കാശ്മീർ ഡയറീസ് (Travelogue) Chap.16 - ബൈസരൺ വാലി Alias മിനി സ്വിറ്റ്സർലൻഡ്

 16

ചെറുചാറ്റൽ മഴയുടെ അകമ്പടിയോടെ ബൈസരൺ വാലിയിലേക്ക് എത്തിച്ചേർന്ന ഞങ്ങൾ, കുതിരകളിൽ നിന്ന് ഇറങ്ങാൻ അല്പം പാടുപെട്ടു. മഴവെള്ളത്തിനാൽ അവിടെയാകെ കുശവന്മാർ കുഴച്ചു വെക്കുന്ന പരുവത്തിൽ ആയിരുന്നു മണ്ണ്. ആ ചളിയിൽ കാലു പെടാതെ അല്പം സാഹസപ്പെട്ടു തന്നെ എല്ലാവരും ഇറങ്ങി. മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബൈസരൺ വാലി ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന പച്ചപുൽത്തകിടി ആണ്. തുടക്കമെവിടെന്നോ ഒടുക്കമെവിടെന്നോ മനസ്സിലാകാത്ത വിധം ഒരു കടൽ പോലെ പരന്നുകിടക്കുന്ന അവിടം ആദ്യകാഴ്ചയിൽ തന്നെ ഹൃദയത്തിനേകുന്ന പ്രശാന്തത വിവരണാതീതമാണ്. പ്രധാനകവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചാൽ, കണ്ണെത്താ ദൂരത്തോളമുള്ള പച്ചവിരിച്ച ഭൂമി. അങ്ങ് ദൂരെ ഒരതിർത്തി പോലെ, ഇടതൂർന്നു നിൽക്കുന്ന പൈൻ മരങ്ങളും ഉയരമേറി കൊലുന്നനെ നിൽക്കുന്ന മറ്റു മരങ്ങളും.(ആ ഭൂപ്രകൃതിയിൽ മരങ്ങളേറെയും അങ്ങനെ തന്നെ കാണപ്പെടുന്നു, മഞ്ഞുകാലത്ത് ഹിമശല്കങ്ങൾ മരത്തിൽ താങ്ങി നിൽക്കാതെ കീഴെ പോവാനുള്ള തരം ഒരു ആകൃതി).ആ മരങ്ങൾക്കുമപ്പുറം അതിർത്തി കാക്കുന്ന സൈന്യം പോലെ കിടക്കുന്ന വിശാലമായ പർവ്വതനിരകൾ. ട്യൂലിൻ തടാകത്തിലേക്ക് ട്രക്കിങ് പോകുന്നവർ സാധാരണയായി ഇവിടെ ആണ് ക്യാമ്പ് സൈറ്റ് സ്ഥാപിക്കാറുള്ളത്. പക്ഷെ, അങ്ങനെ ആരെയും അവിടെ കണ്ടില്ല. പ്രവേശന കവാദത്തോടു ചേർന്ന് തന്നെ, ചെറിയ ചെറിയ ചില കടകളും ഭക്ഷണശാലകളുമെല്ലാം ഉണ്ട്. ചെറു ചാറ്റൽമഴ ഉണ്ടായതിനാലോ എന്തോ, കടകളിലെല്ലാം സാമാന്യം ഭേദമില്ലാത്ത തിരക്കുമുണ്ട്. പുല്തകിടിയുടെ ഒരു വശത്തു zipline ഉണ്ടായിരുന്നെങ്കിലും ആരും അതിൽ കയറാൻ താല്പര്യം പ്രകടിപ്പിച്ചില്ല. അല്ലെങ്കിലും ഗുൽമാർഗ് കേബിൾ കാറിൽ കയറിയ ഞങ്ങൾക്ക് എങ്ങനെ ഈ സിപ് ലൈനിനോട് താല്പര്യം തോന്നും...!



