നിസ്വാർത്ഥത
ഒരാൾക്ക് ഒരു വിത്ത് കിട്ടുന്നു.. ഒന്നല്ല, ഒന്നിലേറെ വിത്തുകളെ പല കാലങ്ങളിലായി ലഭിക്കുന്നു.അതിൽ ഒരു വിത്തിനെ മാത്രം മറ്റേതിനേക്കാളും സ്നേഹിച്ചു, സംരക്ഷിച്ചു.അതിനങ്ങനെ പ്രത്യേകിച്ചൊരു കാരണം ഒന്നുമുണ്ടായിരുന്നില്ല.സാഹചര്യമോ അല്ലെങ്കിൽ ആ വിത്തിൻറെ ഭാഗ്യമോ ആയിരുന്നിരിക്കണം. ആ വിത്തിനു എല്ലാ സംരക്ഷണവും അനുകൂലഘടകങ്ങളും ചേർത്ത് അതിനെ പരിപോഷിപ്പിച്ചു. വളർച്ചയുടെ എല്ലാ ഘട്ടത്തിലും അതിനു വേണ്ടതും വേണ്ടതിലേറെയും നൽകി.ആ വിത്ത് തളിർക്കുന്നതും ചെടിയാകുന്നതും മരമാവുന്നതുമൊക്കെ കൺകുളിർക്കെ കണ്ടു ആസ്വദിച്ചു സായൂജ്യമടഞ്ഞു.ഒരിക്കൽ പോലും ആ മരത്തിൽ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിച്ചില്ല.
വളർച്ചയുടെ പല ഘട്ടങ്ങളിലായി കരിഞ്ഞു പോകാനും വെട്ടിമാറ്റപ്പെടാനും വളർച്ച മുരടിക്കാനുമൊക്കെ സാധ്യതയുണ്ടായിരുന്ന താൻ നിലനിന്നത് പകരം വെക്കാനാവാത്ത സംരക്ഷണവും സ്നേഹവും കൊണ്ടാണെന്നു മരവും തിരിച്ചറിഞ്ഞിരുന്നു. തൻ്റെ രക്ഷിതാവിനു പകരമായി ഒരുപാട് ഫലങ്ങളും എന്നെന്നും തണലും നൽകാനും മരം വല്ലാതെ വെമ്പൽ കൊണ്ടിരുന്നു. സാധാരണ മരങ്ങൾ കായ്ക്കാനെടുക്കുന്നതിലും അല്പം കൂടുതൽ സമയമെടുത്തായിരുന്നു ആ മരം ഫലഭൂയിഷ്ഠമായത്. ആ ഘട്ടത്തിൽ പോലും അദ്ദേഹം മരത്തെ കുറ്റപ്പെടുത്തിയില്ല. ആശ്ലേഷിച്ചു, ആശ്വസിപ്പിച്ചു, സ്നേഹിച്ചു....
ഒടുവിൽ മരം കായ്ച്ചു തുടങ്ങി. തണൽ നൽകാൻ തുടങ്ങി.. ഇനി എന്നെന്നും ഇത് നല്കിക്കൊണ്ടിരിക്കണമെന്നുറച്ചു. തൻ്റെ മരത്തിൻറെ വളർച്ച, ഏതാണ്ട് എല്ലാ അർത്ഥത്തിലും പൂർണമായിരിക്കുന്നെന്നു മനസ്സിലായ അദ്ദേഹം പെട്ടെന്ന് ഒരു പുലരിയിൽ ഒരു യാത്ര പുറപ്പെട്ടു. ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര...! ആ യാത്ര മടക്കമില്ലാത്തതാണെന്നു മരവും മനസ്സിലാക്കിയിരുന്നു. എങ്കിലും ഒരു തിരിച്ചു വരവിനു വേണ്ടി മരം വല്ലാതെ ആഗ്രഹിച്ചു..വന്നിരുന്നെങ്കിൽ ഒരുപാട് ഫലങ്ങൾ കൊടുക്കാമായിരുന്നെന്നു ആശിച്ചു. പക്ഷെ, അതുണ്ടായില്ല.
ചില നിസ്വാർത്ഥ ജന്മങ്ങൾ അങ്ങനെയാണ്;ഒരു പാട്... ഒരു പാട് പ്രകാശം പരത്തി അവർ പോയി മറയും, അവർ പോയാലും ആ പ്രകാശം നമ്മുടെ ജീവിതത്തിൽ എന്നെന്നും തങ്ങിനിൽക്കും. കൊടുത്തു തീർക്കാനാവാത്ത സ്നേഹം, ദിനേനയുള്ള ഓർമകളിലൂടെയും ചിന്തകളിലൂടെയും വഴിഞ്ഞൊഴുകും.
ജീവിതത്തിൽ ഏറെ സ്നേഹിച്ച, സ്നേഹമനുഭവിപ്പിക്കപ്പെട്ട വന്ദ്യപിതാമഹൻറെ വിയോഗത്തിന് നാലാണ്ട് തികയുന്നു. നാഥൻ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ......... ആമീൻ.
-ഹിസ്‌കാഫ്
Comments
Post a Comment