കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം
20
ഒരു യാത്രയുടെ അവസാനദിവസം ഒരേ സമയം വിരസതയുടെയും സംതൃപ്തിയുടെയും സന്തോഷത്തിന്റേതുമെല്ലാമാണ്. നാളെ ഇനി എങ്ങോട്ടും പോവാനും പുതിയതായൊന്നും കാണാനും ഇല്ലല്ലോ എന്ന വിരസത. ഇത്രയും ദിവസങ്ങളിൽ പ്രതീക്ഷിച്ച പോലെയും പ്ലാൻ ചെയ്ത പോലെയും എല്ലായിടവും പോയതിന്റെ, എല്ലാ കാഴ്ചകളും ആസ്വദിച്ചതിന്റെ സംതൃപ്തി. നടക്കാതെ പോവുന്ന നൂറു പദ്ധതികളിൽ ഒന്ന് നടത്തിയെടുത്തതിന്റെ, എന്നാൽ സ്വത്വത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ സന്തോഷം. വൈകുന്നേരം പാക്കിങ്ങും പിന്നെ അത് കഴിഞ്ഞു "അവസാനത്തെ അത്താഴവും" ഒക്കെ കഴിഞ്ഞു, റൂമിൽ വന്നിരുന്നു ചുമ്മാ ടി വി കാണാൻ ഇരുന്നു. മുൻപ് കണ്ടതാണെങ്കിലും നല്ല ഒരു സിനിമ കണ്ടപ്പോൾ അതിലേക്കായി ശ്രദ്ധ. ശരീരത്തിന്റെ യാത്രാക്ഷീണം മൂലമാണോ അതല്ല, യാത്ര തീരുന്നതിന്റെ മനോവ്യഥ മൂലമാണോ എന്നറിയില്ല, നിദ്രാദേവി കണ്ണുകളിൽ കടാക്ഷിക്കാൻ തുടങ്ങി.തിരിച്ചൊരു ചെറുത്തുനിൽപ്പിനൊരുങ്ങാതെ പുതപ്പിന്റെ സുഖശീതളിമയോട് ഒട്ടിചേർന്ന് ഞാൻ പതിയെ നിദ്രയിലേക്ക് വഴുതിവീണു.
കാലത്തു ആറരക്ക് ഉറക്കമുണർന്ന ഞങ്ങൾ ഒരു മണിക്കൂറിനുള്ളിൽ എല്ലാ തയ്യാറെടുപ്പുകളും
തീർത്തു വസ്ത്രം മാറി, കുട്ടികളുമൊന്നിച്ചു തീൻ മുറിയിലേക്കെത്തി. ഏതാണ്ട്
എല്ലാവരും എത്തിച്ചേർന്നിരുന്നുവെങ്കിലും ഘടാഘടിയന്മാരായ പെട്ടികളും ബാഗുകളും ഉടമകളോടൊന്നിച്ചു
വരുന്നേ ഉണ്ടായിരുന്നുള്ളൂ.. നാലോ അഞ്ചോ ആളുകളെ ഉൾകൊള്ളാൻ മാത്രം സ്ഥലപരിമിതി ഉള്ള
ലിഫ്റ്റ് നിർത്താതെ ഓടിക്കൊണ്ടേയിരുന്നു. വന്നവർ വന്നവർ പ്രാതൽ കഴിച്ചു തുടങ്ങിയിരുന്നൂ..
അല്ലെങ്കിലും, ഒരു ഫ്ലൈറ്റ് യാത്രക്ക് മുന്നോടിയായുള്ള നിമിഷങ്ങൾക്കും
നൊടികൾക്കും അനിതരസാധാരണമായ മൂല്യം കൈവരും. ഞങ്ങൾ പ്രാതൽ കഴിക്കുമ്പോഴേക്കും റൂം ബോയ്സിന്റെ
സഹായത്തോടെ പെട്ടികൾ വണ്ടിക്കു മുകളിൽ കെട്ടി വെക്കുന്ന തിരക്കിൽ ആയിരുന്നു സാരഥി ആഷിഖ്.
