കാശ്മീർ ഡയറീസ് (Travelogue) Chap.19 - വസ്വാനിൻറെ വസ്‌വാസ്

 

19

യാത്രക്ക് മുൻപും യാത്രക്കിടയിലും കേട്ടുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു. നാം പോകുന്ന സ്ഥലത്തിന്റെ മുഖമുദ്ര എന്നോണം കേൾക്കുന്ന ചില സ്ഥലങ്ങൾ, ചില വസ്തുക്കൾ, ചില ഭക്ഷണങ്ങൾ .. അങ്ങനെ കാശ്മീരിലെത്തിയ ശേഷം കേട്ടറിഞ്ഞ ഒന്നായിരുന്നു "വസ്വാൻ". ഒരു കാശ്മീരി ഭക്ഷണവിഭവം ആണെന്നതിലുപരി അതെന്താണെന്നോ എങ്ങനെയാണെന്നോ യാതൊരു രൂപവുമുണ്ടായിരുന്നില്ല.കാശ്മീരി ഖാവ പോലെ തന്നെ ഞങ്ങൾക്കിഷ്ടപ്പെടുമെന്നുള്ള പ്രതീക്ഷയും, കേട്ടറിഞ്ഞ ഒന്നിനെ അനുഭവിച്ചറിയാനുള്ള ത്വരയും നിമിത്തം അതൊരു തവണയെങ്കിലും രുചിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഉച്ച ഭക്ഷണ സമയമായതിനാൽ ഡ്രൈവർ വസ്വാൻ കഴിക്കാൻ പോവുകയല്ലേയെന്നു ഒരു നിർദേശം വെച്ചു. ഭക്ഷണ സമയമായതിനാലും ഞങ്ങൾക്ക് പ്രത്യേക നിശ്ചിത പരിപാടികളൊന്നും ഇല്ലാത്തതിനാലും ഞങ്ങളാ നിർദേശം പെട്ടെന്ന് സ്വീകരിച്ചു. ഉടൻ തന്നെ വലീദ്ക്ക വസ്വാൻ ലഭിക്കുന്ന മികച്ച ഭക്ഷണശാല ഗൂഗിളിൽ തിരഞ്ഞു, ഒരു അനുമാനത്തിലെത്തിചേർന്നിരുന്നു. ഡ്രൈവർക്കു അങ്ങോട്ടുള്ള മാർഗ നിർദേശങ്ങൾ നല്കുന്നുണ്ടായിരുന്നു. പക്ഷെ, ഏതാണ്ട് അവിടെയെത്തുന്നതിനു 2 -3 കിലോമീറ്റർ മുൻപ് മാർഗനിർദേശങ്ങൾ അവഗണിച്ചു ഡ്രൈവർ മറ്റൊരു ഹോട്ടലിനു മുന്നിൽ നിർത്തി. ചോദിച്ചപ്പോൾ ഞങ്ങൾ നിർദേശിച്ചതിനേക്കാൾ നല്ല ഹോട്ടൽ ഇതാണെന്നും മറ്റേ ഹോട്ടലിൽ പോയാൽ പാർക്കിംഗ് ലഭിക്കുകയില്ലെന്നുമൊക്കെയുള്ള ന്യായങ്ങളുടെ അഴകൊഴമ്പൻ ഒഴുക്ക് തുടങ്ങി. ഡ്രൈവറുടെ ധാർഷ്ട്യവും മുടന്തൻ ന്യായങ്ങളും പലവുരു ഇത് പോലെ കണ്ടില്ലെന്നു നടിക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ഞങ്ങളുടെ മുൻഗണനകളെക്കാൾ അയാളുടെ മുൻവിധികൾക്കായിരുന്നു ആക്കം കൂടുതൽ കൊടുത്തിരുന്നത്. ഇതിനിടയിൽ എപ്പോഴോ ശാസനയുടെയും ഉപദേശത്തിന്റെയും ഭാഷയിൽ അയാളോട് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നതുമാണ്. ഇന്ന് ജുമുഅ നമസ്കാരം നഷപ്പെട്ടതിന്റെ ഒരു വിഷമം എല്ലാവരുടെ ഉള്ളിലുമുണ്ടായിരുന്നു താനും. ഏതായാലും മറ്റൊരു തർക്കത്തിന് മുതിരാതെ ഞങ്ങളാ ഹോട്ടലിൽ കയറി. കുറച്ചു ടേബിളുകൾ ഉണ്ടായിരുന്നെങ്കിലും ഞങ്ങളെല്ലാവർക്കും ഇരിക്കാനുള്ള സൗകര്യം അവിടെ കാണാനായില്ല. ഞങ്ങൾ 17 പേർ ഉണ്ടെന്നു പറഞ്ഞപ്പോൾ, മുതലാളിയെന്നു തോന്നിച്ച ഒരാൾ വന്നു ഞങ്ങളെ മുകളിലേക്ക് ആനയിച്ചു. മുകളിൽ വിശാലമായ ഇരിപ്പിട സൗകര്യമുണ്ടായിരുന്നു. ടേബിളുകളും കസേരയുമുണ്ടായിരുന്നെങ്കിലും എല്ലാവർക്കും ഒരുമിച്ചു ഇരിക്കാൻ പാകത്തിൽ വലിപ്പമുള്ള മജ്‌ലിസ് സൗകര്യമാണ് ഞങ്ങൾ ഉപയോഗപ്പെടുത്തിയത്. നിലത്തു ചമ്രം പടിഞ്ഞുള്ള ഇരുത്തത്തിൽ കണ്ട മനോഹരമായ ആംബിയൻസും സൗകര്യങ്ങളും ഞങ്ങളുടെ പ്രതീക്ഷകളെ വാനോളമുയർത്തി. കുട്ടികളടക്കം എല്ലാവർക്കും വസ്വാൻ തന്നെ ഓർഡർ ചെയ്തു. സമയം അല്പം ഏറെയെടുത്തെങ്കിലും സംഗതി ഉഷാറായിരിക്കുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു. പക്ഷെ, ഭക്ഷണം വന്നു കഴിഞ്ഞപ്പോൾ, പാലക്കാടൻ മട്ട അരിയോട് സാമ്യമുള്ള ഒരു സാധാരണ ചോറും, ഒരു മട്ടൺ കറിയും. മട്ടൺ കറിയാണെങ്കിലും ഉരുളക്കിഴങ്ങിന്റെ അതിപ്രസരം മൂലം മട്ടൺ കഷ്ണങ്ങൾ വല്ലാതെ പൊറുതി മുട്ടിയിരുന്നു . ഏറെ പ്രതീക്ഷിച്ച ഒന്ന് തീരെ പരാജയമായതിന്റെ വിഷമം എല്ലാവർക്കും ഉണ്ടെങ്കിലും വല്ലാതെ പ്രകടിപ്പിക്കാതെ എല്ലാവരും ആ ഉദ്യമം തിന്നവസാനിപ്പിച്ചു. ബില്ല് വന്നപ്പോഴാണെങ്കിൽ പ്രതീക്ഷിച്ചതിലേറെ വലിയൊരു തുകയും. കൂനിന്മേൽ കുരു എന്ന പോലെ ബില്ല് കൊടുത്തപ്പോൾ ടിപ്സിനു വേണ്ടിയുള്ള തർക്കവും. യാത്രയുടെ പല ഘട്ടങ്ങളിലും ടിപ്സിനു വേണ്ടിയുള്ള കടിപിടി ഞങ്ങൾ നേരിട്ടിട്ടുണ്ട്. പക്ഷെ, അത് കുതിരക്കാരും ഓട്ടോ ടാക്സിക്കാരും ചെയ്യുന്നത് പോലെ ആയിരുന്നില്ല, ഭക്ഷണശാലകളിൽ ചെയ്യുന്നത്. ഒരു ടാക്സ് പിരിച്ചെടുക്കുന്ന കാർക്കശ്യത്തോടെയാണ് പലയിടങ്ങളിൽ നിന്നും ടിപ്സ് ചോദിച്ചിരുന്നത്. ചോദിക്കാതെ ഞങ്ങൾ കൊടുക്കുന്നതിൽ തീരെ തൃപ്തി കാണിക്കാതെ, അവർ പ്രതീക്ഷിക്കുന്ന ഒരു ശതമാനക്കണക്കിൽ കിട്ടാൻ വേണ്ടി അവർ നിർബന്ധബുദ്ധി കാണിച്ചു. എന്തായാലും എല്ലാം താണ്ടി അവിടെ നിന്നുമിറങ്ങി.

