പ്രണയം ...!

"ജീവിതം യൗവ്വന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവും ഈ അസുലഭ മുഹൂർത്തം ...! "-


          അന്നും ഇന്നും എന്നും വാക്കുകൾ കൊണ്ട് എന്നിൽ ഒരായിരം സ്വപ്നങ്ങളും സങ്കൽപ്പങ്ങളും ഒരു പൂരത്തിന്റെ വെടിക്കെട്ടിലെ വർണ്ണ വിസ്മയങ്ങൾ  വിരിയിച്ച എൻ്റെ പ്രിയ കഥാകാരൻ ബേപ്പൂർ സുൽത്താൻ മലയാളികൾക്ക് നൽകിയ ഏറ്റവും സുന്ദര വാക്യങ്ങൾ ആണ് മുകളിൽ കോറിയിട്ടിരിക്കുന്നതു .
ചില കലാസൃഷ്ടികൾ അങ്ങനെയാണ്... ! ഒരു പുരാതന സുന്ദര ശിലാശില്പം പോലെ അത് മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോകും . നാം പോലും അറിയാതെ നമ്മുടെ ഉള്ളിൽ അവ ഒരു ശീതശയനത്തിൽ ആയിരിക്കും. അവ പുറത്തേക്കു വരാൻ നീലച്ചടയനും മധുവും തന്നെ വേണമെന്നില്ല. വികാരങ്ങളുടെ വേലിയേറ്റം ഉണ്ടായാൽ മതി. ഹൃദയസ്പന്ദനത്തിന്റെ അളവ് കൂട്ടുന്ന നല്ലതോ ചീത്തയോ ആയ ഏതൊരു സാഹചര്യത്തിനും അനുഭവത്തിനും ഇത്തരം വാക്കുകളെ പുറത്തേക്കു കൊണ്ട് വരാൻ ആവും. ഇനി കഷ്ടകാലത്തിനു അങ്ങനെ വന്നാൽ പിന്നെ അത് മനസ്സിൽ കിടന്നു ശസ്ത്രക്രിയക്ക് വിധേയമാകും. കീറിമുറിക്കലുകളും തുന്നിക്കൂട്ടലുകളും ഒരുപാട് കഴിയുമ്പോൾ പിന്നെ അതൊരു ആലേപനത്തിനു വേണ്ടി കൊതിക്കും . ഹാ..., അല്ലെങ്കിലും സങ്കടവും വിരഹവും ഒന്നും ഇല്ലായിരുന്നെങ്കിൽ ലോകത്തിലെ കലാസൃഷ്ടികൾ അന്ന്യം നിന്ന് പോയേനെ....!

              ഇനി കാര്യത്തിലേക്കു കടക്കാം. ഈ ജീവിതം എന്നു പറയുന്നത് ബഹുരസം ആണ്, അതിങ്ങനെ ഒരു ഉത്തരം അറിയാത്ത കടങ്കഥ പോലെയോ കഥാന്ത്യം അറിയാത്ത ഒരു സിനിമാ പടം പോലെയോ ആണ് . വേഷം ആടിത്തീരുന്നത് വരെ വേഷം എന്തെന്ന് ആടുന്നവന് അറിയില്ല , പ്രേക്ഷകർക്കും അറിയില്ല . അപ്പൊ പിന്നെ അറിയുന്നത് ആർക്കാ? സംവിധായകന് മാത്രം.... കുറച്ചു ലളിതമായി പറഞ്ഞാൽ , നമ്മളെ ക്ലൈമാക്സ് പടച്ചോന് മാത്രേ അറിയൂ , നമുക്ക് പോലും അറിയില്ല . പക്ഷെ, നമ്മുടെ ചുറ്റും നടക്കുന്ന ചെറുതും വലുതുമായ എല്ലാ നല്ലതും ചീത്തയും നമ്മെ സ്വാധീനിച്ചു കൊണ്ടേ ഇരിക്കുന്നു... സ്പുടം ചെയ്തു കൊണ്ടേ ഇരിക്കുന്നു. അല്പം നിരീക്ഷണബോധം നന്നായുള്ളവൻ ആണെങ്കിൽ മേല്പറഞ്ഞതിന്റെ തോതും വേഗവും അല്പം കൂടും. ഇനി എന്റെ സുൽത്താന്റെ വാക്കുകളിലേക്ക് കടക്കണം , അതിലേക്കു ഒന്ന് കടന്നു കിട്ടാൻ വേണ്ടി ആണ് , ഈ ദഹനരസം കുറഞ്ഞ തത്വശാസ്ത്രം മുഴുവൻ വിളമ്പിയത് .

