കാശ്മീർ ഡയറീസ് (Travelogue) Chap.17 - പുഴയുടെ സംഗീതം

 

17

ഊടുവഴികളിലൂടെ മുന്നോട്ടു പോയി ഞങ്ങളുടെ ഹോട്ടലിന്റെ മുന്നിൽ വണ്ടി നിന്നു. വിശാലമായ മുറ്റത്തോടു കൂടിയ ഒരു മൂന്നു നിലകെട്ടിടം. പുറമെ നിന്നു നോക്കുമ്പോൾ ഒരു അത്യാഢംബര കെട്ടിടത്തിന്റെ ലക്ഷണങ്ങളേതും കാണിക്കുന്നില്ലെങ്കിലും, അത് നിലനിൽക്കുന്ന പരിസരം ആണ് അതിനു പത്തരമാറ്റ് ഏകുന്നത്. വിശാലമായ മുറ്റത്തിന് നടുവിൽ ഒരു കൊച്ചു കെട്ടിടം. പുറത്തേക്കു ഇറങ്ങി അല്പം മുന്നോട്ടു നടന്നാൽ കുത്തിയൊഴുകുന്ന പുഴ. ആഴം ഏറെ കുറവാണെങ്കിലും പാൽനിറമുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിരുന്നു.തണുത്ത കാറ്റു വീശിയടിക്കുന്ന, പതിഞ്ഞ വെയിലിൽ നിശയെ പുൽകാനൊരുങ്ങുന്ന  അന്തരീക്ഷം. സാധാരണ ഗതിയിൽ നാം താമസിക്കുന്ന റൂം കാണാനുള്ള വ്യഗ്രത ആണുണ്ടാവുകയെങ്കിൽ, ഇവിടെ ഈ പ്രകൃതിയിൽ അലിയാൻ ആണ് എല്ലാവരും കൊതിക്കുന്നത്. അന്നൊരു ദിവസത്തെ മുഴുവൻ യാത്രാക്ഷീണവും അവിടുത്തെ കാറ്റ് ഞങ്ങളിൽ നിന്നും തട്ടി മാറ്റിയത് പോലൊരു തോന്നൽ.



ബുക്കിംഗ് റെഫെറെൻസുമായി റിസപ്ഷനിൽ വലീദ്ക്കയും അദ്ദേഹത്തിനെ സഹായിക്കാനായി അൻവർ സാദത്തും അത്യുന്മേഷത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. എല്ലാവര്ക്കും വേണ്ടി ഈ പാവങ്ങൾ എന്തോരം കഷ്ടപ്പെടുന്നു എന്ന് ചിന്തിച്ച എന്റെ ചിന്തകളെ ഏതാനും മിനിറ്റുകൾക്കുള്ളിൽ അവർ കാറ്റിൽ പറത്തിക്കളഞ്ഞു. വലീദ്ക്ക മൂന്നാം നിലയിൽ ആകെ ഒഴിഞ്ഞു കിടന്നിരുന്ന നല്ല പുറംകാഴ്ചകൾ ഉള്ള രണ്ടു മുറികളിൽ ഒന്ന് സ്വന്തമാക്കി കഴിഞ്ഞു.അല്ലേലും ടിയാൻ ഒരു റിയൽ എസ്റ്റേറ്റ് കൺസൽറ്റൻഡ് ആണെന്നുള്ളത് ഞങ്ങൾ കരുതിയിരിക്കണമായിരുന്നു. ബാക്കിയുള്ള ഒരു മുറിയാണെങ്കിൽ കൺസൽറ്റൻഡിന്റെ പുതു തലമുറ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. ഏതായാലും കുട്ടികളോട് യുദ്ധം അരുതല്ലോ, അത് കൊണ്ട് ഇനി രണ്ടാം നിലയിൽ നല്ലൊരു മുറി സ്വന്തമാക്കാം എന്ന ലക്ഷ്യത്തോടെ പോയ ഞാൻ കാണുന്നത്, അവിടെ  പുഴക്ക് അഭിമുഖമായുള്ള ഒരേ ഒരു മുറി സുന്ദരവദനകഷ്മലകാർക്കോടകൻ ആയ അൻവർക്ക സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. രാത്രി ജനൽ തുറന്നിട്ട്  ചാരിയിരുന്നു പുറത്തേക്കു നോക്കി, ആവി പറക്കുന്നൊരു സുലൈമാനി കുടിക്കാൻ വേണ്ടി ഞാൻ നെയ്ത സ്വപ്‌നങ്ങൾ വീണുടയുന്നത് ഞാനറിഞ്ഞു. പക്ഷെ, ഞാൻ വിടുമോ, കരഞ്ഞു കാലു പിടിക്കാൻ തന്നെ ഉറച്ചു, അദ്ദേഹത്തിന്റെ പിറകെ കൂടി. ആ മുഖത്തു യാതൊരു ഭാവഭേദവുമില്ലെങ്കിലും കൂടെ നിന്നു ഞങ്ങൾക്ക് വേണ്ടി അലിഞ്ഞു തുടങ്ങുന്ന ശബ്നത്തയെ കണ്ടു. പിന്നെ, അപേക്ഷസമർപ്പണം അത്രയും അങ്ങോട്ട് ആയി. ഒടുവിൽ പ്രിയ പത്നിയുടെ ശുപാർശക്കു വഴങ്ങി ആ മുറി അൻവർക്ക ഞങ്ങൾക്ക് വിട്ടു തരുന്നു... ഹാ, സുന്ദരസുരഭില നിമിഷമേ, ഈ പ്രകൃതിയെ പ്രണയിക്കുന്ന അത്ര തന്നെ ഞാൻ ആ നിമിഷത്തെ സ്നേഹിക്കുന്നു... ഞങ്ങൾക്ക് മുറി ഒഴിഞ്ഞു തന്നു മഹാമനസ്കത കാണിച്ച അവരിരുപേർക്കും അതിനു വേണ്ടി എന്റെ കൂടെ നിന്നു അഹോരാത്രം പരിശ്രമിച്ച എന്റെ പ്രിയപത്നിക്കും ഈ വേളയിൽ ഞാൻ പ്രത്യേക നന്ദി വാരിക്കോരി വിതറുന്നു.



