കാശ്മീർ ഡയറീസ് (Travelogue) Chap.7- നിഷാത് ബാഗ്
7
ദാൽ തടാകത്തിൽ നിന്നും വണ്ടി പുറപ്പെട്ടു. അടുത്തത് മുഗൾ ഗാർഡനിലേക്കാണെന്നു ആഷിഖ് പറഞ്ഞു. സമയം ഏതാണ്ട് ആറു മണിയോടടുത്തതിനാൽ വെറുതെ ഏതോ
ഒരു കൊച്ചു പാർക്കിലേക്ക് കൊണ്ട് പോകുകയാണെന്ന് തന്നെ ഞങ്ങളെല്ലാവരും കരുതി. എങ്കിൽ
യാത്രകളിൽ എപ്പോഴും സംഭവിക്കാറുള്ള ഒരു കാര്യമുണ്ട്. നാം ഏറെ കൊതിച്ച, ഒരുപാടു കേട്ടിട്ടുള്ള ചില സ്ഥലങ്ങളോ സംഭവങ്ങളോ
നമ്മെ ചിലപ്പോൾ ത്രസിപ്പിക്കില്ല. എന്നാൽ നാം തീരെ പ്രതീക്ഷിക്കാത്ത, ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത ചിലത് അതിമനോഹരമായിരിക്കുകയും
ചെയ്യും. ഏതാണ്ട് അത്തരമൊരു അത്ഭുതമായിരുന്നു ഞങ്ങളെ കാത്തിരിക്കുന്നത്. ഏതാണ്ട് 20
- 30 മിനിറ്റിനുള്ളിൽ തന്നെ മുഗൾ
ഗാർഡനിൽ എത്തിച്ചേർന്നു. പാർക്കിന്റെ മുൻഭാഗം അല്പം വീതിയേറിയ റോഡ് ആയിരുന്നെങ്കിലും
വലിയ വൃത്തി ഉണ്ടായിരുന്നില്ല. ഒരുപക്ഷെ അവിടെ എന്തോ ചില അറ്റകുറ്റപണികൾ നടക്കുന്നതിനാലാണെന്നു
തോന്നുന്നു. ഞങ്ങളെ വണ്ടിയിൽ നിന്നിറക്കുമ്പോഴും ഡ്രൈവർ ആഷിഖ്, ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമെന്നു പറഞ്ഞു വല്ലാതെ ധൃതി കാണിച്ചു, പെട്ടെന്ന് തന്നെ ടിക്കറ്റ് എടുക്കാനായി ഞാൻ കൗണ്ടറിലേക്കു പോയി.
മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 15 രൂപയും ആയിരുന്നെന്നാണ് എന്റെ ഓർമ്മ. അൽപനിമിഷങ്ങൾക്കുള്ളിൽ
തന്നെ ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. ആദ്യകാഴ്ചയിൽ തന്നെ നമ്മെ വല്ലാതകർഷിച്ചു വിസ്മയിപ്പിക്കുന്ന
ഒന്ന് തന്നെയായിരുന്നു ആ ഉദ്യാനം. ഒരു ബിഗ്ബജറ്റ് സിനിമയിൽ കാണുന്ന പ്രകൃതിദൃശ്യത്തിന്റെ
ഒരു വൈഡ് ഷോട്ട് കാണുന്ന അനുഭൂതി. ഒരു മികച്ച ചിത്രരചന പോലെ കാണുന്ന ഈ ഉദ്യാനം പ്രകൃതി
തന്നെ ഇത്ര മനോഹരമായി രൂപകൽപ്പന ചെയ്തോ അല്ല, മറ്റെന്തെങ്കിലുമോ എന്നറിയാതെ അന്തിച്ചു നിന്ന ഞാൻ, ഇതിനെക്കുറിച്ചറിഞ്ഞിട്ടു തന്നെ കാര്യം എന്ന ദൃഢനിശ്ചയത്തിൽ
എത്തിച്ചേർന്നു.
കാശ്മീരിൽ മുഗളന്മാർ നിർമിച്ച
6 ഉദ്യാനങ്ങൾ ആണുള്ളത്. നിഷാത്
ബാഗ്, ഷാലിമാർ ബാഗ്, അച്ചബെൽ ബാഗ്, ചഷ്മ ഷാഹി, പാരി മഹൽ,
വെരിനാഗ്. ഇതിൽ ഏതാണ്ട് 50 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന നിഷാത് ബാഗിലാണ്
ഞങ്ങൾ പോയത്." സന്തോഷത്തിന്റെ ഉദ്യാനം (Garden of ഗ്ലാഡ്‌നെസ്സ്)" എന്നറിയപ്പെടുന്ന നിഷാത്ബാഗ് പതിനേഴാം
നൂറ്റാണ്ടിൽ (A.D 1634) മിർസാഹ് അബ്ദുൽ ഹസൻ
alias അസഫ് ജാഹ് ആണ് നിർമിച്ചത്.