ആ വിശാലമായ പുൽത്തകിടിയിലേക്കു പ്രവേശിക്കുമ്പോൾ തന്നെ, അതിന്റെ ദൃശ്യമനോഹാരിത ഞങ്ങളെ അത്യാകർഷിച്ചെങ്കിലും, മഴ ചാറിക്കൊണ്ടേ ഇരുന്നതിനാൽ, എല്ലാവരും പെട്ടെന്ന് തന്നെ ഫോട്ടോ പിടിത്തത്തിലേക്കു തിരിഞ്ഞു. എങ്ങാനും മഴ കനത്താൽ പിന്നെ ഇതാസ്വദിക്കാൻ പറ്റില്ലല്ലോ എന്ന വ്യഗ്രത എല്ലാവരുടെ ഉള്ളിലും ഉണ്ടായിരുന്നു. എന്നാൽ അല്പസമയത്തിനുള്ളിൽ ചാറ്റൽ മഴ പൂർണമായും നിലച്ച്, ആകാശം തെളിഞ്ഞു. അവിടെ പലയിടങ്ങളിലായി ഗ്രാമീണരായ സ്ത്രീകളും കുട്ടികളും വളരെ ഭംഗിയേറിയ മുയൽ,പ്രാവ്,ചെമ്മരിയാട്ടിൻകുട്ടി എന്നിവയുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ട അവർ ഞങ്ങളുടെ അടുത്ത് വന്നു ഫോട്ടോ എടുത്തോളൂ എന്ന് പറയുന്നുണ്ടായിരുന്നു. അതിന്റെ വിലനിലവാരം അന്വേഷിച്ചപ്പോൾ "നിങ്ങളുടെ സന്തോഷത്തിനു, നിങ്ങൾക്ക് ഇഷ്ടമുള്ളത് തന്നാൽ മതി " എന്ന് പറഞ്ഞു. പക്ഷെ, അതിലും മുൻപേ തന്നെ ഞങ്ങളുടെ ബാലജനസഖ്യം അവയൊക്കെത്തിനെയും കയ്യിൽ എടുക്കാനും താലോലിക്കാനും തലോടാനുമൊക്കെ തുടങ്ങിയിരുന്നു. ഇതിനിടയിൽ ഒരുപറ്റം ആളുകൾ അവിടെ വസ്ത്രങ്ങൾ നിറച്ചുവെച്ച ഒരു നീല ടാർപ്പായ വലിച്ചു കെട്ടിയ കടയുടെ മുന്നിലേക്ക് തിരിഞ്ഞു. അവിടെ പരമ്പരാഗത കാശ്മീരി വസ്ത്രങ്ങൾ അണിഞ്ഞു ഫോട്ടോ എടുത്തു കൊടുക്കുന്ന സംരഭ്രം ആണ്. വിലവിവരങ്ങളോ മറ്റോ ചോദിക്കുന്നതിനു മുൻപ് തന്നെ വസ്ത്രം അണിയലും ഫോട്ടോ പിടുത്തവുമൊക്കെ തുടങ്ങി കഴിഞ്ഞിരുന്നു. ഏതാണ്ട് എല്ലാവരുടെയും ശരീരഭാഷ ആന കരിമ്പിൻകാട്ടിൽ കയറിയതിനു സമാനമായിരുന്നു.