നീ എവിടെയാണ് ?

https://www.asianetnews.com/magazine/nee-evideyaanu-syed-hisham-sakhaf 

എല്ലാ കുട്ടികളെയും പോലെ വളരെ ചെറുപ്പത്തിൽ തന്നെ വേഗം വളരാനുള്ള വെമ്പൽ ആയിരുന്നു എനിക്കും. അതിനു വേണ്ടി ആവുന്നതെല്ലാം ചെയ്യാറുമുണ്ടായിരുന്നു. 11 വയസ്സിൽ തന്നെ കൈനറ്റിക്  ഹോണ്ട ഓടിക്കുക, കൂട്ടുകാരോടൊന്നിച്ചു വീട്ടിൽ അറിയാതെ സിനിമ തിയേറ്ററിൽ പോവുക. ഞങ്ങളുടെ നാട് ആയ കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് വരെ ഒറ്റയ്ക്ക് ബസ്സിൽ പോവുക എന്നിവയൊക്കെയായിരുന്നു , വലിയ കുട്ടി ആയെന്നു വരുത്തി തീർക്കാനുള്ള കടമ്പകൾ. അങ്ങനെയിരിക്കെ ഞാൻ പുതിയൊരു ടാസ്ക് കണ്ടെത്തി. ഉമ്മാന്റെ വീട് ആയ തലശ്ശേരി വരെ തനിച്ചു ബസ്സിൽ പോയി വരിക എന്നതായിരുന്നു അത്. കോഴിക്കോടേക്ക്‌ പോവുന്നതിന്റെ ഇരട്ടി ദൂരവും സമയവും ഉണ്ട്. പിന്നെ ആ യാത്ര കഴിഞ്ഞാൽ സ്കൂളിൽ പോയി വീമ്പു പറയുന്നതൊക്കെ കണക്കു കൂട്ടി ഒരു ഞായറാഴ്ച ഞാൻ പോകാൻ വേണ്ടി എന്തോ ഒരു നിസ്സാരകാരണം കണ്ടെത്തി. പൊതുവെ കണിശക്കാരിയായ വലിയുമ്മ ഒറ്റയടിക്ക് അനുമതി നിഷേധിച്ചെങ്കിലും ഉമ്മാന്റെ  ശുപാർശയിൽ സംഗതി പാസ്സാക്കിയെടുത്തു. പോകുന്നത് ഉമ്മാന്റെ ബന്ധുക്കളുടെ അടുത്തേക്ക് ആയതു കൊണ്ടായിരിക്കണം ഉമ്മ വല്ലാതെ പിന്തുണച്ചത് . അങ്ങനെ വളരെ വിജയകരമായി പോവാനുള്ള പൈസ ഒക്കെ സംഘടിപ്പിച്ചു പോയി ബസ്സിൽ കയറി സീറ്റ് പിടിച്ചു. കണ്ടക്ടർ വന്നു ടിക്കറ്റ് ചോദിക്കുമ്പോൾ കാശു നീട്ടി ടിക്കറ്റ് എടുക്കുന്നതിന്റെ ഗമ പറഞ്ഞറിയിക്കാൻ വയ്യ. എന്നും ആൾ മുന്നിലുണ്ടെന്ന മറുപടിയിൽ നിന്നും സ്വന്തമായി ടിക്കറ്റ് എടുക്കുന്നതൊക്കെ അഭിമാനമുഹൂർത്തമായി തോന്നി. തലശ്ശേരിയിൽ എത്തി ബസ്സിറങ്ങിയ ശേഷം ഓട്ടോറിക്ഷ പിടിക്കാതെ നടന്നുപോയി . നടത്തിത്തിനിടയിൽ ലാഭിച്ച പണം കൊണ്ട് എന്തൊക്കെ ചെയ്യാം എന്നുള്ള കണക്കുകൂട്ടൽ ആയിരുന്നു. 
              
