കാശ്മീർ ഡയറീസ് (Travelogue) Chap.10 "എമർജൻസി ..എമർജൻസി..! "
10
ഡിന്നർ ടൈം എട്ടു മണി ആയതിനാൽ റൂമിലെത്തി കുളിച്ചു ഫ്രഷായി ഫോണിൽ അന്നത്തെ ഫോട്ടോസ് ഒക്കെ നോക്കി കിടക്കുകയായിരുന്നു ഞാൻ . ഞങ്ങളുടെ കൂടെയുള്ള ആൺകുട്ടികൾ 3 പേര് ഒരു റൂമിലും പെൺകുട്ടികൾ 2 പേര് മറ്റൊരു റൂമിലുമാണ്. എന്റെ മക്കൾ 2 പേരും ഹോട്ടലിലെത്തിയാൽ പലപ്പോഴും ഇതിലേതെങ്കിലും ഒരു മുറിയിലാണുണ്ടാവുക. ഞങ്ങളുടെ കർക്കശതയിൽ നിന്ന് രക്ഷപ്പെടാനും അവർക്കിഷ്ടമുള്ള കാർട്ടൂൺ ചാനലുകൾ കാണാനും ഒക്കെയാണ് ഈ രക്ഷപ്പെടൽ. അന്നും ഇത് പോലെ മക്കൾ 2 പേരും ഇതിലേതോ ഒരു റൂമിലാണുള്ളത്. പെട്ടെന്ന് മൂത്ത മകൻ അബ്ദുൽ ഓടി വന്നു "എമർജൻസി ..എമർജൻസി" എന്ന് പറഞ്ഞു. അവരുടെ കളിയുടെ ഭാഗമായുള്ള എന്തോ തമാശ ആയിരിക്കുമെന്ന് കരുതി ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും ടിയാന്റെ മുഖഭാവത്തിലെ ഗൗരവം കണ്ടു ഞങ്ങൾ രണ്ടു പേരും പുറത്തേക്കു ഓടി അബ്ദുൽ ചൂണ്ടി കാണിച്ച റൂമിലേക്കോടി. ഞങ്ങൾ അവിടെത്തുമ്പോൾ ഇളയ മകൻ നിലത്തു കിടന്നു അലറിക്കരയുന്നു. ഫാസിനും യുസുഫും സാമിറും എന്ത് ചെയ്യണമെന്നറിയാതെ പേടിച്ചു നിൽക്കുന്നു.
അവർ പെട്ടെന്നു തന്നെ കാര്യങ്ങൾ വ്യക്തമാക്കി. എന്റെ മക്കൾ 2 പേരും അവിടുള്ള സോഫയിൽ നിന്ന് ബെഡിലേക്കു ചാടി
ലോങ്ങ് ജമ്പ് കളിക്കുകയായിരുന്നു.മൂത്തവന്റെ ചാട്ടം അതെ പോലെ അനുകരിച്ചപ്പോൾ രണ്ടാമന്റെ
ചാട്ടം പിഴച്ചു. കിടക്കയിലേക്ക് ചാടിയെങ്കിലും കട്ടിലിന്റെ മരത്തടിയിൽ അടിച്ചു താഴെ
വീണു. നോക്കിയപ്പോൾ നെറ്റിയിൽ ഒരു പാടുണ്ട്. മുറിവ് പറ്റിയിട്ടുണ്ട് പക്ഷെ രക്തം പുറത്തേക്കു
വന്നിട്ടില്ല. ചോര കല്ലിച്ചിട്ടു നല്ല നീലിച്ച ഒരു പാട് നെറ്റിയിലുണ്ട്. മകന്റെ
നിർത്താതെ ഉള്ള അലറിക്കരച്ചിൽ വീഴ്ച ചെറുതല്ലായിരുന്നുവെന്നു മനസ്സിലാക്കി തന്നു. മോനെ
എടുത്തു റൂമിലേക്ക് പോവുന്നതിനിടയിൽ ആൾ ചെറുതായൊന്നു ശർദ്ധിച്ചു.മുറിവിൽ ഐസ് വെക്കാൻ
വേണ്ടി കുട്ടികൾ താഴെ കിച്ചണിൽ പോയെങ്കിലും, ഞങ്ങളുടെ നിർഭാഗ്യമോ, എന്തോ അവിടെ ഒരു ചെറിയ കഷ്ണം ഐസ് പോലുമുണ്ടായില്ല.മകനെ എടുത്തു