പലരും പലയിടത്തേക്കു തിരിഞ്ഞു, പല പല കാര്യങ്ങളിലേർപ്പെടുന്നു.ആദ്യത്തെ ദമ്പതികളുടെ കാശ്മീരി വേഷപ്പകർച്ച കണ്ടയുടനെ, മറ്റെല്ലാവർക്കും അത് വേണമെന്ന മോഹമുദിച്ചു. "കാശ്മീരിൽ വന്നാൽ  പിന്നെ കാശ്മീരി ആകണ്ടേ ?" എന്നായിരുന്നു പലരുടെയും മുഖഭാവങ്ങളിൽ. അങ്ങനെ വസ്ത്രം മാറലും,ഫോട്ടോ പിടുത്തവും നിർബാധം തുടർന്ന് കൊണ്ടേയിരുന്നു.ആ ഫോട്ടോഗ്രാഫർ ആണെങ്കിൽ അയാളുടെ ശൈലിയിലുള്ള അഞ്ചാറു തരം പോസിംഗ് എല്ലാരെക്കൊണ്ടും നിർബന്ധമായി ചെയ്യിക്കുന്നുമുണ്ട്. ഇതിനിടയിൽ പ്രവേശനകവാടത്തിനരികിൽ കണ്ട കടയിൽ നിന്നും ഒരു ട്രേ നിറയെ നൂഡിൽസ് കൊണ്ട് വന്നു. അവൻ വിൽക്കാൻ കൊണ്ട് വന്നതാണെന്ന് കരുതി അവനെ സമീപിച്ചപ്പോൾ ഇതൊക്കെ നിങ്ങൾ ഓർഡർ ചെയ്തതാണെന്ന് പറഞ്ഞു. ആര്, എപ്പോൾ എന്ന് അന്തിച്ചു നിൽക്കുന്നതിനിടയിൽ ഓരോരുത്തർ വന്നു ഒരു പ്ലേറ്റുമെടുത്തു പോവാൻ തുടങ്ങി. നിറയെ നൂഡിൽസ് നിറച്ചു വെച്ച ട്രേ, ഒരു കാലി ട്രേ ആയി മാറാൻ എടുത്ത സമയം 3 .7 സെക്കന്റിലും താഴെ ആണെന്നാണ് എന്റെ ഓർമ..! കുതിരസവാരി കഴിഞ്ഞ ക്ഷീണവും പുൽമേട്ടിൽ ഓടി നടന്ന അധ്വാനവുമെല്ലാം എല്ലാരും ചൂട് ന്യൂഡിൽസിനെ ആമാശയത്തിലേക്കു അയച്ചു പരിഹരിച്ചു. എന്റെ മക്കൾ രണ്ടു പേരും, ഒരു സദ്യ കഴിക്കുന്ന ശേലിൽ നിലത്തു ചമ്രം പടിഞ്ഞിരുന്നു കഴിക്കുകയായിരുന്നു. വീട്ടിൽ വെച്ച് ഭക്ഷണം കഴിപ്പിക്കാൻ ഓട്ടപ്രദക്ഷിണത്തിൽ തുടങ്ങി ശയനപ്രദക്ഷിണത്തിൽ അവസാനിക്കുന്ന മഹായജ്ഞം ഓർത്തു ഞാൻ ചിരിച്ചു പോയി. അല്ലെങ്കിലും, വിശപ്പ് ആണല്ലോ ഏറ്റവും വലിയ ലോകസത്യം....!!!



