Posts

Showing posts from 2024

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

 കാലിഫ്‌ കലാമേളയിൽ ജൈസലിന്റെ വൈറൽ വീഡിയോ പലവുരു കണ്ടു ... ഹൃദ്യമായ ഭാഷണങ്ങളും ഹൃദയം തുറന്നുള്ള പങ്കു വെക്കലുകളും അങ്ങനെയാണ് ; ആവർത്തന വിരസത ഉണ്ടാക്കുകയില്ലെന്നു മാത്രമല്ല , ഓരോ തവണയും മനം കുളിർപ്പിക്കുന്നതിൽ പരാജയപ്പെടാറുമില്ല . ശ്രോതാക്കളെ ചിരിപ്പിക്കുന്നതിനോടൊപ്പം അദ്ദേഹം മനോഹരമായി ചിരിക്കുന്നുമുണ്ട്. തന്റെ ചിരിയും ചിരിപ്പിക്കലും ആളുകൾ ഉൾക്കൊള്ളുന്നുണ്ടോ എന്ന ഭയാശങ്ക ഇല്ലാതെ, യാതൊരു സങ്കോചവുമില്ലാതെ അദ്ദേഹം ഹൃദയം തുറക്കുന്നു.  എങ്ങനെ അദ്ദേഹത്തിനിത്ര സുന്ദരമായി  സംവദിക്കാനും മനോഹരമായി ചിരിക്കാനും കഴിയുന്നുവെന്ന് ചിന്തിച്ചു. അവരുടെ ഇരുണ്ട ലോകം വെളിച്ചമേറിയതാണ്. അവിടെ എല്ലാവരും സുന്ദരന്മാരാണ് , കറുത്തവനും വെളുത്തവനും ഒരേ നിറമാണ്. ആളുകളുടെ മുഖങ്ങൾ കരസ്പർഷത്താൽ വേറെയാണെന്നറിയുമ്പോഴും എല്ലാം ഒരു പോലെ സുന്ദരമാണ് . ആരുടേയും സൗന്ദര്യമോ വേഷവിധാനമോ സഞ്ചരിക്കുന്ന കാറിന്റെ വലിപ്പമോ നോക്കി പ്രത്യേക വിനയമോ ബഹുമാനമോ കാണിക്കേണ്ടതില്ല. തന്നെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തവന്റെ മുഖം ഓർമയിൽ സൂക്ഷിച്ചു പ്രതികാരാഗ്നിയിൽ ഇരിക്കേണ്ടതില്ല. തന്റെ തൊട്ടു മുന്നിലുണ്ടായേക്കാവുന്നത് പൂവായാലും ...

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

Image
  20 ഒരു യാത്രയുടെ അവസാനദിവസം ഒരേ സമയം വിരസതയുടെയും സംതൃപ്തിയുടെയും സന്തോഷത്തിന്റേതുമെല്ലാമാണ്. നാളെ ഇനി എങ്ങോട്ടും പോവാനും പുതിയതായൊന്നും കാണാനും ഇല്ലല്ലോ എന്ന വിരസത. ഇത്രയും ദിവസങ്ങളിൽ പ്രതീക്ഷിച്ച പോലെയും പ്ലാൻ ചെയ്ത പോലെയും എല്ലായിടവും പോയതിന്റെ , എല്ലാ കാഴ്ചകളും ആസ്വദിച്ചതിന്റെ സംതൃപ്തി. നടക്കാതെ പോവുന്ന നൂറു പദ്ധതികളിൽ ഒന്ന് നടത്തിയെടുത്തതിന്റെ , എന്നാൽ സ്വത്വത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ സന്തോഷം. വൈകുന്നേരം പാക്കിങ്ങും പിന്നെ അത് കഴിഞ്ഞു "അവസാനത്തെ അത്താഴവും" ഒക്കെ കഴിഞ്ഞു , റൂമിൽ വന്നിരുന്നു ചുമ്മാ ടി വി കാണാൻ ഇരുന്നു. മുൻപ് കണ്ടതാണെങ്കിലും നല്ല ഒരു സിനിമ കണ്ടപ്പോൾ അതിലേക്കായി ശ്രദ്ധ. ശരീരത്തിന്റെ യാത്രാക്ഷീണം മൂലമാണോ അതല്ല , യാത്ര തീരുന്നതിന്റെ മനോവ്യഥ മൂലമാണോ എന്നറിയില്ല , നിദ്രാദേവി കണ്ണുകളിൽ കടാക്ഷിക്കാൻ തുടങ്ങി.തിരിച്ചൊരു ചെറുത്തുനിൽപ്പിനൊരുങ്ങാതെ പുതപ്പിന്റെ സുഖശീതളിമയോട് ഒട്ടിചേർന്ന് ഞാൻ പതിയെ നിദ്രയിലേക്ക് വഴുതിവീണു. കാലത്തു ആറരക്ക് ഉറക്കമുണർന്ന ഞങ്ങൾ ഒരു മണിക്കൂറിനുള്ളിൽ എല്ലാ തയ്യാറെടുപ്പുകളും തീർത്തു വസ്ത്രം മാറി , കുട്ടികളുമൊന്നിച്ചു തീൻ മുറിയിലേക്കെ...