ഞങ്ങളുടെ റൂമിൽ കൊണ്ട് പോയി ഭാര്യ അവനെ കെട്ടിപ്പിടിച്ചു സമാധാനിപ്പിച്ചു കൊണ്ടിരുന്നു.ഇതിനിടയിൽ എല്ലാവരും
വരികയും കാര്യം തിരക്കുകയും മുറിവ് പരിശോധിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു..എങ്കിലും കുഴപ്പമൊന്നുമുണ്ടാവില്ല, ശരിയായിക്കൊള്ളും എന്ന് അവരും ഞങ്ങളുമെല്ലാം പരസ്പരവും
സ്വയവും പറഞ്ഞു കൊണ്ടിരുന്നു. ഏതാണ്ട് ഏഴരയോടെയായിരുന്നു വീണത്. ഏതാണ്ട് 8 മണിയോടെ വാഷ്‌റൂമിൽ വെച്ച് മകൻ വീണ്ടും ശർദ്ധിച്ചു.
ആദ്യം ശർദ്ധിച്ചതിനേക്കാൾ അല്പം അധികം തന്നെ. തലയ്ക്കു ക്ഷതമേറ്റാൽ ശര്ധിക്കുകയാണെങ്കിൽ
അത് ഗൗരവമേറിയതാണെന്ന സാമാന്യബോധ്യം ഉണ്ടായിരുന്നതിനാൽ, ഇത് കണ്ടതോട് കൂടി എന്റെ എല്ലാ ആത്മവിശ്വാസവും ചോർന്നു,
മനസ്സാകെ ഭയം നിഴലിക്കാൻ തുടങ്ങി.എത്രയും പെട്ടെന്ന്
ഹോസ്പിറ്റലിൽ പോവാൻ നിശ്ചയിച്ചു ഞാൻ ഉമ്മാന്റെ റൂമിലേക്ക് ഓടി.കാര്യം ധരിപ്പിച്ചു,
ഉടൻ തന്നെ റിസപ്ഷനിൽ വിളിച്ചു അത്യാവശ്യമായി ഹോസ്പിറ്റലിൽ
പോകാൻ വണ്ടി വേണമെന്ന് ആവശ്യപ്പെട്ടു.ഞാനും ഭാര്യയും ഉമ്മയും പപ്പയും മകനെയും എടുത്തു
ഉടൻ തന്നെ താഴെ എത്തിയെങ്കിലും വണ്ടി റെഡി ആയിരുന്നില്ല. പെട്ടെന്ന് കിട്ടിയ ഒരു ഓട്ടോറിക്ഷയിൽ
ഞങ്ങൾ കയറി, പരമാവധി 3 പേർക്ക് മാത്രം കയറാനാവുന്ന ആ വണ്ടിയിൽ ഞാനും ഭാര്യയും
ഉമ്മയും കയറി. ഉടൻ തന്നെ മറ്റൊരു ഓട്ടോ വരികയും പപ്പയും വാലീദ്ക്കയും അതിൽ കയറി ഞങ്ങളെ
പിന്തുടർന്നു. ഹോസ്പിറ്റലിലേക്ക് ഏതാണ്ട് അഞ്ചു പത്തു മിനിറ്റുകൾക്കുള്ളിൽ എത്തി. പക്ഷെ,
അതൊരു ചെറിയ ക്ലിനിക് ആയിരുന്നു. ഞങ്ങൾ ഇറങ്ങി അകത്തേക്കോടി,
2 ഓട്ടോക്കാരെയും
പറഞ്ഞു വിട്ടു, വലീദ്ക്കയും പപ്പയും
പിറകെയെത്തി. അവിടെ റിസപ്ഷനിൽ ഉണ്ടായിരുന്ന സ്റ്റാഫ് നിസ്സംഗതയുടെ ബ്രാൻഡ് അംബാസിഡർ
ആയിരുന്നു. ഞാൻ സംഭവിച്ചതൊക്ക വിശദീകരിച്ചെങ്കിലും അവർ മുഴുവൻ കേൾക്കാൻ വലിയ താല്പര്യം
കാണിച്ചില്ല . ഞങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഒരൊറ്റ മറുപടി ആവർത്തിച്ചു കൊണ്ടിരുന്നു.
