ചിരി ..!
:അറിഞ്ഞോ, അവനു സുഖമില്ലത്രേ ...
:എന്തെ അസുഖം?
:അത് തന്നെ....( നീണ്ട ഒരു നെടുവീർപ്പോടെ...)
:ഓഹ്, എവിടാണ്, എന്താ സ്ഥിതി?
:അസ്ഥിയിലാണെന്നാ പറഞ്ഞത്, തേർഡ് സ്റ്റേജ് ഓ എന്തോ ആണ്, രക്ഷപ്പെടൽ പ്രയാസമാണെന്നാ പറഞ്ഞത്...
(മൗനം... നെടുവീർപ്പുകൾ... മുരട് അനക്കൽ.... അറ്റമില്ലാത്ത ചിന്തകൾ)
ചെവികൾ ഉൾക്കൊണ്ടത് പോലെ അനായാസമായിരുന്നില്ല മനസ്സിന് അത് ഉൾകൊള്ളാൻ...
നാട്ടിലെ എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുന്ന ആൾ, ആ മുഖം ചിരിയോടെ അല്ലാതെ കാണുന്നത് വളരെ വിരളമായിരുന്നു. പൊതു കാര്യങ്ങളിലും മത കാര്യങ്ങളിലും ഒരു പോലെ ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവൻ. പ്രായഭേദമന്യേ എല്ലാരോടും പെട്ടെന്ന് കൂട്ടാവുന്നവൻ... ഒരാൾ ആദ്യമായി പരിചയപ്പെടുമ്പോൾ പോലും പത്തു മിനിട്ടു സംസാരിച്ചാൽ തന്റെ ആരോ ആണിതെന്ന് ഉള്ളിൽ തോന്നിപ്പോകും... കല്യാണവീട്ടിലും മരണവീട്ടിലും ഉത്സവപ്പറമ്പിലും ക്ലബ് വാര്ഷികത്തിലും ഒരു പോലെ നിറഞ്ഞു നിൽക്കുന്നയാൾ...
:അല്ലാ, നമുക്കൊന്ന് കാണാൻ പോണ്ടേ?
:പോണം, ഹോസ്‌പിറ്റലിൽന്നു വീട്ടിലേക്കു കൊണ്ട് വന്നിട്ടുണ്ടെന്നാ പറഞ്ഞത്.
:എന്ന പിന്നെ, ഇപ്പൊ തന്നെ പോവാല്ലേ...
ഗേറ്റ് കടന്നു ഉമ്മറത്ത് എത്തിയപ്പോൾ ആ വീട് പോലും വിഷാദിച്ചിരിക്കുകയാണെന്നു തോന്നി... എന്തെ അങ്ങനെ തോന്നാൻ... അറിയില്ല, ചിലപ്പോ തോന്നിയതാവും....
അവന്റെ മുറിയിലെത്തി, മനസ്സിൽ സങ്കല്പിച്ചു കൂട്ടിയ അത്രയും ഇല്ലേലും ആൾ ഏറെ ക്ഷീണിതൻ തന്നെയായിരുന്നു. പ്രതീക്ഷിച്ച പോലെ മുടിയും പുരികങ്ങളുമൊക്കെ പിണങ്ങി പോയതിനാൽ അവനു ഞങ്ങളെക്കാളേറെ പ്രായം തോന്നിച്ചു.. പക്ഷെ, ഞങ്ങളെ കണ്ട ഉടൻ അവന്റെ മുഖത്തു വന്ന ചിരി.. അതിനു ഒരു മാറ്റവുമില്ലായിരുന്നു, അവൻ അവന്റെ ചിരി മാത്രം അസുഖത്തിന് വിട്ടു കൊടുത്തിട്ടില്ലായിരുന്നു..
:വാടാ , വന്നിരിക്ക്, ഞാൻ ഇങ്ങനെ ബോർ അടിച്ചു കിടക്കുകയായിരുന്നു ... നിങ്ങൾ വന്നത് നന്നായി... ഫോൺ ഒന്നും അധികം നോക്കാൻ പറ്റുന്നില്ല...വേറെന്തൊക്കെയാ വർത്താനം ?
