കാശ്മീർ ഡയറീസ് (Travelogue) Chap.2 - സമ്പർക് ക്രാന്തി എക്സ്പ്രസ്സ്
2
ട്രെയിൻ യാത്രയുടെ മനോഹാരിത അതിന്റെ സ്ഥിരത
ആണ്.. നാം ചലിച്ചു കൊണ്ടിരിക്കുകയാണെന്ന് ഒരു തോന്നൽ ഉണ്ടാക്കാതെ താളാത്മകമായുള്ള ഒരു
ചലനം. റോഡിലാണെങ്കിലും ഫ്ലൈറ്റിലാണെങ്കിലും വേഗത്തിന്റെ പെട്ടെന്നുള്ള കൂട്ടലും കുറക്കലും
കാരണം പലപ്പോഴും നാം അസ്വസ്ഥരാകാറുണ്ട്. ഗാഢനിദ്രയെപ്പോലും കീറി മുറിക്കാറുണ്ട്. എന്നാൽ
ട്രെയിൻ അങ്ങനെയല്ല, നമ്മുടെ ചിന്തകളെയോ ആലസ്യമാർന്നൊരു ചെറു നിദ്രയെപ്പോലും
അലോസരപ്പെടുത്തില്ല. അതിന്റെ താളാത്മകതയും ശബ്ദവും സ്ഥിരതയാർന്ന വേഗവും പലപ്പോഴും ഒരു
താരാട്ടു പോലെ മനോഹരമാകാറുണ്ട്. ശീതീകരിച്ച സ്ലീപ്പർ കോച്ച് ആയതിനാൽ അപരിചിതരുടെ വരത്തു
പോക്കുകൾ കുറവായിരുന്നു.അല്പസമയത്തെ ഇരിപ്പുറപ്പിക്കലുകൾക്കു ശേഷം ഒരു ജനലിന്നരികെ
പിടിച്ചു ദൃഷ്ടിയെ ദൂരേക്ക് പായിച്ചു യാഥാസ്ഥികമായ ഒരു ട്രെയിൻ യാത്രയുടെ ശരീരഭാഷയിലേക്കു
ഞാൻ എന്നെ തന്നെ ഒരുക്കിയെടുത്തു. ഏതാണ്ട് കണ്ണൂർ ഒക്കെ പിന്നിട്ടപ്പോൾ മേഘങ്ങൾ വീണ്ടും
വർഷിക്കാൻ തുടങ്ങി. ചില്ലുജാലകങ്ങളിലൂടെ ചിത്രരചന നടത്തി മഴത്തുള്ളികൾ ഭൂമിയിലേക്ക്
ഊർന്നിറങ്ങി. പുഴകൾക്കു കുറുകെയുള്ള ഇരുമ്പുപാലങ്ങളിൽ കയറുമ്പോൾ തൻ്റെ സംഗീതാലാപനം
ഉച്ഛസ്ഥായിയിലാക്കി തൻ്റെ യാത്രക്കാരെ ഉത്തേജിപ്പിക്കുന്നതിൽ ട്രെയിനിന് ഒരു പ്രത്യേകരസമുള്ള
പോലെ തോന്നി. ഏതാണ്ട് അടുത്ത നാല്പത് മണിക്കൂറുകൾക്കു ഞങ്ങളുടെ വാസസ്ഥലമാണീ സഞ്ചരിക്കുന്ന
ഇരുമ്പുപേടകം.
ഇന്നത്തെ ജോലി അവസാനിപ്പിച്ചു അറബിക്കടലിലേക്ക്
ഊളിയിടാനൊരുങ്ങിയ സൂര്യന്റെ തീരുമാനം , ട്രയിനിലെ ലൈറ്റുകൾ തെളിയിക്കുന്നതിന് വഴിവെച്ചു. ഇതിനിടയിൽ കുട്ടികൾ പലതരം കളികളിലും
മുതിർന്നവർ ലോകകാര്യങ്ങൾ ചർച്ച ചെയ്യുന്നതിലും, സ്ത്രീരത്നങ്ങൾ വ്യക്തി-സംഭവ-സാഹചര്യ അവലോകനവിശകലനങ്ങളിലേക്കും
തിരിഞ്ഞിരുന്നു. (ഈ മഹത്ചർച്ചയെ കേവലം പരദൂഷണം എന്ന് വിളിച്ചു തരം താഴ്ത്തുന്ന ചിലരുണ്ട്)
അതുപോലെ തന്നെ പുരുഷകേസരികൾ ലോകകാര്യങ്ങളും രാഷ്ട്രീയവും ചർച്ച ചെയ്യുന്നതിനാൽ മാത്രമാണല്ലോ
ലോകം മുന്നോട്ടു ചലിക്കുന്നത്.അല്പനേരത്തിനു ശേഷം, ഏതാണ്ട് രണ്ടു ദിവസത്തേക്ക് പല ബാഗുകളിലായി കരുതിയിരുന്ന ഭക്ഷണസാധനങ്ങൾ
രംഗപ്രവേശനം ചെയ്യാൻ തുടങ്ങിയിരുന്നു. അതും ഗന്ധ അകമ്പടിയോടെ തന്നെ..
