ഉത്തരമില്ലാത്ത ചോദ്യങ്ങൾ..!
പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞെങ്കിലും ആ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു ചിരപരിചിതനെ പോലെ അയാൾ കെട്ടിടത്തിന്റെ പ്രധാന ഗേറ്റിലൂടെയല്ലാതെ മുകളിലേക്കുള്ള ഏണിയിൽ കയറി. പുറത്തെ വഴികളും സൗകര്യങ്ങളും ഏറെ മെച്ചപ്പെടുത്തിയെങ്കിലും കെട്ടിടത്തിന് വലിയ മാറ്റങ്ങളില്ല.വൈകുന്നേര സമയമായതിനാൽ ഹോസ്റ്റൽ വിജനമായിരുന്നു. കുട്ടികളെല്ലാം ഗ്രൗണ്ടിലായിരിക്കണം. തന്റെ പഴയ മുറിയായ 213 ലക്‌ഷ്യം വെച്ചയാൾ നടന്നു. മുറി പൂട്ടിയിരുന്നു. നേരെ എതിർവശത്തെ മുറി തുറന്നു കിടന്നതു കണ്ട അയാൾ, ആ മുറിയിൽ കയറി, തന്റെ വസ്ത്രങ്ങൾ മാറ്റി. അവിടെ കിടന്നിരുന്ന ഒരു ലുങ്കി എടുത്തു ഉടുത്തു. ആ ലുങ്കി മാത്രം ഉടുത്തു കൊണ്ടയാൾ മൂന്നാം നിലക്ക് മുകളിലുള്ള റൂഫ് ടോപിലേക്കു പോയി. ക്യാമ്പസ് മുഴുവൻ ഒന്ന് കണ്ണോടിച്ച ശേഷം അയാൾ ആ ടെറസ്സിൽ മാനം നോക്കി കിടന്നു. തനിക്കു ഏറെ പരിചിതരായ മാനവും കാറ്റും മരങ്ങളും ഒന്നും മാറിയിട്ടില്ല . കാറ്റിന്റെ തഴുകലിൽ അയാൾക്ക് ഉറങ്ങി പോവാതിരിക്കാൻ കഴിഞ്ഞില്ല. എല്ലാം മറന്നു ഒരു മണിക്കൂർ ഉറങ്ങിയ അയാൾ, ഒരു ആയുസ്സു മുഴുവൻ ഉറങ്ങിയ ആലസ്യത്തോടെ കണ്ണ് തുറന്നു. അഴിഞ്ഞു പോയ തന്റെ ലുങ്കി എടുത്തു കൊണ്ടയാൾ എഴുന്നേറ്റു നിന്നു ഗ്രൗണ്ടിന്റെ വശത്തേക്ക് നോക്കി. സൂര്യൻ അസ്തമിച്ചു ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. ഗ്രൗണ്ടിൽ നിന്നും ക്യാന്റീനിൽ നിന്നും കുട്ടികൾ ഹോസ്റ്റലിലേക്ക് വന്നു കൊണ്ടേയിരുന്നു.
അവിടെയുള്ള ആരെയും
ഗൗനിക്കാതെ അയാൾ തന്റെ വസ്ത്രങ്ങൾ ഊരിയിട്ട മുറിയിലേക്ക് നടന്നു. ഒരുവിധം എല്ലാ മുറികളിലും
കുട്ടികൾ എത്തിച്ചേർന്നിരുന്നു. അർദ്ധനഗ്നനായ ഒരു അപരിചിതനെ കണ്ടു കുട്ടികൾ അയാൾക്ക്
പിറകെ കൂടി. അയാൾ വസ്ത്രങ്ങൾ ഊരിയിട്ട മുറി ആണെങ്കിൽ അധ്യാപകർ താമസിച്ചിരുന്ന മുറി
ആയിരുന്നു. ആ മുറിയിലേക്ക് അയാൾ എത്തുന്നതിനു മുൻപേ, കുട്ടികളുടെ ബഹളം കേട്ട് അധ്യാപകർ മുറിക്കു പുറത്തേക്കു ഇറങ്ങി
.
മുറിക്ക് പുറത്തേക്കിറങ്ങിയ അധ്യാപകർ, അർധനഗ്നനായ ഒരാളുടെ പിറകെ കുട്ടികൾ കൂട്ടംകൂടി വരുന്നത്
കണ്ട് അമ്പരന്ന് പരസ്പരം മിഴിച്ചുനോക്കി. അപ്പോഴേക്കും അദ്ദേഹം നടന്ന് അവരുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.
