കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്
18
ഒരു പെരുന്നാൾ സുദിനത്തിലോ ഒരു യാത്ര പോകുമ്പോഴോ നാം ഉറക്കത്തിൽ നിന്നെഴുന്നേൽക്കുക
അലാറമിനെ പോലും തോൽപ്പിച്ചു കൊണ്ടായിരിക്കും. ഏറെ സന്തോഷമുള്ള, ഏറെ പ്രതീക്ഷകളുളള ഒന്നിലേക്ക് ശരീരത്തെക്കാൾ മനസ്സ് കുതിക്കുന്നതിനാലാണ് അങ്ങനെ, എന്ന് തോന്നിയിട്ടുണ്ട്. ഇന്നത്തെ പുലരിയും അത് പോലെ അലാറം ശബ്‌ദിക്കുന്നതിനു മുൻപ്
തന്നെ ഉണർന്നു. എഴുന്നേറ്റ ഉടനെ ജനാലക്കലേക്കു നീങ്ങി. വെള്ള കീറി തുടങ്ങുന്നതേ ഉള്ളൂ...
തണുത്ത അന്തരീക്ഷത്തിൽ കോടയുടെ സാന്നിധ്യം ഉണ്ട്. ദൂരെ പുഴയങ്ങനെ നിർത്താതെ കലപില ശബ്ദമുണ്ടാക്കി
ഒഴുകുന്നു. പുഴ മാടി വിളിക്കുന്ന പോലെ തോന്നിയപ്പോൾ പെട്ടെന്ന് വസ്ത്രം മാറി പുറത്തേക്കു
പായാൻ ഒരുങ്ങി. അപ്പോഴേക്കും നേർപതിയും ഉറക്കത്തിൽ നിന്നെഴുന്നേറ്റു പോകാനൊരുങ്ങി നിന്നു.
ഞങ്ങൾ താഴെ റിസപ്ഷനിൽ എത്തിയപ്പോൾ പ്രധാനവാതിൽ തുറന്നിട്ടില്ല. ജീവനക്കാർ ഒന്നും എഴുന്നേറ്റു
കാണില്ല. അല്ലെങ്കിലും സഞ്ചാരികൾക്കു തോന്നുന്ന കൗതുകവും പുതുമയുമൊന്നും ആ ദേശവാസികൾക്കു
തോന്നില്ലല്ലോ, അവർക്കതെല്ലാം സാധാരണയിൽ സാധാരണ മാത്രമാണല്ലോ..!
തലേന്ന് ഞാൻ കൊട്ടിയടച്ച വാതിൽ ഞാൻ തന്നെ തുറന്നു പുഴയോരത്തേക്കു കുതിച്ചു. സൂര്യപ്രകാശം
പരക്കുന്നതേ ഉള്ളൂ.. വെയിൽ തീരെ വന്നിട്ടില്ല. എല്ലായിടവും വിജനം, അന്തരീക്ഷത്തിൽ മഞ്ഞിൻ കണങ്ങളും പുഴയുടെ കുത്തൊഴുക്കിന്റെ സംഗീതവും മാത്രം. ഞങ്ങൾ
പുഴയോരത്തെ കല്ലിൽ ഇരുന്നും ഇരുമ്പു പാലത്തിൽ കയറിയും ചില ഫോട്ടോസ് ഒക്കെ എടുക്കുമ്പോഴേക്ക്, മൂന്നാം നിലയിലുണ്ടായിരുന്ന ആൺകുട്ടികൾ എത്തിച്ചേർന്നു. ഒരു പക്ഷെ അവർ ഉണർന്നപ്പോൾ
ഞങ്ങളെ താഴെ കണ്ടു വന്നതായിരിക്കണം. ഞാൻ കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നതിനിടെ പത്നി മെല്ലെ റൂമിലേക്ക് നടന്നു നീങ്ങി. കുട്ടികൾ
ഒറ്റക്കാണ് റൂമിൽ, അവരെഴുന്നേൽക്കുന്നതിനു മുൻപേ അവിടെത്താനാവും. ഞാൻ
അല്പസമയം കൂടെ അവരോടൊപ്പം ചിലവഴിച്ചു ചില്ലറ ഫോട്ടോ പിടുത്തവുമൊക്കെ കഴിഞ്ഞു പതിയെ
ഞാനും റൂമിലേക്ക് നീങ്ങി. ആദിത്യൻ വെയിൽ പരത്തുമ്പോഴേക്കും ഞാൻ റൂമിലേക്ക് ചേക്കേറി.