പല പല പൊതികളിൽ നിരവധി
കൈകൾ കടന്നാക്രമിച്ചു ഉദരശമനം നടത്തിക്കൊണ്ടിരുന്നു. തൊട്ടു അപ്പുറത്തെ ക്യാബിനിൽ ഒരുപറ്റം
കോളേജ് വിദ്യാർത്ഥികൾ ആണ് ഉണ്ടായിരുന്നത്, അവർ ഇതിനിടെ ഞങ്ങളുമായി സൗഹൃദസംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നു. അതിനിടവെച്ചത് എന്റെ
മകനായിരുന്നു. മുന്നറിയിപ്പില്ലാതെ അവനവർക്കിയിലേക്കു കടന്നു ചെന്ന് അവരുടെ കളികളിലും
സംഭാഷണങ്ങളിലും ഭാഗവാക്കായി. മക്കൾ രണ്ടു പേരും ആദ്യ ട്രയിൻ യാത്രയും അതോടൊപ്പം സാമൂഹ്യവത്കരണപ്രക്രിയയും
നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. അവരത് ആസ്വദിക്കുന്നത് ഞങ്ങളും ആസ്വദിക്കുന്നുണ്ടായിരുന്നു.
ആ കോളേജ് കുട്ടികൾ പഞ്ചാബിലാണ് പഠിക്കുന്നത്, ഞങ്ങളുടെ യാത്ര അവസാനിച്ചതിന് ശേഷവും അവർ ഇനിയും മുന്നോട്ടു
പോവും. പുതുതലമുറ അല്ലെ,മുന്നോട്ടു പോവട്ടെ,
ഏറെ മുന്നോട്ടു പോയി, മറ്റുള്ളവരെയും മുന്നോട്ട് നയിക്കട്ടെ... ട്രയിനിലെ രാത്രികൾ
ഭക്ഷണത്തോടെ അവസാനിക്കാറാണ് പതിവ്. ഏതെങ്കിലും ഒരു ക്യാബിനിൽ പ്രകാശമണഞ്ഞാൽ അതൊരു സൂചന
ആണ്... പിന്നെ പതിയെ ആ അന്ധകാരം തൊട്ടടുത്തുള്ള കൂപ്പകളിലേക്കും വ്യാപിക്കും. പിന്നെ
എല്ലാ കൂപ്പകളും 3 നിരയുള്ള ശയ്യകളാകും.
പക്ഷെ, നിദ്ര വന്നു പുൽകുവാൻ ആഴമേറിയ
ചിന്തകളിലേക്ക് വഴുതി വീഴാൻ ആരും തയ്യാറല്ല. പകരം,അവരവരുടെ മൊബൈലുകളിൽ വ്യാപൃതരാണ്, ഈയുള്ളവനടക്കം. പതിയെ എപ്പോഴോ ഉറക്കത്തിലോട്ടു പോയി. എങ്കിലും
കൃത്യമല്ലാത്ത പല ഇടവേളകളിൽ ഞെട്ടിയുണർന്നു വീട്ടിൽ അല്ല ഉള്ളതെന്ന് തിരിച്ചറിഞ്ഞു.
ട്രയിനിലെ
പ്രഭാതങ്ങൾ അതിമനോഹരമാണ്. ഒന്നുമറിയാതെ ഉറങ്ങുന്ന നമ്മൾ, ഇതൊരു പതിവ് ദിനമോ, പതിവ് ഉറക്കമോ അല്ലെന്ന തിരിച്ചറിവോടു കൂടി എഴുന്നേൽക്കുന്നത്
തന്നെ ഒരു രസമാണ്... ഊഴം കാത്തു നിന്ന് പല്ലു തേച്ചു, ഇടുങ്ങിയ ശുചിമുറിയിലും മങ്ങിയ കണ്ണാടിക്കു മുന്നിലും പ്രഭാതകൃത്യങ്ങൾ തീർത്തു
നമസ്കാരാനന്തരം പെട്ടെന്ന് തന്നെ ഞാൻ ഒരു ജനലിന്നരികെ സ്ഥാനം പിടിച്ചു. ഈ യാത്ര പദ്ധതിയിട്ടപ്പോൾ
മുതൽ മനസ്സിൽ രൂപം കൊടുത്തൊരു ചിത്രമായിരുന്നു, പ്രഭാതത്തിൽ ജനലിനരികെ
ഇരുന്നു , പിന്നോട്ട് ഓടുന്ന എല്ലാ കാഴ്ചകളെയും ഒപ്പിയെടുക്കണമെന്നത്.
