കാശ്മീർ ഡയറീസ് (Travelogue) Chap.9 വൈവിധ്യം: ദേശത്തിലും അനുഭവങ്ങളിലും !

 

9

ആദ്യം ഉടലെടുത്തത് ഒരു ചെറിയ പ്രതിസന്ധി ആയിരുന്നു. കുതിരസവാരി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതിനു ശേഷം മാത്രം ആണ് അവർക്കിടയിലുള്ള ചേരിതിരിവ് ഞങ്ങൾ തിരിച്ചറിയുന്നത്. അത് വരെ ഞങ്ങളെ ക്യാൻവാസ് ചെയ്തു കൊണ്ടിരുന്നത് ഞങ്ങളുടെ കണ്ണിൽ ഒരേ കൂട്ടരായിരുന്നുവെങ്കിലും, അവർക്കിടയിൽ അത് രണ്ടു ഗ്രൂപ്പുകൾ ആയിരുന്നു. ഞങ്ങൾക്ക് പതിനഞ്ചു കുതിരകളെ ആവശ്യമുണ്ടായിരുന്നതിനാൽ, രണ്ടു കൂട്ടരും ഞങ്ങളുടെ പേരിൽ വാക്കേറ്റം തുടങ്ങി. വാക്കേറ്റം മൂത്തു വന്നു, ഒരു വേള തല്ലിലേക്കു കലാശിക്കുമെന്നു പോലും തോന്നി. ഏതെങ്കിലും ഒരു കൂട്ടരെ തിരഞ്ഞെടുക്കാൻ തയ്യാറാകുമ്പോൾ മറുപക്ഷം അതിനനുവദിക്കില്ലെന്ന ഭീഷണിയുമായി മുന്നോട്ടെത്തി. ഇത് പലവുരു ആവർത്തിച്ചപ്പോൾ, എങ്കിൽ ഞങ്ങൾക്ക് കുതിരകളെ വേണ്ട എന്ന നിലപാടിലേക്ക് ഞങ്ങൾ കടക്കാൻ തുടങ്ങി. ഉടൻ അവർക്കിടയിൽ തന്നെയുള്ള ചില പക്വമതികൾ വന്നു, കാശ്മീരി ഭാഷയിൽ പ്രശ്നപരിഹാരം നടത്തി , തോറ്റ പക്ഷം മടങ്ങി പോകുമ്പോൾ അന്തരീക്ഷത്തിൽ അലയടിക്കുന്നതു കാശ്മീരി തെറികൾ ആയിരിക്കാമെന്നു ഞാൻ അനുമാനിച്ചു.അങ്ങനെ അവർ ആദ്യം പറഞ്ഞതിന്റെ മൂന്നിലൊന്നു തുക വിലപേശലിനൊടുവിൽ ധാരണയായി, എല്ലാവരും കുതിരപ്പുറത്തേറാൻ തുടങ്ങി. ഇതിനിടെ ഒരു വെള്ളക്കുതിര ചിനച്ചുകൊണ്ടു ഒന്ന് കുതിച്ചു. അതിന്റെ വായിൽ നിന്നും ഒരു അസുഖബാധിതൻ എന്ന് തോന്നിക്കുന്ന തരത്തിൽ ഉമിനീർ ഒളിക്കുന്നത് എല്ലാവരിലും ഒരു വിരക്തിയും അല്പം ഭയപ്പാടുമുണ്ടാക്കി. അതിനെ മാറ്റി നിർത്താൻ കർശനമായി ആവശ്യപ്പെട്ട ശേഷം എല്ലാരും കുതിരപ്പുറത്തേറി. എന്നാൽ പോകുകയല്ലേയെന്ന ആർപ്പു വിളിയോടെ തിരിഞ്ഞു നോക്കിയപ്പോഴാണ് യഥാർത്ഥ പ്രതിസന്ധി ഉരുത്തിരിയുന്നത് ഞാൻ അറിഞ്ഞത്.