പിന്നെ കുറച്ചു സമയം ഫോണിലെ ഫോട്ടോസും സാമൂഹ്യമാധ്യമഇടപെടലുമൊക്കെ കഴിഞ്ഞു കുളിച്ചു
ഞങ്ങൾ തീന്മുറിയിലേക്കെത്തി ചേർന്നു. തലേന്ന് രാത്രിയിലെ പോലെ തന്നെ അതിരുചികരവും വ്യത്യസ്തവുമായ
ആഹാരം തന്നെയായിരുന്നു തയ്യാറാക്കി വെച്ചിരുന്നത്. കാശ്മീരിൽ വെച്ച് ഏറ്റവും നല്ല ഭക്ഷണം
ഏറ്റവും ആസ്വദിച്ചു കഴിച്ചത് ഈ ഹോട്ടലിൽ നിന്നായിരുന്നുവെന്നു നിസ്സംശയം പറയാം... ഭക്ഷണ
ശേഷം എല്ലാവരും ലോബിയിൽ ഒത്തുകൂടി ചില ചർച്ചകളിൽ മുഴുകി. എന്തായാലും റാഫ്റ്റിംഗ് വേണോ
വേണ്ടയോ എന്നുള്ള ആശയക്കുഴപ്പത്തിന് വിരാമമിട്ടു കൊണ്ട്, റാഫ്റ്റിങ് ചെയ്യാമെന്ന് തീരുമാനിക്കുകയും എന്നാൽ സ്ത്രീജനങ്ങൾക്കു താല്പര്യമില്ലാത്തതിനാൽ
അവരെ അതിൽ നിന്നൊഴിവാക്കാനും തീരുമാനം പാസ്സാക്കി.
തുടർന്ന് എല്ലാവരും മുറികളിൽ പോയി കുളിച്ചൊരുങ്ങി പെട്ടികളൊക്കെ പാക്ക് ചെയ്തു
താഴേക്ക് ഇറങ്ങി. അവിടെ നിന്നും ചെക്ക് ഔട്ട് ചെയ്യുകയാണ്. അയിറ്റിനറി പ്രകാരം പഹൽഗാമിൽ
ഇനി മറ്റു പദ്ധതികളൊന്നുമില്ലാത്തതിനാലും, ഗുൽമാർഗിലെ കേബിൾ
കാറിനായുള്ള നീണ്ട നേരത്തെ ക്യൂവിൽ വെച്ച് പരിചയപ്പെട്ട ഒരു മലയാളി ചേട്ടൻ , പഹൽഗാമിലെ റാഫ്റ്റിംഗിനെ മുക്തകണ്‌ഠം പ്രശംസിച്ചത് കൊണ്ടും റാഫ്റ്റിങ് തെരെഞ്ഞെടുത്ത
തീരുമാനത്തിൽ ആർക്കും ആശയക്കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. തുടക്കത്തിൽ റാഫ്റ്റിംഗിനായി
ഏഴു പേരാണ് മുന്നോട്ടു വന്നതെങ്കിലും ഒടുവിലത് പത്തു പേരായി പരിണമിച്ചു. അല്ലെങ്കിലും
ചിലത് നേരിൽ കാണുമ്പോൾ പെട്ടെന്ന് തീരുമാനങ്ങൾ മാറുമല്ലോ. ഭയം ആവേശത്തിന് വഴി മാറാനും, ആവേശം ഭയത്തിനു വഴിമാറാനുമൊക്കെ നിമിഷാർദ്ധങ്ങൾ മതിയല്ലോ. ഇത് വരെ പോയ മറ്റെല്ലാ
സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു പഹൽഗാമിലെ അനന്തനാഗ് - സല്ലാർ പുഴയിലൂടെയുള്ള
ഈ റാഫ്റ്റിങ്. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ കാര്യങ്ങൾ കുറെ കൂടി
പ്രൊഫഷണൽ ആയിരുന്നു. റാഫ്റ്റിംഗിന് കൃത്യമായ നിരക്കും, പ്രിന്റ് ചെയ്ത ടിക്കറ്റുമെല്ലാം ഉണ്ടായിരുന്നതിനാലും, അവർ നിശ്ചയിച്ച തുക വളരെ മിതമായ ന്യായമായ തുകയായി തോന്നിയതിനാലും വിലപേശൽ എന്ന
അശ്രാന്തപരിശ്രമത്തിനു മുതിരേണ്ടി വന്നില്ല. ഒരു റാഫ്റ്റിങ് ബോട്ടിൽ പരമാവധി അഞ്ചു
പേർക്ക് കയറാനാവുന്നതിനാൽ ഞങ്ങൾ പത്തു പേർക്ക് രണ്ടു റാഫ്റ്റിംഗ് ബോട്ടുകൾ കൃത്യമായിരുന്നു.
