കാശ്മീർ ഡയറീസ് (Travelogue) Chap.4 - ദില്ലി

 

4

സ്റ്റേഷന് പുറത്തു നിന്ന് നഗരത്തെ ആകെ ഒന്ന് കണ്ണോടിച്ചു നോക്കിയ ശേഷം, വീണ്ടും മുൻപ് വിളിച്ച ഡ്രൈവറുടെ ഫോണിൽ വിളിച്ചപ്പോൾ ,ഞങ്ങളെ കാത്തു 55 - 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സർദാർജി  ഏതാണ്ട് അടുത്തായി തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഒരു സഹായി പയ്യനുമുണ്ടായിരുന്നു. ഞങ്ങളെ കണ്ട ഉടനെ അദ്ദേഹം ധൃതി കൂട്ടി ഞങ്ങളെ ബസ്സിലേക്ക് ആനയിക്കാൻ തുടങ്ങി. ബസ് നോ പാർക്കിങ്ങിൽ ആണെന്നും പെട്ടെന്ന് പോയില്ലെങ്കിൽ ഫൈൻ അടിക്കുമെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. ആ സഹായിയും ഞങ്ങളുമെല്ലാം ബാഗുകളുമേന്തി ബസ്സിനെ ലക്‌ഷ്യം വെച്ച് നടന്നു. ധൃതിയിൽ തന്നെ. ഒരു ശരാശരി ഇന്ത്യൻ നഗരത്തിന്റെ ലക്ഷണങ്ങൾ ഒക്കെ ഡൽഹി കാഴ്ചവെച്ചിരുന്നു. വാഹനങ്ങളും ആളുകളുമെല്ലാം തിങ്ങി നിറഞ്ഞിരുന്നു. റോഡുകളിൽ ഇട വിട്ടിടവിട്ടു  ചാണകാവശിഷ്ടങ്ങളും അതിരൂക്ഷമല്ലാത്തൊരു ദുർഗന്ധവും നിറഞ്ഞിരുന്നു.ദുബായ് പോലൊരു വളരെ വൃത്തിയുള്ള നഗരത്തിൽ വര്ഷങ്ങളായി ജീവിക്കുന്നതിന്റെ പ്രതിഫലനം പലരുടെയും മുഖം ചുളിക്കുന്നതിൽ വ്യക്തമായിരുന്നു. പക്ഷെ, യാത്രകളിലും അല്ലാതെയും പെട്ടെന്ന് തന്നെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ഉള്ള വിശേഷാൽകഴിവ് നമ്മൾ മനുഷ്യർക്കുണ്ടല്ലോ... എല്ലാവരും പെട്ടെന്നു തന്നെ ബസ്സിൽ കയറി ബസ് ഓടിത്തുടങ്ങിയപ്പോഴേക്കും എല്ലാവരും ഉറക്കത്തിന്റെയും ക്ഷീണത്തിന്റെയും ആലസ്യത്തിൽ നിന്നും വിട്ടൊഴിഞ്ഞു പ്രസന്നവദനരായി. കൊണാട്ട് പ്ലേസിലൂടെ ഓടിത്തുടങ്ങിയ ബസ് പിന്നീട് സമ്മാനിച്ചതൊക്കെ മനോഹരമായ കാഴ്ചകളായിരുന്നു. നഗരം ഏറെ വൃത്തിയുള്ളതും ഒരുപാട് ട്രാഫിക് ഇല്ലാത്തതും, തെളിഞ്ഞ ആകാശമാർന്ന പ്രഭാതവും കാഴ്ചകളെ മികവുറ്റതാക്കി. പോകുന്ന വഴികളിൽ പലയിടങ്ങളിലും പോലീസും പട്ടാളവും റോന്തു ചുറ്റുന്നതും കാവൽ നിൽക്കുന്നതും കാണാമായിരുന്നു. രാജ്യ തലസ്ഥാനത്താണ് നാമുള്ളതെന്നു ഇടയ്ക്കിടെ ഓർമിപ്പിക്കുന്നതായിരുന്നു ആ കാഴ്ചകൾ. ഏതാണ്ട് അര മണിക്കൂർ കൊണ്ട് തന്നെ ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിചേർന്നു. സാധനങ്ങൾ ഒക്കെ ഇറക്കി ഡ്രൈവർക്കു ചെറുതല്ലാത്ത ഒരു പാരിതോഷികം കയ്യിൽ മടക്കി വെച്ച് കൊടുത്തു, എയർപോർട്ടിനുള്ളിലേക്കു പ്രവേശിക്കാനൊരുങ്ങി.