പൊതുവെ യാത്ര പുറപ്പെടുന്ന വേളകളിൽ ഒരു ഹെഡ്മാസ്റ്ററുടെ കാർക്കശ്യം കൈവരിക്കുന്ന ടിയാനെ
ഇന്ന് ശുണ്‌ഠി പിടിപ്പിക്കാതിരിക്കാൻ എല്ലാവരും
പ്രത്യേകം ബോധവാന്മാരായിരുന്നു. കൃത്യം എട്ടു മണിയോട് കൂടി തന്നെ എല്ലാരും ഇരിപ്പിടങ്ങളിൽ
ഇടം പിടിച്ചു. വിമാനസമയം 11 മണിക്കാണെങ്കിലും 8 മണിക്ക് പുറപ്പെട്ടില്ലെങ്കിൽ ഒരുപക്ഷെ
യാത്ര മുടങ്ങിയേക്കാമെന്ന സാരഥിയുടെ തലേ നാളുള്ള കർശനനിർദേശം മൂലമായിരിക്കാം എല്ലാവരും
കൃത്യമായെത്തിയത്. ഹോട്ടലിൽ നിന്ന് കേവലം 20 മിനിട്ടു ദൂരം മാത്രമേ എയര്പോര്ട്ടിലേക്കുണ്ടായിരുന്നുള്ളുവെങ്കിലും
എയർപോർട്ടിൽ എത്തുന്നതിനു മുൻപ് റോഡിൽ വെച്ച് ഒരു മിലിറ്ററി ചെക്കിങ് ഉണ്ട്. പോകുന്ന
വഴിയിൽ സംവിധാനിച്ചുള്ള ചെക്‌പോസ്റ്റിൽ എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി, എല്ലാ ബാഗുകളുമെടുത്തു സ്കാനിങ്ങിനു വിധേയമാക്കണം.ഞങ്ങളുടെ ഭരിച്ച ബാഗുകളെല്ലാം
വണ്ടിയുടെ മുകളിൽ നിന്നിറക്കി,
പെട്ടെന്ന് തന്നെ ക്യൂവിൽ
ഇടം പിടിക്കാൻ തത്രപ്പെട്ടു. ചെറിയ ചാറ്റൽ മഴ ഉണ്ടായതിനാൽ, ബാഗുകൾ ഇറക്കാനും ആ തിരക്കിൽ അലിഞ്ഞു ചേരാനും അല്പം പാട്പെട്ടു. നമുക്ക് താല്പര്യം
ഉണ്ടായാലും ഇല്ലെങ്കിലും, കശ്മീരിന്റെ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാൽ
ഇത്തരം പരിശോധനകൾ ഒക്കെ മിലിറ്ററി വളരെ കർശനമായി തന്നെ നടത്തുന്നുണ്ടായിരുന്നു. ഞങ്ങൾ
പഹൽഗാമിൽ പോകുന്ന വഴിയിലും ഇത് പോലൊരു ചെക്ക് പോസ്റ്റിൽ ബാഗുകളുമെടുത്തു സ്കാനിംഗ്
ഉണ്ടായിരുന്നെങ്കിലും, അതിത്ര കർശനമായിരുന്നില്ല. ഇവിടെ എയർപോർട്ടിനടുത്തായതിനാലാവാം കുട്ടികളുൾപ്പെടെ എല്ലാവരെയും ,അത് പോലെ തീരെ ചെറിയ ഹാൻഡ്ബാഗുകൾ പോലും സ്കാൻ ചെയ്തു മാത്രമേ കടത്തി വിടുന്നുള്ളൂ.
സാമാന്യം ഭേദപ്പെട്ട തിരക്ക് ഉണ്ടായതിനാൽ, എല്ലാം കഴിഞ്ഞു തിരിച്ചു
പെട്ടികൾ വണ്ടിയുടെ മുകളിൽ കയറ്റി,
എയർപോർട്ടിലേക്കു എത്തുമ്പോഴേക്കും
ഏതാണ്ട് ഒൻപതര മണിയായിരുന്നു. എയർപോർട്ടിലെത്തി ബാഗുകൾ ഒക്കെ ഇറക്കി , ഞങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സാരഥിക്ക് നല്ലൊരു തുക പാരിതോഷികം നൽകി. അയാൾ
പ്രതീക്ഷിക്കുന്നതിലും കൂടുതൽ ആണെന്ന് ഉറപ്പുള്ള ആ സംഖ്യ നൽകാനുള്ള പ്രധാന ഉദ്ദേശ്യം
ഞങ്ങൾക്ക് പിറകെ വരുന്ന ടൂറിസ്റ്റുകൾക്ക് അദ്ദേഹത്തിൽ നിന്ന് മികച്ച സേവനവും, കുറേക്കൂടി ക്ഷമയും കിട്ടണമെന്നുള്ളത് തന്നെയായിരുന്നു.