:അത്യാഹിത വിഭാഗം എവിടെയാണ്?
:ദോ സൗ ദോ മേം ജാവോ.. (റൂം 202 ലേക്ക് പോകാൻ )
: ഡോക്ടർ ഉണ്ടോ?
:ദോ സൗ ദോ മേം ജാവോ..
: ഓ പി ടിക്കറ്റ് എടുക്കണോ ?
:ദോ സൗ ദോ മേം ജാവോ..
ഞങ്ങൾ ആരോടൊക്കെയോ ചോദിച്ചു മുകൾ നിലയിലേക്ക് പോയി ഡോക്ടറെ കണ്ടു. അദ്ദേഹം കാര്യം
അന്വേഷിച്ചതിനു ശേഷം,പെട്ടെന്ന് കുട്ടികളുടെ
ആശുപത്രിയിൽ കൊണ്ട് പോവാനും ഇവിടെ ചികിൽസിക്കാൻ പറ്റില്ലെന്നും പറഞ്ഞു. അത് അവിടെ അതിനുള്ള
സൗകര്യം ഇല്ലാത്തതിനാലോ അല്ല, അദ്ദേഹത്തിന് അതിനുള്ള
വൈദഗ്ദ്യം ഇല്ലാത്തതിനാലോ അല്ല താല്പര്യം ഇല്ലാത്തതിനാലോ എന്ന് മനസ്സിലായില്ല. വീണ്ടും
താഴേക്ക് ഓടി ഞങ്ങൾ റിസെപ്ഷനിലേക്കു പോയി. ഞങ്ങൾ വരുന്നത് കണ്ട ആ സ്റ്റാഫ് ഞങ്ങൾക്ക്
പറയാനുള്ളത് എന്തെന്ന് പോലും കേൾക്കാൻ തയ്യാറാകാതെ, വീണ്ടും പഴയ ഡയലോഗ് തന്നെ ആവർത്തിച്ചു. അത് കൂടി ആയപ്പോൾ ഞാൻ
അല്പം പരുഷമായി തന്നെ, കാര്യങ്ങൾ വ്യക്തമാക്കി.
ഡോക്ടറെ കണ്ടെന്നും അദ്ദേഹം മറ്റൊരു ഹോസ്പിറ്റലിൽ പോവാൻ പറഞ്ഞെന്നും മറ്റും ഒറ്റശ്വാസത്തിൽ
പറഞ്ഞു തീർത്തു. എന്റെ ശബ്ദം അല്പം ഉറക്കെ ആയതിനാൽ മറ്റൊരു സ്റ്റാഫ് വന്നു,
കാര്യങ്ങൾ ഒക്കെ കേട്ട ശേഷം GMHS ലേക്ക് കൊണ്ട് പോവാൻ നിർദേശിച്ചു. അത് ഗവണ്മെന്റ്
ഹോസ്പിറ്റൽ ആണെന്നും മുഴുവൻ സമയം എല്ലാ ഡോക്ടർമാരും ഉണ്ടാകുമെന്നും പറഞ്ഞു. 202
ന്റെ മുഖത്തേക്ക് രൂക്ഷമായ ഒരു നോട്ടം പായിച്ചു
ഞങ്ങൾ അവിടെ നിന്നുമിറങ്ങി. മുൻപിൽ തന്നെ ഒരു ഓട്ടോ നിൽപ്പുണ്ടായിരുന്നു.ഉടനെ അദ്ദേഹത്തോട്
കാര്യം പറഞ്ഞു. ഞങ്ങൾ ആളുകൾ കൂടുതൽ ഉള്ളതിനാൽ രണ്ടാമത് ഒരു ഓട്ടോ കൂടി അന്വേഷിക്കുന്നുണ്ടായിരുന്നു.
