ചില സ്കൂൾ ഓർമകൾ...!
കൊച്ചു കുരുന്നുകൾ ആദ്യാക്ഷരം നുകരാൻ പോവുന്ന വാർത്തകൾ പഴയ ചില സ്കൂൾ ഓർമകളിലേക്ക് കൊണ്ടെത്തിച്ചു. സ്കൂളിനെക്കുറിച്ചുള്ള നിറമുള്ള ഓർമ്മകൾ എല്ലാം ക്ലാസ്റൂമിന് പുറത്തു തന്നെയാണ്... മഴക്കാറുള്ളപ്പോൾ ക്ലാസ് മുറിക്കകം ഇരുണ്ടിരിക്കുന്നതു പോലെ തന്നെ, ക്ലാസ്സിനകത്തുള്ള ഓർമകൾക്കും നിറം കുറവാണ്.
വീടിനടുത്തുള്ള സ്കൂളിൽ നിന്നും 7 ആം ക്ലാസ് മുതൽ കാപ്പാട് ഉള്ള സ്കൂളിലേക്ക് "ഉപരിപഠനാർത്ഥം" മാറ്റിയത് എന്റെ വിദ്യാഭ്യാസ നിലവാരം കുറയുന്നെന്നുള്ള വീട്ടുകാരുടെ ഗവേഷണ ഫലമായിട്ടായിരുന്നു..! 7 - 8 കിലോമീറ്റർ ബസ് യാത്രയും മൊത്തത്തിൽ ഒരു പരിഷ്കാരിയാകാനുള്ള സാധ്യതകളും മുന്നിൽ കണ്ടു ഞാനും ആ തീരുമാനം സന്തോഷത്തോടെ ഉൾക്കൊണ്ടു.ഹവായ് ചെരുപ്പും ഇട്ടു ചളി തെറിപ്പിച്ചു സ്കൂളിൽ പോയി വന്നിരുന്ന ഞാൻ ഷൂ,ഇൻസേർട് ആക്കിയ ഷർട്ട്, ബെൽറ്റ്, ഐഡി കാർഡ് വിത്ത് ടൈ .... എന്നീ അത്യാഡംബരങ്ങളുടെ മായികലോകത്തേക്കു പറിച്ചു നട്ടതും ഇവ നടപ്പിലാക്കാനുള്ള പ്രത്യേക ഉദ്യോഗസ്ഥനായ ചൂരലേന്തിയ പി ടി സാറിനു കീഴ്‌പ്പെടുമ്പോഴേക്കു ഏഴാം തരം തീരാറായിരുന്നു. സ്കൂൾ ബസിൽ തന്നെയുള്ള ഒരു വർഷത്തെ പോക്ക് വരവ് ഏറെക്കുറെ ശ്വാസം മുട്ടിച്ചു തുടങ്ങിയിരുന്നു.
എട്ടാം തരത്തിലെത്തിയപ്പോൾ ഹൈ സ്കൂൾ ആയെന്നും വലിയ കുട്ടി ആയെന്നും, ആയതിനാൽ ലൈൻ ബസ്സിൽ പോകാൻ അനുവദിക്കണമെന്ന എന്റെ ഹർജി സൗദിയിലുള്ള ബാപ്പാന്റെ ശുപാർശയിലാണ് മേൽക്കോടതി അംഗീകരിച്ചത്. സ്വാതന്ത്ര്യം കലർന്ന ശുദ്ധവായു ആസ്വദിക്കുന്നതോടൊപ്പം കൗമാരം എന്നിലേക്കെത്തിയെന്ന ഉറപ്പിക്കൽ കൂടിയായിരുന്നു ലൈൻ ബസ്സിലുള്ള പോക്ക് വരവ്. കൊയിലാണ്ടി നിന്നും പൂക്കാട് വരെ ബസ്സിലും പൂക്കാട് നിന്ന് കാപ്പാട് വരെ കാൽനടയായി പോകുന്ന നിമിഷങ്ങളെല്ലാം അഭിമാനത്തിന്റെയും