കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം
20 ഒരു യാത്രയുടെ അവസാനദിവസം ഒരേ സമയം വിരസതയുടെയും സംതൃപ്തിയുടെയും സന്തോഷത്തിന്റേതുമെല്ലാമാണ്. നാളെ ഇനി എങ്ങോട്ടും പോവാനും പുതിയതായൊന്നും കാണാനും ഇല്ലല്ലോ എന്ന വിരസത. ഇത്രയും ദിവസങ്ങളിൽ പ്രതീക്ഷിച്ച പോലെയും പ്ലാൻ ചെയ്ത പോലെയും എല്ലായിടവും പോയതിന്റെ , എല്ലാ കാഴ്ചകളും ആസ്വദിച്ചതിന്റെ സംതൃപ്തി. നടക്കാതെ പോവുന്ന നൂറു പദ്ധതികളിൽ ഒന്ന് നടത്തിയെടുത്തതിന്റെ , എന്നാൽ സ്വത്വത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ സന്തോഷം. വൈകുന്നേരം പാക്കിങ്ങും പിന്നെ അത് കഴിഞ്ഞു "അവസാനത്തെ അത്താഴവും" ഒക്കെ കഴിഞ്ഞു , റൂമിൽ വന്നിരുന്നു ചുമ്മാ ടി വി കാണാൻ ഇരുന്നു. മുൻപ് കണ്ടതാണെങ്കിലും നല്ല ഒരു സിനിമ കണ്ടപ്പോൾ അതിലേക്കായി ശ്രദ്ധ. ശരീരത്തിന്റെ യാത്രാക്ഷീണം മൂലമാണോ അതല്ല , യാത്ര തീരുന്നതിന്റെ മനോവ്യഥ മൂലമാണോ എന്നറിയില്ല , നിദ്രാദേവി കണ്ണുകളിൽ കടാക്ഷിക്കാൻ തുടങ്ങി.തിരിച്ചൊരു ചെറുത്തുനിൽപ്പിനൊരുങ്ങാതെ പുതപ്പിന്റെ സുഖശീതളിമയോട് ഒട്ടിചേർന്ന് ഞാൻ പതിയെ നിദ്രയിലേക്ക് വഴുതിവീണു. കാലത്തു ആറരക്ക് ഉറക്കമുണർന്ന ഞങ്ങൾ ഒരു മണിക്കൂറിനുള്ളിൽ എല്ലാ തയ്യാറെടുപ്പുകളും തീർത്തു വസ്ത്രം മാറി , കുട്ടികളുമൊന്നിച്ചു തീൻ മുറിയിലേക്കെ...