                ഡൽഹി എയർപോർട്ട് വളരെ വിശാലവും വൃത്തിയുള്ളതും തന്നെയായിരുന്നു. ഒരു യാത്ര തുടങ്ങുന്നതും ഒടുങ്ങുന്നതും മനോഹരമായ ഇടങ്ങളിലൂടെയാവുമ്പോൾ തന്നെ, നമ്മുടെ മനസ്സ് സന്തോഷിക്കുന്നതോടൊപ്പം സമാധാനിക്കുകയും തൃപ്തിയടയുകയും ചെയ്യുന്നതായി തോന്നാറുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷയും അതോടൊപ്പം നല്ല പരിപാലനവും എയർപോർട്ടിൽ എല്ലായിടത്തും കാണാനിടയായി. നമ്മുടെ നാട്ടിലെ നല്ല മാറ്റങ്ങൾ കാണുമ്പോൾ ഉണ്ടാവുന്ന ചാരിതാർഥ്യവും പ്രതീക്ഷയും വളരെ വലുതാണ്. ശ്രീനഗറിലേക്കുള്ള ഞങ്ങളുടെ വിമാനം പുറപ്പെടാൻ മൂന്നര മണിക്കൂറോളം ബാക്കിയുള്ളതിനാൽ, തിരക്കും ബദ്ധപ്പാടും അനുഭവിക്കേണ്ടി വന്നില്ല. എല്ലാവരും അകത്തേക്ക് പ്രവേശിച്ചു, ചെക്ക് ഇൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കി . പിന്നീട് നിർബന്ധിത പ്രഭാത കൃത്യങ്ങൾ മാത്രം നിർവഹിച്ചു മുന്നോട്ടു ഗമിക്കാൻ തുടങ്ങി. ടെർമിനൽ 3 മികച്ച നിലവാരം പുലർത്തുന്നതോടൊപ്പം കലാപരമായും വളരെയേറെ നല്ല സൃഷ്ടിയായി കാണപ്പെട്ടു. വിവിധ യോഗാഭ്യാസം മുറകൾ ആലേഖനം ചെയ്തൊരു ,ആധുനിക കലാസൃഷ്ടിയും പുറം ഭാഗം പച്ച പിടിപ്പിച്ചു നിലനിർത്തിയതും യാത്രികർക്ക് നയനാന്ദമായ ഒരു അനുഭൂതി സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.


