ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

 കാലിഫ്‌ കലാമേളയിൽ ജൈസലിന്റെ വൈറൽ വീഡിയോ പലവുരു കണ്ടു ... ഹൃദ്യമായ ഭാഷണങ്ങളും ഹൃദയം തുറന്നുള്ള പങ്കു വെക്കലുകളും അങ്ങനെയാണ് ; ആവർത്തന വിരസത ഉണ്ടാക്കുകയില്ലെന്നു മാത്രമല്ല , ഓരോ തവണയും മനം കുളിർപ്പിക്കുന്നതിൽ പരാജയപ്പെടാറുമില്ല . ശ്രോതാക്കളെ ചിരിപ്പിക്കുന്നതിനോടൊപ്പം അദ്ദേഹം മനോഹരമായി ചിരിക്കുന്നുമുണ്ട്. തന്റെ ചിരിയും ചിരിപ്പിക്കലും ആളുകൾ ഉൾക്കൊള്ളുന്നുണ്ടോ എന്ന ഭയാശങ്ക ഇല്ലാതെ, യാതൊരു സങ്കോചവുമില്ലാതെ അദ്ദേഹം ഹൃദയം തുറക്കുന്നു. 


എങ്ങനെ അദ്ദേഹത്തിനിത്ര സുന്ദരമായി 

സംവദിക്കാനും മനോഹരമായി ചിരിക്കാനും കഴിയുന്നുവെന്ന് ചിന്തിച്ചു. അവരുടെ ഇരുണ്ട ലോകം വെളിച്ചമേറിയതാണ്. അവിടെ എല്ലാവരും സുന്ദരന്മാരാണ് , കറുത്തവനും വെളുത്തവനും ഒരേ നിറമാണ്. ആളുകളുടെ മുഖങ്ങൾ കരസ്പർഷത്താൽ വേറെയാണെന്നറിയുമ്പോഴും എല്ലാം ഒരു പോലെ സുന്ദരമാണ് . ആരുടേയും സൗന്ദര്യമോ വേഷവിധാനമോ സഞ്ചരിക്കുന്ന കാറിന്റെ വലിപ്പമോ നോക്കി പ്രത്യേക വിനയമോ ബഹുമാനമോ കാണിക്കേണ്ടതില്ല. തന്നെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തവന്റെ മുഖം ഓർമയിൽ സൂക്ഷിച്ചു പ്രതികാരാഗ്നിയിൽ ഇരിക്കേണ്ടതില്ല. തന്റെ തൊട്ടു മുന്നിലുണ്ടായേക്കാവുന്നത് പൂവായാലും മുള്ളായാലും ഏറ്റു വാങ്ങുക തന്നെ , എന്നിട്ടു സന്തോഷമായാലും സങ്കടമായാലും തന്റെ ചിരി കൊണ്ട് നേരിട്ടു സായൂജ്യമടയുക...!


കേമരെന്നു അഹങ്കരിക്കുന്ന നമ്മൾ ഭൂമിയോളം ചെറുതാവുന്നത് ഇത്തരം ചില കാഴ്ചകളും അനുഭവങ്ങളും ഉണ്ടാവുമ്പോഴാണ്. ഈ ഭൂമി ഇത്ര സുന്ദരമായിരിക്കുന്നത് നിങ്ങളെ പോലുള്ളവരുടെ ഉൾക്കാഴ്ചയുടെ വെളിച്ചത്തിലാണ്... പ്രകാശം പരത്തിക്കൊണ്ടേ ഇരിക്കുക സുഹൃത്തേ ... ഭാവുകങ്ങൾ ...!!!


-ഹിസ്‌കാഫ്

Comments

Popular posts from this blog

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്