 

             ഒരു കുതിര മാത്രം ആള് കേറാതെ നിൽക്കുന്നു. ബാക്കി 14  കുതിരകളും ആളുകളുമായി തയ്യാർ.(എന്റെ ഇളയ മകൻ എന്റെ കുതിരയിലും മൂത്ത മകൻ പപ്പയുടെ കൂടെയുമായിരുന്നു ഉണ്ടായിരുന്നത്). കയറാൻ മടിച്ചു നിൽക്കുന്ന ആൾ ഷിഫാത്താത്ത ആണ് . ഫഹദ്ക്കാന്റെ പ്രിയപത്നി. ആൾക്ക് കുതിര പേടിയാണെന്ന് ഫഹദ്‌ക ഒരു സൂചന നൽകിയിരുന്നെങ്കിലും ഞങ്ങൾ അത് കാര്യമാക്കിയിരുന്നില്ല. കുതിരയെ നോക്കി പേടിയോടെ നിൽക്കുന്ന ഷിഫത്താത്തയെ എല്ലാരും പ്രോത്സാഹിപ്പിക്കാനും ധൈര്യം കൊടുക്കാനും തുടങ്ങി. ഒരു കുഴപ്പവുമില്ല, ഞങ്ങളെല്ലാം കയറിയത് കണ്ടില്ലേ, എന്നിങ്ങനെ ഒരുപാടു വിളിച്ചുപറച്ചിലുകളിൽ ധൈര്യം സംഭരിച്ചു, രണ്ടും കൽപ്പിച്ചു ഷിഫത്താത്ത കയറാൻ ഒരുങ്ങി. ആ നിമിഷത്തിൽ തന്നെ, ശബ്ദമുണ്ടാക്കികൊണ്ടു കുതിര ഒന്ന് അന്തരീക്ഷത്തിൽ കുതിച്ചു പൊങ്ങി. ഖലാസ്....! ഉള്ളിലുണ്ടായ ഭയം ഇരട്ടിയായി , ഭയവിഹ്വലയായ ആ പാവം കണ്ണീർ ധാര ധാരയായി പൊഴിക്കാൻ തുടങ്ങി.അപ്പോൾ മാത്രം ആണ്, ആ ഭയം നമ്മൾ നോക്കിക്കണ്ട അത്ര നിസ്സാരമല്ലെന്നു എല്ലാരും തിരിച്ചറിയുന്നത്. അല്ലെങ്കിലും, പലരിലും പലതിനോടാണ് ഭയം. നിസ്സാരമെന്നു മറ്റുള്ളവർക്ക് തോന്നുന്ന പലതും ഭീകരമായി ചിലപ്പോൾ നമുക്ക് അനുഭവപ്പെടും. ഉടൻ തന്നെ ഫഹദ്‌ക തന്റെ കുതിരയിൽ നിന്ന് ചാടിയിറങ്ങി.ഓടിപ്പോയി തന്റെ പ്രിയഭാജനത്തെ ചേർത്തു പിടിച്ചു. അപ്പോഴും അനിയന്ത്രിതമായ അശ്രുധാര ഒഴുകിക്കൊണ്ടേയിരുന്നു. തുടർന്നും ഞങ്ങളിലാരോ സമാശ്വാസത്തിന്റെ കേട്ട് അഴിക്കാൻ തുടങ്ങിയപ്പോൾ ഒരു കൈ ഉയർത്തി അത് തടഞ്ഞു കൊണ്ട് ഫഹദ്‌ക പതിഞ്ഞ സ്വരത്തിൽ തന്റെ നേർപാതിയോടു സംവദിക്കാൻ ആരംഭിച്ചു. ഞങ്ങളും അതിൽ പ്രത്യാശ പൂണ്ടു കാത്തിരുന്നു. ഒരു 5 - 10 മിനിട്ടു സംസാരത്തിനു ശേഷം ഒരു പ്രഖ്യാപനമെന്ന പോലെ ഫഹദ്‌ക പറഞ്ഞത്. "ഇല്ല ഷിഫക്കു പറ്റില്ല. അത് കുഴപ്പമില്ല. ഞങ്ങൾ ഇവിടെ വണ്ടിയിൽ ഇരുന്നോളാം, നിങ്ങൾ പോയിട്ട് വരൂ.." എന്നായിരുന്നു.അത് കൂടി കേട്ടതോടെ ഞങ്ങൾ കൂടുതൽ നിരാശരായി .എന്നാൽ അപ്രതീക്ഷിതമായ അതിമനോഹരമായ നിമിഷങ്ങളാണ് ഞങ്ങൾക്ക് വരാനുണ്ടായിരുന്നത്. തന്റെ പ്രിയതമൻ ഏറെ പ്രതീക്ഷിച്ച, കൊതിച്ച കുതിരസവാരി താൻ കാരണം മുടങ്ങുകയാണെന്ന തിരിച്ചറിവ് ഷിഫത്താത്തയിൽ ഒരു ചലനമുണ്ടാക്കി. തീർച്ചയായും തനിക്കു പേടി ഉണ്ട്, പക്ഷെ, തന്റെ ഭയം തന്റെ പ്രിയപ്പെട്ടവന്റെ സന്തോഷങ്ങൾക്കു മേലുള്ള കൂച്ചുവിലങ്ങു ആവരുതെന്നു അവർ ശഠിച്ചു.മറ്റാരുടേയും പിൻതുണയോ സമാശ്വാസമോ ധൈര്യം കൊടുക്കലോ ഒന്നും തന്നെ ഇല്ലാതെ, "ഞാൻ ഒന്ന് ശ്രമിക്കാം" എന്ന് ഉരുവിട്ടു. അപ്പോഴേക്കും കുതിരക്കാരനും തന്റെ കുതിരയെ ഒരു കൊച്ചുകുട്ടിക്കെന്ന പോലെ ഒരുക്കി നിർത്തി " കുച്ച് നഹി ഹോയേഗാ മേംസാബ്, ഫികർ മത് കരോ, ആപ് ആരാം സെ ഭൈട്ടോ " എന്ന് പറയുന്നുണ്ടായിരുന്നു.തുടർന്ന് ഫഹദ്‌ക തന്നെ ഷിഫാത്താത്തയെ കയറാൻ സഹായിച്ചു. നിർദേശങ്ങൾ ഒക്കെ നൽകി. എല്ലാത്തിനും പുറമെ, കുതിരക്കാരനോട് ഒരു അകമ്പടി സേവകൻ കൂടി വേണമെന്ന് ആവശ്യപ്പെട്ടു. എല്ലാ കുതിരകൾക്കും ഒരു കുതിരക്കാരൻ മാത്രം ഉള്ളപ്പോൾ രണ്ടു അകമ്പടിക്കാരോട് കൂടി ഷിഫത്താത്ത കുതിരയിൽ ഇരുന്നത് ആർപ്പു വിളികളോടെ ഞങ്ങളെല്ലാവരും സ്വീകരിച്ചു.!!!

