കാശ്മീർ ഡയറീസ് (Travelogue) Chap.3 - ഉത്തരേന്ത്യ


3

 

    ഏതാണ്ട് 8 മണിയോടെ വെളിച്ചം നന്നായി പരന്നു.ട്രെയിൻ അങ്ങനെ നിർത്താതെ പായുകയാണ്.കോഴിക്കോട് നിന്നും ഡൽഹിയിലേക്കുള്ള ഏതാണ്ട് 2750 കിലോമീറ്ററുകൾക്കിടയിൽ വെറും 10 സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പുകൾ ഉണ്ടായിരുന്നത്. സമ്പർക് ക്രാന്തി എക്സ്പ്രസ്സ് എന്ന ഈ ട്രെയിനിന്റെ സ്റ്റോപ്പുകൾ ഇങ്ങനെയായിരുന്നു. കോഴിക്കോട് - കണ്ണൂർ - കാസർഗോഡ് -മംഗളുരു -ഉഡുപ്പി -മഡ്ഗാൺ -പൻവേൽ-വസായ് റോഡ് -വഡോദര - കോട്ട ജംഗ്ഷൻ -ഹസ്‌റത് നിസാമുദ്ധീൻ -ന്യൂ ഡൽഹി . സ്റ്റോപ്പുകൾ വളരെ കുറവായതിനാൽ പലപ്പോഴും മണിക്കൂറുകളോളം ട്രെയിൻ നിർത്താതെ പാഞ്ഞു. ഇതിനിടയിൽ സമയാസമയങ്ങളിൽ ഭക്ഷണവും, സൊറ പറച്ചിലും, കുട്ടികളുടെ പലതരം കളികളും മറ്റുമെല്ലാം മുറ പോലെ നടന്നിരുന്നു. ഏതാണ്ട് 11 മണിയോടെ ട്രെയിൻ പൻവേൽ സ്റ്റേഷൻ എത്തിച്ചേർന്നു. ഒന്ന് കിതപ്പ് മാറ്റിയ ശേഷം അവൻ വീണ്ടും കുതിച്ചു കൊണ്ടിരുന്നു. എല്ലാ യാത്രകളിലുമെന്ന പോലെ തുടക്കത്തിലെ ആവേശാരവം കഴിഞ്ഞാൽ പിന്നെ യാത്ര പൂർത്തിയാക്കാനുള്ള ചിന്തകളിലേക്കും കണക്കു കൂട്ടലുകളിലേക്കും പലരും തിരിയുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ ട്രയിൻ കൃത്യസമയം പാലിച്ചാണോ പോകുന്നതെന്നൊക്കെ മൊബൈലിൽ നോക്കി ഉറപ്പു വരുത്തുന്നുണ്ടായിരുന്നു.ഏതാണ്ട് മൂന്നരയോടെ സൂറട്ടും 6 മണിയോടെ വഡോദരയും താണ്ടി.നേരമിരുണ്ടപ്പോൾ മുതിർന്നവരും അന്താക്ഷരി, കരോക്കേ ആലാപനം, ഡംബ്ശെരാദെസ്(സിനിമ പേരുകളുടെ ആംഗികാഭിനയം) തുടങ്ങിയ നേരമ്പോക്കുകളിലേക്കു തിരിഞ്ഞു. കുട്ടികളും ഞങ്ങളോട് കൂടി. വലീദ്ക്ക, സാദിഖ് മശ്ഹൂർ( ഈയുള്ളവന്റെ ഭാര്യാപിതാവ് ) തുടങ്ങിയവർ അതിഗംഭീരമാണെന്ന വിശ്വാസത്തോടെ തന്നെ കരോക്കേ ഗാനമേള തുടങ്ങി. അതങ്ങനെയല്ലെന്നു അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നറിയാതെ മറ്റുള്ളവർ എല്ലാരും ആസ്വാദനത്തിന്റെ മികച്ച അഭിനയതലങ്ങൾ കാഴ്ച വെച്ച് കൊണ്ടേയിരുന്നു. എല്ലാരുടെ ഉള്ളിലും ഒരു പോലെ ഞാൻ കണ്ട പ്രാർത്ഥന ആ വയർലെസ്സ് മൈക്ക് ചാർജ് തീർന്നു ഓഫ് ആവണേ എന്നത് മാത്രമായിരുന്നു. അല്പസമയത്തിനു ശേഷം ആ വിഷമസന്ധി അവസാനിച്ചു. പിന്നീട് ഡംബ്ശെരാദെസ് തുടങ്ങിയപ്പോൾ എന്നിലെ നടൻ സട കുടഞ്ഞെഴുന്നേറ്റു. ഭരതമുനിയെ മനസ്സിൽ ധ്യാനിച്ച് സകലകഴിവുകളും പുറത്തെടുത്തു ഞാൻ മുന്നേറാനൊരുങ്ങി. പക്ഷെ, ഞങ്ങളുടെ കൂട്ടത്തിലുള്ള കുട്ടികൾ ഒക്കെ ന്യൂ ജനറേഷൻ ആയതിനാൽ പല സിനിമാപേരുകളും അവരെ പറഞ്ഞു മനസ്സിലാക്കാൻ തന്നെ നന്നേ പാട്പെട്ടു. ആദ്യമായി കേൾക്കുന്ന വാക്കുകൾ മനസ്സിലാക്കാനാവാതെ അവരും, അവരുടെ അഭിനയം മനസ്സിലാക്കാനാവാതെ ഞങ്ങളും നെടുവീർപ്പുകൾ ഇട്ടുകൊണ്ടേ ഇരുന്നു. ഈ ടൂർ ഒന്ന് കഴിയട്ടെ, എല്ലാത്തിനെയും പിടിച്ചിരുത്തി മലയാളം ട്യൂഷൻ എടുക്കണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. അപ്പോൾ തന്നെ ഉള്ളിൽ നിന്നാരോ " നടക്കണ കാര്യം വല്ലോം പറ.." എന്ന് പറഞ്ഞു എന്നെ അപമാനിച്ചു. ഞാൻ ഇതികർത്തവ്യതാമൂഢൻ ആയി നീണ്ടൊരു നെടുവീർപ്പ് വിട്ടു. ഭക്ഷണശേഷം തലേ ദിവസത്തിന്റെ ആവർത്തനമെന്നോണം എല്ലാവരും ഓരോ കിടപ്പിടങ്ങളിലേക്കു ഉൾവലിഞ്ഞു. സംശയിക്കേണ്ട, മൊബൈൽ ഫോൺ നോക്കി തന്നെ എല്ലാവരും കിടന്നത്...