ഭക്ഷണശേഷം സമയം ഒരുപാടു ബാക്കിയുണ്ടായതിനാലും പ്രത്യേകിച്ച് ഒരു പരിപാടിയും പ്ലാനിൽ ഇല്ലാത്തതിനാലും എന്തെങ്കിലുമൊക്കെ ഷോപ്പിങ് നടത്താമെന്നു കരുതി, ഡ്രൈവർക്കു നിർദേശം നൽകി. അങ്ങനെ ഷോപ്പിംഗിനായി അൽപ ദൂരം അകലെയുള്ള ഒരു സ്ഥലത്തു എത്തി ചേർന്നു. റോഡ് നിരപ്പിൽ നിന്നും പടികളിറങ്ങി പോയി ഒരു സബ്‌വേ എന്ന് തോന്നിക്കുന്ന രീതിയിലുള്ള  അണ്ടർഗ്രൗണ്ട് ഷോപ്പിംഗ് സ്റ്റാളുകൾ ആയിരുന്നു അവ. എന്നാൽ അവിടെ തീരെ തിരക്കില്ലാത്ത കച്ചവടം തീരെ കുറഞ്ഞ ഒരിടമായിരുന്നു. ഞങ്ങൾ പല കടകൾ കയറിയിറങ്ങിയെങ്കിലും ആകർഷണീയമായ ഒന്നും തന്നെ എവിടെയും കണ്ടെത്താനായില്ല. വസ്ത്രങ്ങളായിരുന്നു ബഹുഭൂരിഭാഗവും. പ്രത്യേകിച്ച് എന്തെങ്കിലും പ്രത്യേകതയോ ആകർഷണീയതയോ ഒന്നിനും തന്നെ തോന്നിയില്ല. ആ കച്ചവടക്കാർക്കും ഇതൊക്കെ ചിരപരിചിതമാണെന്ന പോലെ, സാധനങ്ങൾ വിറ്റഴിക്കാനോ വാചാലരാവാനോ അവരും യാതൊരു ഉത്സാഹവും കാണിച്ചില്ല. കേവലം പത്തു പതിനഞ്ചു മിനിറ്റുകൾക്കുള്ളിൽ ഞങ്ങൾ അവിടെ നിന്നും പുറത്തു കടന്നു. ആകെ കൂടി ഉത്സാവപ്പിറ്റേന്നിന്റെ ഒരന്തരീക്ഷം ആയിരുന്നു അവിടം. പെട്ടെന്ന് വണ്ടിയിൽ തിരിച്ചെത്തിയ ഞങ്ങൾ, പ്രധാനമായും വാങ്ങണമെന്ന് നിശ്ചയിച്ച വാൾനട്ട് ഫഡ്‌ജ്‌ വാങ്ങാമെന്നു നിശ്ചയിച്ചു. കശ്മീരിലെ വാൾനട്ട് ഫഡ്‌ജ്‌ ഏറെ പ്രശസ്തമാണ്. യാത്ര ചെയ്തവരും അല്ലാത്തവരുമെല്ലാം പറഞ്ഞത് കേട്ട്, അതെന്തായാലും വാങ്ങണമെന്ന് കൂട്ടത്തിൽ എല്ലാവരും നിശ്ചയിച്ചിരുന്നു.ഓരോരുത്തരും എത്ര കിലോയോളം വാങ്ങണമെന്ന് പോലും കണക്കു കൂട്ടി വെച്ചിരുന്നു.ഏതാണ്ട് കിലോക്ക് 1200  രൂപയോളം വില വരുന്ന ഇത്, "മൂൺലൈറ്റ് " എന്ന കടയിൽ നിന്നാണ് വാങ്ങേണ്ടതെന്ന വിവരങ്ങളൊക്കെ യാത്രക്ക് മുൻപേ തന്നെ ശേഖരിച്ചു വെച്ചിരുന്നു. ഗൂഗിളിൽ ആ കടയുടെ പേര് സെർച്ച് ചെയ്തു അങ്ങോട്ടേക്ക് പോവാൻ പറഞ്ഞപ്പോൾ ഞങ്ങളുടെ ഡ്രൈവർക്കു വീണ്ടും