പെരുന്നാൾ കോടി

 കോളേജിൽ പഠിക്കുന്ന കാലത്ത് ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കാൻ വല്ലാത്ത മോഹമായിരുന്നു . അന്ന് കോഴിക്കോട് ഉള്ള ഒരേ ഒരു മാൾ ആയ ഫോക്കസ് മാളിൽ (2008)എപ്പൊഴും പോവാറുണ്ടായിരുന്നു എങ്കിലും 20 രൂപയുടെ ഒരു കോൺ ഐസ് ക്രീം മാത്രമേ അവിടുന്ന് വാങ്ങാൻ ഉള്ള പാങ്ങ്‌ ഉണ്ടായിരുന്നുള്ളൂ . കോളേജ് പഠനം ഹോസ്റ്റലിൽ നിന്നായതിനാൽ മെസ്സ്‌ ഫീയിൽ നിന്നും യാത്രാക്കൂലിയിൽ നിന്നും പോക്കറ്റ് മണിയിൽ നിന്നും മിച്ചം പിടിക്കുന്ന കാശ് കൂട്ടിവെക്കാൻ തുടങ്ങി ... ഏതാണ്ട് ഒരു വർഷം കൊണ്ട് അത് 8000 രൂപയിലെത്തിച്ചു . നാട്ടിലെ സുഹൃത്തിന്റെ ബൈക്കിൽ 25 കിലോമീറ്റർ താണ്ടി , ആദ്യമായി ഫോക്കസ് മാളിലേക്കു അല്പം ഗർവോടെ പെരുന്നാൾ ഷോപ്പിംഗിനായി കയറി . Scullers , john players തുടങ്ങിയ കൗണ്ടറുകളിലെ ബില്ലിംഗ് മെഷീന്റെ ശബ്ദം എന്റെ വിജയഭേരി ആയി അലയടിച്ചു . നോമ്പ് തുറക്കുന്നതിനു മുൻപ് വീട് പിടിക്കാൻ ബൈക്കിന്റെ ആക്‌സിലേറ്റർ മുരടിക്കൊണ്ടേയിരുന്നു , ഇതിനിടയിൽ കൂടി ഒരു വിദ്വാൻ മറ്റൊരു ബൈക്കിൽ തുടർച്ചയായി ഹോൺ അടിച്ചു കൊണ്ട് ഞങ്ങളുടെ പിറകെ കൂടിയിരുന്നു . വിട്ടു കൊടുത്തില്ല ... വണ്ടി പറ പറപ്പിച്ചു . പക്ഷെ , അയാൾ കൈ ഉയർത്തി കൊണ്ട് എന്തോ പറയാൻ ശ്രമിക്കുന്നത് കണ്ണാടിയിൽ കണ്ട് വണ്ടി പതുക്കെയാക്കി . "നിങ്ങളുടെ ഒരു കവർ വെസ്റ്റ്ഹിൽ ജംഗ്ഷനിൽ വീണിട്ടുണ്ട് , വേണേൽ പോയി എടുത്തോ " . അത്രയും പറഞ്ഞു അല്പം ദേഷ്യത്തിൽ അയാൾ വണ്ടി ഓടിച്ചു പോയി. ഉള്ളിലൊരു കൊള്ളിയാൻ പാഞ്ഞു . വണ്ടി സൈഡ് ഒതുക്കി കവറുകൾ പരിശോധിച്ചു . സംഗതി ശരിയാണ് ... അമിതാഹ്ലാദത്തിന്റെ ഹൃദയമിടിപ്പുകൾ വേവലാതിയുടേതായി ... പിന്നിൽ ഇരുന്നു കവറുകൾ പിടിച്ചിരുന്ന സുഹൃത്തിന്റെ മുഖവും വല്ലാതായി ... വണ്ടി തിരിച്ചു , ഇതിനിടയിൽ സന്ധ്യ കഴിഞ്ഞതും ബാങ്ക് കൊടുത്തതും നോമ്പ് തുറക്കണമെന്നുള്ളതൊന്നും ഞങ്ങൾ തിരിച്ചറിഞ്ഞില്ല . തിരിച്ചുള്ള പോക്ക് യാന്ത്രികമായിരുന്നു . ജംഗ്ഷനിലെ എല്ലാ കടകളിലും കയറി  ചോദിച്ചു , കണ്മുന്നിൽ കണ്ട ചിലരോടൊക്കെ അന്വേഷിച്ചു . നിസ്സംഗതയോടെയുള്ള തലയാട്ടലുകളും അവഗണനകളും ഞങ്ങളുടെ അന്വേഷണം പെട്ടെന്ന് അവസാനിപ്പിച്ചു . ഹൃദയം വിങ്ങിയും കണ്ണുകൾ നിറഞ്ഞും വളരെ പതുക്കെ വീട്ടിലേക്കു പൊയ്ക്കൊണ്ടിരുന്നപ്പോൾ മനസ്സ് മന്ത്രിച്ചു : "അല്ലെങ്കിലും നിനക്ക് അഹങ്കാരം കുറച്ചു കൂടുതൽ ആണ്, ഇത്രേം പൈസന്റെ ഡ്രസ്സ് ഒക്കെ എടുക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ ...? "


-ഹിസ്‌കാഫ്

Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്