കാശ്മീർ ഡയറീസ് (Travelogue) Chap.19 - വസ്വാനിൻറെ വസ്‌വാസ്

Image
  19 യാത്രക്ക് മുൻപും യാത്രക്കിടയിലും കേട്ടുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു. നാം പോകുന്ന സ്ഥലത്തിന്റെ മുഖമുദ്ര എന്നോണം കേൾക്കുന്ന ചില സ്ഥലങ്ങൾ , ചില വസ്തുക്കൾ , ചില ഭക്ഷണങ്ങൾ .. അങ്ങനെ കാശ്മീരിലെത്തിയ ശേഷം കേട്ടറിഞ്ഞ ഒന്നായിരുന്നു "വസ്വാൻ". ഒരു കാശ്മീരി ഭക്ഷണവിഭവം ആണെന്നതിലുപരി അതെന്താണെന്നോ എങ്ങനെയാണെന്നോ യാതൊരു രൂപവുമുണ്ടായിരുന്നില്ല.കാശ്മീരി ഖാവ പോലെ തന്നെ ഞങ്ങൾക്കിഷ്ടപ്പെടുമെന്നുള്ള പ്രതീക്ഷയും , കേട്ടറിഞ്ഞ ഒന്നിനെ അനുഭവിച്ചറിയാനുള്ള ത്വരയും നിമിത്തം അതൊരു തവണയെങ്കിലും രുചിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഉച്ച ഭക്ഷണ സമയമായതിനാൽ ഡ്രൈവർ വസ്വാൻ കഴിക്കാൻ പോവുകയല്ലേയെന്നു ഒരു നിർദേശം വെച്ചു. ഭക്ഷണ സമയമായതിനാലും ഞങ്ങൾക്ക് പ്രത്യേക നിശ്ചിത പരിപാടികളൊന്നും ഇല്ലാത്തതിനാലും ഞങ്ങളാ നിർദേശം പെട്ടെന്ന് സ്വീകരിച്ചു. ഉടൻ തന്നെ വലീദ്ക്ക വസ്വാൻ ലഭിക്കുന്ന മികച്ച ഭക്ഷണശാല ഗൂഗിളിൽ തിരഞ്ഞു , ഒരു അനുമാനത്തിലെത്തിചേർന്നിരുന്നു. ഡ്രൈവർക്കു അങ്ങോട്ടുള്ള മാർഗ നിർദേശങ്ങൾ നല്കുന്നുണ്ടായിരുന്നു. പക്ഷെ , ഏതാണ്ട് അവിടെയെത്തുന്നതിനു 2 -3 കിലോമീറ്റർ മുൻപ് മാർഗനിർദേശങ്ങൾ അവഗണിച്ചു ഡ്രൈവർ മറ്...