കേൾവിക്കുറവ് സംഭവിച്ചു തുടങ്ങി. വീണ്ടും വീണ്ടും പറഞ്ഞപ്പോൾ സ്ഥിരം മുടന്തൻ ന്യായങ്ങൾ വരാൻ തുടങ്ങി. ദൂരം, ട്രാഫിക്,പാർക്കിംഗ്,കട നേരത്തെ അടക്കും, യാത്ര നിയന്ത്രണം, പോലീസ്, പട്ടാളം അങ്ങനെ അങ്ങനെ കാരണങ്ങൾ അനർഗ്ഗളനിർഗളം പ്രവഹിക്കാൻ തുടങ്ങി. ഏതായാലും ഗൂഗിളിൽ നിന്ന് നമ്പറെടുത്തു ആ കടയിലേക്ക് ഒന്ന് വിളിച്ചു നോക്കി. ഡ്രൈവർ ഇച്ഛിച്ചതും കടക്കാരൻ കല്പിച്ചതും ഒന്ന് തന്നെ എന്നോണം, ഞങ്ങൾക്ക് വേണ്ട അത്രയും അളവിൽ സാധനം അവിടെ ഇപ്പോൾ ഇല്ല. പക്ഷെ, ഞങ്ങൾക്ക് എല്ലാവർക്കും കൂടി പത്തു കിലോയിലധികം വേണ്ടതിനാൽ അവർ അത് നാളത്തേക്ക് തയ്യാറാക്കാമെന്നും ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ ഡെലിവറി ചെയ്യാമെന്നും സമ്മതിച്ചു. അത് കേട്ടപ്പോൾ ഞങ്ങളെക്കാൾ സന്തുഷ്ടനായത് ശ്രീമാൻ. ട്രാവലർസാരഥി ആണ്. ഏതായാലും അതങ്ങനെ സുഗമമായി പരിഹരിക്കപ്പെട്ടു.ഞങ്ങളെ ഹോട്ടലിൽ കൊണ്ട് ഇറക്കിയിട്ടു, നാളെ കാലത്തു എയർപോർട്ടിലേക്കു  പോകേണ്ട സമയം ഒന്ന് കൂടി ഊന്നിപ്പറഞ്ഞും നേരം വൈകിയാൽ ഉള്ള ഭവിഷ്യത്തുകൾ ഓർമിപ്പിച്ചും അദ്ദേഹം പെട്ടെന്ന് തന്നെ തിരക്കേറിയ ട്രാഫിക്കിൽ ഊളിയിട്ടു മറഞ്ഞു.



നാളെ തിരിച്ചു പോവാനുള്ളതിനാലും എല്ലാവരും ക്ഷീണിതരായതിനാലും ഹോട്ടലിൽ എത്തിച്ചേർന്നതിൽ എല്ലാവരിലും ഒരു സന്തോഷം ഉള്ളത് പോലെ കാണപ്പെട്ടു. ക്ലോക്ക് റൂമിൽ വെച്ച ലഗേജുകൾ തിരിച്ചെടുത്തു, എല്ലാവരും റൂമിലേക്ക് നീങ്ങി. ഞാനും ഭാര്യയും വെറുതെ പുറത്തേക്കു ഒന്ന് നടക്കാനിറങ്ങി. കുട്ടികൾക്ക് വേണ്ടി ചില സ്‌നാക്‌സും ജൂസുമൊക്കെ വാങ്ങി പെട്ടെന്ന് തന്നെ തിരിച്ചെത്തി. റൂമിലെത്തി ശേഷം ഭാര്യ പാക്കിങ്ങിലേക്കും കുട്ടികൾ ടെലിവിഷനിലേക്കും ഞാൻ മൊബൈലിലേക്കും തിരിഞ്ഞു. അങ്ങനെ യാത്ര പരിസമാപ്തിയിലേക്കു നീങ്ങുന്നു. ഇനി വീട്ടിലേക്കുള്ള മടക്കം..!

Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്