ആത്മഹര്ഷത്തിന്റെതുമായിരുന്നു. ഈ നടത്തത്തിനിടയിൽ സിപ്പ്അപ്പ് വാങ്ങുന്നതും മാങ്ങക്കു കല്ലെറിയുന്നതുമൊക്കെ ഒറ്റക്കും കൂട്ടായും രാവിലെയോ വൈകുന്നേരങ്ങളിലോ നടന്നു പോന്നിരുന്നു. വാരാരംഭത്തിലുണ്ടാകുന്ന അസെംബ്ലി ആദ്യത്തെ ഒരു പിരിയഡിന്റെ സമയം കവരുന്നത് സന്തോഷമുള്ള കാര്യമായിരുന്നെങ്കിലും, അന്നെങ്ങാനും നേരം വൈകിയാൽ സ്കൂളിലെ മുഴുവൻ അധ്യാപക-വിദ്യാർത്ഥികളുടെ മുന്നിലും കൊലക്കേസ് പ്രതിയെന്നോളമുള്ള തല താഴ്ത്തിയുള്ള നിൽപ്പ് അസഹനീയമായിരുന്നു. അന്ന് 75 പൈസ ആയിരുന്നു വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക്. പക്ഷെ, ആ പൈസ കൊടുക്കാതിരുന്നാൽ അതുപയോഗിച്ചു മിട്ടായി വാങ്ങാനുള്ള സാധ്യതയോർത്തു കണ്ടക്ടറുടെ മുന്നിൽ ഒളിച്ചു കളി നടത്തുന്നത് അതിസാധാരണമായിരുന്നെങ്കിലും അങ്ങേരും ആ കളിയിൽ മിടുക്കൻ ആയതിനാൽ കൂടുതലും പാഴ്ശ്രമങ്ങൾ ആയിരുന്നു.
സ്കൂളിൽ പോകുന്നതിലേറെ ഇഷ്ടമാണ് പോകാതിരുന്നത്. അതിലും സന്തോഷം ഏറിയൊരു കാര്യമാണ് സ്കൂളിൽ പോയതിനു ശേഷം വീട്ടിലേക്കു തിരിച്ചു പോരുന്നത്. അതിനു ഹേതുവാകുന്നത് രണ്ടു കാര്യങ്ങൾ ആണ്. ഒന്നുകിൽ സമരം വരണം. അല്ലെങ്കിൽ അസുഖം ആണെന്നുള്ള വസ്തുത/നാട്യം ടീച്ചർ കണ്ടു ബോധ്യപ്പെടണം. ഇതിൽ ഞങ്ങളുടെ സ്കൂൾ, ഗവണ്മെന്റ് സ്കൂൾ അല്ലാത്തതിനാലും ഞങ്ങളുടെ സ്കൂളിലേക്ക് കാല്നാടയായി കുറച്ചു ദൂരം നടക്കേണ്ടതിനാലും ആകെ സമരങ്ങളുടെ ഒരു 10 - 20 ശതമാനം മാത്രമേ ഞങ്ങൾക്ക് ഗുണപ്പെട്ടുള്ളൂ. വല്ലപ്പോഴുമാണെങ്കിലും ഞങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടുകളേറെ സഹിച്ചു മുദ്രാവാക്യങ്ങൾ വിളിച്ചു സമരം വിജയത്തിലെത്തിച്ച തിരുവങ്ങൂരിലെയും പൊയിൽക്കാവിലെയും വിദ്യാർത്ഥി സഖാക്കളെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുകയാണ്.