ആ മുറി ഞങ്ങളുടേതായതിനു ശേഷമാണ് സത്യത്തിൽ മുറി ഒന്ന് വിശദമായി കണ്ടത്. ഈ ഹോട്ടലിൽ എല്ലായിടവും മരപ്പണികളുടെ അതിപ്രസരം ആയിരുന്നു. എല്ലാ ചുമരുകളും മരത്തിന്റെ പാളി പതിച്ചിരിക്കുന്നു. മുറികളിൽ മതിലിൽ മരം പതിപ്പിച്ചതിനു പുറമെ , നിലത്തും മരം തന്നെയായിരുന്നു. ടൈൽസിനോ മാർബിളിനോ പകരം മരം ഉപയോഗിച്ചത് റൂമിനകത്തെ തണുപ്പ് കുറയാൻ മാത്രമല്ല, ഒരു പ്രത്യേക ഭംഗി കൈവരിക്കാൻ തന്നെ സാധിച്ചിട്ടുണ്ട്. ആകെകൂടി ഒരു നൂതന പുരാതന മിശ്രണം..! സ്വർണനിറം പൊഴിക്കുന്ന വെളിച്ചസംവിധാനം ആ മരവിരുതുകൾക്കു ആഢ്യത്വം നൽകി. ജനവാതിൽ തുറന്നിട്ട് അതിനഭിമുഖമായി  ഒരു കസേര വലിച്ചിട്ടു അവിടെ ഇരുന്നു.. ഇരുത്തം ആധികാരികമാക്കാൻ കാലു നീട്ടി ജനാലയിൽ വെച്ചു. അഴികളില്ലാത്ത തുറന്ന ജനാല കാഴ്ചകൾക്കും മാരുതനും കൂച്ചു വിലങ്ങിടാതെ അകത്തേക്ക് കടത്തി വിട്ടു. ഒരല്പനേരം മാത്രം ആ ഇരുത്തമിരുന്നു, ഒരു ഉൾവിളിയുടെ പ്രേരണയോടെ ഞാൻ പുറത്തേക്കു ഇറങ്ങി. സമയം ഏതാണ്ട് ആറര കഴിഞ്ഞിരുന്നുവെങ്കിലും, സന്ധ്യ മനയങ്ങാനുള്ള യാതൊരു ലക്ഷണവും കാണിക്കാതെ പൊൻകിരണങ്ങളാൽ പ്രകൃതി വിളങ്ങി നിൽക്കുക തന്നെയായിരുന്നു. അവിടെ സന്ധ്യ മയങ്ങുന്നത് 7 : 45 ഒക്കെ ആയ ശേഷം മാത്രം ആയിരുന്നു. ഏണിപ്പടികൾ ഓടിയിറങ്ങി ഞാൻ അതിവേഗത്തിൽ ആ പുഴയോരത്തു എത്തിച്ചേർന്നു. കുത്തിയൊലിക്കുന്ന വെള്ളം, വെള്ളം ഒഴുകുന്നതിന്റെയും കല്ലുകളിൽ തട്ടിതെറിക്കുന്നതിന്റെയും മനം മയക്കുന്ന സംഗീതം. നേർത്ത തണുപ്പോടു കൂടി തഴുകിയൊഴുകുന്ന കാറ്റ്. ആകെക്കൂടി ഒരു മത്തു പിടിപ്പിക്കുന്ന അന്തരീക്ഷം. ആൺകുട്ടികളുടെ സംഘം ഞാൻ എത്തുന്നതിനു മുൻപേ അവിടെയെത്തിയിട്ടുണ്ട്. ഞാൻ അവിടെ ആകെയൊന്നു നടന്നു കണ്ടു . പുഴക്ക് കുറുകെ നല്ല ഉയരത്തിലാണ് ഒരു ഇരുമ്പു പാലമുണ്ട് . അതിൽ കയറി കുറച്ചു കൂടി വിശാലമായി പുഴയെ നോക്കി നിന്നു. അപ്പോഴേക്കും സംഘത്തിലെ എല്ലാവരും അവിടെത്തി ചേർന്നു. പുഴയോരമാകെ മിനുസമാർന്ന ഉരുളൻ കല്ലുകളാൽ നിറഞ്ഞിരുന്നു. കുട്ടികൾ അതെടുത്തു പുഴയിലേക്ക് എറിയുന്നുണ്ടായിരുന്നു. മനസ്സ് വല്ലാതെ സന്തോഷിക്കുമ്പോൾ നാം അറിയാതെ ഒരു കുട്ടി ആവാൻ ആഗ്രഹിക്കും, ഒരു കുട്ടി ആയി മാറും. ഞാൻ കല്ലുകളെടുത്തു അവരോടൊപ്പം കൂടി. നല്ല പരന്ന കല്ലുകൾ തിരഞ്ഞെടുത്തു വെള്ളത്തിന് തിരശ്ചീനമായി എറിഞ്ഞു, ആ കല്ലുകളെകൊണ്ട് ട്രിപ്പിൾ ജമ്പ് ചെയ്യിച്ചു. ഇത് കണ്ട കുട്ടികൾ കണ്ണ് മിഴിച്ചു എന്നെ നോക്കി. എന്തോ വലിയ ആനകാര്യം ചെയ്ത മട്ടിൽ ഞാനും അവരെ നോക്കി ചിരിച്ചു. ഒരു മാതിരി അളിച്ചോ പുളിച്ച മാതിരി ഒരു ചിരി. പിന്നീട് എല്ലാവരുടെയും ശ്രമം കല്ലുകൾ അങ്ങനെ എറിയാൻ വേണ്ടിയുള്ളതായി.