അവന്റെ സംസാരത്തിനും ചോദ്യങ്ങൾക്കുമെല്ലാം മനസ്സ് പ്രതികരിക്കുന്നുണ്ടായിരുന്നു, അത് നാവിലൂടെ പുറത്തു വരുന്നുണ്ടായിരുന്നില്ല.
പിന്നെ, അതൊരു മൗനത്തിനു വഴി മാറി.. അല്പം നീണ്ട നേരത്തെ മൗനം..!
ഒരു നെടുവീർപ്പിന്റെ അകമ്പടിയോടെ, എന്നാ ഞങ്ങൾ പോയിട്ട് പിന്നെ വരാം എന്ന് പറഞ്ഞു എഴുന്നേറ്റു.
എടാ.. എന്നാ അവന്റെ വിളിയിൽ ഞങ്ങൾ അവന്റെ അടുത്തേക്ക് നിന്നു... അവൻ പതിയെ എന്റെ കരം കവർന്നു...
:ദുആ ചെയ്യണേ..
ഞാൻ ഒന്നും മൂളി.. "ഊം"
:ചെയ്യില്ലേ? അവൻ വീണ്ടും ചോദിച്ചു...
:ചെയ്യുമെടാ, എന്തായാലും ചെയ്യും. നിന്നെ പടച്ചോൻ കഷ്ടപ്പെടുത്തൂല്ലെടാ, ഒക്കെ വേഗം സുഖം ആയി നീ ഉഷാർ ആകും" കണ്ണ് നിറയാതെയും കണ്ഠം ഇടറാതെയും ഞാൻ പറഞ്ഞൊപ്പിച്ചു.
:എന്താ ദുആ ചെയ്യുക ? അവന്റെ ചോദ്യത്തിന് ആഴമേറി വരുന്നതായി തോന്നി.
ഞാൻ മറുപടി പറയാൻ ഭാവിക്കുമ്പോഴേക്കും അവൻ പറഞ്ഞു :
:"രോഗത്തിന്റെ കാര്യം പടച്ചവന്റെ വിധി പോലെ വരട്ടെ, ഞാൻ ഉള്ളിടത്തോളം കാലവും അതിനു ശേഷവും എന്റെ വീട്ടുകാരും ഞാൻ സ്നേഹിക്കുന്നവരും എന്നെ സ്നേഹിക്കുന്നവരും എന്നെ ഓർത്തു ഒരുപാട് വിഷമിക്കാതിരിക്കാൻ ദുആ ചെയ്യണം. ആ സങ്കടങ്ങൾ എന്നെ എന്റെ രോഗത്തെക്കാൾ വിഷമിപ്പിക്കും. ഞാൻ അങ്ങ് പോയാൽ എന്റെ അനന്തരജീവിതത്തിനു വേണ്ടിയും ദുആ ചെയ്യണം. അത് മതിയെടാ...."
എന്തെങ്കിലും മറുപടി പറയാൻ ഞാൻ വാക്കുകൾ ഏറെ പരതിയെങ്കിലും, പരാജിതനായി മുഖത്തു ഒരു ചിരി വരുത്തിയെന്ന് ഭാവിച്ചു സലാം പറഞ്ഞു ഞങ്ങൾ ഇറങ്ങി....
:"അവനെന്താടാ ഇങ്ങനെയൊക്കെ പറയുന്നത്?", അസുഖത്തിന്റെ അവസ്ഥ കൊണ്ടാവുമോ...?"
ചിന്തകളുടെ അഗാധ ഗർത്തത്തിൽ നിന്നുയർന്നു, ഞാൻ അതിന്റെ ഉത്തരം തേടി...
പിന്നെ, നിറഞ്ഞ ഒരു പുഞ്ചിരിയോടെ പറഞ്ഞു: " അവൻ അങ്ങനെയല്ലേടാ പറയൂ... അവനെ നമുക്കറിയുന്നതല്ലേ.... അവൻ... അവൻ... അവനെ പടച്ചോൻ കൈ വിടൂല്ലടാ... ഈ നാടിന്റെ മൊത്തം പ്രാർത്ഥന അവനോടൊപ്പമില്ലേ.....!
ഇറക്കി വെക്കാനാവാത്ത ഭാരത്തോടെയുള്ള ഹൃദയവും പേറി ഞങ്ങൾ നടന്നകന്നു.....
Comments
Post a Comment