ഇത് കണ്ടു അദ്ദേഹം ,അദ്ദേഹത്തിന്റെ സുഹൃത്
ഓട്ടോക്കാരൻ തൊട്ടടുത്ത് ഉണ്ടെന്നു പറഞ്ഞു മൊബൈലിൽ വിളിച്ചു.ഞങ്ങൾക്ക് സമയമില്ലെന്നും
പെട്ടെന്ന് പോകണമെന്ന് പറഞ്ഞെങ്കിലും അയാൾ ഉടനെയെത്തുമെന്നു പറഞ്ഞു ഞങ്ങളെ സമാധാനിപ്പിച്ചു.
ഉടനെ അടുത്ത ഓട്ടോ എത്തിയ ശേഷം ഞങ്ങൾ പുറപ്പെട്ടു.ഇതിനു തൊട്ടു മുൻപ് കയറിയ ഓട്ടോക്കാരനിൽ
നിന്ന് വ്യത്യസ്തമായി, ഇയാൾ ഞങ്ങളോട് കാര്യങ്ങൾ
അന്വേഷിച്ചു. എന്ത് പറ്റിയതാണെന്നും , എവിടെ നിന്നാണ് എന്നുമെല്ലാം ചോദിച്ചു. അയാളുടെ ചോദ്യങ്ങളിലെ മനുഷ്യത്വവും സൗമ്യതയും
ഒരു അല്പം ആശ്വാസം ഏകുന്നത് തന്നെയായിരുന്നു. കാരണം എന്റെ ഹൃദയമിടിപ്പ് നിയന്ത്രണാതീതമാം വിധം കുതിച്ചുപൊങ്ങുന്നത് ഞാൻ
അറിയുന്നുണ്ടായിരുന്നു. നമ്മുടെ അസുഖവും വേദനയും തൃണവൽക്കരിക്കുന്ന നമുക്ക്,
മക്കളുടെ കാര്യത്തിൽ ഉണ്ടാവുന്ന ആധി വാക്കുകളിൽ
വിവരിക്കാനാവില്ല. ഭൂമുഖത്തെ എല്ലാ ജീവജാലങ്ങളും അങ്ങനെ തന്നെ ആയിരിക്കും. തീർച്ച..!
ഏതാണ്ട് പതിനഞ്ചു മിനിട്ടു കൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി ചേർന്നു. വെയിറ്റ് ചെയ്യാമോ
എന്ന ചോദ്യത്തിന് യാതൊരു മുഷിപ്പുമില്ലാതെ അയാൾ തലയാട്ടി. ഓ പി ടിക്കറ്റ് എടുക്കേണ്ട
കൌണ്ടർ കാണിച്ചു തന്നു, അയാൾ പാർക്കിങ്ങിലേക്കു
പോയി. ധൃതിയിൽ ടിക്കറ്റ് കൗണ്ടറിൽ മകന്റെ വിവരങ്ങൾ പറഞ്ഞു, കാശും കൊടുത്തു ഞാൻ അത്യാഹിത വിഭാഗത്തിലേക്ക് ഓടി. ഡോക്ടർ വന്നു
ഓ പി ഷീട്ടു ചോദിച്ചു. ഒരു നിമിഷം ഞാൻ ഒന്ന് പതറി. അതെ, ഞാൻ ഓ പി ടിക്കറ്റ് വാങ്ങാൻ മറന്നിരിക്കുന്നു. ഡോക്ടറോട് ഒരു
സോറി പറഞ്ഞു ഞാൻ വീണ്ടും ഓ പി കൗണ്ടറിലേക്കു ഓടി.ഷീട്ടു വാങ്ങാതെ പോയതിനു എന്നെ ചീത്ത പറയാൻ കാത്തിരുന്ന അവരെ അതിനനുവദിക്കാതെ
മുൻകൂർ മാപ്പപേക്ഷ നടത്തി ഞാൻ ഓ പി ഷീട്ടുമായി അത്യാഹിത വിഭാഗത്തിൽ തിരിച്ചെത്തി.