ബാഗുകൾ അടുക്കി വെക്കാൻ ട്രോളി ലഭിക്കാൻ തന്നെ നന്നേ പാട് പെട്ടു. ഞങ്ങൾ നാനാദിക്കുകളിലേക്കു തിരഞ്ഞു ഏറെ പാട് പെട്ടാണ് രണ്ടോ മൂന്നോ ട്രോളികൾ തന്നെ ലഭിച്ചത്. വരാനിരിക്കുന്ന തിരക്കിൻറെ ഒരു സൂചന ആയിരുന്നു അത്. Departure മെയിൻ ഗേറ്റിനു മുൻപിൽ ഏതാണ്ട് നൂറിലധികം പട്ടാളക്കാർ ക്യൂവിൽ ഉണ്ടായിരുന്നു. അവരുടെ ദൗത്യനിർവഹണത്തിനായുള്ള ഒരു യാത്രയുടെ മുന്നോടിയാണെന്നു അവരുടെ ശരീരഭാഷ വിളിച്ചോതുന്നുണ്ടായിരുന്നു. എന്തായാലും അല്പസമയം അവിടെ നിൽക്കേണ്ടി വന്നെങ്കിലും പട്ടാളക്കാർക്ക് മറ്റൊരു പ്രവേശനകവാടം പ്രത്യേകം അനുവദിച്ച ശേഷം ഞങ്ങൾക്ക് ഉള്ളിലേക്ക് പ്രവേശിക്കാനായി. എന്നാൽ അകത്തു ചെക്ക് ഇൻ കൗണ്ടെറിലും നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ കുട്ടികളുൾപ്പെടെ ഫാമിലി ആയതിനാൽ അല്പനേരത്തിനുള്ളിൽ ഇൻഡിഗോ വിമാനക്കമ്പനിയുടെ ഒരു സ്റ്റാഫ് ഞങ്ങളെ സമീപിക്കുകയും , വിവരങ്ങൾ ആരായുകയും ചെയ്തതതിനു ശേഷം ഞങ്ങളെ ഒരുമിച്ചു ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കുകയും, സ്ത്രീകളും കുട്ടികളും ക്യൂവിൽ നിൽക്കേണ്ടതില്ലെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ സഹായത്താൽ ഞങ്ങൾ പ്രതീക്ഷിച്ച അത്ര പ്രയാസമില്ലാതെ ചെക്ക് ഇൻ നടപടികൾ പൂർത്തീകരിച്ചു. അല്ലെങ്കിലും അപ്രതീക്ഷിതമായി ലഭിക്കുന്ന സഹായങ്ങൾ നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. നന്ദി പ്രകടിപ്പിക്കേണ്ടതെങ്ങനെ എന്നറിയാതെ ഉഴലുന്ന ചില സന്ദർഭങ്ങൾ ആണവ.
ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഫ്ലൈറ്റിൽ കയറി, മേഘക്കൂട്ടങ്ങളിലൂടെ പറന്നുയരുമ്പോൾ താഴെ പർവ്വതനിരകളെയും പച്ചപ്പിനേയും നോക്കി
കാശ്മീരിനോട് വിട പറഞ്ഞു. ഒന്നര മണിക്കൂറിനുള്ളിൽ ഡൽഹി ടെർമിനൽ ഒന്നിൽ എത്തി ചേർന്നു.
എത്തിയ ഉടനെ ശുചിമുറി ഉപയോഗവും നമസ്കാരവുമൊക്കെ പൂർത്തീകരിച്ചു. കോഴിക്കോടേക്കുള്ള
ഫ്ലൈറ്റ് വൈകീട്ട് ആറു മണിക്കായതിനാൽ ഏതാണ്ട് അഞ്ചു മണിക്കൂറോളം ഞങ്ങൾക്ക് ഡൽഹിയിൽ
ചിലവഴിക്കേണ്ടതുണ്ട്. ഈ വിഷയം ശ്രീനഗർ എയർപോർട്ടിൽ വെച്ചൊരു ചർച്ച ആയപ്പോൾ ,എന്ത് കൊണ്ട് ഈ സമയം ഡൽഹിയിൽ ചുറ്റിക്കറങ്ങിക്കൂടാ എന്നൊരു ആശയമുദിച്ചിരുന്നു.
അതിനെ തുടർന്ന് ഉടനടി ഞങ്ങളുടെ ടൂർ ഓപ്പറേറ്ററിനെ വിളിക്കുകയും ഡൽഹിയിൽ കറങ്ങാൻ ഒരു
വണ്ടി തയ്യാറാക്കാനും പറഞ്ഞിരുന്നു. എന്നാൽ ഈ ഒരു കാര്യം എത്രത്തോളം പ്രയോഗികമാണെന്ന
ഒരു സംശയം എല്ലാവരുടെ ഉള്ളിലുമുണ്ടായിരുന്നു. ഫ്ലൈറ്റിൽ വെച്ചുള്ള തുടർ ചർച്ചകളിൽ ഇതിന്റെ
അപ്രായോഗികത എല്ലാവർക്കും ബോധ്യപ്പെടുകയുമുണ്ടായി. എന്ത് കൊണ്ടെന്നാൽ, ഞങ്ങൾ വന്നിറങ്ങുന്നത് ടെർമിനൽ ഒന്നിലും അടുത്ത വിമാനം ടെർമിനൽ മൂന്നിൽ നിന്നുമാണ്.
