വീണ്ടും ചില ജൽപനങ്ങൾ ....!
ഹൃദയത്തിന്റെ അന്തരാളത്തിൽ മഞ്ഞുമൂടി നിദ്രയിലാണ്ടു കിടക്കുന്ന പ്രണയത്തെ തട്ടിയുണർത്തുന്ന ഒരു മാസ്മരികത , എന്നും മണിരത്നത്തിന്റെ ചിത്രങ്ങൾക്കുണ്ടായിട്ടുണ്ട്. കാലമേറെ കഴിയുമ്പോഴും പുതുതലമുറയൊക്കെയും പഴഞ്ചന്മാരായിക്കൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തിന്റെ പ്രതിഭാവിലാസം ഊതിക്കാച്ചിയ പൊന്നു പോലെ കൂടുതൽ വിളങ്ങുന്നത് നയനങ്ങളെയും ചിത്തത്തെയും ഒരു പോലെ കുളിരണിയിക്കുന്ന ഒന്നാണ് . ഒരു നൂറു സൃഷ്ടികൾക്കു വഴി വെക്കുകയും ഒരായിരം സൃഷ്ടികളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു കലാസൃഷ്ടിയെ മഹത്വവരിക്കുന്നതിൽ അതിശയോക്തി ഇല്ലെന്നു മാത്രമല്ല,അത് ചെയ്യാതിരിക്കുമ്പോഴുള്ള മനസ്സിന്റെ പതർച്ച അസഹിഷ്ണുതയുളവാക്കുന്നത് തന്നെയാണ് .കലാസൃഷ്ടികളുടെ ആസ്വാദനത്തിന്റെ പൂർണത അത് മുഴുവനായും ആസ്വദിച്ചാലേ ഉണ്ടാവാറുള്ളൂ.എങ്കിലും ചില വ്യത്യസ്ത സൃഷ്ടികൾ ഇത്തരം നിയമ നിബന്ധനകൾക്ക് അതീതമായി മികച്ചു നിൽക്കുന്നുവെന്നത് അവയുടെ മേന്മ വിളിച്ചോതുന്ന ഒന്ന് തന്നെയാണെന്നതു നിസ്സംശയം പറയാനാകും .
ഇഷ്ടമുള്ള ഒരു മധുരവിഭവം അത് തീരരുതെന്ന പ്രാർത്ഥനയോടെ നുണഞ്ഞിരിക്കുന്ന ഒരു ഒരു പിഞ്ചു പൈതലിന്റെ മാനസികവ്യഥയിലേക്കു നാം പോലുമറിയാതെ നമ്മൾ ചുരുങ്ങിപ്പോവുന്നതു ഇത്തരം ഉത്തമസൃഷ്ടികളുടെ മുന്നിലാണ്.എങ്കിലും നമ്മൾ ആ അനിർവ്വചനീയ നിർവൃതി മുൻപെങ്ങും അറിഞ്ഞിട്ടില്ലാത്ത മട്ടിൽ നമ്മൾ നമ്മളെത്തന്നെ കബളിപ്പിച്ച് അത് വീണ്ടും വീണ്ടും ആസ്വദിക്കും .ആസ്വാദനതലത്തിന്റെ ഉത്തുoഗ ശൃംഗത്തിലേക്കു നമ്മെ നയിക്കാനുള്ള മനസ്സിന്റെ ചില പൊടിക്കൈകൾ ആകാം ഇതെല്ലാം.
മൂന്നു മണിക്കൂർ നീളുന്ന സർവ്വകലാശാല പരീക്ഷയിൽ നിർത്താതെ എഴുതീട്ടും വീണ്ടും ഒരു അഞ്ചു നിമിഷത്തിനു വേണ്ടി അപേക്ഷിക്കുന്ന കൈവഴക്കം ഇപ്പോൾ പത്തു നിമിഷങ്ങൾക്ക് മേലെ തൂലികയുമായി കൂട്ട് കൂടില്ലെന്ന വാശിയിലെത്തി നിൽക്കുന്നു. ഇത്തരം മ്ലേച്ഛകരമായ ദുസ്ഥിതി കഴിഞ്ഞകാലത്തിലേക്കു പിൻതിരിഞ്ഞു നോക്കുന്നതിനോടൊപ്പം എവിടെയെത്തി നിൽക്കുകയാണെന്ന അവബോധം മനസ്സിന് നൽകാൻ ഉതകുന്നുണ്ട്.ഒരു കാലത്തു വിദൂരതയിലേക്ക് നോക്കി ഞാൻ തന്നെ വിമർശിച്ച ശാരീരിക-മാനസിക-ജീവിതശൈലീമാറ്റങ്ങൾ ഇന്ന് ഏറെ ദൂരത്തല്ലെന്നു ഭീതിയോടെ സമ്മതിക്കേണ്ടി വരുന്നു....!
Comments
Post a Comment