കാശ്മീർ ഡയറീസ് (Travelogue) Chap.15 - പഹൽഗാമിലേക്ക്...!
15 ഇന്നത്തെ യാത്ര പഹൽഗാമിലേക്കാണ്. ലോബിയിൽ എല്ലാവരും എത്തുന്നതിനിടെ ഞാൻ പതിയെ നമ്മുടെ സാരഥിയുമായി സംഭാഷണശകലങ്ങളിൽ ഏർപ്പെട്ടു. ഏതാണ്ട് 100 കിലോമീറ്റര് ദൂരം ഉണ്ടെന്നും മൂന്നു മണിക്കൂറോളം യാത്ര ഉണ്ടാവുമെന്നും പറഞ്ഞു. അങ്ങനെ അധികം വൈകാതെ ഞങ്ങൾ പുറപ്പെട്ടു.ദൂരം ഏറെയുള്ളതിനാൽ ആഷിഖ് തുടക്കത്തിലേ തന്നെ ആംബുലൻസ് സ്റ്റൈൽ സ്വീകരിച്ചിരുന്നു. വണ്ടിയുടെ ഹോൺ ആക്സിലേറ്ററിൽ ആണോ ഇരിക്കുന്നത് എന്ന് തോന്നുന്ന തരത്തിൽ ആയിരുന്നു പോയിക്കൊണ്ടിരുന്നത്. ഹോൺ അടിക്കാതെ ഒരു നൂറു മീറ്ററിലധികം പോയിട്ടുണ്ടാവില്ല. ഇതൊരു അലോസരമായി മാറിയപ്പോൾ വളരെ സൗമ്യമായി ടിയാനോട് കാര്യം അവതരിപ്പിച്ചപ്പോൾ " ഇവിടെ ഇങ്ങനെയൊക്കെയേ പോകാനൊക്കൂ.. ഹോൺ അടിച്ചില്ലേൽ ആരും മാറിത്തരില്ല" എന്ന് പറഞ്ഞു. പിന്നെ പതിയെ ഞങ്ങളും അതിനോട് പൊരുത്തപ്പെട്ടു. ഹൈവേയിൽ എത്തികഴിഞ്ഞാൽ റോഡുകൾ ഒക്കെ മികച്ചത് തന്നെയാണ്.പോകുന്ന വഴിയിൽ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന പാടശേഖരങ്ങൾ കണ്ടു. അത് കുങ്കുമപാടമാണെന്നും വർഷത്തിൽ ഒരു പ്രത്യേക കാലാവസ്ഥയിൽ രണ്ടോ മൂന്നോ മാസം മാത്രം കൃഷി ചെയ്യുകയും ബാക്കി കാലയളവിൽ ആ നിലം വെറുതെ കിടക്കുകയുമാണ് പതിവെന്ന് ആഷിഖ് പറഞ്ഞു...