 

         ഈ യാത്രയിൽ ഉടനീളം എല്ലാ കാര്യങ്ങളിലും പുലർന്നു പോന്നിരുന്ന മനോഹരമായൊരു പ്രയുക്തി ആയിരുന്നു "All for one, One for all ". അത് ഇവിടെയും ആവർത്തിച്ചു. അല്ലെങ്കിലും യാത്രകൾ സ്ഥലങ്ങൾ കാണാനും അനുഭവിക്കാനും മാത്രമല്ല. ജീവിതം കാണാനും പഠിക്കാനും കൂടിയാണ്. ചില മനോഹരനിമിഷങ്ങൾ ജീവിതത്തിൽ തന്നെ സംഭവിക്കുമ്പോൾ അത് ഏറെ ഹൃദ്യമാവും. പ്രായത്തിലും ദാമ്പത്യത്തിലും ഞങ്ങളെക്കാളേറെ അനുഭവങ്ങൾ കൈവരിച്ചവരുടെ ഇത്തരം കാഴ്ചകൾ പുതുതലമുറക്കുള്ള മാർഗനിർദേശങ്ങൾ ആണ്. പറയാതെ, പ്രവർത്തിച്ചു കാണിക്കുന്ന മികച്ച ഉദാഹരണങ്ങൾ.ഭയന്ന് വിറച്ചു കരഞ്ഞ പ്രിയപാതിക്കൊപ്പം കൂടെ ഞാനുണ്ടെന്നു അണച്ചു പിടിച്ച കരങ്ങൾ... തനിക്കു വേണ്ടി തന്റെ പ്രിയപതി സന്തോഷങ്ങൾ ത്യജിക്കുന്നത് കാണാനാവാതെ ധൈര്യം സംഭരിക്കുന്ന ധീര... കൂട്ടത്തിലുള്ളവർക്കു മുഷിച്ചിലുണ്ടായി  യാത്രയുടെ രസം കെട്ടുപോകരുതെന്ന ദൃഢനിശ്ചയം... തന്റെ കൂട്ടുകാരി അവളുടെ ഭയത്തെ അതിജയിച്ചപ്പോൾ അതിനെ ആർപ്പുവിളികളോടെ ആഘോഷിക്കുന്ന കൂട്ടുകാർ. യാ ഖുദാ... ജീവിതം  ധന്യവും ആനന്ദപൂരിതവുമാവാൻ  ഇതിൽക്കൂടുതൽ എന്തുവേണം. യാത്രകൾ , യാത്രകൾ മാത്രമാക്കാതെ, ജീവിതയാത്രക്കുള്ള നിലക്കാത്ത ഇന്ധനവും കൂടി ആവുന്ന സന്ദർഭങ്ങൾ...



