പ്രവാസി അഥവാ ടിഷ്യു പേപ്പർ

 

പ്രവാസി അഥവാ ടിഷ്യു പേപ്പർ

 

നമ്മൾ പ്രവാസലോകത്ത് ഏറെ ഉപയോഗിക്കുന്നതും എന്നാൽ നാട്ടിൽ ഏറെ പ്രചാരത്തിലില്ലാത്തതുമായ ഒരു വസ്തുവാണ് ടിഷ്യു പേപ്പർ. ഗൾഫിലെ എല്ലാ താമസ വ്യാപാര സമുച്ചയങ്ങളിലും സുലഭമായി കാണപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന വസ്തുവാണ് ടിഷ്യു.സ്വദേശികളായ അറബികൾക്കിടയിൽ ഇതിൻറെ ഉപയോഗം വളരെ കൂടുതലാണ്. ഒരു തരം OCD ബാധിച്ച പോലെ അവരിത് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നത് കാണാറുമുണ്ട്.

 

            എന്നാൽ പ്രവാസികളും ഈ ടിഷ്യൂവിനോടു ഏറെ സാദൃശ്യപ്പെട്ടിരിക്കുന്നു. എന്തെന്നാൽ നമ്മുടെ കയ്യിലോ ദേഹത്തോ അഴുക്കോ ഭക്ഷണാവശിഷ്ടമോ എന്തിന്അല്പം വെള്ളമോ ആയാൽ പോലും ഉടനടി ഒരു ടിഷ്യു കിട്ടണം.അത് തുടച്ചു കളയുന്ന വരെ ഒരു വെപ്രാളം ആണ്. കഴിക്കുന്ന ഭക്ഷണം പോലും നിർത്തി വെച്ച് ടിഷ്യു ഉപയോഗിക്കും. ആ ഒരു നിമിഷാർദ്ധത്തിൽഅതിന്റെ പ്രസക്തി വളരെ വളരെ വലുതാണ്. എന്നാൽ ആവശ്യം കഴിഞ്ഞ തൊട്ടടുത്ത നിമിഷത്തിൽ അത് ചുരുട്ടി വലിച്ചെറിയും.

 

             എന്നെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നാം ഉപയോഗിച്ചു വലിച്ചെറിഞ്ഞ ടിഷ്യു ഉപേക്ഷിക്കപ്പെട്ട നിലയിൽ നമ്മുടെ അടുത്തേക്ക് തിരിച്ചു വന്നു നമ്മോടു സംസാരിക്കുന്നത്. ഉപയോഗിക്കപ്പെട്ട വേളയിൽ എത്ര പ്രാധാന്യമുണ്ടായിരുന്നെന്നു പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാലും ഫലമുണ്ടാവില്ല.നാം അതിനെ ഓർമിക്കുകയോ തിരിച്ചറിയുകയോ പോലുമില്ല.പ്രവാസിയും ഇത് പോലൊക്കെതന്നെ.. നാട്ടിലുള്ളവർക്ക് സാമ്പത്തികമായോ മറ്റെന്തെങ്കിലുമോ ആവശ്യങ്ങൾ ഉണ്ടാവുമ്പോൾ മാത്രം ഓർമയിൽ തെളിയുന്ന മുഖങ്ങളാണ് പ്രവാസികളുടേത്.പെട്ടെന്ന് ഒരു വാട്സാപ്പ് സന്ദേശത്തിൽ ആരംഭിക്കുന്ന സംഭാഷണം ആവശ്യം കഴിയുന്നതോടെ നിലക്കും. പിന്നെ, അതിന്റെ ഒരു തുടർ സംഭാഷണം ഉണ്ടാവണമെങ്കിൽ മറ്റൊരു ആവശ്യം വരണം.ഒരു കൗതുകത്തിനു വേണ്ടി ഒരു സുഹൃത്തിൻറെ ചാറ്റ് ഹിസ്റ്ററി പരിശോധിച്ചപ്പോൾ എന്തേലും ഒരു ആവശ്യത്തിനല്ലാതെ വെറുതെ കുശലാന്വേഷണം ചോദിച്ചുള്ള ഒരു വരി പോലുമില്ല.