അപ്പോഴേക്കും സെലബ്രിറ്റികളായ മുയലിന്റെയും പ്രാവിന്റെയും ആട്ടിൻകുട്ടിയുടേയുമൊക്കെ മാനേജർമാർ ഫോട്ടോയുടെ റോയൽറ്റിക്കായി എന്നെ സമീപിച്ചു.വീണ്ടും എത്ര കാശ് എന്ന ചോദ്യത്തിന് "ആപ് കി ഖുശി കെ ലിയേ കുച്ച് ദേദോ " എന്ന മറുപടി തന്നെ. അവരെ ഒന്ന് ഖുശി ആക്കാൻ ഞാൻ എത്ര ഖുശി കൊടുക്കണമെന്നറിയാതെ വലഞ്ഞു. എന്നാ പിന്നെ ഞാനും കൂടി കുറച്ച ഫോട്ടോസ് എടുത്തേക്കാമെന്നു കരുതി ആ ആട്ടിൻകുട്ടിയെ കയ്യിലെടുത്തു. കാഴ്ചയിലെന്ന പോലെ അതിനെ സ്പർശിക്കുന്നതും ഒരു അനുഭൂതി തന്നെ. മേൽത്തരം കമ്പിളിപുതപ്പു എടുത്തു അണിയുന്ന പോലെ തോന്നും അതിനെ മാറോടണക്കുമ്പോൾ... ഏതായാലും ഒരുവിധം അവരെ സന്തോഷിപ്പിക്കുന്ന രീതിയിൽ കാശ് കൊടുത്തു തിരിഞ്ഞപ്പോൾ, എന്നെ കാത്തു ക്യാമറാമാൻ നിൽക്കുന്നു. ഔദ്യോഗിക ഖജാൻജി ഞാൻ ആയതിനാൽ പലപ്പോഴും ഞാൻ ഇത്തരം തിരക്കുകളിൽ തന്നെയായിരുന്നു. എടുത്ത ഫോട്ടോസിന്റെ എണ്ണവും അതിന്റെ റേറ്റും പറഞ്ഞപ്പോൾ അതേതാണ്ട് അഞ്ചക്ക സംഘ്യ കവിയും. ഉടൻ തന്നെ വിലപേശൽ വിദഗ്ദരായ സാദിഖ് മശ്‌ഹൂറിനും അൻവർ സാദത്തിനും പ്രശ്നത്തിൽ ഇടപെടാൻ വേണ്ടി അടിയന്തിര നോട്ടീസ് അയച്ചു. ഒരു ഫോട്ടോക്ക് ഇരുന്നൂറു  എന്നത് നൂറിലേക്കു എത്താൻ രണ്ടു ഉദ്യോഗസ്ഥരുടെയും തൊണ്ടയിലെ വെള്ളം ഒരുപാടു വറ്റിക്കേണ്ടി വന്നു. ഫഹദ്‌ക കരുണരസവുമായി ശ്രമം നടത്തിയപ്പോൾ പ്രധാന ഉദ്യോഗസ്ഥർ രണ്ടു പേരും വീരവും രൗദ്രവും കൈവെടിഞ്ഞില്ല. വില കുറച്ചിട്ടും ഫോട്ടോയുടെ എണ്ണം വളരെ കൂടുതൽ ആയിരുന്നു. പലരും പത്തിലധികം ഫോട്ടോസിൽ മുഖം പതിപ്പിച്ചിരുന്നു. ഉടൻ ഞാനൊരു എഡിറ്ററുടെ തൊപ്പി എടുത്തണിഞ്ഞു പല ഫോട്ടോകളും നിർബാധം വെട്ടി മാറ്റി ഒടുവിൽ ആകെ ഫോട്ടോകളുടെ എണ്ണം മുപ്പത്തിമൂന്നിൽ ഒതുക്കി. കാശ് കൊടുത്തേൽപ്പിച്ചു കഴിഞ്ഞപ്പോൾ ടിയാൻ എനിക്കൊരു സ്റ്റുഡിയോയുടെ പേരുള്ള തുണ്ടു കടലാസ്സ് തന്നു. ഇത് ആ സ്റ്റുഡിയോയിൽ കൊടുത്താൽ ഫോട്ടോസ് കിട്ടുമെന്ന് അറിയിച്ചു. "ശരി അങ്ങുന്നേ.." എന്നാ മുഖഭാവത്തോടെ ഞാനതു വാങ്ങി പോക്കറ്റിൽ ഭദ്രമായി തിരുകി.




