കാശ്മീർ ഡയറീസ് (Travelogue) Chap.5- ശ്രീ നഗർ



 5

                 മേഘങ്ങൾക്കിടയിലൂടെ നമ്മെയും വഹിച്ചു പോവുന്ന വിമാനയാത്ര പലപ്പോഴും വ്യത്യസ്തമായ ചിന്തകൾ ഉടലെടുക്കുന്നിടമാണ്. എല്ലാ യാത്രികരിലും തീരെ ചെറിയ ഒരു ഭയമെങ്കിലും ഉള്ളിന്റുള്ളിൽ ഉണ്ടാവാറുണ്ട്. ആകാശത്തിലാണ്, എല്ലാം ദൈവത്തിന്റെ കയ്യിലാണ്... തീരെ ചെറിയ മർദ്ദമാറ്റങ്ങൾ പോലും വലിയ ആഘാതങ്ങൾ ഉണ്ടാക്കുന്ന ഇടമാണ്. കേമന്മാരെന്നു അഹങ്കരിക്കുന്ന നാം എത്ര നിസ്സാരരാണെന്നും നമ്മുടെ കയ്യിൽ അല്ല എല്ലാമുള്ളതെന്നും നമ്മെ ഓർമപ്പെടുത്തുന്ന അവസരങ്ങളിൽ ഒന്നാണിത്.

         ഏതാണ്ട് 70 മിനിട്ടു യാത്രക്ക് ശേഷം വിമാനം ശ്രീനഗർ എയർപോർട്ടിൽ ലാൻഡ് ചെയ്തു.ഡല്ഹിയിലെപോലെ കോൺക്രീറ്റ് വനങ്ങൾ ഇല്ല. പച്ചപ്പും കുറെയേറെ വീടുകളും പാടങ്ങളുമെല്ലാം. കേരളത്തിലെ പച്ചപ്പുകൾ തെങ്ങുകളാൽ സമൃദ്ധമാണെങ്കിൽ ഇവിടം പാടങ്ങളും മറ്റു മരങ്ങളുമാണ്. മഞ്ഞുകാലമല്ലാത്തതിനാലാവാം ഇങ്ങനെയൊരു കാഴ്ച. ഒരുപക്ഷെ, മഞ്ഞുകാലമായിരുന്നെങ്കിൽ വെള്ളകമ്പിളി പുതച്ച ഭൂമിയായിരിക്കാം എന്ന് ഞാൻ ഊഹിച്ചു.ശ്രീനഗർ എയർപോർട്ട് തീരെ ജന നിബിഢമല്ലായിരുന്നു. ഒരു ഉത്സവപിറ്റേന്നിന്റെ പ്രതീതി ഉളവാക്കുന്ന ഒരു ചെറിയ എയർപോർട്ട്. സാധാരണ എയർപോർട്ടുകളിലെ തിരക്കും ശബ്ദമുഖരിതയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന് ചേർന്ന ഒരു ചെറിയ എയർപോർട്ട്. ഫോട്ടോഗ്രാഫിക്കു  കർശനമായ നിരോധനം ഉണ്ടെന്നു വിമാനത്തിൽ വെച്ച് ലഭിച്ച മുന്നറിയിപ്പിനെ ഓർമിപ്പിക്കാനെന്ന പോലെ അതെ നിർദേശമുള്ള ബോർഡുകൾ എല്ലായിടങ്ങളിലും കാണപ്പെട്ടു.എയർപോർട്ട് മുഴുവൻ പട്ടാളസുരക്ഷയിലാണ്. സാധാരണ ഒരു എയർപോർട്ടിൽ കാണുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടി പട്ടാളക്കാരും സുരക്ഷാപരിശോധനകളും ആവശ്യമില്ലാത്തൊരു ചെറിയ പരിഭ്രാന്തിയിലേക്കും ജാഗ്രതയിലേക്കും ഞങ്ങളെ എല്ലാവരെയും നയിച്ചു. അല്ലെങ്കിലും പലപ്പോഴും നിശബ്ദതയ്ക്കു ആണല്ലോ ബഹളത്തെക്കാൾ തീവ്രത കൂടുതൽ. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ഞങ്ങൾ 2 പുതിയ സിം കാർഡുകൾ വാങ്ങി. മറ്റു സംസ്ഥാനങ്ങളിലെ prepaid കണക്ഷനുകൾ കാശ്മീരിൽ പ്രവർത്തിക്കുകയില്ലെന്നു ടൂർ ഓപ്പറേറ്റർ മുൻകൂട്ടി അറിയിച്ചിരുന്നു. അങ്ങനെ പതിനഞ്ചിലധികം ഫോണുകൾ പെട്ടെന്ന് 2 ഫോണുകളിലേക്ക് ചുരുങ്ങി. ആ രണ്ടു ഫോണുകൾ കയ്യിലെടുത്തു ഗമയോടെ നടക്കുന്ന പാവം ഫഹദ്‌കയും അനുകാക്കയും (അൻവർ അഥവാ അമ്പർക്ക(എന്റെ മക്കൾ വിളിക്കുമ്പോൾ)) അറിയുന്നില്ലല്ലോ അവരുടെ വൈഫൈ ഹോട്സ്പോട്ടിനു ഇനി വിശ്രമമില്ലാത്ത ദിനങ്ങൾ ആണെന്ന്...!!!