അദ്ദേഹം ചക്രവർത്തിനി നൂർജഹാനിന്റെ സഹോദരനും ഷാജഹാൻ ചക്രവർത്തിയുടെ ഭാര്യപിതാവും ആയിരുന്നു.12 വ്യത്യസ്ത
പ്രതലങ്ങളായി (അടുക്കുകളായി) ഈ ഉദ്യാനം ക്രമീകരിച്ചിരിക്കുന്നു.ഇവ ജ്യോതിശാസ്ത്രത്തിലെ
12 രാശികളെ പ്രതിനിധീകരിക്കുന്നു.ഒഴുകി
വരുന്ന തെളിനീരും കാതിനു കുളിർമയേകുന്ന അവയുടെ
ശബ്ദവും ചിനാർ വരയിട്ട തണൽ നിറഞ്ഞ വഴികളുടെ ദൃശ്യങ്ങളും എല്ലാം ചേർന്ന് ഭൂമിയിൽ ഒരു
ജന്നത്തുൽ ഫിർദൗസിന്റെ ചെറുപതിപ്പു കോറിയിട്ടതാണോ എന്ന് തോന്നിപ്പിക്കുന്നുണ്ടായിരുന്നു. പച്ച പിടിച്ച പർവ്വതങ്ങളോടും
തടാകത്തിനോടും ഇഴുകി ചേർന്ന് നിൽക്കുന്ന ആ സുന്ദരഭൂമി, കാശ്മീരിനെ "ഭൂമിയിലെ സ്വർഗം" എന്ന വിളിക്കുന്നതിൽ ഒരു അനൗചിത്യവും ഇല്ല എന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
ഉദ്യാനത്തെയും
തടാകത്തെയും ബന്ധിപ്പിക്കുന്ന ഇടം ഇന്ന് റോഡ് ആണ്. ആയതിനാൽ ഇപ്പോൾ പാർക്കിന്റെ കവാടത്തിനു
അഭിമുഖമായാണ് തടാകമായുള്ളത്. നാം പാർക്കിനകത്തേക്കു പ്രവേശിച്ചു മുന്നോട്ടു പോകുമ്പോൾ
വിവിധ തട്ടുകളായി തിരിച്ചിരിക്കുന്നു.അതിനാൽ അതിൻ്റെ നടുവിലൂടെ നീണ്ടു നീണ്ടു പോകുന്ന
നടപ്പാതയിൽ ഇടയ്ക്കിടെ ചവിട്ടു പടികൾ ഏറെ ഉണ്ട്.പാർക്കിനകത്തേക്കു പ്രവേശിച്ചു അല്പം
ഒന്ന് മുൻപോട്ടു പോയി, തടാകത്തിനു അഭിമുഖമായി
നോക്കിയാൽ തന്നെ, അതിനിടയിൽ ഒരു റോഡ്
ഉള്ളതായി അനുഭവപ്പെടില്ല. ആ തടാകം ഈ ഉദ്യാനതീരത്ത് ഇഴുകിച്ചേർന്നു നിൽക്കുന്നതായേ അനുഭവപ്പെടൂ.
നടപ്പാതയിലൂടെ നടക്കുമ്പോൾ, വിരിമാറിൽ പച്ചപ്പ്
നിറച്ചു മറ്റേ അറ്റത്ത് ഒരു അതിർത്തികാവൽക്കാരനെ പോലെ നിൽക്കുന്ന പർവ്വതനിരകൾ ഈ ഉദ്യാനത്തിനേകുന്ന
മനോഹാരിത കുറച്ചു ഒന്നുമല്ല. അല്ലെങ്കിലും അതിമനോഹരമായ ഒരു പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ എന്തിന്റെയും സൗന്ദര്യത്തിന്റെ
മാറ്റു കൂടും. നടപ്പാതയുടെ ഇടതു വശത്തും വലതു വശത്തുമായി വിശാലമായ പുൽമേടുകളിൽ ഫലവൃക്ഷങ്ങളും ധാരാളം ചെടികളും
കാണപ്പെട്ടു. ചെടികളെല്ലാം തന്നെ ഭംഗിയുള്ള പുഷ്പങ്ങൾ തലയിൽ ചൂടി അതിസുന്ദരികളായി
അണിഞ്ഞൊരുങ്ങിയിരുന്നു. ഇതിനിടയിൽ കൂടി നടപ്പാതയുടെ അതെ വീഥിയിൽ ഒരു ജലാശയവും ഒഴുകി
നീങ്ങുന്നുണ്ടായിരുന്നു.