ഒരു ബോട്ടിൽ മുഴുവൻ നീല ലൈഫ് ജാക്കറ്റും ഹെൽമെറ്റും
നൽകിയപ്പോൾ രണ്ടാമത്തേതിൽ ജാക്കറ്റും ഹെൽമെറ്റും ചുവപ്പു നിറമായിരുന്നു. ഒരു മത്സരത്തിനൊരുങ്ങുന്ന
രണ്ടു ടീമുകളെ പോലെ ഞങ്ങൾ എല്ലാവരും ബോട്ടുകളുടെ സമീപം തയ്യാറായി നിന്നു. ഗോപ്രോ ക്യാമെറയിൽ
വീഡിയോ എടുക്കാനുള്ള സംവിധാനം ലഭ്യമാണെന്ന് അറിയിച്ചപ്പോൾ ചെറിയൊരു ആശയക്കുഴപ്പമുണ്ടായെങ്കിലും, ഇത്തരം ഘട്ടങ്ങളിൽ പച്ചക്കൊടിയുമായി ആവേശഭരിതനാവുന്ന ഫഹദ്‌ക മുന്നിട്ടപ്പോൾ എല്ലാവരും
തല കുലുക്കി. പക്ഷെ, അവിടെ ഒരൽപം വിലപേശി തീരെ ചെറിയ ഒരു സംഘ്യ അവർ പറഞ്ഞതിൽ
നിന്നും കുറപ്പിച്ചു. അല്ലേലും,
വില പേശി വിജയിക്കുമ്പോൾ മലയാളികളെക്കാളും
സായൂജ്യമടയുന്ന മറ്റൊരു ജനവിഭാഗം ആ അഖിലാണ്ഡ മണ്ഡലത്തിൽ ഉണ്ടോ എന്നുള്ളത് സംശയം ആണ്.
ഏതായാലും കാര്യങ്ങൾ ഒക്കെ തീരുമാനമാക്കി, യുദ്ധത്തിനോ മറ്റോ
പോകുന്ന പ്രതീതി സൃഷ്ടിച്ചു ഞങ്ങൾ കൂടെയുള്ള സ്ത്രീജനങ്ങൾക്കു അഭിവാദ്യമർപ്പിച്ചു വെള്ളത്തിന്റെ
ഒഴുക്കിലേക്കു ചേർന്ന്. ഞങ്ങൾ ചെന്നെത്തുന്ന പോയിന്റിൽ സ്ത്രീരത്നങ്ങളുമായി ഞങ്ങളുടെ
വണ്ടിയിൽ എത്താൻ സാരഥിയെയും ശട്ടം കെട്ടി.തുടക്കത്തിൽ അല്പം ഭയം തോന്നിയെങ്കിലും പൂർണമായും
സുരക്ഷിതമായ ഒന്ന് തന്നെയായിരുന്നു റാഫ്റ്റിങ്. എന്നാൽ ആവേശത്തിനോ പ്രതീക്ഷക്കോ ഒട്ടും
കോട്ടം തട്ടാത്ത അത്രയും സാഹസികതയും വിനോദവും നിറഞ്ഞ ഒന്ന്. അൽപ നേരത്തിനുള്ളിൽ തന്നെ
എല്ലാവരും അത് പൂർണമായി ആസ്വദിക്കാനും ആർമാദിക്കാനും തുടങ്ങിയിരുന്നു. അതിന്റെ ഒരു
പ്രതിധ്വനിയെന്നോണം ഞങ്ങളിൽ നിന്നും വഞ്ചിപ്പാട്ടുകൾ വന്നു തുടങ്ങിയിരുന്നു. ഇന്ത്യയുടെ
ഏറ്റവും വടക്കു വെച്ച്, ഏറ്റവും തെക്കു കിടക്കുന്ന കുട്ടനാടൻ കൊച്ചുപെണ്ണിനെയും
