വിഷുവം
"കാലം ഇനിയും ഉരുളും, വിഷു വരും, വര്ഷം വരും
പിന്നെ, ഓരോരോ തളിരിനും പൂ വരും ,കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്ക്കറിയാം...? "
എൻ.എൻ. കക്കാട് 28സംവത്സരങ്ങൾക്കു മുൻപ് കുറിച്ച ഈ വരികൾ മലയാളികൾ നെഞ്ചിൽ ഏറ്റി. എന്നാൽ, ഇന്ന് രണ്ടര പതിറ്റാണ്ടുകൾ
പിന്നിടുമ്പോൾ ഒരു പുനർവിചിന്തനം നടത്തി നമ്മിലേക്ക് തന്നെ ഒന്ന് നോക്കിയാൽ ഈ നെഞ്ചിൽ ഏറ്റിയ വരികൾ ഇന്ന് നമ്മുടെ ഹൃദയങ്ങളിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു. വിഷുവിനെയും വർഷത്തെയും കാത്തിരുന്ന മലയാളികൾ ഓർമ്മകളിൽ മാത്രം ഒതുങ്ങുകയാണ്. നമ്മുടെ അഹങ്കാരവും അഭിമാനവുമായ ആഘോഷങ്ങളും സംസ്കാരവും നമുക്കിന്നൊരു ഏച്ചുകെട്ടൽ ആണ് .ആ ആഘോഷങ്ങളുടെ പേരിൽ ജോലി ചെയ്യാതെ അലസനായിരിക്കാമെന്ന ദുര മാത്രമേ നമുക്ക് ആത്മസായൂജ്യം തരുന്നുള്ളൂ.. നമ്മുടെ മനസ്സിനെയും ജീവിതശൈലികളെയും അരോചകവിമുക്തമാക്കിയിരുന്ന ഋതഭേദങ്ങൾ ആകുന്ന അനുഗ്രഹങ്ങൾ നമ്മുടെ കണ്ണിനും മനസ്സിനും ഒരു ശാപമായി കാണപ്പെടുന്നു. ഒരു കാലത്ത് നല്ല മഴ,നല്ല വേനൽ, നല്ല ഗ്രീഷ്മം എന്നു പറഞ്ഞു ശീലിച്ച നാം ഇന്ന് ഇതിനെയെല്ലാം ഒടുക്കത്തതും പണ്ടാരമടങ്ങിയതുമാക്കി മാറ്റിയിരിക്കുന്നു.
ഇന്ന് നമുക്ക് നമ്മിലേക്കു നോക്കാൻ തന്നെ സമയമില്ലാതായിരിക്കുന്നു; പിന്നെയല്ലേ ചുറ്റിലെക്കു നോക്കാൻ ...! എന്തു കൊണ്ട് നാമിങ്ങനെ ആയെന്നു കണ്ടെത്തിയെന്നു വരുത്തിതീർക്കാൻ എങ്കിലും ഇതിവിടെ കുത്തിക്കുറിക്കട്ടെ...എല്ലാവരെയും പോലെ ഞാനും എൻറെ മനസ്സിനെ കബളിപ്പിച്ചു നിർവൃതി അടയട്ടെ.. നമ്മുടെ വികാരങ്ങളെല്ലാം മാഞ്ഞുപോയിട്ടില്ലെന്ന് തന്നെ കരുതാം. പക്ഷെ, വികാരങ്ങൽക്കുതകുന്ന കാരണങ്ങൾ പാടേ മാറിപ്പോയി. ഇന്ന് നമുക്ക് , കാമം facebook നോടും ഇഷ്ടം twitter നോടും ആരാധന blog കളോടും പ്രണയം instagram നോടും പുച്ഛം google + നോടും ആയി മാറിയിരിക്കുന്നു. സാങ്കല്പ്പിക സാമൂഹ്യ ലോകത്തിൽ മാത്രമായി നമ്മുടെ പ്രവർത്തനമേഖല ഒതുങ്ങിപ്പോകുന്നു. അതിൽ നമുക്കു തെല്ലും വേദനയില്ലെന്ന് മാത്രമല്ല നാം അതിൽ വല്ലാതെ ഊറ്റം കൊള്ളുന്നു.സ്വന്തം മനസ്സാക്ഷിയോട് കൂറ് പുലർത്താതെ സദാചാരതിന്മകൾക്കെതിരെ virtual world ൽ മാത്രം ശബ്ദം ഉയർത്തുന്ന നമുക്കു നഷ്ടമായത് , മണ്ണിൽ ചവിട്ടി നടക്കാത്ത നമ്മുടെ പുതുതലമുറയെ മാത്രമല്ല, നമുക്കു നഷ്ടമായിരിക്കുന്നതു നമ്മെതന്നെയാണ്; നമ്മുടെ നിഷ്കളങ്കതയെയാണ് ,നമ്മുടെ സ്നേഹസായൂജ്യങ്ങളെയാണ്, പിണക്കങ്ങളെയും ഇണക്കങ്ങളെയുമാണു, തല്ലുകൂടലുകളെയും ആലിംഗനങ്ങളെയും ആണ് .
ഇത്രയും പറഞ്ഞപ്പോഴേക്കും എൻറെ മനസ്സാക്ഷി കുതിച്ചുയർന്നു ഒരു ചോദ്യം ; "ഈ വല്യ വായിൽ വർത്തമാനം പറയുന്ന താനും ഒരു ശീതീകരിച്ച മുറിയിലിരുന്നു ഒരു കപട ഗൃഹാതുരത്വം കാട്ടിക്കൂട്ടുകയല്ലേ എന്നു ..? ". പക്ഷെ, ഉത്തരമില്ലാത്ത ആ ചോദ്യത്തിനു ഉത്തരം തേടി ബുദ്ധിമുട്ടേണ്ടി വന്നില്ല എനിക്ക്. കാരണം, ആ ചോദ്യത്തെ ഹൃദയത്തിലേക്ക് എത്താൻ തലച്ചോർ അനുവദിച്ചില്ല. ഇന്നത്തെ വ്യവസ്ഥിതിക്കു അനുസൃതമായ രീതിയിൽ ഹൃദയത്തെ വല്ലാതെ ഇടുങ്ങിയതാക്കാൻ തലച്ചോർ നന്നേ പാട് പെടുന്നുണ്ട് .
കാതങ്ങൾക്കകലെ നടക്കുന്ന യുദ്ധങ്ങളിലും വലിയ യുദ്ധം നമ്മുടെ ഉള്ളിൽ നടക്കുന്നുണ്ട് ; നമുക്കതു ശ്രദ്ധിക്കാൻ പോലും സമയമില്ലെങ്കിലും ........
വീണ്ടും പേന കയ്യിലെടുപ്പിച്ച സഹോദരിയെ സ്മരിച്ചു കൊണ്ട് ഈ വിടുവായത്തം നിർത്തുന്നു..
- വിഷു ആശംസകൾ
Comments
Post a Comment