അകത്തു പ്രവേശിച്ച ഉടനെ, എല്ലാവരും ഉദ്യാനത്തിന്റെ വിവിധയിടങ്ങളിലേക്കു പരന്നൊഴുകാൻ
തുടങ്ങി. കുട്ടികളും മുതിർന്നവരും ഒരുപോലെ കാഴ്ചകളെ ഒപ്പിയെടുക്കാൻ അലഞ്ഞു. നിമിഷാർധങ്ങൾക്കുള്ളിൽ
കാഴ്ചാശ്ലേഷണദൗത്യം മൊബൈലുകൾ ഏറ്റെടുത്തു. എല്ലാവരും വ്യത്യസ്തവും മനോഹരവുമായ പശ്ചാത്തലങ്ങൾക്കും
ഭാവാവതാരണങ്ങളിലേക്കും തിരിഞ്ഞു. ആദിത്യൻ പോയി മറയുന്നതിനു മുന്നേ ഫോട്ടോകളെടുത്തു
കൂട്ടാൻ എല്ലാവരും തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഫോട്ടോകളെടുക്കുമ്പോൾ തന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന
മാടമ്പള്ളിയിലെ മനോരോഗി, നൂഫ്ത്താത്ത (വാലീദ്ക്കാന്റെ പ്രിയപത്നി ) യുടെ
ഉള്ളിൽ നിന്നും പുറത്തേക്കു വരുന്നത് കണ്ടത്. ഒരേ സ്ഥലത്തു ഒരു ഫോട്ടോ കണ്ണട വെച്ചും
വെക്കാതെയും എത്ര എടുത്തിട്ടും , തൃപ്തി വരാതെ വീണ്ടും
വീണ്ടും ക്യാമറക്കണ്ണുകൾ ചലിച്ചു കൊണ്ടേയിരുന്നു.ഈ ടൂറിൽ ഏറ്റവും കൂടുതൽ ഫോട്ടോകൾ എടുത്തു
സായൂജ്യം അടയാൻ പോകുന്ന ഗംഗ ഇതാണെന്നു ഞാൻ തിരിച്ചറിയുകയായിരുന്നു. എന്നേക്കാൾ വലിയൊരു
ഫോട്ടോമാനിയാക്കിനെ കണ്ടു ഞാൻ ഭയപ്പെട്ടു. തുടർന്ന് എല്ലാവരും ഒരുപാടു സുന്ദരനിമിഷങ്ങൾ
ചിലവഴിച്ച ശേഷം, നർമ്മസല്ലാപങ്ങളിലേക്കു
തിരിഞ്ഞു. ഇതിനിടെ തന്റെ യാത്രപറച്ചിലിന്റെ മുന്നോടിയെന്നോണം സൂര്യൻ , വാനം നിറയെ, ചെഞ്ചായം പൂശി തുടങ്ങിയിരുന്നു. ഏതാണ്ട് ഏഴരയോടെയാണ് സന്ധ്യ
വന്നണയുന്നത്. അതിനാൽ ഞങ്ങൾക്ക് ആവശ്യത്തിലേറെ സമയം അവിടെ ചിലവഴിക്കാൻ ആയിരുന്നു. ഇരുട്ട്
വന്നണയുന്നതിനു മുൻപ്, ഞങ്ങളെല്ലാവരും,
പതിയെ പുറത്തേക്കു കടന്നു. എതിരെയുള്ള ഒരു കടയിൽ
നിന്ന് ആവശ്യത്തിന് കുടിവെള്ളബോട്ടിലുകൾ വാങ്ങുമ്പോഴേക്കും ഞങ്ങളുടെ സാരഥി ആഷിഖ് കുതിച്ചെത്തി
ഒരു സഡൻ ബ്രേക്ക് ഇട്ടു നിർത്തി.
എല്ലാവരും ഹോട്ടൽ മുറികളിലെത്തി ചേർന്ന്,
ഫ്രഷായി അല്പസമയത്തിനുള്ളിൽ തീന്മുറിയിൽ എത്തിച്ചേർന്നു.
നോർത്ത് ഇന്ത്യൻ പാചകരീതിയിലുള്ള നിരവധി ഭക്ഷണങ്ങൾ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.
ഭക്ഷണശേഷം എല്ലാവരും അവരവരുടെ മുറികളിലേക്ക് തിരിച്ചു. ക്ഷീണം തീർത്തു അടുത്ത പുലരിയിൽ
കുതിച്ചെഴുന്നേൽക്കാൻ... ആദ്യം ദിനം മനോഹരമായ നിർവൃതിയിലും വരാനുള്ള ദിനങ്ങൾ ഒരുക്കിവെച്ചിരിക്കുന്ന
കാഴ്ചകൾ എന്തൊക്കെയായിരിക്കുമെന്നു സങ്കൽപ്പിച്ചും ഞാൻ നിദ്രയിലേക്ക് വഴുതി വീണു. ഗാഢനിദ്രയിലാഴ്ന്ന
ഞങ്ങളെ എഴുന്നേൽപ്പിക്കാതെ പുറത്തു അപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. കാലത്തു എഴുന്നേറ്റു
ആപ്പിൾ മരം കാണാനായി ജനൽ തുറന്നപ്പോൾ തലേരാത്രിയിലെ മഴയുടെ അവശേഷിപ്പുകളും നനഞ്ഞു കുതിർന്നു ഈറനണിഞ്ഞു
നിൽക്കുന്ന മരങ്ങളും കണ്ടപ്പോൾ ഭൂമിയിലെ സ്വർഗം സ്നേഹം ചൊരിഞ്ഞു ഞങ്ങളെ വരവേറ്റതാണെന്നു
തോന്നി.
നല്ല എഴുത്ത്
ReplyDelete