കാശ്മീർ ഡയറീസ് (Travelogue) Chap.12 - ഗുൽമാർഗ്

 

12

ഗുൽമാർഗിലേക്കുള്ള യാത്രാമധ്യേ ഒരു ഗൈഡിനെ ഡ്രൈവർ വണ്ടിയിൽ കയറ്റി. ടിയാൻ മുഖേന ആയിരുന്നിരിക്കണം ഞങ്ങളുടെ കേബിൾ കാർ ബുക്ക് ചെയ്തിരിക്കുന്നത്. ഗുൽമാർഗിലെ പ്രധാന ആകർഷണം കേബിൾ കാർ ആണെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിലും, ഞങ്ങൾ കരുതിയ പോലെ അല്ല കാര്യങ്ങൾ എന്നത് അവിടെ എത്തിയ ശേഷം മാത്രമാണ് മനസ്സിലായത്. ഞങ്ങൾ ബുക്ക് ചെയ്ത പ്രകാരം 11 .15  നു  അവിടെ എത്തിച്ചേരണം. പക്ഷെ, ഞങ്ങൾ വൈകിയതിനാൽ 11 . 45 കൂടിയേ അവിടെ എത്തിയുള്ളുവെങ്കിലും അതൊരു വലിയ പ്രശ്നമായി മാറിയില്ല. ഞങ്ങൾ വണ്ടി പാർക്ക് ചെയ്ത ശേഷം കേബിൾ കാർ യാത്ര ആരംഭിക്കുന്ന കെട്ടിടത്തിലേക്ക് ഏതാണ്ട് ഒന്ന് ഒന്നര കിലോമീറ്റർ ഒരു ഇടുങ്ങിയ വഴിയിലൂടെ പോകണമായിരുന്നു. സാധാരണ ഗതിയിൽ നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ വൈകിയിരുന്നതിനാൽ ഓട്ടോ സർവീസ് ഉപയോഗിക്കാമെന്ന് ധാരണയിലെത്തിയിരുന്നു. ഗൈഡിന്റെ നിർദേശാനുസരണം ഉള്ള തുകയിൽ വിലപേശി എത്തിച്ചതിനു ശേഷം പെട്ടെന്ന് തന്നെ 4  ഓട്ടോറിക്ഷയിൽ അവിടെയെത്തിച്ചേർന്നു. എന്നാൽ പ്രതീക്ഷിച്ചതിനു വിരുദ്ധമായി അവിടെ വലിയ തിരക്കോ ആൾക്കൂട്ടമോ കണ്ടില്ല. ഞങ്ങളെല്ലാവരും പെട്ടെന്ന് തന്നെ കേബിൾ കാറിൽ കയറി ഉയരങ്ങളിലേക്ക് നീങ്ങുകയും കാഴ്ചകൾ ഒപ്പിയെടുക്കാനും ആരംഭിച്ചു.



ഈ കേബിൾ കാർ റൈഡ് ഗുൽമാർഗ്-ഗൊണ്ടോല റൈഡ് എന്നാണ് അറിയപ്പെടുന്നത്.ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയതും നീളമേറിയതുമായ കേബിൾ കാർ പാതയാണിത്.മണിക്കൂറിൽ 600 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ഈ പാത കോംഗ്‌ദൂരി മലയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.ഫേസ് 1, ഫേസ് 2 ആയി തരം തിരിച്ചിട്ടുള്ള ഇതിന്റെ ആദ്യ ഘട്ടം 1998 ലും രണ്ടാം ഘട്ടം 2005 ലുമാണ് ജമ്മു& കാശ്മീർ സർക്കാർ "pomagalski" എന്ന ഫ്രഞ്ച് കമ്പനിയുമായി ചേർന്ന് പൂർത്തീകരിച്ചത്.

പെട്ടെന്ന് ഇപ്പൊ ചരിത്രവും ഭൂമിശാസ്ത്രവും വിളമ്പാൻ കാര്യമുണ്ട്.ഞങ്ങൾക്കു വളരെ എളുപ്പത്തിൽ തീരെ തിരക്കില്ലാതെ കിട്ടിയ  കേബിൾ കാർ പ്രവേശനം ഫേസ് 1 ആയിരുന്നു. സമുദ്രനിരപ്പിൽ നിന്നും 2600 മീറ്റർ ഉയരത്തിൽ തുടങ്ങി 400 മീറ്റർ മാത്രം ഉയരത്തിലേക്ക് കൊണ്ട് പോയി അവസാനിപ്പിക്കുന്നതാണ് ഫേസ് 1 . എന്നാൽ ഫേസ് 1 അവസാനിക്കുന്ന അതേ പോയിന്റിൽ ഫേസ് 2 തുടങ്ങുകയാണ്. അത് ഏതാണ്ട് 1000  മീറ്ററോളം ഉയരത്തിലേക്ക് കൊണ്ട് പോകും. ചുരുക്കത്തിൽ നമ്മൾ ഇപ്പൊ കണ്ടത് ട്രൈലെർ മാത്രമാണെന്ന് സാരം.