പിന്നീട് എല്ലാവരും വെള്ളത്തിലേക്കിറങ്ങി. നല്ല ഒഴുക്ക് ഉണ്ടായിരുന്നെങ്കിലും ആഴം തീരെ കുറവായിരുന്നു.മുട്ടറ്റം വെള്ളം മാത്രമേ ഉണ്ടായിരുന്നുവെങ്കിലും നല്ല തണുപ്പുള്ള വെള്ളം. പെട്ടെന്ന് തന്നെ ആ തണുപ്പ് മേലാകെ അരിച്ചു കയറുന്നു. എന്നാൽ അതൊരു കൊടും തണുപ്പുമായിരുന്നില്ല. ആദ്യം എല്ലാവരും വെള്ളത്തിലിറങ്ങി പെട്ടെന്ന് തിരിച്ചു കയറിയെങ്കിലും പിന്നീട് ആ തണുപ്പ് പരിചിതമായപ്പോൾ കൂടുതൽ നേരം വെള്ളത്തിൽ തന്നെ ചിലവഴിക്കാൻ തുടങ്ങി. ഇതിനിടയിൽ കളിക്കിടയിലെ വാശി പോലെ ആര് കൂടുതൽ സമയം വെള്ളത്തിൽ ചിലവഴിക്കുമെന്നുള്ള വെല്ലുവിളികൾ മുഴങ്ങി. അങ്ങനെ "ഞങ്ങൾ കുട്ടികൾ" എല്ലാരും ഒരുമിച്ചു വെള്ളത്തിലിറങ്ങി കുറെ നേരം നിശ്ചലരായി നിന്നു. ഏതാണ്ട് പത്തു മിനിറ്റിനോടടുത്തിട്ടും ആരും വിട്ടു കൊടുക്കാൻ തയ്യാറല്ലാത്തതിനാൽ മത്സരം അവസാനിപ്പിച്ച്. പതിയെ വെളിച്ചം പോയി തുടങ്ങിയപ്പോൾ എല്ലാവർക്കും ഫോട്ടോകൾ എടുക്കാനുള്ള വെമ്പലായി. പിന്നീട് ഒറ്റക്കും കൂട്ടായും വ്യത്യസ്ത ഭാവങ്ങളിൽ ചിത്രങ്ങൾ പതിപ്പിക്കാനായി ക്യാമെറക്കണ്ണുകൾ നിർത്താതെ ചിമ്മിക്കൊണ്ടേയിരുന്നു. പൂർണമായും വെളിച്ചം പോകാൻ ഏതാണ്ട് 8 മണിയോടടുത്തായി. അത്രയും നേരം അവിടെ തന്നെ ചിലവഴിച്ചു എല്ലാരും റൂമുകളിലേക്ക് മടങ്ങി. പിന്നീട് എല്ലാവരും പെട്ടെന്ന് തന്നെ കുളി പാസ്സാക്കി ഏതാണ്ട് അര മണിക്കൂറിനുള്ളിൽ തീൻമുറിയിലെത്തി. ഹോട്ടലിൻറെ പ്രൗഢിക്ക് ചേർന്ന ഭക്ഷണശാല തന്നെയായിരുന്നു അത്.