കുഞ്ഞുനാളിൽ മദിരാശിയിൽ പോയ ഓർമയിലെ ഏറ്റവും തെളിഞ്ഞു നിൽക്കുന്ന ഒരോർമ പ്രഭാതത്തിലെ
ട്രെയിനിൽ നിന്നുള്ള കാഴ്ചകളായിരുന്നു. എന്നാൽ സ്വപ്നം കണ്ടതിലേറെ മനോഹരമായിരുന്നു
ആ പ്രഭാതം. കാർമേഘാവൃതമായ മാനത്തു സൂര്യരശ്മികൾ വരില്ലെന്ന് ശഠിച്ചിരുന്നു. ചെറുതല്ലാത്ത
തോതിലുള്ള മഴ ട്രയിനിലെ സ്ഫടികജനൽപാളികളെ കഴുകിക്കൊണ്ടേയിരിക്കുന്നു. സിഖശീതളിമയാർന്ന
തണുപ്പും മങ്ങിയ വെളിച്ചത്തിലുള്ള പുറം കാഴ്ചകളും മഴയുടെ നേർത്ത ശബ്ദവും... ആ നിമിഷത്തിൽ
ഈ ഭൂമിയിലെ ഏറ്റവും സുന്ദരവും ശാന്തവും ആയൊരു സ്ഥലം ഇവിടെ മാത്രമാണെന്ന് തോന്നി പോകും. കരിമ്പാറകൾക്കിടയിലൂടെ കടന്നു പോകുന്ന ട്രെയിൻ ഇടയ്ക്കിടെ
ചില തുരങ്കങ്ങളിൽ കയറിയിറങ്ങി അന്ധകാരം പടർത്തി ഭയപ്പെടുത്താനുള്ള ചില വിഫലശ്രമങ്ങളും
നടത്തുന്നു. വീണ്ടും, മലയിടുക്കുകളും, പുഴയും,പച്ചപ്പും, അകമ്പടിക്കു മഴയും. കാഴ്ചകൾ മുഴുവനായും ഹൃദയത്തിലേക്ക്
പതിപ്പിച്ചെടുക്കാൻ കണ്ണുകൾ വിടർന്നിരുന്നു. ആ ഒരു സുന്ദര നിമിഷത്തിലാണ് , ഈ യാത്ര ഞാൻ തൂലികയിലൂടെ പകർത്തുമെന്നു തീരുമാനിച്ചത്. അതിന്റെ ആദ്യ പടിയെന്നോണം
ഒരു കൊച്ചുഡയറിയിൽ ചില വരികൾ കോറിയിടുകയും ചെയ്തു.കടന്നുപോയിക്കൊണ്ടിരിക്കുന്ന സ്ഥലം
രത്നഗിരി ആണെന്നത് അല്പനേരത്തിനു ശേഷമാണ് മനസ്സിലാക്കിയെടുക്കാനായത്. ഒരു നിമിഷം എന്റെ
മനസ്സിനെ ആകാശങ്ങളിലേക്കു പായിച്ചു,
ഒരു ഡ്രോൺ ക്യാമെറയിൽ എന്ന
പോലെ ഞാൻ ഞങ്ങളെ കണ്ടു. പച്ചപുതച്ച കരിമ്പാറക്കൂട്ടങ്ങൾ, ഇടയ്ക്കിടെ അപ്രതീക്ഷിതമായി ഇരുട്ട് പരത്താനെത്തുന്ന എണ്ണമില്ലാത്തത്ര തുരങ്കങ്ങൾ, മേഘാവൃതമായി ഇരുണ്ട വെള്ള പുതച്ചു മാനം, നേരം പുലർന്നിട്ടും, തന്റെ നെറ്റിയിലെ വെളിച്ചം അണക്കാതെ പുക തുപ്പിക്കൊണ്ട് ഞങ്ങളെയും കൊണ്ട് ഒരു കൊള്ളിയാൻ
കണക്കെ പായുന്ന തീവണ്ടി...! ചായ..ചായ .. എന്ന പ്രത്യേക ഈണത്തിലുള്ള വായ്ത്താരി കേട്ട്
പെട്ടെന്നു ചിന്തകളിൽ നിന്നുണർന്നു. അയാളിൽ
നിന്നും ഒരു ചായ വാങ്ങി, ചായയുടെ ചൂട് ബോധ്യപ്പെടുത്താനെന്നോണം ചുണ്ടുകളാൽ
ചെറിയൊരു ശബ്ദത്തോടെ പതിയെ പതിയെ നുകർന്ന് വീണ്ടും ദൃഷ്ടിയെ ദൂരേക്ക് പായിച്ചു. ഇമ വെട്ടാൻ മടിക്കുന്ന കണ്ണുകളും , കാഴ്ചകളെ മൊത്തിയെടുക്കാൻ തുടിക്കുന്ന ഹൃദയവുമായി ഒരുപാട് നേരം അങ്ങനെ ഇരുന്നു.
ഒരുപക്ഷെ, വർഷങ്ങളായുള്ള മരുഭൂവിന്റെ നാട്ടിലെ പ്രവാസമായിരിക്കാം
ഈ കാഴ്ചകളെ ഇത്രമേൽ ഹൃദിസ്ഥമാക്കുന്നത്. അല്ലെങ്കിലും കാത്തു കാത്തിരുന്നു കാണുന്ന
കാഴ്ചകൾക്ക് മാധുര്യമേറുമല്ലോ....
Comments
Post a Comment