             എന്തായാലും പോയ കാര്യം കഴിഞ്ഞു തിരിച്ചു ബസ്‌സ്റ്റാന്റിലേക്കു നടന്നു തന്നെ പോയി. ബസ്സ്റ്റാൻഡിൽ എത്തി ആദ്യം കണ്ട കോഴിക്കോട് ബസ്സിൽ തന്നെ കയറി മൂന്നാം നിരയിൽ സീറ്റുറപ്പിച്ചു. അന്നും ഇന്നും വിന്ഡോ സീറ്റ് എനിക്ക് ഒരു ബലഹീനത ആയതിനാൽ ഞാൻ പെട്ടെന്ന് തന്നെ പുറത്തെ കാഴ്ചകൾ നോക്കി ജനലിനരികിൽ ഇരുന്നു. അല്പം കഴിഞ്ഞു എന്റെ അടുത്ത് ആരോ വന്നിരുന്നതൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. കണ്ടക്ടർ വന്നപ്പോൾ ഞാൻ ടിക്കറ്റ്എടുത്തു . അതിൽ നിന്നും ഞാൻ തനിച്ചാണ് യാത്ര ചെയ്യുന്നതെന്ന് അയാൾ മനസ്സിലാക്കിയിരിക്കണം. പിന്നെ അയാളിൽ നിന്നും സ്വാഭാവികമല്ലാത്ത ചില സ്പര്ശനങ്ങൾ ഉണ്ടാവുന്നത് ഞാൻ ശ്രദ്ധിച്ചു. വളരെ പെട്ടെന്ന് ഭയം എന്നിൽ വല്ലാതെ പടർന്നു പിടിക്കുന്നത് ഞാനറിഞ്ഞു. പതിയെ അവിടെ നിന്നും എഴുന്നേൽക്കാൻ ഞാൻ ഒരു വിഫലശ്രമം നടത്തി. പക്ഷെ അയാൾ ഒരു കൈ സീറ്റിനു കുറുകെ വെച്ചിരുന്നു. നിമിഷങ്ങൾ കടന്നു പോകുന്തോറും എന്നിലെ ഭയം വല്ലാതെ കൂടുന്നതും ഒരു കരച്ചിലിന്റെ വക്കിലേക്കു പോകുന്നതുമെല്ലാം ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു. ബസ്സിൽ എന്ത് പ്രശനം ഉണ്ടായാലും കണ്ടക്ടറിനെ വിളിച്ചു പറഞ്ഞാൽ മതിയെന്നൊക്കെ എന്റെ ഉൾമനസ്സു മന്ത്രിച്ചെങ്കിലും , കണ്ടക്ടർ ബസ്സിന്റെ പിൻവശത്തു ഒരുപാട് തിരക്കിൽ ആയതിനാലും എന്റെ ഉൾഭയം മൂലവും അതിനു കഴിഞ്ഞില്ല. രൂക്ഷമായ ഒരു നോട്ടം അയാളുടെ മുഖത്തേക്ക് പായിച്ചെങ്കിലും അയാളുടെ മുഖത്തെ നിസ്സംഗതയും കൂസലില്ലായ്മയും എന്റെ ഭയത്തിന്റെ ശക്തി കൂട്ടി. ഒപ്പം അയാൾ ഒരു മനസികരോഗിയോ ഞരമ്പുരോഗിയോ ആണെന്നും ഞാൻ ഉറപ്പിച്ചു. പിന്നെ രണ്ടും കൽപ്പിച്ചു ഞാൻ സീറ്റിൽ നിന്നുമെഴുന്നേറ്റു അയാളുടെ കൈ ശക്തമായി തട്ടി മാറ്റി സീറ്റിൽ നിന്നും പുറത്തു കടന്നു. എത്രയും പെട്ടെന്ന് മറ്റൊരു സീറ്റിൽ ഇരിക്കാൻ വേണ്ടി എന്റെ കണ്ണുകൾ ഒരൊഴിഞ്ഞ ഇരിപ്പിടം പരതി.ഞാൻ ഇരുന്ന അതെ വശത്തു ഒന്നാം നിരയിൽ ഒരു സീറ്റ് ഒഴിഞ്ഞതുകണ്ടു ഞാൻ പെട്ടെന്ന് അവിടെപ്പോയി ഇരുന്നു. 