ഏറെ തിരക്കിലായിരുന്നിട്ടും ഓരോ രോഗികളെയും വിവരങ്ങളാരാഞ്ഞു പരിഗണക്കുന്നതിൽ ഡോക്ടർ
പ്രത്യേക വൈദഗ്ദ്യം പുലർത്തി. ഞാൻ കാര്യങ്ങൾ ഒക്കെ വ്യക്തമായി വിവരിച്ചു. പ്രവാസജീവിതത്തിൽ
നിന്നും നേടിയ ഭാഷാനൈപുണ്യം കൃത്യമായി ഉപയോഗപ്പെട്ട നിമിഷങ്ങളായിരുന്നു അത്. ശർദ്ധിച്ച
കാര്യം ഗൗരവത്തിൽ എടുത്ത ഡോക്ടർ, ഉടൻ ന്യൂറോ എമർജൻസി
വാർഡിൽ പോവാൻ നിർദേശിച്ചു. അവിടെ എത്തിയ ഡോക്ടർ വിവരങ്ങൾ ഒക്കെ ആരാഞ്ഞ ശേഷം മുറിവ്
പരിശോധിച്ച്. കുഴപ്പമില്ല, പക്ഷെ കുട്ടിക്ക്
എന്തെങ്കിലും ഭക്ഷണം കൊടുക്കാനും തുടർന്നുള്ള 15 മിനിട്ടു പ്രത്യേകം
ശ്രദ്ധിക്കാനും പറഞ്ഞു. ആ സമയത്തിനുള്ളിൽ വീണ്ടും ശര്ധിച്ചാൽ കാര്യം ഗൗരവമാണ് . ഞങ്ങൾ
മോനെയും കൊണ്ട് പുറത്തേക്കു എത്തുമ്പോഴേക്കും ബിസ്ക്കറ്റും പഴവുമൊക്കെയായി വലീദ്ക്കയും
പപ്പയും എത്തി. 9 : 40 നു ഭക്ഷണം കൊടുത്തു.
അടുത്ത 15 മിനിറ്റുകൾ വലിയ സമ്മർദ്ദത്തിന്റേതായിരുന്നു.
മനസ്സ് പ്രാർത്ഥനകൾ ഉരുവിട്ട് കൊണ്ടേയിരുന്നു.മകൻ കരച്ചിൽ ഒക്കെ നിർത്തി അല്പം ഭേദമയത്
പോലെ കാണപ്പെട്ടത് ആശ്വാസം നൽകിയെങ്കിലും ഭീതി വിട്ടൊഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ മാത്രം
ആണ് ഞാൻ ആ ഹോസ്പിറ്റൽ ശ്രദ്ധിക്കുന്നത്.ആക്‌സിഡന്റും എമർജൻസിയും മാത്രം കൈകാര്യം ചെയ്യുന്ന
ഒരു ഗവണ്മെന്റ് ഹോസ്പിറ്റൽ ആണത്. രക്തത്തിൽ കുളിച്ച 1 - 2 ആക്‌സിഡന്റ് കേസുകൾ ഞങ്ങളുടെ മുന്നിലൂടെ അത്യാഹിതവിഭാഗത്തിലേക്കു
സ്ട്രച്ചറിൽ കുതിക്കുന്നു. നാം അനുഭവിക്കുന്നതിലേറെ വലിയ ദുരിതങ്ങൾ കാണുമ്പോൾ നമ്മുടെ
പ്രശ്നങ്ങൾ പെട്ടെന്ന് തീരെ ചെറുതാവും. പതിനഞ്ചു നിമിഷങ്ങൾക്ക് ശേഷം കുഴപ്പമൊന്നുമില്ലാതെ,
ഡോക്ടറെ വീണ്ടും കണ്ടു. ഇനി കുഹാപ്പമൊന്നുമില്ല,
പേടിക്കാനൊന്നുമില്ലെന്നു ഡോക്ടർ പറഞ്ഞപ്പോൾ മാത്രമാണ്
എന്റെ മുഖത്തെ പിരിമുറുക്കം അല്പം ഒന്ന് അയഞ്ഞത്. വേദന ഉണ്ടെങ്കിൽ മാത്രം കഴിക്കാൻ
എഴുതിത്തന്ന ഗുളികകൾ വാങ്ങി അതെ ഓട്ടോയിൽ ഞങ്ങൾ തിരിച്ചു.
