത്രമാണ് ജീവിതത്തിലെ ഏറ്റവും
മനോഹരമെന്നു തോന്നിപ്പോകുന്ന നിമിഷങ്ങൾ..! ഭൂമിയിലെ പറുദീസയായ കാശ്മീരിനെ ഏറ്റവും ഉയരത്തിൽ
നിന്ന് കാണുകയായിരുന്നു ഞങ്ങൾ. പറുദീസയിലേക്കിനി അധികദൂരമില്ലെന്നു തോന്നും അവിടെ നിൽക്കുമ്പോൾ.
കേബിൾ കാർ പർവതത്തിന്റെ ഏറ്റവും മുകളിലേക്ക് അല്ല ബന്ധിപ്പിച്ചിരിക്കുന്നത്. ഇറങ്ങിയ
ശേഷം വീണ്ടും മല മുകളിലോട്ടു ബാക്കി നിൽക്കുന്നു. ഏതാണ്ട് രണ്ടര മണിയോടെ അവിടെ എത്തിയ
ഞങ്ങൾ ആ സത്യം താഴെ നിന്ന് കൺകുളിർക്കെ കണ്ടു. തൊട്ടു അടുത്തുള്ള മലയിൽ മഞ്ഞു നിറഞ്ഞിരിക്കുന്നു.
അതെ, ഈ ഒരു കാലാവസ്ഥയിൽ തീരെ മഞ്ഞു
ഉണ്ടാവില്ലെന്ന കരുതിയ ഞങ്ങളെ തികച്ചും അതിശയിപ്പിക്കുന്നതായിരുന്നു അത്. പ്രത്യേകിച്ച്
എന്റെ മക്കൾക്ക്. ഈ യാത്ര തുടങ്ങിയത് മുതൽ അവർ ഇപ്പോഴും ചോദിക്കുന്നത്, മഞ്ഞു എവിടെ എന്നാണ്. ഈ ഒരു കൊച്ചു ദൂരവും കൂടി
നടന്നു കയറിയാൽ ഞങ്ങൾ മഞ്ഞുമലയിലെത്തി. അപ്പോൾ തന്നെ രണ്ടു പേര് ഞങ്ങളെ സമീപിച്ചു.
മലയിലേക്കു കയറാനുള്ള, ബൂട്ടും,
"സ്ലെഡ്ജിങ്" ചെയ്യാനുള്ള
ബോർഡും (നമ്മെ ഇരുത്തി കെട്ടി വലിച്ചു മുകളിലേക്ക് കൊണ്ട് പോവും) മറ്റും വാടകക്ക് തരുന്നവർ.
മറ്റു എല്ലായിടങ്ങളിലെയും പോലെ ഏറെ നേരം നീണ്ടു നിന്ന വിലപേശലിനൊടുവിൽ ആളൊന്നിന് നാലായിരത്തിൽ
തുടങ്ങി ആയിരത്തി അഞ്ഞൂറിൽ ഉറപ്പിച്ചു. പക്ഷെ, അല്പസമയത്തിനുള്ളിൽ മാത്രമേ ഞങ്ങൾക്ക് കാര്യങ്ങൾ കുറെ കൂടി വ്യക്തമായത്.