ഫേസ് 1 പൂർത്തിയാക്കിയതിനു ശേഷം ഫേസ് 2 വിനു ടിക്കറ്റ് എടുക്കാനുള്ള ഒരു കെട്ടിടവും അതിനോടനുബന്ധിച്ചുള്ള സ്റ്റാർട്ടിങ് പോയിന്റുമാണുള്ളത്. പക്ഷെ, അവിടെ ടിക്കറ്റ് എടുക്കാൻ ഉണ്ടായിരുന്ന ആളുകളുടെ ആധിക്യം ഞങ്ങൾ പ്രതീക്ഷിച്ചതിലും എത്രയോ അധികമായിരുന്നു. ഞങ്ങൾ എത്തുമ്പോൾ തന്നെ, ടിക്കറ്റ് എടുക്കേണ്ട കെട്ടിടം നിറഞ്ഞു കവിഞ്ഞു അതിലേക്കുള്ള ഗോവണിയും നിറഞ്ഞു കവിഞ്ഞു, ആ തുറസ്സായ സ്ഥലത്തിൽ അറ്റം കാണാത്തൊരകലത്തിൽ വരി നിൽപ്പുണ്ടായിരുന്നു. ഒരുവേള, ഈ ഉദ്യമം തന്നെ ഉപേക്ഷിച്ചാലോ എന്ന് ആലോചിച്ചു. കാരണം ഈ വലിയ നിറയും, പിന്നെ ഇതിനുള്ള ടിക്കറ്റ് ഞങ്ങളുടെ പാക്കേജിൽ ഉൾപ്പെടുന്നതല്ല, തലക്കൊന്നിനു 950 വെച്ച് ടിക്കറ്റ് വേറെ എടുക്കണം. പക്ഷെ, ഇതുപേക്ഷിച്ചാല് ഇന്ന് വേറെ പരിപാടിയൊന്നുമില്ലാത്തതിനാലും, ഇത് മികച്ചൊരാനുഭൂതിയാണെന്നും നഷ്ടമാക്കിയാൽ ഖേദിക്കേണ്ടി വരുമെന്നും നാനാഭാഗത്തു നിന്നുള്ള നിർദേശങ്ങൾ ശിരസാവഹിച്ചും, വലിയ നിരയുടെ പിന്നിലിടാം പിടിക്കാൻ തന്നെ നിശ്ചയിച്ചു. നേരം നട്ടുച്ച പന്ത്രണ്ടര ആയിരുന്നെങ്കിലും വലിയ വെയിലോ ചൂടോ ഇല്ലാത്തതിനാൽ നിൽപ്പ് അധികം കഠിനമായിരുന്നില്ല. ഇതിനിടയിൽ വരിയിൽ നിൽക്കുന്ന ഞങ്ങളുടെ അരികിൽ ഒരാൾ വന്നു, ഈ ക്യൂ വളരെ നേരമെടുക്കുമെന്നും, അയാൾക്ക്‌ 1000 രൂപ വെച്ച് കൊടുത്താൽ 10 മിനിറ്റിനകം ടിക്കറ്റ് തരപ്പെടുത്തിതരാമെന്നും വാഗ്ദാനം ചെയ്തു. ഞങ്ങളുടെ കൂട്ടത്തിൽ കാശു ചെലവഴിക്കുമ്പോൾ വിശാലഹൃദയൻ ആവുന്ന ഫഹദ്‌ക ചാടി വീണു. ( ഞങ്ങൾ വില പേശുന്ന സന്ദർഭങ്ങളിൽ ഒക്കെ, എതിരെ നിൽക്കുന്നവർക്ക് വേണ്ടി സംസാരിച്ചു വിലപേശൽ പെട്ടെന്ന് അവസാനിപ്പിക്കുന്നതിനാൽ, "എമിറാത്തി" എന്നൊരു പട്ടം ഞാൻ നിലവിൽ ചാർത്തി കൊടുത്തിട്ടുണ്ട് ഫഹദ്ക്കാക്ക് ). "വേറെന്തു നോക്കാൻ, അയാളെ ഏൽപ്പിക്ക് ,പെട്ടെന്ന് പോകാല്ലോ, ഒരാൾക്ക് 50 രൂപയല്ലേ അധികം വരുന്നുള്ളൂ..". ഫഹദ്‌ക ആവേശഭരിതനായി. ഞാൻ ആ വന്നയാളുടെ അടുത്തേക്ക് പോയി, കാര്യങ്ങൾ വിശദമായി ചോദിച്ചു. അപ്പോൾ മാത്രമാണ് കാര്യത്തിന്റെ കിടപ്പുവശം മനസ്സിലാവുന്നത്. ഒരാൾക്ക് 1000 രൂപ എന്ന് അയാൾ പറഞ്ഞത് ടിക്കറ്റ് എടുത്തു തരാൻ അല്ല. കൗണ്ടറിന്റെ മുന്നിൽ എത്തിക്കുന്നതിനാണ്. അവിടെ എത്തിച്ചു തന്നാൽ ടിക്കറ്റ് എടുക്കാനുള്ള കാശ് വേറെ കൊടുക്കണം. അതായത് 950 രൂപയുടെ ടിക്കറ്റ് എടുക്കാൻ വേണ്ടിയുള്ള നിൽപ്പ് ഒഴിവാക്കി തരാൻ ആളൊന്നിന് 1000 രൂപ, 17 ആളുകൾക്ക് പതിനേഴായിരം , ബലേഭേഷ് ...! അപ്പൊ തന്നെ "അസ്സലാമു അലൈകും" പറഞ്ഞു ആ ചേട്ടനെ യാത്രയാക്കി.