                    അടുത്ത ദിവസം കാലത്ത് ആറരയോടെ തന്നെ ട്രെയിൻ ന്യൂ ഡൽഹി സ്റ്റേഷനിലെത്തി. ഒരു കൂട്ടം യാത്രികരും അതിനാനുപാതികമായ ലഗേജുകളും കണ്ടു നൊടിയിടക്കുള്ളിൽ ചുമട്ടു തൊഴിലാളികൾ ഞങ്ങളുടെ ചുറ്റും കൂടി. സ്വാഭാവികമായും, ബാഗുകളൊക്കെ നമുക്ക് തന്നെ എടുക്കാവുന്നതല്ലേ ഉള്ളൂ എന്ന അർത്ഥത്തോടെ ഞങ്ങളെല്ലാം പരസ്പരം നോക്കി. പക്ഷെ, അതിനിടയിൽ അവർ നിർത്താതെ ഞങ്ങളോട് സംസാരിക്കുകയും, ബാഗുകൾ എടുക്കാൻ അനുവദിക്കാൻ ഞങ്ങളെ നിർബന്ധിക്കുന്നും ഉണ്ടായിരുന്നു.ഇതിനിടയിൽ ഒന്ന് രണ്ടു പേര് ഞങ്ങളുടെ ബാഗുകൾ ചിലത് കയ്യിൽ എടുത്തു പിടിച്ചിരുന്നു. ഏത് പ്ലാറ്റഫോമിലേക്കാണ് പോകേണ്ടതെന്ന അവരുടെ ചോദ്യത്തിന് ഉത്തരം നൽകാനായി ഞങ്ങളുടെ പാക്കേജ് പ്രകാരം ഞങ്ങളെ എയർപോർട്ടിലേക്ക് എത്തിക്കേണ്ട  ഡ്രൈവറെ വിളിച്ചു.അദ്ദേഹം പറഞ്ഞ പ്ലാറ്റഫോം നമ്പർ അതേപടി ഇവരോട് പറയുകയും ചെയ്തു. ആ പ്ലാറ്റഫോം അല്പം ദൂരെ ആണെന്നും ഒരുപാട് പടികൾ കയറിയിറങ്ങാനുണ്ടെന്നും മറുപടി ലഭിച്ചതോടെ ഞങ്ങൾ വിലപേശലിലേക്കു കടന്നു. മൂവായിരത്തിൽ അവർ പറഞ്ഞു തുടങ്ങിയത് കുറച്ചധികം നേരം പേശിയതിലൂടെ ആയിരത്തി അഞ്ഞൂറിലെത്തിച്ചു. പിന്നെ, അവർ ദ്രുതഗതിയിൽ ശരം വിട്ട കണക്കെ കുതിക്കാൻ തുടങ്ങി. ഞങ്ങളുടെ ബാഗുകൾ എല്ലാം കൂടി 4 പോർട്ടർമാർ ആണ് എടുത്തിരുന്നത്. ചെറിയ ബാഗുകൾ ഒക്കെ അവരവർ തന്നെ കയ്യിലേന്തിയിരുന്നു. ഇത്രയും ഭാരമേറിയ ബാഗുകൾ ഏന്തിയിട്ടും അവരുടെ കൂടെ നടന്നെത്താൻ, അല്ല.. ഓടിയെത്താൻ നന്നേ പാടുപെട്ടു. സ്ത്രീകളും കുട്ടികളും തുടക്കത്തിലേ ഏറെ പിന്നിലായതിനാൽ ഞങ്ങൾ 2 - 3 പുരുഷകേസരികൾ പോർട്ടർമാർക്കൊപ്പം ഓടുകയും ബാക്കിയുള്ളവർ എല്ലാരുമൊന്നിച്ചു മിതവേഗത്തിൽ ഓടാനുമാരംഭിച്ചു. നിത്യാഭ്യാസി ആനയെ എടുക്കുമെന്നതോർമിപ്പിച്ചു, അവർ ആ വലിയ ഗോവണിയുടെ എല്ലാ പടികളും അതിനിസ്സാരം ഓടിക്കയറി.തിരക്കുകൾക്കിടയിൽ ഊളിയിട്ടിറങ്ങി കുതിച്ചു പൊങ്ങി. അവരുടെ ആ വൈദഗ്ദ്യം ഓടയിൽ നിന്ന് പപ്പു റിക്ഷ വലിക്കുന്നതിനെ ഓർമപ്പെടുത്തി. ഏതാണ്ട് 10 മിനിറ്റുകൾക്കുളിൽ പറഞ്ഞ പ്ലാറ്റഫോമിന് പുറത്തെത്തിച്ചു, പറഞ്ഞ കാശും വാങ്ങി അടുത്ത യാത്രികനെ തപ്പി അവർ അപ്രത്യക്ഷരായി.



Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്