കുയിലാളെയും ഞങ്ങൾ പാടിപ്പുകഴ്ത്തി. തുഴച്ചിലുകാരന് ജയിലിൽ പോകാൻ താല്പര്യമില്ലാത്തതിനാലാവണം
ഞങ്ങളുടെ സ്വരമാധുരിക്ക് അദ്ദേഹം പങ്കായം വെച്ച് കീച്ചാഞ്ഞത്.! ഏതാണ്ട് പാതി ദൂരം പിന്നിട്ടപ്പോൾ
പെട്ടെന്ന് വഞ്ചി നിർത്തി, തുഴച്ചിലുകാരൻ ഞങ്ങൾക്ക് മുൻപിലേക്ക് ഒരു ഓഫർ വെച്ചു.
അവരുടെ സ്ഥിരം റൂട്ട് ഉടനെ അവസാനിക്കുമെന്നും, ഞങ്ങൾ അധികപണം നൽകുകയാണെങ്കിൽ
അല്പം കൂടി കുത്തൊഴുക്ക് കൂടിയ ഒരു വളഞ്ഞ വഴിയിലൂടെ അൽപനേരം കൂടുതൽ കൊണ്ടുപോകാമെന്നും.
"ആപ്കോ ബഹുത് മസാ ആയേഗാ" എന്ന് കൂടി കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് ഒരു ആശയക്കുഴപ്പത്തിലേക്കു
പോവാനുള്ള ഇട നൽകാതെ ഫഹദ്‌ക ഉടൻ തന്നെ ആ കരാറിൽ ഒപ്പിട്ടു.
ഏതായാലും നനഞ്ഞ സ്ഥിതിക്ക് കുളിച്ചു കയറാനുള്ള ആ തീരുമാനം നന്നായി. അല്പസമയം കൂടുതൽ
എടുത്തു കുറേകൂടി ആസ്വദിച്ചു, വൈകിയേ ഞങ്ങൾ യാത്ര അവസാനിപ്പിച്ചുള്ളൂ.. നേരത്തെ
എത്തി ഞങ്ങളെ കാത്തു മറുകരയിൽ നിൽക്കുന്ന ചുവന്ന സംഘത്തിന്റെ കാത്തുനില്പിൽ ഞങ്ങളൊരു
ഗൂഢാനന്ദം കണ്ടെത്തിയെങ്കിലും അത് പുറത്തു പ്രകടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കരയിലെത്തിയ ശേഷം, നനഞ്ഞ വസ്ത്രങ്ങൾ മാറാൻ വേണ്ടി അവർ തയ്യാറാക്കി
വെച്ച സ്ഥലം പരിതാപകരമായിരുന്നു. പുറമെ നിന്ന് നോക്കുമ്പോൾ അടച്ചുറപ്പുള്ളൊരു കെട്ടിടം
ആണെങ്കിലും , ആരും ശ്രദ്ധിക്കാനില്ലാതെ, അങ്ങേയറ്റം മോശം അവസ്ഥയിൽ ആയിരുന്നു അത്. ഞങ്ങൾ കയറുമ്പോൾ തന്നെ അവിടെ നിന്ന് ഒരു
പട്ടി ഇറങ്ങി പോകുന്നതും അകത്തു കയറിയ ശേഷമുള്ള ദുർഗന്ധവും പ്രവർത്തനരഹിതമായ ശുചിമുറികളും
, ഞങ്ങളെ എത്രയും പെട്ടെന്ന് അതിൽ നിന്നും പുറത്തു ഇറങ്ങാൻ പ്രേരിപ്പിച്ചു...!