 

         ഇനി പണം കടം ചോദിച്ചിട്ടു ഇല്ലാത്തതു കൊണ്ട് കൊടുത്തില്ലേൽ പറയും ഉണ്ടായിട്ടും തന്നില്ല എന്ന്. ഇനി കൊടുത്ത പണം പറഞ്ഞ സമയത്തു തിരിച്ചു ചോദിച്ചാൽ മറുപടി സന്ദേശം ഇല്ല,വീണ്ടും ചോദിച്ചാൽ നീരസത്തോടുള്ള മറുപടികളാണ്. തരുമല്ലോ, പ്രശ്നങ്ങളായത് കൊണ്ടല്ലേ,പ്രവാസലോകത്തും നാട്ടിലും മാറ്റങ്ങളേറെ ഉണ്ടാവുന്നുവെങ്കിലും മാറ്റമില്ലാത്തത് പ്രവാസികളെക്കുറിച്ചുള്ള നാട്ടുകാരുടെ വിലയിരുത്തലും കാഴ്ചപ്പാടുകളുമാണ്. പ്രവാസികൾ എന്നും സുഖലോലുപതയിൽ പ്രശ്‍നങ്ങളൊന്നുമില്ലാതെ ആവശ്യത്തിലേറെ പണം കായ്ക്കുന്ന മരത്തിനു വെള്ളമൊഴിച്ചു ജീവിക്കുന്ന പൊങ്ങച്ചക്കാരും അഹങ്കാരികളുമാണ്.നാട്ടിൽ പലരും പല തൊഴിലുകളിലാണ് അറിയപ്പെടുക,എന്നാൽ കടൽ കടക്കുന്നതോടെ കൂലിപ്പണിക്കാരനും വ്യവസായിയും ഡോക്ടറും ക്ലീനറുമെല്ലാം ഒരൊറ്റപ്പേരിലാണ് അറിയപ്പെടുക. ഗൾഫ്‌കാരൻ...!

                        നാട്ടിൽ എല്ലാവരും ഇങ്ങനെയാണെന്നല്ല, ഒരിക്കലെങ്കിലും അന്യദേശത്തു വസിക്കുകയും പ്രവാസജീവിതം അടുത്തറിയുകയും ചെയ്തവർ ഇതൊക്കെ ഉൾക്കൊണ്ട് മാറ്റമുണ്ടായവരാകും. പ്രവാസമവസാനിപ്പിച്ചു വലിയ സമ്പാദ്യമൊന്നുമില്ലാതെ തിരിച്ചു നാടണയുമ്പോൾ നിരോധിച്ച നോട്ട് പോലായിത്തീരുന്ന പ്രവാസികളുടെ എണ്ണവും അനുഭവവും  തീരെ കുറയുന്നുമില്ല.ഒരു ശതമാനത്തിൽ താഴെയുള്ള വിജയിച്ച പ്രവാസഗാഥകൾ മുഴുവൻ പ്രവാസിക്കും ചാർത്തിക്കൊടുത്തു നാട്ടിലിന്നും സായൂജ്യമടയുന്നുണ്ട് ഏറെപ്പേർ.

 

                    ഇതെല്ലാം ഒരുപാട് എഴുതപ്പെട്ടതും വായിക്കപ്പെട്ടതുമാണെന്നറിയാം. എങ്കിലും തുടരെ തുടരെ തിക്താനുഭവങ്ങൾ ഉണ്ടാവുമ്പോൾ ഇങ്ങനെ നാല് വരികൾ കുറിക്കാനെങ്കിലും അതുപകരിക്കുന്നുണ്ട്...!!!

Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്