             ജീവിതം യൗവ്വനതീക്ഷ്ണമായ.....! എല്ലാ യൗവനത്തിനും തീക്ഷ്ണത ഉണ്ടാവും, പക്ഷെ ആ തീക്ഷണതയുടെ തീക്ഷ്‌ണത എല്ലാ യൗവനങ്ങളിലും ഒരു പോലെയാവില്ല. പട്ടിണി നിറഞ്ഞ യൗവനങ്ങളിൽ ആ തീക്ഷ്‌ണത  വിശപ്പടക്കാൻ വേണ്ടി ആയിരിക്കും. വിശപ്പടങ്ങിയെങ്കിൽ മാത്രമേ വിദ്യാഭ്യാസത്തിനോ പ്രണയത്തിനോ വേണ്ടി തീക്ഷ്‌ണമാവൂ ... അവിടെയും വിദ്യാഭ്യാസമെന്ന അഭ്യാസം ബഹുഭൂരിപക്ഷത്തിനും ഒരു ബാലികേറാമല തന്നെയായിരിക്കും . ആ മലകയറ്റത്തിനുള്ള തീക്ഷ്ണത ഉണ്ടാക്കിയെടുക്കാറ് പലപ്പോഴും മാതാപിതാക്കൾ തന്നെയാണ് . പള്ളിക്കൂടത്തിൽ നിര്ബന്ധിച്ചയച്ചതിന് പ്രാകിയ പ്രാക്കുകളെ ഓർത്തു പശ്ചാത്തപിക്കാൻ ചുരുങ്ങിയത് ഒരു ദശാബ്ദമെങ്കിലും വേണ്ടി വന്നേക്കും  . ചിലർക്കത് ഇരു ദശാബ്ദം വരെ ആയേക്കാം. അപ്പോഴും ഹൃദയത്തെ പ്രണയസുരഭിലമാക്കുവാനും ആ പ്രണയത്തിനു വേണ്ടി തന്റെ യൗവനത്തെ തീക്ഷ്ണമാക്കാനും അവനെയും അവളെയും ആരും പഠിപ്പിക്കേണ്ട .അതെന്തോ ഒരു പ്രഹേളിക പോലെ എല്ലാം താനേ നടക്കുന്നു . പ്രണയം എന്ന വൃത്തത്തിൽ അകപ്പെടുമ്പോൾ ചുറ്റുമുള്ളതിനെയൊക്കെ കാണാതിരിക്കാനുള്ള അന്ധതയും തന്റെ "ദിവ്യപ്രണയം" എതിർക്കുന്ന വാക്കുകൾ കേൾക്കാതിരിക്കാനുള്ള ബധിരതയും നന്നായി സ്വായത്തമാക്കുന്നുണ്ട് .

                  "ഈ നൂറ്റാണ്ടിലും ഇത്ര വലിയ മൂരാച്ചിയോ ? പ്രണയത്തെ ഇത്ര മാത്രം അപകീർത്തിപ്പെടുത്തുന്ന യുവത്വമോ ? " എന്നൊക്കെ ചോദിച്ചു വാളെടുക്കുന്നതിനു മുൻപ് സ്വന്തത്തിലേക്കും ചുറ്റുപാടിലേക്കും ഒന്ന് കണ്ണോടിക്കൂ... പ്രണയങ്ങളുടെ നടുവിൽ ആത്മാർത്ഥ പ്രണയത്തിന്റെ ഒരു ശതമാന കണക്കെടുത്താൽ അണയാവുന്ന തീക്ഷ്ണത മാത്രമേ ഇത്തരം എതിർപ്പുകൾക്കുള്ളൂ... പത്തു മാസത്തെ നോവിനെ നോവിച്ചു നേടാൻ മാത്രം തീക്ഷ്ണതയുള്ള പ്രണയങ്ങൾ എത്ര ഉണ്ടെന്നു സ്വയം ചോദിച്ചു തുടങ്ങുന്നിടത്തു അസ്തമനം ആരംഭിക്കാവുന്നതേ ഉള്ളൂ " മെറ്റീരിയലിസ്ടിക് പ്രണയങ്ങൾ " . അന്ന്യം നിന്ന് പോയ്ക്കൊണ്ടിരിക്കുന്ന ത്യാഗോജ്വല പ്രണയങ്ങൾക്ക് ഭാവുകങ്ങൾ നേർന്നു കൊണ്ട് ഈ പല്ലിനിട കുത്തുന്നത് നിർത്തട്ടെ .....


"ജീവിതം യൗവ്വന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവും ഈ അസുലഭ മുഹൂർത്തം ...! "- 

Comments

Popular posts from this blog

ഇരുണ്ട ലോകം വെളിച്ചമേറിയതാണ്..!

കാശ്മീർ ഡയറീസ് (Travelogue) Chap. 20 - വൃഷ്ടിയാൽ വരവേറ്റ മടക്കം

കാശ്മീർ ഡയറീസ് (Travelogue) Chap.18 - റാഫ്റ്റിങ്