സത്യത്തിൽ സർക്കാരിന്റെ കൃത്യമായ മേൽനോട്ടവും പരിപാലനവുമുണ്ടായിരുന്നെങ്കിൽ ഇത്തരം
കേന്ദ്രങ്ങൾ കുറേക്കൂടി സഞ്ചാരികളെ തൃപ്തിപ്പെടുത്തുമായിരുന്നു. എന്തായാലും വസ്ത്രങ്ങൾ
ഒക്കെ മാറി ഞങ്ങൾ പഹൽഗാമിൽ നിന്നും ശ്രീനഗറിലേക്കു തിരിച്ചു. പോകുന്ന വഴിയിൽ ഒരു ആപ്പിൾ
തോട്ടം കണ്ടപ്പോൾ വണ്ടി അവിടെ നിർത്തിച്ചു. അതിനു പിന്നിലെ പ്രധാന പ്രേരകശക്തി സ്ത്രീരത്നങ്ങൾ
ആയിരുന്നു. കാശ്മീർ വന്നിട്ട് ആപ്പിൾ തോട്ടം കാണാതെ എങ്ങനെ എന്ന ചോദ്യം അസ്ഥാനത്തായിരുന്നില്ല.
പക്ഷെ, ഞങ്ങളുടെ സാരഥി തീരെ
താല്പര്യം കാണിച്ചിരുന്നില്ല. ടിയാന് ഞങ്ങളെ എങ്ങനെ എങ്കിലും ഒന്ന് ഹോട്ടലിൽ തട്ടിയിട്ട്
തടി കയിച്ചലാക്കാനുള്ള വ്യഗ്രത ആയിരുന്നു. എന്തായാലും ഞങ്ങളുടെ നിർബന്ധത്താൽ അവിടെ
നിർത്തി അകത്തേക്ക് പ്രവേശിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ ഉള്ള കാഴ്ചകളായിരുന്നില്ല
വരവേറ്റത്. മരങ്ങളിൽ ആപ്പിളുകൾ ധാരാളമുണ്ടായിരുന്നെങ്കിലും ഒന്നും തന്നെ വിളഞ്ഞിരുന്നില്ല.
എല്ലാം നല്ല കരിമ്പച്ച നിറത്തിൽ കാണപ്പെട്ടു. ഏതായാലും ഉള്ളത് കൊണ്ട് ഓണം പോലെ എന്ന
മട്ടിൽ കുറച്ചു ഫോട്ടോസുമെടുത്തു മടങ്ങാനൊരുങ്ങിയപ്പോൾ, അവരവിടെ വിൽപ്പനക്ക് വെച്ചിരിക്കുന്ന ചില ആപ്പിൾ അച്ചാറുകളും മറ്റു വിഭവങ്ങളും
വാങ്ങാൻ നിർബന്ധിക്കുന്നുണ്ടായിരുന്നു. ആ വിഭവങ്ങളിൽ അത്ര താല്പര്യം തോന്നാത്തതിനാൽ
എല്ലാവരും ഫ്രഷ് ആപ്പിൾ ജ്യൂസ് കുടിച്ചു. തുടർന്ന് ഉച്ചയോടെ ഞങ്ങൾ ശ്രീനഗറിലെത്തിയെങ്കിലും
അന്നേ ദിവസം ഷിയാ വിഭാഗത്തിന്റെ വലിയൊരു ആഘോഷം നടക്കുന്ന ട്രാഫിക് ബ്ലോക്ക് മൂലം ഞങ്ങൾക്ക്
ജുമുഅ നമസ്കാരത്തിന് പള്ളിയിലെത്തി ചേരാൻ സാധിച്ചില്ല. വരുന്ന വഴിയിൽ പള്ളികൾ അധികം
കാണാത്തതിനാലും സാരഥി ആ ഒരു കാര്യം തീരെ മുഖവിലക്കെടുക്കാത്തതിനാലും അതങ്ങനെ മുടങ്ങി.
Comments
Post a Comment