                നമ്പർ കിട്ടിയ ഉടനെ തന്നെ ടൂർ ഓപ്പറേറ്റർ കൈമാറിയ ഡ്രൈവറെ ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം ഉടൻ തന്നെ ഞങ്ങളെ കണ്ടെത്തി. പേര് ആഷിഖ് ആണെന്ന് പരിചയപ്പെടുത്തിയ ഉടൻ , ഞങ്ങളെയും കൊണ്ട് പുറപ്പെടാൻ അദ്ദേഹം ദൃതി കാണിച്ചു. ബാഗുകളും മറ്റു സാധനങ്ങളുമൊക്കെ എടുത്തു പെട്ടെന്ന് തന്നെ വണ്ടി ലക്ഷ്യമാക്കി നടന്നു. 17 ആളുകൾക്ക് ഇരിക്കാവുന്ന ഒരു ടെമ്പോ ട്രാവലർ ആയിരുന്നു അത്. ഞങ്ങൾ ചെറിയ കുട്ടികൾ ഉൾപ്പെടെ 17 പേരാണുണ്ടായിരുന്നത്. എല്ലാ ബാഗുകളും വണ്ടിയുടെ മുകളിൽ കെട്ടി വെച്ച്, ഹോട്ടൽ ലക്ഷ്യമാക്കി വണ്ടി പുറപ്പെട്ടു. യാത്രാമധ്യേ തന്നെ, എല്ലാവരും ഹോട്ടലിൽ നിന്ന് പെട്ടെന്ന് റെഡി ആയി ഇറങ്ങണമെന്നും, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നമുക്ക് ഇന്ന് തന്നെ 1 - 2  സ്ഥലങ്ങളിൽ പോകാനുള്ളതാണെന്നും  ഡ്രൈവർ ആഷിഖ് പ്രത്യേകം ഓർമപ്പെടുത്തി. ഹോട്ടലിൽ എത്തി ചേർന്ന ഉടനെ റൂമുകളുടെ താക്കോലുകൾ ലഭിക്കാനും രെജിസ്റ്ററിൽ രേഖപ്പെടുത്താനുമൊക്കെയായി, അൽപ സമയം ലോബിയിൽ തന്നെ ചിലവഴിച്ചു. അപ്പോഴേക്കും, മനോഹരമായ കാശ്മീരി ഖാവ തന്നു ഞങ്ങളെ വരവേൽക്കാൻ ചില സ്റ്റാഫുകൾ എത്തി. ഞങ്ങൾ എല്ലാവരും തന്നെ ആദ്യമായി കഴിക്കുകയായിരുന്നു കശ്‍മീരി ഖാവ. ഇളം സ്വർണനിറത്തിൽ കാണപ്പെട്ട ഖാവ ആദ്യകാഴ്ചയിൽ ഒരു പൈനാപ്പിൾ സിറപ്പ് പോലെ തോന്നിച്ചു.അല്പം സങ്കോചത്തോടെ കുടിച്ചു തുടങ്ങിയെങ്കിലും, അറേബ്യൻ ഖാവ പോലെ തീരെ മധുരമില്ലാത്തതല്ലായിരുന്നു അത്. രുചിയുണ്ടെന്നു മനസ്സിലായപ്പോൾ സോഫയിൽ ചാരിയിരുന്നു ആസ്വദിച്ചു കുടിക്കാൻ തുടങ്ങി. യാതൊരു ധൃതിയും കാണിക്കാതെ ലോബിയിൽ തന്നെ സമയം പാഴാക്കുന്ന ഞങ്ങളെ , ദൂരെ നിന്നും ആഷിഖ്, സിഗരറ്റിന്റെ പുക പുറത്തേക്കു തള്ളിക്കൊണ്ട്  ദയനീയമായി നോക്കുന്നുണ്ടായിരുന്നു. ഞാൻ അത് കണ്ടില്ലെന്ന മട്ടിൽ, ഖാവ ഗ്ലാസ്സിലേക്കു തന്നെ ശ്രദ്ധ ചെലുത്തി. അപ്പോഴാണ്, അതിന്റെ മേൽപ്പാളിയിൽ ഒരു വെളുത്ത പൊടി കിടക്കുന്നത് ശ്രദ്ധിച്ചത്. അത് ഈ ഖാവയുടെ രുചിക്കൂട്ടിൽ പെട്ടതാണെന്ന് മനസ്സിലായി. ഖാവക്കു പകരം ചായ ആവശ്യപ്പെട്ട 