ഇതിനിടയിൽ സാമാന്യം ബേധപ്പെട്ട ദൂരം ബസ്സിൽ സഞ്ചരിക്കാൻ ഉണ്ട്. കൂടാതെ ഭക്ഷണം കഴിക്കലും
മറ്റും ഒക്കെ കഴിയുമ്പോൾ ഈ അഞ്ചു മണിക്കൂറിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം മിച്ചം പിടിക്കാൻ
ആയാൽ തന്നെ, മഹാഭാഗ്യം എന്നേ കരുതേണ്ടതുള്ളൂ. പക്ഷെ, ഈ ചർച്ചകളൊക്കെ വിമാനത്തിലിരുന്നു നടത്തി തീരുമാനം എടുക്കുമ്പോഴേക്കും, ഞങ്ങളുടെ ടൂർ ഓപ്പറേറ്റർ ഞങ്ങൾക്ക് ഡൽഹി ചുറ്റിക്കറങ്ങാൻ ഉള്ള ഡ്രൈവറിനെ ചട്ടം
കെട്ടി പറഞ്ഞയച്ചു കഴിഞ്ഞിരുന്നു. എന്തായാലും ടെർമിനൽ ഒന്നിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്ക്
തന്നെ ഒരു മണിക്കൂർ കഴിഞ്ഞതിനാൽ,
ആ പദ്ധതി ചുരുട്ടികെട്ടിയ
പോലെ തന്നെ, ആ വണ്ടിയോടും തിരികെ പോവാൻ ആവശ്യപ്പെട്ടു. തുടർന്ന്
ടെർമിനൽ ഒന്നിൽ നിന്ന് മൂന്നിലേക്കു പോവാൻ സർക്കാർ ബസ് ഉണ്ട്. ഡൽഹിയിലെ സർക്കാർ ബസ്സുകളിൽ
എല്ലാം തന്നെ സ്ത്രീകൾക്ക് "സൗജന്യ മഹിളാ യാത്ര" പദ്ധതി പ്രകാരം ബസ് യാത്ര
തികച്ചും സൗജന്യം ആണ്. പുരുഷന്മാർക്ക് ബോര്ഡിങ് പാസ് കയ്യിലുള്ളവർക്കു ടെർമിനൽ ഒന്നിൽ
നിന്ന് മൂന്നിലേക്കും യാത്ര സൗജന്യം. ബസ്സുകൾ ഏറെ പഴക്കമുള്ളതും വല്ലാതെ പുക തുപ്പന്നതുമായിരുന്നെങ്കിലും
നഗരം അതിമനോഹരവും വൃത്തിയായും സൂക്ഷിച്ചിരിക്കുന്നതിനാൽ കാഴ്ചകളിലേക്ക് കണ്ണ് നട്ടു, ടെർമിനൽ 3 എത്തിയതറിഞ്ഞില്ല.
ഞങ്ങൾ വന്നിറങ്ങിയ ടെർമിനൽ ആയതിനാൽ കുറെ കൂടി സുപരിചിതമായിരിക്കുന്നു. ടെർമിനൽ ഒന്നിനെ
അപേക്ഷിച്ചു സാങ്കേതികതയിലും സൗകര്യങ്ങളിലും ഏറെ മുന്നിലാണ് ടെർമിനൽ 3 . അവിടെ എത്തി ചെക്ക് ഇൻ ചെയ്ത ശേഷം ഭക്ഷണം കഴിക്കാൻ ആയി ഫുഡ് കോർട്ടിലേക്ക് പോയി.
ടെർമിനൽ ലൗഞ്ചിൽ സൗജന്യ പ്രവേശനമുള്ള ക്രെഡിറ്റ് കാർഡുകളുമായി മൂന്നു നാല് പേര് പോയപ്പോൾ, മറ്റുള്ളവർ എല്ലാവരും ഫുഡ് കോർട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ചു. ഭക്ഷണ ശേഷം ഗേറ്റിലേക്ക്
സാമാന്യം നല്ല ദൂരം ഉണ്ടായിരുന്നു. നടന്നെത്തുമ്പോഴേക്ക് ഫ്ലൈറ്റിലെക്കുള്ള ബോര്ഡിങ്
ആരംഭിച്ചിരുന്നു. ചുരുക്കത്തിൽ ഡൽഹിയിൽ കറങ്ങണമെന്നു കരുതിയ ഞങ്ങൾക്ക് ആ അഞ്ചു മണിക്കൂർ
തന്നെ തികയാതെ വന്നു ഫ്ലൈറ്റിലേറാൻ.
