സലാല ഡയറീസ് ..
ചില യാത്രകൾ അങ്ങനെയാണ്, നാം പോലും അറിയാതെ നമ്മുടെ മനസ്സിനെ ഒന്ന് പൊടി തട്ടി എടുക്കും , അനാവശ്യമായ ചില മുഖം മൂടികളും ചില മിഥ്യാ ധാരണകളും നാം ഉപേക്ഷിക്കും. ഒരേ പ്രദേശത്തു ഉള്ള വാസം നമ്മെ ഒരു അലസനും ഇടുങ്ങിയ ചിന്താഗതിക്കാരനും ആക്കിയേക്കാം . വിശാലമായ ലോകത്തിലൂടെ വിടർന്ന കണ്ണുകളോടെ അത്ഭുതം കൂറി യാത്ര ചെയ്യുമ്പോൾ മാത്രമാണ് നമ്മളെന്ന കൂപമണ്ഡൂകങ്ങൾ എത്ര മാത്രം ചെറിയ കിണറുകളിലാണ് വസിക്കുന്നതെന്ന യാഥാർഥ്യം തിരിച്ചറിയുന്നുള്ളൂ.. യാത്രകൾ നമുക്ക് ഒരുപാട് ദൃശ്യങ്ങൾ മാത്രമല്ല സമ്മാനിക്കുന്നത്. ഒരുപാട് വേദനകളും പ്രതീക്ഷകളും ആശ്വാസങ്ങളും നിർവൃതിയും എല്ലാം ആണ് .
സുദീർഘത, വിജനത , ഏകാന്തത ഇവ ഒക്കെ ഒറ്റയടിക്ക് അനുഭവിച്ചു അറിയാൻ ദുബായിൽ നിന്ന് ഒന്ന് സലാല വരെ മാത്രം പോയാൽ മതി.ഒരുപാട് ഒന്നുമില്ല ഒരു 1300 കിലോമീറ്റർ മാത്രം..! റോഡിനു ഇരുവശത്തും കണ്ണെത്താത്ത ദൂരത്തോളം വരണ്ട ഭൂമി, ഒരു പുൽക്കൊടിക്കു പോലും ഇന്ന് വരെ ആ ഭൂമിയോടു പ്രണയം തോന്നിയിട്ടില്ല. സസ്യജാലങ്ങൾക്കു വരെ തോന്നാത്ത പ്രണയം മൃഗത്തിൽ നിന്നും മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ പിന്നെ അർത്ഥമില്ലല്ലോ. നാട്ടിൽ 2 സെന്റിലും 3 സെന്റിലും പൊന്നും വില കൊടുത്തു തിങ്ങി വിങ്ങി ഒരു വീട് എടുത്തു നിർവൃതി കൊള്ളുന്ന എൻ്റെ മലയാളി മനസ്സിന് ആ വിശാലതയും വിജനതയും ഉൾകൊള്ളാൻ കുറച്ചു സമയമെടുത്തു. ദൈവത്തിന്റെ സ്വന്തം നാട്ടുകാരനായതിനാലാവണം സലാലയുടെ പച്ചപ്പിനേക്കാൾ മനസ്സിൽ തങ്ങി നിൽക്കുന്നത് , സുദീർഘമായ യാത്രയും വിജനമായ പാതയും വരണ്ട ഒമാനിലെ ഭൂമിയുമാണ് ...
പാസ്സ്പോർട്ടിൽ പുതിയൊരു സീൽ വീണപ്പോ തൊട്ടു ഓർത്തതും അസ്സൂയപെട്ടതും സന്തോഷ് ജോർജ് കുളങ്ങര എന്ന പഹയനെ ഓർത്താണ്.
സത്യത്തിൽ സലാലയുടെ പച്ചപ്പിനു അൽപ്പം മാറ്റ് കൂട്ടുന്നത് ആ വരണ്ട ഭൂമിയിലൂടെയുള്ള സുദീർഘ യാത്ര തന്നെയാണെന്നു പറയാതെ വയ്യ...! ഏറെക്കാലം പദ്ധതിയിൽ മാത്രം ഒതുങ്ങി നിന്ന യാത്ര സഫലമായതിന്റെ ആഹ്‌ളാദം വരണ്ട ഭൂമിയിൽ കെടാതെ സൂക്ഷിക്കാൻ ഏറെ പണിപ്പെട്ടു.
ആ മനോഹര ഭൂമിയിലെ തണുപ്പിനിടയിലും ചില പ്രതീക്ഷയറ്റ മുഖങ്ങളും
അഗ്നി കെട്ടു പോയ നോട്ടങ്ങളും വിധിയെ പഴിക്കുന്ന ചില ദീർഘനിശ്വാസങ്ങളും മനസ്സിനെ ഒന്ന് പൊള്ളിച്ചു . 15 വർഷമായി നിന്ന് കൊണ്ട് മാത്രം ഇളനീർ വെട്ടുന്ന പേരറിയാത്ത വടകരക്കാരൻ വെട്ടുന്ന ഓരോ വെട്ടും ഐഫോൺ7 കിട്ടാതെ കരയുന്ന യുവത്വത്തിനോടുള്ള പരിഹാസം ആണെന്ന് തോന്നി. എന്നിട്ടും അദ്ദേഹം ഞങ്ങൾക്ക് ചിരി ആണ് സമ്മാനിച്ചത്. പുതുതലമുറ ഏറ്റവും പിശുക്കു കാണിക്കുന്ന ഒരു ഹൃദ്യമായ പുഞ്ചിരി. നോക്കെത്താദൂരം വിശാലമായ പുൽത്തകിടിയിൽ എണ്ണം കിട്ടാത്ത ഒട്ടകങ്ങളെ മേയ്ക്കുന്ന അവ്യക്ത മുഖങ്ങളും വിളിച്ചു പറഞ്ഞത് ," നിങ്ങൾ ഭാഗ്യവാന്മാരാണ്, കാരണം നിങ്ങൾ ഈ വിശാലമായ ഭൂമിയും വ്യത്യസ്തമായ ജീവിതങ്ങളും കണ്ടു തുടങ്ങുന്നേ ഉള്ളൂ.." എന്നാണ് .
നല്ല എഴുത്ത്...നല്ല വാക്കുകൾ
ReplyDelete