മറ്റു ചിലപ്പോൾ അസുഖ ബാധിതൻ ആയാലും വീട്ടിലേക്കു പോവാം. പക്ഷെ, അതിനു അസുഖം സത്യമാണെന്നുള്ള ഏതെങ്കിലും ഒരു ടീച്ചറുടെ സാക്ഷ്യപ്പെടുത്തൽ ലഭിക്കണം. എന്തെങ്കിലും ക്ലാസ് ടെസ്റ്റ് ഓ ഹോംവർക്കോ ഉള്ള ദിവസമാണെങ്കിൽ ഈ ഒരു സാക്ഷ്യപ്പെടുത്തലിനുള്ള സാധ്യത വീണ്ടും കുറയും. എങ്കിലും ചിലപ്പോഴൊക്കെ അത്തരം അവസരങ്ങൾ ഉണ്ടാവാകാറുണ്ടായിരുന്നു. ഞാൻ അസുഖബാധിതനായപ്പോഴൊക്കെ എന്റെ കൂടെ വന്നു വീട്ടിൽ കൊണ്ടാക്കാനുള്ള ആജീവനാന്ത കുത്തകാവകാശം എന്റെ അയൽവാസിയും വിദ്യാരംഭം മുതലേ ഉള്ള സഹപാഠിയുമായ സെമി ക്കു ആയിരുന്നു. ടിയാന്റെ യഥാർത്ഥ പേര് , സെർട്ടിഫിക്കറ്റുകളിൽ "സമീഹ്" എന്നാണെങ്കിലും ചരിത്രത്തിലിന്നോളം മേപ്പടിയാനെ അങ്ങനെ നാമകരണം ചെയ്തതായി രേഖകളില്ല. സെമി അല്ലെങ്കിൽ സെമീ എന്നതിനപ്പുറത്തേക്കു വിളികൾ ഉണ്ടായിട്ടില്ല. ഇത്തരം അസുഖ അവസരങ്ങളിൽ എന്നെ കൊണ്ട് പോകാൻ മറ്റു ആരെങ്കിലും ശ്രമിച്ചാൽ അതിനെതിരെ ഏതറ്റം വരെ പോവാനും , വേണ്ടി വന്നാൽ ഒരു മല്ലയുദ്ധത്തിനിറങ്ങാൻ പോലും മാന്യദേഹത്തിനു യാതൊരു മടിയുമില്ലായിരുന്നു.അത് മാത്രമല്ല എന്റെ ബാഗ് പിടിക്കുകയും, വെള്ളമോ മിട്ടായിയോ വാങ്ങിത്തരികയും, എന്തിനേറെ വേണ്ടി വന്നാൽ എന്നെ ഒക്കത്തെടുത്തു കൊണ്ട് പോവാൻ പോലും ബഹുമാന്യൻ ഒരുക്കമായിരുന്നു. സംഗതി, അവനു ഒരു ദിവസത്തെ ക്ലാസ്സിൽ നിന്ന് രക്ഷപ്പെടാൻ ആണെങ്കിലും, ഈ പഹയന് ഇങ്ങനേം സ്നേഹിക്കാനറിയുമോ എന്ന് ചിന്തിച്ചു പോയ നാളുകൾ ആയിരുന്നു അത്...!
സ്കൂൾ ജീവിതത്തിലെ ഓർക്കാൻ ഏറെ ഇഷ്ടമുള്ള മറ്റു ചില നാളുകൾ കലോത്സവത്തിന്റേതായിരുന്നു. കലോത്സവത്തിന് മുൻപ് ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പ്രാക്ടീസ് സെഷന്റെ പേരിൽ ക്ലാസ്സിൽ കയറാതെ ഉഴപ്പി നടക്കാൻ ഏതെങ്കിലും ഒരു ഐറ്റത്തിൽ എങ്ങനെയെങ്കിലും കയറിക്കൂടുമായിരുന്നു. പലപ്പോഴും പല ടീച്ചർമാരിൽ നിന്നും രക്ഷപെടാൻ ഞങ്ങൾ മെനഞ്ഞ കഥകൾ ഓർത്തു വെച്ചിരുന്നേൽ മലയാള സാഹിത്യത്തിലേക്ക് മികച്ച സൃഷ്ടികൾ സംഭാവന ചെയ്യാനാവുമായിരുന്നു. അങ്ങനെ ഒരു ഉത്സവകാലത്തിന്റെ കൊടിയേറ്റം എന്ന പോലെ 2 -3 നാൾ നീണ്ടു നിൽക്കുന്ന സ്കൂൾ ഡേ ശരിക്കും ഒരു വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്ന പോലെ തന്നെയായിരുന്നു. ഓരോ പരിപാടികളുടെ ഇടയിലും സ്കൂൾ മുഴുവൻ റോന്തു ചുറ്റുന്നതും ' Z ' കാറ്റഗറി സെക്യൂരിറ്റി ഉള്ള ഗ്രീൻ റൂമിന്റെ ഏഴു അയലത്ത് എത്തുമ്പോഴേക്കുള്ള സാറിന്റെ ചീത്തവിളിയും എല്ലാം ......
ഇനിയും ഒരു നൂറു ഓർമ്മകൾ മിന്നിമറയുന്നു.. മറ്റൊരവസരത്തിലേക്കു ബാക്കി ഓർമകളെ മാറ്റി നിര്ത്തുന്നു....
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്തിലേക്ക് കടക്കുന്ന എല്ലാ കുരുന്നുകൾക്കും പ്രതിഭകൾക്കും സ്നേഹം... അഭിവാദ്യങ്ങൾ... പ്രാർത്ഥനകൾ.....
-ഹിസ്‌കാഫ്
Comments
Post a Comment