    അങ്ങനെ കുതിരകൾ ഞങ്ങളെയും കൊണ്ട് നടന്നു തുടങ്ങി. തുടക്കത്തിൽ അതിന്റെ കുലുക്കവും ചലനങ്ങളും അല്പം ഭയപ്പെടുത്തുമെങ്കിലും പോകെപ്പോകെ നാം അതുമായി താദാത്മ്യം പ്രാപിക്കും. അൽപ നേരത്തിനുള്ളിൽ എല്ലാവരും ഫോട്ടോ വീഡിയോ ചിത്രീകരണങ്ങളിലേക്കു തിരിഞ്ഞു. അല്ലെങ്കിലും, നിമിഷങ്ങളെ ഹൃദയത്തിന്റെ ഓർമ്മച്ചെപ്പുകളിലാക്കുന്നതിനേക്കാൾ ധൃതി നമുക്ക്, ക്യാമറയുടെ സംഭരണശേഷിയിലേക്കു അയക്കാനാണല്ലോ. പക്ഷെ, അത്തരം ദൃശ്യങ്ങൾ പിന്നീട് കാണുമ്പോൾ ആ ഓർമകളിലേക്ക് ഒരു നെടുവീർപ്പോടു കൂടി ഉള്ള ഒരു തിരിച്ചുനടത്തം ഈ ഫോട്ടോപിടിത്തത്തെ ന്യായീകരിക്കുന്നു.ഏതാണ്ട് ഒരു മണിക്കൂറോട് കൂടി ഞങ്ങൾ ദൂത്‌പത്രി താഴ്വരയിലെത്തി. നയനാന്ദകരമായ ദൃശ്യങ്ങൾ എത്തുന്നതിനു മുൻപേ, കൽക്കൂട്ടങ്ങളിൽ തട്ടിയൊഴുകുന്ന ജലയൊലികൾ കർണപുടങ്ങളിലെത്തി ഞങ്ങളെ വരവേറ്റിരുന്നു.കുതിരകൾ ലക്ഷ്യസ്ഥാനത്തെത്തി നിന്നു. മനോഹരം. അല്ല... അതിമനോഹരം...! തൂവെള്ള നിറത്തിൽ നിൽക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന നദി. കളകളാരവങ്ങളോട്   കൂടി പാറക്കെട്ടുകൾക്കും കൽക്കൂട്ടങ്ങളിൽക്കിടയിലൂടെയും ദൂരെ എങ്ങോ പെട്ടെന്ന് എത്തിച്ചേരാനുള്ളത് പോലെ പല വഴികളിലൂടെ വന്നു കൂടിച്ചേർന്നും വീണ്ടും പലവഴികളിലായി പിരിഞ്ഞും ഒഴുകുന്ന പാൽനിറമുള്ള തെളിനീർ, ചുറ്റും പൈൻ മരങ്ങളും ദൂരെ കാവൽ നിൽക്കുന്ന പർവ്വതനിരകളും. ഇതിലും മികച്ചൊരു സംഗീതമില്ലെന്നു വിളിച്ചോതുന്ന വെള്ളത്തിന്റെ അലയൊലികൾ. ഒരു ദിനം മുഴുവൻ അവിടെ ഇരുന്നാലും മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ ആ കാഴ്ചകളിലലിയാൻ മാത്രം പോന്ന ശാന്തത. വെള്ളത്തിലേക്കിറങ്ങി ചെന്നപ്പോൾ അതിന്റെ കുളിർമ സിരകളിലൂടെ ശരീരത്തെയും മനസ്സിനെയും ഒരു പോലെ തണുപ്പിച്ചു. പേര് വരാൻ കാരണമായ ഷെയ്‌ഖിനെ പോലെ ഞങ്ങളും അവിടെ വെച്ച് വുളൂ( അംഗശുദ്ധി) വരുത്തി ഉച്ചനമസ്കാരം ആ പാറക്കെട്ടുകൾക്കിടയിൽ  വെച്ച് നിർവഹിച്ചു. നട്ടുച്ച ആയിട്ടും തീരെ ചൂട് ഇല്ലാത്ത കാലാവസ്ഥ അവിടെ തന്നെ തുടരാൻ ഞങ്ങളെ പ്രേരിപ്പിച്ചു കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ചെറിയ ചില ഭക്ഷണങ്ങളും അവിടെ വെച്ച് കഴിച്ചു. അവിടടെ തന്നെ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കൊച്ചു കൊച്ചു കൂടാരങ്ങളിൽ സംവിധാനിച്ച നൂഡിൽസും മുട്ടയുമൊക്കെയായിരുന്നു ആ ലഘുഭക്ഷണം.