ഞങ്ങൾ നിൽപ്പ് അങ്ങനെ തുടർന്ന്. വലിയൊരു ഇരയെ വിഴുങ്ങിയ പെരുമ്പാമ്പ് നീങ്ങുന്ന പോലെ,വളരെ പതുക്കെ വളഞ്ഞും പുളഞ്ഞും ക്യൂ മുന്നോട്ടു പോയി. ഇതിനിടയിൽ  വരി നിന്ന് മടിക്കുന്നവർ തൊട്ടടുത്ത കടയിൽ നിന്നും മറ്റും ചില ലഘുഭക്ഷണങ്ങൾ ഒക്കെ അകത്താക്കുന്നുണ്ട്.ഏതാണ്ട് 1 മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ ഒരു മഴ പെയ്തു. ഒരു ചാറ്റൽമഴ ആയിരിക്കുമെന്ന് കരുതാൻ തുടങ്ങുമ്പോഴേക്കും നന്നായി തന്നെ പെയ്തു. മഴ കനത്തപ്പോൾ വരിയിൽ നിന്നവരൊക്കെ സമചിത്തത കൈ വിട്ടു. ആളുകൾ കൂട്ടം കൂടി ഗോവണിക്കു മുന്നിൽ വന്നു തള്ളിക്കയറാൻ തുടങ്ങി. ഞങ്ങൾക്ക് മുൻപിൽ ഒരു പത്തു പതിനഞ്ചു പേര് മാത്രമേ ഗോവണി വരെ ഉണ്ടായിരുന്നുള്ളൂ... പക്ഷെ, മഴ പെയ്തപ്പോൾ ഒരുപാടു ആളുകൾ ബലം പ്രയോഗിച്ചു തള്ളിക്കയറി. അവിടെ രണ്ടു പട്ടാളക്കാർ കാവലിലുണ്ടായിരുന്നെങ്കിലും, അവർക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് തള്ളിക്കയറ്റം ശക്തമായി. പുറകിൽ നിന്നുള്ള തള്ളലിൽ ഞങ്ങളിൽ പലരും ക്യൂവിന്റെ പലയിടങ്ങളിലായി. പെട്ടെന്ന്, പട്ടാളക്കാർ അതുവരെ പാലിച്ച സംയമനം കൈവിട്ടു അവർ എന്താണെന്ന് കാണിച്ചു തന്നു. അത്യുച്ചത്തിൽ ഉള്ള ഒരു ആക്രോശവും അതിനെ തുടർന്നുള്ള ഒരു കായിക ഇടപെടലും, നിമിഷങ്ങൾക്കകം കാര്യങ്ങൾ നിയന്ത്രണവിധേയമായി. അവർ അവിടെയുണ്ടായിരുന്ന ഒരു എൻട്രൻസ് വലിച്ചടച്ചു, ഞങ്ങളിൽ പകുതി പേര് അകത്തും പകുതി പേര് പുറത്തുമായി. അതുവരെ കയ്യൂക്കിന്റെ ശരീരഭാഷ കാണിച്ചവരൊക്കെ അപേക്ഷയുടെ മൂടുപടങ്ങൾ എടുത്തണിഞ്ഞു.പക്ഷെ, പട്ടാളക്കാരുടെ കാർക്കശ്യം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഞങ്ങൾ കുടുംബങ്ങൾ ആയതിനാലും , കൂടെയുള്ളവർ അകത്തുണ്ടെന്നു പറഞ്ഞത്  ബോധ്യപ്പെട്ടതിനാലും മാത്രം ഞങ്ങളിൽ ബാക്കിയുണ്ടായിരുന്നവരെ അകത്തേക്ക് കടത്തി വിട്ടു.അകത്തെക്ക് കയറിയപ്പോൾ മാത്രമാണ് അകത്തെ ക്യൂ എത്ര വലുതാണെന്ന് കണ്ടത്. ഏതാണ്ട് ഒരു മണിക്കൂർ വീണ്ടും നിന്നതിനു ശേഷം മാത്രമാണ് ടിക്കറ്റ് എടുക്കാനായത്. ടിക്കറ്റ് എടുത്ത് അല്പസമയത്തിനകം തന്നെ കേബിൾ കാറിൽ കയറി. രണ്ടു രണ്ടര മണിക്കൂറോളം വരി നിന്നതിന്റെ എല്ലാ മുഷിപ്പും നിമിഷ നേരങ്ങൾക്കുള്ളിൽ അപ്രസക്തമാക്കിക്കളയുന്ന ദൃശ്യവിരുന്നും അനുഭൂതിയുമാണ് ഞങ്ങളെ വരവേറ്റത്. ഫേസ് 1 ഒന്നുമല്ലായിരുന്നുവെന്നു വിളിച്ചോതുന്നതായിരുന്നു ഫേസ് 2.