1 - 2  പേർക്ക് അപ്പോഴേക്കും ചായയും വന്നിരുന്നു. ചാവി കിട്ടിയ ഉടൻ എല്ലാവരും റൂമുകളിലേക്ക് പോകാൻ ധൃതിപ്പെട്ടു. ചിലർ ലിഫ്റ്റിലും മറ്റു ചിലർ ഏണിപ്പടികളിലൂടെയും മുകളിലേക്കെത്തി. ഒന്നാം നിലയിൽ അടുത്തടുത്തായി ഏഴു മുറികൾ. ബഹുകുശാൽ...! വീതിയും വിസ്താരവുമേറിയ വൃത്തിയുള്ള മുറികൾ. ആർക്കും പരാതികൾ ഏതുമില്ല. എന്നത്തേയും പോലെ തന്നെ, ഹോട്ടൽ മുറികളിൽ എത്തിയാൽ നടത്തുന്ന സൂക്ഷ്മ പരിശോധനകളിലേക്കു എന്റെ നല്ലപാതി അപ്പോഴേക്കും കടന്നിരുന്നു. ഞങ്ങളുടെ ജനൽപാളികൾ തുറന്നു താഴെ ഒരു ആപ്പിൾ മരമുള്ളതും അതിൽ ആപ്പിൾ കായ്ച്ചുനിൽക്കുന്നതും അവളപ്പോഴേക്കും കണ്ടെത്തികഴിഞ്ഞിരുന്നു. ഹോട്ടലിനു ചുറ്റിലും ഇരുനിലയുള്ള ഒരുപാട് വീടുകൾ ഉണ്ടായിരുന്നു. എല്ലാ വീടുകൾക്കും വ്യത്യസ്ത വലിപ്പത്തിലുള്ള മുറ്റങ്ങളും, വ്യത്യസ്ത ഡിസൈനുകൾ ഉള്ളതും പല കാലപ്പഴക്കങ്ങളിലുള്ളതാണെങ്കിലും എല്ലാ വീടുകളുടെയും മേൽക്കൂരകൾ ഒരു പോലെയിരുന്നത് ഞാൻ ശ്രദ്ധിച്ചു. എല്ലാം, ഇരുമ്പിന്റെ ഷീറ്റുകൾ കൊണ്ട് മേഞ്ഞവ. ഓട് മേഞ്ഞതോ കോൺക്രീറ്റ് ചെയ്തതോ ആയ ഒരു വീട് പോലുമില്ലായിരുന്നു. അതും ഏതാണ്ട് എല്ലാ ഷീറ്റുകളും വീടുകൾക്ക് മേൽ കുത്തനെ നിർത്തിയിരുന്നു. ശിശിരകാലത്തെ കനത്ത മഞ്ഞുവീഴ്ച, വീടുകൾക്ക് കേടുപാട് വരുത്താതിരിക്കാനാണ് ഇത്തരം മേൽക്കൂരകൾ എന്ന് ഞാൻ മനസ്സിലാക്കി. പിന്നീട് ഉടൻ തന്നെ കുളി പാസ് ആക്കി വസ്ത്രം മാറി എല്ലാവരും റൂമുകളിൽ നിന്ന് താഴെ ലോബിയിലേക്കു എത്തിച്ചേർന്നു തുടങ്ങി. ഒരു ടൂറിനിടയിൽ ഓരോ തവണയും റൂമുകളിൽ നിന്നുള്ള പുറപ്പെടൽ അത്യധികം രസമുള്ള ഓരോന്നാണ്. ഓരോരുത്തരും എന്ത് എന്ത് വസ്ത്രങ്ങളിലാണ് വരുന്നതെന്ന് കാത്തിരിക്കുകയും , തന്റേതു മോശമായില്ലെന്നു ഉറപ്പു വരുത്തുകയും ഒക്കെ ചെയ്യുന്ന വേളകളാണത്. ഒരു കൊച്ചു ഫാഷൻ ഷോയിൽ റാമ്പ് വാക് ചെയ്തു വരുന്നതെന്ന പോലെ എല്ലാരും എത്തി ചേർന്നു. ഞങ്ങളെ കാത്തു പുറത്തു തന്നെ ആഷിഖ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. തന്റെ അക്ഷമ വെളിയിൽ പ്രകടിപ്പിക്കാതെ....




Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്