കുഴപ്പമൊന്നുമില്ലെന്നു ഹോട്ടലിൽ ഉള്ളവരെ
വിളിച്ചു അറിയിച്ചു. പോകുന്ന വഴിയിൽ ഐസിനു വേണ്ടി പല കടകളിൽ അന്വേഷിച്ചു. അവസാനം ഒരു
കടയിൽ നിന്നും തണുത്തുറഞ്ഞൊരു സോഫ്റ്റ് ഡ്രിങ്ക് ബോട്ടിൽ കിട്ടി. അതും വാങ്ങി മോന്റെ
നെറ്റിയിൽ വെച്ച്, ഹോട്ടലിലേക്കെത്തി
ചേർന്നു. ഓട്ടോക്കാരന് അയാൾ ചോദിക്കുന്നതിലേറെ കാശ് കൊടുത്തു ഞെട്ടിക്കണമെന്നു ഞാൻ
കരുതിയിരുന്നുവെങ്കിലും, പ്രതീക്ഷിച്ചതിലേറെ
വലിയൊരു തുക ചോദിച്ചു, അയാളെ ഞെട്ടിക്കാനുള്ള
അവസരം അയാൾ എനിക്ക് നിഷേധിച്ചു.എങ്കിലും ഏറെ സന്തോഷത്തോടെ അയാളുമായി പിരിഞ്ഞു. അല്ലെങ്കിലും
നാം ജീവിതത്തിൽ വല്ലാണ്ട് ഭയപ്പെടുകയും പ്രയാസമനുഭവിക്കുമ്പോഴും നമ്മോടു ചേർന്നു നിന്ന്
ഒരിത്തിരി മമതയും ദയയും കാണിക്കുന്നവർക്ക് എന്ത് പകരം കൊടുത്താലും നഷ്ടബോധമുണ്ടാവില്ല.
ഹോട്ടലിൽ എല്ലാവരും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ഡിന്നർ ടൈം പത്തു മണി വരെ ആയിരുന്നെങ്കിലും,
പത്തരയ്ക്ക് എത്തിച്ചേർന്ന ഞങ്ങൾക്കുള്ള ഭക്ഷണം
മാറ്റിവെച്ച് സ്റ്റാഫ് പോലും ഞങ്ങൾക്ക് വേണ്ടി നിന്ന്. അല്ലെങ്കിലും ദുർഘടനിമിഷങ്ങളിൽ
ചേർത്ത് പിടിക്കാനും സ്നേഹിക്കപ്പെടാനും ആവുമ്പോഴല്ലേ, ഹോമോ സാപിയൻസ് "മനുഷ്യർ" ആവുന്നത്. അവിടെ ജാതി,
മതം, നിറം, ഭാഷ, ദേശം ഒന്നുമില്ല. മനുഷ്യർ മാത്രം.. പച്ചമനുഷ്യർ...!
ഭക്ഷണം കഴിച്ചെന്നു വരുത്തി,
റൂമിൽ എത്തി ഞങ്ങൾ കിടന്നു. തുടരെത്തുടരെ നെടുവീർപ്പുകൾ
അയച്ചുകൊണ്ടു.ഹൃദയമിടിപ്പുകൾ സാധാരണ വേഗം വീണ്ടെടുത്തു. ചിന്തകൾ അനന്തതയിലേക്ക് സഞ്ചരിച്ചു
കൊണ്ടിരുന്നു. യാത്രകളും ജീവിതവും എന്തുമാത്രം
സാദൃശ്യപ്പെട്ടിരിക്കുന്നു... തൊട്ടടുത്ത നിമിഷത്തിലെ കാഴ്ചകളോ അനുഭവങ്ങളോ എന്തെന്നറിയാത്ത
, വികാരങ്ങളുടെ വേലിയേറ്റം ആവർത്തിക്കുന്ന
ഒരു പ്രഹേളിക തന്നെ ഈ ജീവിതയാത്ര. വൻവിപത്തുകൾ എന്നിൽ നിന്നും തട്ടിമാറ്റി തീരാകാരുണ്യം
വർഷിക്കുന്നവനേ, നന്ദി കാണിക്കാൻ എനിക്ക്
ജന്മങ്ങൾ മതിയാകാതെ വരും...!
Comments
Post a Comment