                     2 ദിവസം ട്രെയിനിൽ ഭക്ഷണക്രമണങ്ങൾ ശരിയായ രീതിയിൽ ആസ്വദിക്കാൻ കഴിയാത്ത, ആക്രമണമനോഭാവത്തോടെ ഫുഡ് കോർട്ടിലേക്ക് കുതിക്കുന്ന ഒരുപറ്റം ആളുകളെയാണ് ഞങ്ങളിൽ തന്നെ പിന്നെ കാണാൻ ആയത്.  ഫുഡ് കോർട്ടിലേക്കുള്ള എസ്കലേറ്റർ ഏതാണ്ട് മുകളിലെത്തുമ്പോഴേക്കും, അണ തുറന്നു വെള്ളം ഒഴുക്കുന്നത് പോലെ ഞങ്ങളെല്ലാവരും പല ദിശകളിലേക്ക് തെറിക്കുന്നുണ്ടായിരുന്നു. വിശപ്പ് മനുഷ്യരുടെ ഔപചാരികതയും മര്യാദയും കുറയ്ക്കും. ശക്തമായ വിശപ്പ് നമ്മുടെ പുരാതന പൂർവികരുടെ ആക്രമണമനോഭാവവും പുറത്തേക്കു കൊണ്ട് വരും. പുരുഷന്മാരും സ്ത്രീകളെയും കുട്ടികളും അവരവരുടെ അഭിരുചിക്കനുസരിച്ചു വ്യത്യസ്ത ഭക്ഷണശാലകൾക്കരികിലായി ഇരിപ്പിടം പിടിച്ചു. മുതിർന്നവർ കൂടുതലും നോർത്ത് ഇന്ത്യൻ ഭക്ഷണം തിരഞ്ഞെടുത്തപ്പോൾ, കുട്ടികൾ എല്ലാവരും അവരുടെ സ്ഥിരം ഫാസ്റ്റഫുഡ് ദാതാക്കളിൽ തന്നെ ഒതുങ്ങി നിന്നു. ഈ ടൂർ മഹാമഹത്തിന്റെ ഖജാൻജി പദവി എന്നിൽ നിക്ഷിപ്‌തമായതിനാൽ, ഞാൻ ഓടി നടന്നു കാശു കൊടുത്തു കൊണ്ടിരുന്നു.സ്വാഭാവികമായും, ഭക്ഷണങ്ങൾക്കു വില കൂടുതലായിരുന്നുവെങ്കിലും, നല്ല വൃത്തിയും നിലവാരവും രുചിയുമുണ്ടായിരുന്നതിനാൽ ആരും നിരാശരായി കാണപ്പെട്ടില്ല. വിശപ്പിന്റെ വിളി അടങ്ങി തങ്ങളുടെ സൗമ്യത വീണ്ടെടുത്ത ഞങ്ങൾ എല്ലാവരും, പതിയെ ഗേറ്റ് ലക്ഷ്യമാക്കി നടന്നു. ഗേറ്റിലെത്തുമ്പോഴേക്ക് ബോർഡിങ് തുടങ്ങിയിരുന്നു. ഒരുപാട് ആളുകൾ ഒരുമിച്ചു അടുത്തടുത്ത് ഇരുന്നുള്ള വിമാനയാത്ര പതിവ് വിമാനയാത്രകളുടെ കപടഗൗരവം  ഒഴിവാക്കാൻ സഹായിച്ചിരുന്നു. പരസ്പരമുള്ള കളിയാക്കലുകളും അതിനെ തുടർന്നുള്ള പൊട്ടിച്ചിരികൾക്കും വിമാനത്തിലും ഇടവേള ഉണ്ടായില്ല. ഗ്രൂപ്പിലെ ഔദ്യോഗിക ചിരിക്കുടുക്കകളായ ശബ്നത്തയും എന്റെ ഉമ്മയും (ഭാര്യാമാതാവ്) തങ്ങളുടെ ജോലി എല്ലാ ഘട്ടത്തിലും നിർബാധം തുടർന്ന് കൊണ്ടേ ഇരുന്നു. ഇടയ്ക്കു ട്രെയിനിൽ തലവേദന ആയി കിടന്ന അല്പസമയം ഒഴികെ. വിമാനം ഞങ്ങളെയും കൊണ്ട് മേഘക്കൂട്ടങ്ങളെ ലക്ഷ്യമാക്കി ഉയർന്നു പൊന്തി. മുകളിൽ നിന്നും ഡൽഹി അടുക്കി വെച്ച പെട്ടികൾ കണക്കെ ഒരു കോൺക്രീറ്റ് കാട് ആയി കാണപ്പെട്ടു. അൽപസമയത്തിനുള്ളിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ കുറഞ്ഞു പച്ചപ്പ്‌ കൂടി വന്നു. പിന്നീട് കോൺക്രീറ്റ് കെട്ടിടങ്ങൾ തീരെ കാണാതായി. തെളിഞ്ഞ ആകാശത്തിലൂടെ 70 മിനിറ്റുകൾക്കപ്പുറം കാശ്മീരിനെ മനസ്സിൽ സ്വപ്നം കണ്ടു, സീറ്റിലേക്ക് ചാരിയിരുന്നു. മേഘക്കൂട്ടങ്ങളിലേക്കും നീലാകാശത്തിലേക്കും ദൃഷ്ടി പായിച്ചു കൊണ്ട്.....




Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്