അതിമനോഹരമായി സംവിധാനിച്ച ഉൾവശങ്ങളും അതിനൊത്ത ലൈറ്റുകളും ഇരിപ്പിടങ്ങൾ സജ്ജീകരിച്ച രീതിയും എല്ലാം കൂടി ആകെ ഒരു ഉന്നതാലംകൃത അന്തരീക്ഷമായിരുന്നു അവിടം. ഭക്ഷണവും മികച്ചതും രുചിയേറിയതുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി ഭക്ഷണശേഷം ചില സ്വാദേറിയ മധുര വിഭവങ്ങളുമുണ്ടായിരുന്നു. എല്ലാവരും എല്ലാം ഒരുമിച്ചു കഴിച്ച ശേഷം റൂമുകളിലേക്ക് പിരിഞ്ഞു. ഞാൻ മാത്രം പതിയെ ഹോട്ടലിനു പുറത്തേക്കിറങ്ങി. പുറത്തു നിരത്തി വെച്ചിരുന്ന കസേരകളിൽ ഒന്നിൽ സ്ഥാനം പിടിച്ചു. ആ മനോഹര പ്രകൃതിയിൽ അലിയാനുള്ള ഒരു ശ്രമമായിരുന്നു അത്. പുഴ ഒഴുകുന്ന ശബ്ദം അന്തരീക്ഷത്തിൽ നന്നായി അലയടിക്കുന്നു. മറ്റു ശബ്ദങ്ങൾ ഒന്നുമില്ല. ഹോട്ടലിലെ ജോലിക്കാരൊക്കെ സാധനങ്ങൾ ഒക്കെ അടുക്കി ഒതുക്കി വെച്ചു ഉറങ്ങാനായി പോവുകയാണ്. ഞാൻ ഇരുന്ന ഒരു കസേരയൊഴികെ മറ്റെല്ലാം അകത്തേക്ക് മാറ്റി. ഞാൻ പിന്നെയും കുറെ സമയം അവിടങ്ങനെ ഇരുന്നു. ഫോണിലേക്കു നോക്കാതെ, പുഴയുടെ സംഗീതത്തിൽ അലിഞ്ഞു, ചിന്തകളിൽ ഉഴറി, ഒരു നൂൽ പൊട്ടിയ പട്ടം കണക്കെ മനസ്സിനെ പറത്തി വിട്ടു, പ്രകൃതിയിലലിഞ്ഞു കുറെ സമയം. ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ ഇങ്ങനെ ചുമ്മാ ഇരിക്കണം. ഏകാന്തനായി പ്രകൃതിയെ പുണരണം. ജീവിതത്തെയും മരണത്തെയും സകലചരാചരങ്ങളെയും കുറിച്ച് ഓർക്കണം. വെറുതെ... വെറും വെറുതെ..... അതിമനോഹരമായ ഒരു പുലരിയിലെഴുന്നേൽക്കാൻ വേണ്ടി ഉറക്കത്തിനു കീഴ്‌പെടാനായി ഞാൻ മുറിയിലേക്ക് നടന്നകന്നു. ആ കസേര ഞാൻ അകത്തു എടുത്തു വെച്ചോളാമെന്നു ജോലിക്കാരന് കൊടുത്ത വാക്കിനെ വിസ്മൃതിയിലാഴ്ത്തിക്കൊണ്ടു.....!



Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്