                വെറും 10 -15 മിനിറ്റുകൾ മാത്രമേ കേബിൾ കാറിൽ ചിലവഴിക്കുന്നുവെങ്കിലും, ചെങ്കുത്തായ മലനിരകളെ വായുവിലൂടെ ചെന്ന് കീഴടക്കുമ്പോൾ അത് സമ്മാനിക്കുന്ന കാഴ്ച ഹൃദയത്തെ പുളകമണിയിക്കുന്നതാണ്. ഒരു വശത്തു മലനിരകൾ, ഉയരങ്ങളിലേക്ക് പോകുമ്പോൾ മേഘങ്ങളെ തൊടാനാവും എന്ന് തോന്നും, പക്ഷെ, മേഘക്കൂട്ടങ്ങൾ തെന്നിമാറും. താഴോട്ട് നോക്കുമ്പോൾ ചെങ്കുത്തായ പച്ചയണിഞ്ഞ  മലനിരകളിലും താഴ്വാരങ്ങളിലും മേയുന്ന ചെമ്മരിയാട്ടിൻ പറ്റങ്ങൾ. അവയെ മേക്കാനെന്ന പേരിൽ, അല്പം അകലെയായി ഉലാത്തുന്ന ആട്ടിടയൻ, ദൂരെ പച്ചയണിഞ്ഞ സമതലങ്ങൾ, ഈ മനോഹര കാഴ്ചകൾക്ക് കണ്ണ് തട്ടാതിരിക്കാൻ എന്ന പോലെ , ഞങ്ങളുടെ ദൃഷ്ടി മറക്കാൻ, ചാറ്റൽ മഴയിൽ കേബിൾ കാറിന്റെ ഗ്ലാസ്സിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളത്തുള്ളികൾ, നേർത്തൊരു മൂടൽമഞ്ഞും കാർമേഘാവരണവും ചേർന്ന് അല്പം പിണങ്ങി നിൽക്കുന്ന അന്തരീക്ഷം. ഒരു പക്ഷെ, നടന്നു കയറുകയാണെങ്കിൽ ദിവസങ്ങളെടുത്താൽ പോലും ഞങ്ങളെക്കൊണ്ട് നടന്നു കയറാൻ ആവാത്ത മലനിരകളെ ഈ യന്ത്രങ്ങൾ അനായാസം കീഴടക്കാൻ സഹായിക്കുന്നു. മനുഷ്യൻ ശാസ്ത്രത്തെ വികസിപ്പിക്കുന്നു. ആ ശാസ്ത്രത്തിന്റെ തോളിലേറി മനുഷ്യനും വലുതാവട്ടെ. നല്ല കാഴ്ചകൾ നല്ല കാഴ്ചപ്പാടുകൾ ഉണ്ടാകാനും , അങ്ങനെ നല്ല മനുഷ്യർ ഭൂമിയെ കൂടുതൽ മനോഹരവുമാക്കട്ടെ....



Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്