ആറു മണിക്ക് പുറപ്പെട്ട ഫ്ലൈറ്റ് ഏതാണ്ട് 9 : 15 ഓട് കൂടി കരിപ്പൂരിൽ
എത്തിച്ചേർന്നു. സാധാരണ ഗതിയിൽ അന്താരാഷ്ട്ര ആഗമന കവാടത്തിൽ നിന്ന് പുറത്തേക്കു വരാൻ
സമയം എടുക്കുന്നത് പോലെ, ഇവിടെ ഉണ്ടായില്ല.
സത്യത്തിൽ ഞാൻ ആദ്യമായിട്ടായിരുന്നു ഒരു ആഭ്യന്തര വിമാനയാത്ര ചെയ്തു ഇറങ്ങുന്നത്. സുരക്ഷാ
പരിശോധനകൾ കുറവായതിനാലും, ഇമ്മിഗ്രേഷൻ ഇല്ലാത്തതിനാലും ബാഗുകൾ പെട്ടെന്ന്
കിട്ടിയതിനാലും, വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ പുറത്തേക്കു കടന്നു.
അവിടെ ഞങ്ങളെ യാത്രയാക്കിയ അതേ വ്യക്തിത്വം തന്നെ ഞങ്ങളെ സ്വീകരിക്കാനായി സുസ്മേരവദനനായി, തന്റെ ആയുധമായ ക്യാമെറയിൽ സെൽഫി ക്യാമറയുമായി കാത്തു നിൽപ്പുണ്ടായിരുന്നു. എല്ലാ
ബാഗുകളും ആ ചെറിയ വണ്ടിയിൽ ഉൾകൊള്ളിക്കാനാകുമോ എന്ന ഞങ്ങളുടെ മണിക്കൂറുകൾ നീണ്ട ശങ്കയെയും
ചർച്ചകളെയും കാറ്റിൽ പറത്തികൊണ്ട് അദ്ദേഹം ബാഗുകളൊക്കെ നിഷ്പ്രയാസം വണ്ടിയിൽ അടുക്കി.ഇത്തരം
അവസരങ്ങളിൽ ഒരു മാന്ത്രികന്റെ കൈവഴക്കത്തോടുള്ള അദ്ദേഹത്തിന്റെ പ്രാഗൽഭ്യം മുൻപും പലവുരു
കണ്ടതിനാൽ ആരും അത്ഭുതം കൂറിയില്ല. ഏതാണ്ട് 11 മാണിയോട് കൂടി നഗരത്തിലെ
നല്ലൊരു ഹോട്ടലിൽ വണ്ടി നിർത്തി,
ഞമ്മളെ കൊയ്‌ക്കോടിന്റെ രുചിയിൽ
കഴിഞ്ഞ ഒരാഴ്ചക്കാലത്തെ പച്ചക്കറി വിപ്ലവം അവസാനിപ്പിച്ചു. ഇഷ്ടമുള്ള വിഭവങ്ങൾ രുചിയോടെ
അകത്താക്കി വയറു നിറച്ചു വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തുന്നതിനു ഒരു 10 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ മഴ ചാറി തുടങ്ങി. കൊയിലാണ്ടി നഗരത്തിന്റെ ഹൃദയത്തിലേക്ക്
കടക്കുമ്പോഴേക്കും അത് നല്ല പെരുമഴയായി കനത്തു പെയ്യാൻ തുടങ്ങിയപ്പോൾ മനസ്സും നിറഞ്ഞു.
ജീവിതത്തിലെ സുന്ദരനിമിഷങ്ങളെ അതിസുന്ദരമാക്കാൻ പ്രകൃതി കൂടി കനിയുമ്പോൾ ആന്ദലബ്ധിക്കിനി
മറ്റെന്തു വേണം. അഖിലാണ്ഡമണ്ഡലസൃഷ്ടിപരിപാലനജഗന്നിയന്താവേ നിന്നോടുള്ള നന്ദി പറഞ്ഞും
ചെയ്തും തീർക്കാൻ ഈ ജന്മമെത്ര ചെറുത്......!
Comments
Post a Comment