ഏകാന്തതയുടെ ഉപോല്പന്നം
നാം എന്നുമോടിക്കൊണ്ടിരിക്കുന്ന ഒരു അതിവേഗപാതയുടെ വശങ്ങളിലെ കാഴ്ചകൾ കാണാൻ ഒരു യാത്രഭംഗം അത്യാവശ്യമാണ്.അതൊരു പക്ഷെ ടയർ പഞ്ചർ ആയതോ,പട്ടി കുറുകെ ചാടിയതോ എന്തിനേറെ ഒരു അപകടമോ പോലുമാകാം.
ഇതുപോലെ തന്നെയാണ് ജീവിത യാത്രയും, വശങ്ങളെ ഗൗനിക്കാതെ ലക്ഷ്യവും പാതയും മാത്രം നോക്കി നാം എന്നുമോടിക്കൊണ്ടിരിക്കുന്നു. പാർശ്വങ്ങളെയും പാർശ്വഫലങ്ങളെയും തീരെ മുഖവിലക്കെടുക്കാതെ, ലക്ഷ്യത്തിലേക്കുള്ള യാത്ര. ആ യാത്രയിലും ഒരു ഭംഗം വരുമ്പോൾ മാത്രമാണ് നാം ഒന്ന് പിന്തിരിഞ്ഞു നോക്കുന്നത്.അതൊരു പക്ഷെ രോഗങ്ങളാവാം,സാമ്പത്തിക പരാധീനതകളാകാം,
ബന്ധങ്ങളിലെ ഉലച്ചിലോ അല്ലെങ്കിൽ തീരെ ഉൾക്കൊള്ളാനാവാത്ത ഒരു വേർപിരിയലോ ആവാം.അങ്ങനെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചതോ ആകുലപ്പെടുത്തുന്നതുമായ എന്തുമാകാം.
അപ്പോൾ മാത്രമേ നമ്മുടെ ഓട്ടത്തിന്റെ വേഗത കുറച്ചു ഒരു ഓരത്തിരുന്നു നാം ഒരു ആത്മവിചിന്തനത്തിനു വിധേയമാവുകയുള്ളൂ... നമ്മുടെ ലക്‌ഷ്യം,
ലക്ഷ്യത്തിലേക്കുള്ള പാത,
വേഗം, അവഗണിക്കപ്പെടുന്ന വ്യക്തികളും സാഹചര്യങ്ങളും വസ്തുതകളും.എന്നും തുടർന്ന് പോരുന്ന വിനോദമാണെന്നു നാം കരുതുന്ന വിക്രിയകൾക്കു ബോധപൂർവം ഒരു അവധി കൊടുത്തു ഏകാന്തനായി മലർന്നു കിടന്നു അണ്ഡകടാഹത്തിന്റെ അനന്തതയിൽ നാഴികകളോളം കണ്ണ് നട്ടിരിക്കുമ്പോൾ മാത്രം ചിന്തേരിടുന്ന ചിന്തകളാണിതെല്ലാം...
Comments
Post a Comment