ആ മലയുടെ മുകളിൽ , ഒരു ഐസ്ക്രീമിന് മുകളിൽ
ചെറി വെച്ച പോലെ, തീരെ ചെറിയ ഒരു വിസ്തീർണത്തിൽ
മാത്രമാണ് മഞ്ഞു ഉണ്ടായിരുന്നത്. അത് തന്നെ നമ്മുടെ സങ്കൽപ്പങ്ങളിൽ ഉള്ള തൂവെള്ള മഞ്ഞു
അല്ല, അല്പം ചെറു കലർന്ന നിറത്തിൽ
ഞാൻ മഞ്ഞു തന്നെയാണെന്ന് നമ്മളെ വിശ്വസിപ്പിക്കാൻ പാടുപെടുന്ന ഹിമസംഘം. സത്യത്തിൽ,
ആ മഞ്ഞിൽ ഈ ബൂട്ടും സ്ലെഡ്ജിങ് ബോർഡും ഒന്നും ഇല്ലാതെയും
വേണമെങ്കിൽ കയറാം. അങ്ങനെ കയറുന്ന ചിലരെയും അവിടെ കണ്ടു. ഞങ്ങൾ പാട് പെട്ട് മുകളിൽ
കയറിയെത്തിയപ്പോഴേക്കും 3 .45 ആയി. വളരെ കുറഞ്ഞ
സമയമാണ് അവിടെ ലഭിച്ചതെങ്കിലും,
ആ ഉള്ള സമയങ്ങൾ എല്ലാവരും
വല്ലാതെ ആസ്വദിക്കാൻ ഉള്ള വെമ്പലിൽ ആയിരുന്നു. ഓർക്കാപ്പുറത്ത് മിട്ടായി കിട്ടിയ കുട്ടികളുടെ
സന്തോഷമായിരുന്നു മഞ്ഞു കണ്ട ഞങ്ങൾക്കെല്ലാർക്കും. ഐസ് വാരി വിതറിയും പരസ്പരം എറിഞ്ഞും, കുട്ടികൾ ഒരു സ്‌നോമാൻ (ശുഷ്കിച്ചതെങ്കിലും) ഉണ്ടാക്കാനുള്ള ശ്രമങ്ങളുമൊക്കെയായി, നിമിഷങ്ങൾ അനർഘളമാക്കി മാറ്റുകയായിരുന്നു .എല്ലാവരും മഞ്ഞിൽ കളിക്കാനും സ്ലെഡ്ജിങ്ങിനു
തയ്യാറെടുക്കാനും തുടങ്ങുമ്പോഴേക്കും, ചെറിയ ചാറ്റൽ മഴയും അതിനെ തുടർന്ന് ആലിപ്പഴ വീഴ്ചയും തുടങ്ങി. ഉടൻ തന്നെ ഒരു പട്ടാളക്കാരൻ
ഓടി വന്നു തന്റെ തോളിൽ തൂക്കിയിട്ടിരിക്കുന്ന ലൗഡ്‌പീക്കർ മുഖേന, എല്ലാരും എത്രയും പെട്ടെന്ന് മലയിറങ്ങണമെന്നും,
ആലിപ്പഴവീഴ്ച
രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പുറപ്പെടുവിക്കാൻ തുടങ്ങി.തുടക്കത്തിൽ
ആളുകൾ അത് കാര്യമായെടുക്കാതെ, ആഘോഷാർമാദനങ്ങൾ തുടർന്നു.
ഞങ്ങളിൽ മൂന്നു നാല് പേര് അപ്പോഴേക്കും സ്ലെഡ്ജിങ് പൂർത്തിയാക്കിയിരുന്നു. പക്ഷെ,
പിന്നീട് ആ ജവാന്റെ മുന്നറിയിപ്പായി കർക്കശ സ്വരത്തിലുള്ളതാവാനും
അയാൾ ആളുകൾക്കിടയിലേക്കു വന്നു ആളുകളെ ഒഴിപ്പിക്കാനും തുടങ്ങി. കാര്യം പന്തിയല്ലെന്ന്
കണ്ടപ്പോൾ തന്നെ, ഞാൻ പെട്ടെന്ന് എന്റെ
സ്ലെഡ്ജിങ്ങിനു ഒരാളെ തരപ്പെടുത്തി , അതങ്ങട് പൂർത്തിയാക്കി. എന്റെ നല്ല നേരത്തിനു അത് കൃത്യമായി താഴെ നിന്ന ഉമ്മ വിഡിയോയിൽ
പകർത്തുകയും ചെയ്തു. അപ്പോഴേക്കും പട്ടാളക്കാരന്റെ ആക്രോശം ഉച്ചസ്ഥായിയിലെത്തി. ഇനിയും
ഇറങ്ങാത്തവർക്കു തിരിച്ചു പോവാൻ കേബിൾ കാർ ഉണ്ടാവില്ലെന്നും , ഹിമപാതം ശക്തമായാൽ കേബിൾ കാർ സർവീസ് നിർത്തി വെക്കുമെന്നും
തുടർന്ന് എല്ലാവരും ഈ ഒരു പോയിന്റിൽ രാവിലെ വരെ കഴിച്ചു കൂട്ടേണ്ടി വരുമെന്നും പറഞ്ഞു.