പെട്ടെന്ന് അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ചു കൊണ്ട് 2 പേര് തമ്മിൽ വഴക്കു തുടങ്ങി. കാര്യമോ കാരണമോ എന്തെന്ന് മനസ്സിലാകാതെ മിഴിച്ചു നിൽക്കുന്നതിനിടയിൽ നിമിഷാർദ്ധങ്ങൾക്കുള്ളിൽ ഇരുപക്ഷത്തും ആളുകൾ സംഘടിച്ചു അതൊരു വലിയ കൂട്ടത്തല്ലായി മാറി. ഇതിനിടയിൽ ഞങ്ങളുടെ കൂടെ വന്ന കുതിരക്കാരിൽ പോലും ചിലർ ഇരുപക്ഷങ്ങളിൽ അണിചേർന്നിരുന്നു. കാരണമെന്തെന്ന് അവ്യക്തമായ ആ വഴക്കു എന്തോ ഒരു നിസ്സാരകാര്യത്തിനു മാത്രമായിരുന്നുവെന്ന് മനസ്സിലായി. ഞങ്ങളുടെ മനോഹരമായ അര മണിക്കൂറോളം സമയം അപഹരിച്ച ആ വഴക്കു അവിടെയുണ്ടായിരുന്ന ഒരു ചെറിയ മരപ്പാലം തകർക്കുന്നതിലേക്കു വരെയെത്തി. അക്ഷമരായ ഞങ്ങൾ അല്പം കർക്കശമായി തന്നെ ഞങ്ങളുടെ കൂടെ വന്ന കുതിരക്കാരെ തിരികെ വിളിച്ചു.  അതിമനോഹരമായ ഇത്തരം സ്ഥലങ്ങളിൽ കാണപ്പെടുന്ന സുഖകരമല്ലാത്ത ഇത്തരം അനുഭവങ്ങൾ ടൂറിസം മേഖലക്ക് ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. തുടർന്ന് ഞങ്ങൾ തിരികെ കുതിരസവാരി തുടങ്ങി. ഞങ്ങൾ വന്ന അതെ പോയിന്റിലേക്കാണെങ്കിലും വ്യത്യസ്തമായ ഒരു വഴിയിലൂടെയായിരുന്നു തിരികെ പോയിരുന്നത്. വന്നതിലേറെ ചെങ്കുത്തായ കയറ്റങ്ങളും ചളിയും നിറഞ്ഞ ആ വഴി, ഞങ്ങൾക്ക് അല്പം കൂടി സാഹസികമായ ഒരു കുതിരസവാരി സമ്മാനിച്ചു. എല്ലാവരും ഒരുമിച്ചുള്ള ഒരു ഫോട്ടോ എടുക്കാൻ എല്ലാ കുതിരകളെയും  ചേർത്തു  നിർത്തി. അവർ തന്നെ ഫോട്ടോ ഒക്കെ എടുത്തു തന്നതിന് ശേഷം അവർക്കു എന്തെങ്കിലും പാരിതോഷികം(ടിപ്പ്) നൽകാനാഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഇപ്പോൾ നൽകണമെന്നും , ലക്ഷ്യസ്ഥാനത്തു എത്തിയാൽ അവർക്കതു സ്വീകരിക്കാൻ അസോസിയേഷന്റെ വിലക്ക് ഉണ്ടെന്നും അറിയിച്ചു. തുടർന്ന് അവരോടു വിശദമായി സംസാരിച്ചപ്പോഴാണ് കാലത്തു അവിടെ വെച്ചുണ്ടായ തർക്കങ്ങളുടെ പിന്നാമ്പുറങ്ങൾ മനസ്സിലായത്. അവിടെ രണ്ടു വ്യത്യസ്ത