തുടർന്ന് കുതിരപ്പുറത്തേറി മലയിറങ്ങാൻ തുടങ്ങി. ഇറങ്ങുമ്പോൾ കുതിര അനായാസേന ഇറങ്ങുന്നത് കൊണ്ട് തന്നെ അല്പം ഭയപെടുത്തുന്നതായിരുന്നു. ഇറക്കത്തിൽ ശ്രദ്ധിച്ചു പിടിച്ചിരുന്നില്ലെങ്കിൽ മുന്നോട്ടു മൂക്കുകുത്തി വീഴാനുള്ള സാധ്യതകളുണ്ട്. മുന്നിൽ കാണുന്ന കല്ലുകളും ചെളിയും ചവിട്ടാതിരിക്കാൻ കുതിര ഇടയ്ക്കിടെ മുന്നോട്ടാഞ്ഞും ചെരിഞ്ഞും പൊയ്ക്കൊണ്ടേയിരുന്നു. മുഴുവൻ സമയവും എന്റെ ശ്രദ്ധ പൂർണമായും മക്കളിരിക്കുന്ന കുതിരകളിലായിരുന്നു. ഇതിനിടയിൽ പോകുന്ന വഴിയിൽ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ വരികയും, അയാളെടുത്ത എല്ലാ ഫോട്ടോയും അയാൾ പറയുന്ന വിലക്കു വാങ്ങാൻ വേണ്ടി ശഠിച്ചു. ഞങ്ങളുടെ അനുവാദമില്ലാതെ എല്ലാ ഫോട്ടോസും print എടുത്തു വന്ന അയാളുമായുള്ള വാക്തർക്കം ഞങ്ങളുടെ അര മണിക്കൂറോളം നഷ്ടപ്പെടുത്തി.താഴെ എത്തിയ ശേഷം ഞങ്ങൾ പണമടച്ച ഫോട്ടോസ് കിട്ടാൻ വേണ്ടി ഞാൻ ആയിരുന്നു പോയത്. അൽപ നിറമുള്ള അലഞ്ഞു തിരിയലുകൾക്കു ശേഷം പലരോടും ചോദിച്ചു ഒടുവിൽ അത് കണ്ടെത്തിയെങ്കിലും വീണ്ടും ഒരു ഇരുപത് മിനിട്ടു ഇരുന്ന ശേഷം മാത്രമാണ് ഫോട്ടോസ് കിട്ടിയത്. ഞാൻ തിരികെ എത്തുമ്പോഴേക്കും, എല്ലാവരും സാമാന്യം തരക്കേടില്ലാത്ത നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്തിരുന്നു. അവിടെ വെച്ച് തന്നെ നമസ്കാരവും മറ്റും നിർവഹിച്ചു ഭക്ഷണവും കഴിച്ചു ഞങ്ങൾ ഇറങ്ങി. ഈ യാത്ര തുടങ്ങിയതിൽ പിന്നെ, പുറത്തു എവിടെ വെച്ചും ഞങ്ങൾ വെജിറ്റേറിയൻ അല്ലാതെ മറ്റൊന്നും കഴിച്ചിരുന്നില്ല. യാത്രകളിൽ നോൺ-വെജ് കഴിക്കുന്നത്  ശരീരത്തിന് അത്ര ആശ്വാസകരമാവില്ലെന്നുള്ള ഒരു മുൻകരുതൽ ആയിരുന്നു അത്. ഭക്ഷണ ശേഷം പെട്ടെന്ന് പോവാൻ വേണ്ടി ഞങ്ങളുടെ സാരഥി തിരക്ക് കൂട്ടിക്കൊണ്ടിരുന്നു. ഒരുപക്ഷെ ഇന്നലെ സംഭവിച്ച പോലെ സംഭവിച്ചേക്കാമെന്നു മുന്നറിയിപ്പ് തന്നു കൊണ്ടിരുന്നു. ആ മുന്നറിയിപ്പിൽ കഴമ്പു ഉണ്ടെന്നു മുന്നോട്ടുള്ള യാത്രയിലെ പോലീസ് ചെക്കിങ്ങിൽ ഞങ്ങൾക്ക് മനസ്സിലായി. അന്ന് രാത്രി പഹൽഗാമിൽ തന്നെ താങ്ങാനുള്ള ബുക്കിംഗ് റിസെർവഷനുകൾ കാണിച്ചപ്പോൾ മാത്രമാണ് ഓരോ പോയിന്റിൽ നിന്നും ഞങ്ങളെ കടത്തി വിട്ടിരുന്നത്. അമർനാഥ് തീർത്ഥയാത്ര ടൂറിസ്റ്റുകളെ നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. കുറെ മുന്നോട്ടു പോയി, പിന്നെ ഊടുവഴികളിലൂടെ ഞങ്ങളെത്തി ചേർന്നത്, സന്തോഷത്തിന്റെ, ആസ്വാദനത്തിന്റെ, പ്രകൃതിമനോഹാരിതയുടെ വേറെ തലങ്ങളായിരുന്നു ഞങ്ങളെ കാത്തിരുന്നത്. കടന്നു വന്ന സ്ഥലങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് പഹൽഗാം ആക്കി മാറ്റുന്ന മണിക്കൂറുകൾ ആയിരുന്നു ഞങ്ങളെ കാത്തിരുന്നത്...!

Comments

Popular posts from this blog

കാശ്മീർ ഡയറീസ് (Travelogue) Chap.1 - "ഞമ്മളെ കൊയ്‌ക്കോട് ...!"

കാശ്മീർ ഡയറീസ് (Travelogue) Chap.4 - ദില്ലി

കാശ്മീർ ഡയറീസ് (Travelogue) Chap.7- നിഷാത് ബാഗ്