ഇത് കേട്ടതും ആളുകൾ കൂട്ടം കൂട്ടമായി ഇറങ്ങാൻ തുടങ്ങി. അപ്പോഴേക്ക് മഴയും ആലിപ്പഴവീഴ്ച്ചയും
അല്പം കൂടി കനക്കുകയും അന്തരീക്ഷം നന്നായി ഇരുളുകയും ചെയ്തു. പിന്നെ,ഞങ്ങൾ എല്ലാവരും ഒരു ദുരന്തമുഖത്തു നിന്ന് ഓടി രക്ഷപ്പെടുന്ന
ശരീരഭാഷയോടെ ഓടാൻ തുടങ്ങി. മക്കളെ തോളിലേന്തി, തപ്പി തടഞ്ഞു വീഴാതെ താഴെ എത്തുക അല്പം പ്രയാസം തന്നെയായിരുന്നു.
ഇതിനിടയിൽ മറ്റു ചിലരൊക്കെ വീഴുന്നും ഉണ്ടായിരുന്നു. അങ്ങനെ താഴെ ഓടിയെത്തി,
സ്ലെഡ്ജിങ് ചെയ്യാൻ കൊടുത്ത കാശൊക്കെ വൃഥാവിലായി.
ആകെ അഞ്ചോ ആറോ പേർക്ക് മാത്രമേ ചെയ്യാനുള്ള അവസരം ലഭിച്ചുള്ളൂ.. അവർ ക്യാഷ് തിരിച്ചു
തരാനും തയ്യാർ അല്ലായിരുന്നു. കാലാവസ്ഥ മാറിയതും പട്ടാളം വന്നതുമൊക്കെ അവരുടെ കുഴപ്പമല്ലെന്നു
പറഞ്ഞു അവർ കൈ മലർത്തി. കേബിൾ കാർ പോയിന്റിലേക്കുള്ള സ്‌റ്റെപ്സ് കയറി അവിടെത്തുമ്പോഴേക്ക്
ഞങ്ങളുടെ മുഖത്തടിച്ചത് പോലെ അവിടത്തെ ഷട്ടർ താണു. ഉള്ളിൽ നിന്ന് പട്ടാളക്കാർ അടച്ചാണ്.
കുറെ മുട്ടി വിളിച്ചെങ്കിലും കുട്ടികൾ ഉണ്ടെന്നു പറഞ്ഞെങ്കിലും അത് ഞങ്ങൾക്ക് മുന്നിൽ
തുറന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ മഴയിൽ നിൽക്കുകയാണ്, നിസ്സഹായരായി, ഉള്ളിൽ ഭയം പതിയെ നിഴലിക്കാൻ തുടങ്ങി. നാളെ രാവിലെ വരെ ഈ അന്തരീക്ഷത്തിൽ ഇവിടെ
ഇങ്ങനെ കഴിയേണ്ടി വരുമോ എന്നൊരു ചോദ്യം ഉള്ളിൽ മുഴങ്ങി.പെട്ടെന്ന് ആരോ വിളിച്ചു പറഞ്ഞു,
മറുവശത്തു മറ്റൊരു വഴി ഉണ്ട് , അത് അടച്ചിട്ടില്ലെന്നു. സ്റ്റെപ്പുകൾ ഇറങ്ങി അവിടെത്തുമ്പോഴേക്ക്
ആ വഴിയും നിറഞ്ഞു കവിഞ്ഞിരുന്നു. എങ്കിലും എങ്ങനെയൊക്കെയോ തിക്കിയും തിരക്കിയും അതിനുള്ളിൽ
കയറിപ്പറ്റി.
ഒരു വിധം ഉള്ളിൽ കയറി പറ്റിയപ്പോൾ ഞങ്ങൾ ഉണ്ടായത് നീണ്ട നീണ്ട ഒരു ക്യൂവിന്റെ ഏറ്റവും
അവസാനത്തിലാണ്. ഞങ്ങളുടെ പിറകിലായി പിന്നെ ആരുമില്ല. എന്ത് തന്നെയായാലും മഴയിൽ നിന്നും
ആലിപ്പഴത്തിൽ നിന്നും രക്ഷപ്പെട്ടതോർത്തു ക്ഷമയോടെ ആ ക്യൂവിൽ ഞങ്ങൾ ശാന്തരായി നിന്നു.