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്

Image
  18 ഒരു പെരുന്നാൾ സുദിനത്തിലോ ഒരു യാത്ര പോകുമ്പോഴോ നാം ഉറക്കത്തിൽ നിന്നെഴുന്നേൽക്കുക അലാറമിനെ പോലും തോൽപ്പിച്ചു കൊണ്ടായിരിക്കും. ഏറെ സന്തോഷമുള്ള , ഏറെ പ്രതീക്ഷകളുളള ഒന്നിലേക്ക് ശരീരത്തെക്കാൾ മനസ്സ് കുതിക്കുന്നതിനാലാണ് അങ്ങനെ , എന്ന് തോന്നിയിട്ടുണ്ട്. ഇന്നത്തെ പുലരിയും അത് പോലെ അലാറം ശബ്‌ദിക്കുന്നതിനു മുൻപ് തന്നെ ഉണർന്നു. എഴുന്നേറ്റ ഉടനെ ജനാലക്കലേക്കു നീങ്ങി. വെള്ള കീറി തുടങ്ങുന്നതേ ഉള്ളൂ... തണുത്ത അന്തരീക്ഷത്തിൽ കോടയുടെ സാന്നിധ്യം ഉണ്ട്. ദൂരെ പുഴയങ്ങനെ നിർത്താതെ കലപില ശബ്ദമുണ്ടാക്കി ഒഴുകുന്നു. പുഴ മാടി വിളിക്കുന്ന പോലെ തോന്നിയപ്പോൾ പെട്ടെന്ന് വസ്ത്രം മാറി പുറത്തേക്കു പായാൻ ഒരുങ്ങി. അപ്പോഴേക്കും നേർപതിയും ഉറക്കത്തിൽ നിന്നെഴുന്നേറ്റു പോകാനൊരുങ്ങി നിന്നു. ഞങ്ങൾ താഴെ റിസപ്ഷനിൽ എത്തിയപ്പോൾ പ്രധാനവാതിൽ തുറന്നിട്ടില്ല. ജീവനക്കാർ ഒന്നും എഴുന്നേറ്റു കാണില്ല. അല്ലെങ്കിലും സഞ്ചാരികൾക്കു തോന്നുന്ന കൗതുകവും പുതുമയുമൊന്നും ആ ദേശവാസികൾക്കു തോന്നില്ലല്ലോ , അവർക്കതെല്ലാം സാധാരണയിൽ സാധാരണ മാത്രമാണല്ലോ..! തലേന്ന് ഞാൻ കൊട്ടിയടച്ച വാതിൽ ഞാൻ തന്നെ തുറന്നു പുഴയോരത്തേക്കു കുതിച്ചു. സൂര്യപ്രകാശം പരക്കുന...

