അവൾ
അയാൾ അവളുടെ നെറുകയിൽ ചുംബിച്ചു, മതിയാവാതെ വീണ്ടും നെറ്റിയിൽ ചുംബിച്ചു. തൻ്റെ പ്രിയതമയുടെ മുഖം അയാളൊന്നു കൂടി നോക്കി. എന്താണെന്നറിയില്ല അവൾ വളരെയേറെ സുന്ദരിയായിരിക്കുന്നു. വശ്യമായ ഒരു ശാന്തതയോടു കൂടി അവളുറങ്ങുകയാണ്, ഏതു പാതിരാത്രിയിലും തന്റെ മുരട് അനങ്ങുമ്പോഴേക്ക് ഞെട്ടിയുണർന്നു എന്ത് പറ്റിയെന്നു ചോദിക്കുന്നവൾ ഗാഢനിദ്രയിലാണ്, തന്റെ ചുടുചുംബനത്തിനു പോലും എഴുന്നേൽപ്പിക്കാനാവാത്ത നിദ്ര..! അല്ല, ചുടുചുംബനം അല്ല, തണുത്തിരിക്കുന്നു വല്ലാതെ, തന്റെ അധരങ്ങളെപോലും ശീതീകരിക്കുന്ന തണുപ്പ്. മരണത്തിനു തണുപ്പ് ആണെന്ന് കേട്ടപ്പോൾ അറിഞ്ഞിരുന്നില്ല അതൊരു സുഖമുള്ള തണുപ്പല്ല, മറിച്ചു ഭീതിജനകമായതാണെന്നു... ഇന്നലെ വരെ എണ്ണയിട്ട യന്ത്രം കണക്കെ തന്നെയും മക്കളെയും ജീവിപ്പിച്ചവൾ എല്ലാ ഭാരങ്ങളും ഇറക്കിവെച്ച് സുഖശയനത്തിലാണ്. ആ ഭാരമത്രയും ഇപ്പൊ തന്റെ ഹൃദയത്തിനാണ്. അയാൾ ഉറക്കെ കരയുന്നുണ്ടായിരുന്നു, പക്ഷെ ഒരു തുള്ളി കണ്ണുനീരോ ശബ്ദമോ വെളിയിൽ വന്നില്ല. ആകെ മരവിച്ചിരിക്കുന്നു. തന്നെ നോക്കുകയും സംവദിക്കുകയും ചെയ്യുന്ന കണ്ണുകളോട് പ്രതികരിക്കുവാൻ മുഖത്തെ പേശികൾക്ക് പോലുമാവാത്ത മരവിപ്പ്...! തന്റെയും മക്കളുടെയും എല്ലാ...