ഒരുപാടു ഓടിയതിന്റെ ക്ഷീണത്താൽ എല്ലാരും നന്നായി അണക്കുകയും തണുപ്പും മഴയും കാരണം നന്നായി
വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സംസാരിക്കുമ്പോൾ സിഗരറ്റ് വലിച്ചു വിടുന്ന കണക്കെ
വായിൽ നിന്നു പുകക്കു സമാനമായ തണുത്ത ഉച്ഛാസം വരുന്നുണ്ടായിരുന്നു. ആ ക്യൂവിനു സമാന്തരമായി
ഉണ്ടായിരുന്ന ടീഷോപ്പിൽ കച്ചവടം പൊടി പൊടിച്ചു. ആളുകൾ കൂടുകയും സാധനങ്ങൾ തീരുകയും ചെയ്യുന്നതിനനുസരിച്
ഒരേ സാധനത്തിനു തന്നെ വില കൂടിക്കൊണ്ടേയിരുന്നു. ഞങ്ങൾ ആദ്യം അൻപത് രൂപയ്ക്കു വാങ്ങിയ
അതേ നൂഡിൽസ്, അതേ കടയിൽ നിന്നും പിന്നീട് 75 നും 100 നും വാങ്ങുകയുണ്ടായി.
"when supply decreases
price increases " എന്ന് മനസ്സിലോർത്തു
ഞങ്ങൾ എല്ലാരും ഉയരുന്ന മുഷ്ടികൾക്കു കൂച്ചുവിലങ്ങിട്ടു.ഏതാണ്ട് ഒരു മണിക്കൂറിലേറെ
തണുത്തു വിറച്ചു നിന്നിട്ടാണ് ഞങ്ങൾക്ക് കേബിൾ കാറിൽ കയറാൻ ആയത്. എന്തായാലും ആ പട്ടാളക്കാരൻ
മുന്നറിയിപ്പ് തന്ന പോലെ കേബിൾ കാർ സർവീസ് നിർത്തി വെച്ചൊന്നുമില്ല.
കേബിൾ കാറിൽ കയറി ഫേസ് 2 മുതൽ ഫേസ് 1 വരെയും ഫേസ് 1 നിന്ന് സ്റ്റാർട്ടിങ് പോയിന്റ് വരെയും വളരെ സ്വസ്ഥമായി എത്തി. എവിടെയും ഒരു തിരക്കുമില്ല.
എല്ലാ ആളുകളുമൊഴിഞ്ഞു ജോലിക്കാർ പോലും ഒരു ദിവസം മുഴുവൻ കഴിഞ്ഞതിന്റെ ആലസ്യത്തിലേക്കു
തെന്നി തുടങ്ങിയിരുന്നു. ഞങ്ങൾ ആയിരുന്നു അന്നത്തെ അവസാനത്തെ ആളുകൾ. പോകുന്ന പോയിന്റുകളിലെല്ലാം
അമ്പരപ്പിക്കുന്ന വിജനത. ആ മഹാസംവിധാനങ്ങളും ജോലിക്കാരും ഞങ്ങൾക്ക് വേണ്ടി മാത്രം നില
കൊള്ളുന്ന പോലെ ഒരു തോന്നൽ. വല്ലാത്തൊരു വിജനതയും തിരക്കില്ലായ്മയും പക്ഷെ വരാനിരിക്കുന്ന
ഒരു വലിയ പ്രശ്നത്തിന്റെ സൂചനകളായിരുന്നുവെന്നു ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ല. താഴെ
എത്തിയ ശേഷവും എല്ലാരും വളരെ സാവധാനത്തിൽ ശുചിമുറികൾ ഒക്കെ ഉപോയോഗിച്ചും, അതിനു ശേഷം ഫോട്ടോകൾ എടുത്തും വളരെ പതിയെ പാർക്കിംഗ് ഏരിയയിലേക്ക് എത്തി. പക്ഷെ, അവിടെ എത്തുമ്പോഴേക്കും, ഞങ്ങളുടെ സാരഥി ആഷിഖ് ,വളരെയേറെ ക്ഷുഭിതനും നിരാശനുമായി കാണപ്പെട്ടു. "നിങ്ങൾ വളരെയധികം വൈകിയെന്നും
ഇന്നിനി പോകാനാകില്ലെന്നുമൊക്കെ" പറയുന്നുണ്ടായിരുന്നു. എങ്കിലും ഞങ്ങളതത്ര കാര്യമാക്കിയില്ല.
പക്ഷെ, ഏതാണ്ട് ഒരല്പദൂരം മുന്നോട്ടു എത്തുമ്പോഴേക്ക് തന്നെ ഞങ്ങൾക്ക്
കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടു തുടങ്ങി. പണി പാളി എന്ന് തോന്നുന്നുണ്ട്.... !
Comments
Post a Comment