യൂണിയനുകൾ ഉണ്ടെന്നും അവർ തമ്മിൽ പലപ്പോഴും കൂലിയുടെ പേരിലും, ടൂറിസ്റ്റുകളെ പങ്കിട്ടെടുക്കുന്നതിന്റെ പേരിലും വഴക്കും തല്ലുപിടുത്തവുമൊക്കെ ഉണ്ടാവാറുണ്ടെന്നു അവരുടെ സംസാരത്തിൽ നിന്നു മനസ്സിലായി. പോലീസിന്റെ യാതൊരു ഇടപെടലോ സഹായമോ അവിടങ്ങളിലുണ്ടാവാറില്ലെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് എല്ലാവർക്കും ടിപ്സ് കൊടുത്തു യാത്ര തുടർന്ന്. അവിടെ എത്തി, വസ്ത്രങ്ങളിൽ പറ്റിയ അഴുക്കും ചെളികളും കഴുകി വൃത്തിയാക്കിയ ശേഷം വണ്ടിയിലേക്കെത്തി ചേർന്നു. ഏതാണ്ട് മൂന്ന് മണിയോടെ വണ്ടി പുറപ്പെട്ടു തുടങ്ങി. അല്പസമയത്തിനുള്ളിൽ തന്നെ വിശപ്പിൻറെ വിളികൾ പല കോണുകളിൽ നിന്നുമുയർന്നു. പ്രിയസാരഥി പെട്ടെന്ന് തന്നെ ഒരു നല്ല ഭക്ഷണശാലയിൽ വണ്ടി ഒതുക്കി. അതൊരു മലമ്പ്രദേശം ആയതിനാലാണോ എന്നറിയില്ല, ഹോട്ടലിൽ ഞങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഭക്ഷണം ഓർഡർ ചെയ്തു വരാൻ അല്പം താമസിച്ചെങ്കിലും, ചോറും റൊട്ടിയും ദാലും വെജിറ്റബിൾ കറിയുമൊക്കെ നല്ല സ്വാദുള്ളതായിരുന്നു. ഭക്ഷണശേഷം നേരെ ഹോട്ടലിലേക്ക് തിരികെ പോയ ഞങ്ങൾ നാലരയോട് കൂടി തന്നെ എത്തിച്ചേർന്നു. നേരത്തെ ഹോട്ടലിലേക്ക് തിരികെയെത്തിയതിന്റെ ഒരു നീരസം എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നെങ്കിലും, ചായ കുടിച്ചും സൊറ പറഞ്ഞും ഹോട്ടൽ ലോബിയിൽ തന്നെ അല്പസമയം തള്ളി നീക്കി. ഡിന്നർ തയ്യാറാവാൻ 8 മണിയാവുമെന്നത് കൊണ്ടും ക്ഷീണിതരായത് കൊണ്ടും എല്ലാവരും റൂമുകളിലേക്ക് മടങ്ങി.

ഏറെ സന്തോഷിക്കുന്ന സാഹചര്യങ്ങളിൽ നിൽക്കുമ്പോഴും നാം സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ചില സങ്കടങ്ങളോ സംഭവങ്ങളോ നമ്മെ കാത്തിരിക്കുന്നുണ്ടാകും. അത്തരമൊന്നു ഞങ്ങളെയും കാത്തിരിക്കുന്നുണ്ടെന്നു അപ്പോൾ ഞങ്ങളറിഞ്ഞിരുന്നില്ല....



Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്