കാശ്മീർ ഡയറീസ് (Travelogue) Chap.17 - പുഴയുടെ സംഗീതം

Image
  17 ഊടുവഴികളിലൂടെ മുന്നോട്ടു പോയി ഞങ്ങളുടെ ഹോട്ടലിന്റെ മുന്നിൽ വണ്ടി നിന്നു. വിശാലമായ മുറ്റത്തോടു കൂടിയ ഒരു മൂന്നു നിലകെട്ടിടം. പുറമെ നിന്നു നോക്കുമ്പോൾ ഒരു അത്യാഢംബര കെട്ടിടത്തിന്റെ ലക്ഷണങ്ങളേതും കാണിക്കുന്നില്ലെങ്കിലും , അത് നിലനിൽക്കുന്ന പരിസരം ആണ് അതിനു പത്തരമാറ്റ് ഏകുന്നത്. വിശാലമായ മുറ്റത്തിന് നടുവിൽ ഒരു കൊച്ചു കെട്ടിടം. പുറത്തേക്കു ഇറങ്ങി അല്പം മുന്നോട്ടു നടന്നാൽ കുത്തിയൊഴുകുന്ന പുഴ. ആഴം ഏറെ കുറവാണെങ്കിലും പാൽനിറമുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിരുന്നു.തണുത്ത കാറ്റു വീശിയടിക്കുന്ന , പതിഞ്ഞ വെയിലിൽ നിശയെ പുൽകാനൊരുങ്ങുന്ന   അന്തരീക്ഷം. സാധാരണ ഗതിയിൽ നാം താമസിക്കുന്ന റൂം കാണാനുള്ള വ്യഗ്രത ആണുണ്ടാവുകയെങ്കിൽ , ഇവിടെ ഈ പ്രകൃതിയിൽ അലിയാൻ ആണ് എല്ലാവരും കൊതിക്കുന്നത്. അന്നൊരു ദിവസത്തെ മുഴുവൻ യാത്രാക്ഷീണവും അവിടുത്തെ കാറ്റ് ഞങ്ങളിൽ നിന്നും തട്ടി മാറ്റിയത് പോലൊരു തോന്നൽ. ബുക്കിംഗ് റെഫെറെൻസുമായി റിസപ്ഷനിൽ വലീദ്ക്കയും അദ്ദേഹത്തിനെ സഹായിക്കാനായി അൻവർ സാദത്തും അത്യുന്മേഷത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. എല്ലാവര്ക്കും വേണ്ടി ഈ പാവങ്ങൾ എന്തോരം കഷ്ടപ്പെടുന്നു എന്ന് ചിന്തിച്ച എ...

കാശ്മീർ ഡയറീസ് (Travelogue) Chap.16 - ബൈസരൺ വാലി Alias മിനി സ്വിറ്റ്സർലൻഡ്

Image
  16 ചെറുചാറ്റൽ മഴയുടെ അകമ്പടിയോടെ ബൈസരൺ വാലിയിലേക്ക് എത്തിച്ചേർന്ന ഞങ്ങൾ , കുതിരകളിൽ നിന്ന് ഇറങ്ങാൻ അല്പം പാടുപെട്ടു. മഴവെള്ളത്തിനാൽ അവിടെയാകെ കുശവന്മാർ കുഴച്ചു വെക്കുന്ന പരുവത്തിൽ ആയിരുന്നു മണ്ണ്. ആ ചളിയിൽ കാലു പെടാതെ അല്പം സാഹസപ്പെട്ടു തന്നെ എല്ലാവരും ഇറങ്ങി. മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബൈസരൺ വാലി ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന പച്ചപുൽത്തകിടി ആണ്. തുടക്കമെവിടെന്നോ ഒടുക്കമെവിടെന്നോ മനസ്സിലാകാത്ത വിധം ഒരു കടൽ പോലെ പരന്നുകിടക്കുന്ന അവിടം ആദ്യകാഴ്ചയിൽ തന്നെ ഹൃദയത്തിനേകുന്ന പ്രശാന്തത വിവരണാതീതമാണ്. പ്രധാനകവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചാൽ , കണ്ണെത്താ ദൂരത്തോളമുള്ള പച്ചവിരിച്ച ഭൂമി. അങ്ങ് ദൂരെ ഒരതിർത്തി പോലെ , ഇടതൂർന്നു നിൽക്കുന്ന പൈൻ മരങ്ങളും ഉയരമേറി കൊലുന്നനെ നിൽക്കുന്ന മറ്റു മരങ്ങളും.(ആ ഭൂപ്രകൃതിയിൽ മരങ്ങളേറെയും അങ്ങനെ തന്നെ കാണപ്പെടുന്നു , മഞ്ഞുകാലത്ത് ഹിമശല്കങ്ങൾ മരത്തിൽ താങ്ങി നിൽക്കാതെ കീഴെ പോവാനുള്ള തരം ഒരു ആകൃതി).ആ മരങ്ങൾക്കുമപ്പുറം അതിർത്തി കാക്കുന്ന സൈന്യം പോലെ കിടക്കുന്ന വിശാലമായ പർവ്വതനിരകൾ. ട്യൂലിൻ തടാകത്തിലേക്ക് ട്രക്കിങ് പോകുന്നവർ സാധാരണയായി ഇവിടെ ആണ് ക്യ...