             പൊതുവെ, അപരിചിതരോട് സംസാരിക്കാൻ  നന്നേ മടിയുള്ള ഞാൻ എന്റെ പുതിയ സീറ്റിന്റെ അടുത്തിരുന്ന ചെറുപ്പക്കാരനോട് അങ്ങോട്ടുകയറി സംസാരിച്ചു. നേരത്തത്തെ ആ ആൾ എന്നെ നോക്കി വരുമോയെന്നു ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു. സത്യത്തിൽ ഇത്തരം ആളുകളും ഈ ലോകത്തുണ്ടെന്നു ഞാൻ അന്നാണറിയുന്നതു. ഒരു കാര്യം കേട്ടറിയുന്നതിനേക്കാൾ തീക്ഷ്ണത കൂടും അത് അനുഭവിച്ചറിയുമ്പോൾ...! അത് തന്നെയായിരിക്കാം എന്റെ ഹൃദയമിടിപ്പ് സാധാരണരീതിയിലേക്ക് മാറാൻ ഒരുപാട് സമയമെടുത്തത്.പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ പേരും സ്ഥലവും ഒക്കെ ചോദിച്ചു . സയീദ് എന്നോ മറ്റോ ആണ് അദ്ദേഹം പേര് പറഞ്ഞത്. ഒരു 25 -30 നിടയിൽ പ്രായമുള്ള ഒരു യുവാവ്. സത്യത്തിൽ അദ്ദേഹത്തിന്റെ മുഖമോ പേരോ ഒന്നും എനിക്കിന്ന് കൃത്യമായി ഓർമയില്ല. തുടർന്നും ഞാൻ എന്തൊക്കെയോ ചോദിച്ചു കൊണ്ട് ഞാൻ അദ്ദേഹത്തെക്കൊണ്ട് എന്നോട് സംസാരിപ്പിച്ചു.. നിർത്താതെ ...! ഒരു പക്ഷെ എന്റെ ഉപബോധമനസ്സു ചെയ്യിപ്പിച്ചതാകാം അത്. അങ്ങനെ വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ വളരെ അടുത്ത കൂട്ടുകാരെ പോലെ ആയി. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. ഇന്ന് ആലോചിക്കുമ്പോൾ ഒരു 11 കാരനെ അദ്ദേഹം മതിച്ചു എന്നുള്ളത് തന്നെ എന്നിൽ അത്ഭുതം ഉളവാക്കുന്നു. ഒടുവിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്ന കൂട്ടത്തിൽ ഞാൻ സത്യത്തിൽ എങ്ങനെ ആ സീറ്റിലേക്ക് വന്നു എന്നും അദ്ദേഹത്തോട് പറഞ്ഞു. അതുവരെ എന്നോട് ചിരിച്ചു സംസാരിച്ച ആ മുഖം വളരെ പെട്ടെന്ന് ഗൗരവമായി. ഉടൻ തന്നെ സീറ്റിൽ നിന്നെണീറ്റു ആ ആളെ കാണിച്ചുതരാൻ പറഞ്ഞു.അപ്രതീക്ഷിതം ആയിരുന്നു അത്. പക്ഷെ അവൻ ഇടക്കെപ്പോഴോ ബസ്സിൽ നിന്നും ഇറങ്ങിയിരുന്നു. പിന്നെയും എന്തൊക്കെയോ സംസാരിച്ചു എന്റെ സ്ഥലം എത്തിയത് അറിഞ്ഞില്ല. അദ്ദേഹം ജോലി ആവശ്യാർഥം കോഴിക്കോട് പോവുകയാണെന്നും എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോ എന്നും പറഞ്ഞു വിസിറ്റിംഗ് കാർഡ് തന്നു. കാലചക്രം ഉരുണ്ടു നീങ്ങിയപ്പോൾ വിസ്‌മൃതിയിൽ എവിടെയോ ഞാനാ  വിസിറ്റിംഗ് കാർഡ് മറന്നു വെച്ചു. അന്നാ അപകടത്തിൽ നിന്ന് എന്നെ രക്ഷിച്ച ആ മുഖവും പേരും കൃത്യമായി ഓർമയില്ലെങ്കിലും, ഏറെ നന്ദിയോടെ ഇന്നുമോർക്കുന്നു ഞാൻ ....! പ്രാർത്ഥനകൾ ....! 

- ഹിസ്‌കാഫ് 

Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്