എന്നാൽ, തന്റെ പിറകിലുള്ള കുട്ടികളെയോ
മുന്നിൽ നിൽക്കുന്ന അധ്യാപകരെയോ ഒട്ടും തന്നെ വകവയ്ക്കാതെ, തന്റെ വസ്ത്രം മാറാനായി ആ മുറിയിലേക്ക് കയറാൻ അയാൾ ശ്രമിച്ചു.
പക്ഷേ, അധ്യാപകർ അയാളെ പിടിച്ചുനിർത്തി.
അയാളാരാണെന്നും എന്തിനവിടെ
വന്നെന്നും ചോദിച്ചു. എന്നാൽ, ഉറക്കച്ചടവ് അയാളെ
വിട്ടുപോയിരുന്നില്ല. അയാൾ സംസാരിച്ച് തുടങ്ങിയെങ്കിലും, പറയുന്നത് പരസ്പരബന്ധമില്ലാത്തതുപോലെയോ വ്യക്തതയില്ലാത്തതുപോലെയോ
തോന്നിയ അധ്യാപകർ സംശയദൃഷ്ടിയോടെ അയാളെ നോക്കി.ബഹളം വെക്കുന്ന കുട്ടികളെ അല്പം പുറകിലേക്ക്
മാറ്റിനിർത്തി, അധ്യാപകർ ചുറ്റും
കൂടി നിന്ന് അയാളെ ചോദ്യം ചെയ്യുവാനാരംഭിച്ചു.
“നിങ്ങളാരാണ്?
എന്തിനിവിടെ വന്നു?” എന്നിങ്ങനെ അവർ ചോദിച്ചുകൊണ്ടിരുന്നു.
എന്നാൽ, അയാളുടെ മുഖത്ത് യാതൊരു പരിഭ്രമമോ ആശയക്കുഴപ്പമോ
ഇല്ലായിരുന്നു. അവർ ചോദിക്കുന്നതിനെല്ലാം വളരെ പതിഞ്ഞ ശബ്ദത്തിൽ, നിസ്സാരഭാവത്തോടെ അയാൾ മറുപടി പറഞ്ഞുതുടങ്ങി.
“ഞാനിവിടത്തെ ഒരു അലുമിനിയാണ്.
മുൻപ് ഞാൻ താമസിച്ച റൂമാണ് ഇത്.പണ്ട് പഠിച്ച കോളേജും ഹോസ്റ്റലും എല്ലാം ഒന്ന് ചുമ്മാ
കാണാൻ വേണ്ടി വന്നതാണ്. “വസ്ത്രം മാറിക്കഴിഞ്ഞാൽ ഇവിടുന്ന് പോയിക്കോളാം,” എന്ന് അയാൾ പറഞ്ഞു.
പക്ഷേ, അധ്യാപകർക്ക് അത് വിശ്വസനീയമായി തോന്നിയില്ല. അവർ
കൂടുതൽ വിശദമായി, ഏത് വർഷമാണ് പഠിച്ചത്,
പേരെന്താണ്, ജോലിയെന്താണ് തുടങ്ങിയ വിവരങ്ങളൊക്കെ ചോദിക്കാൻ തുടങ്ങി. എല്ലാത്തിനും
അയാൾ ഉടനടി മറുപടി നൽകി. പേരും പഠിച്ച വർഷവുമൊക്കെ പറഞ്ഞു. ജോലിയെന്തെന്നുള്ള ചോദ്യത്തിന്
മറുപടിയായി, ദുബായിൽ ബിസിനസ്സാണെന്ന്
പറഞ്ഞു.
എന്നാൽ, സംശയം മാറാത്ത അധ്യാപകർ, “അങ്ങനെ നിങ്ങളെ വെറുതെ വിടാൻ കഴിയില്ലെന്നും,
നിങ്ങൾ പറഞ്ഞതിനൊക്കെ തെളിവുകളില്ലെങ്കിൽ മറ്റു
നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നും” പറഞ്ഞു.
പുറകിൽ നിന്ന് കുട്ടികൾ
“പോലീസിനെ വിളിക്കൂ, പ്രിൻസിപ്പലിനെ വിളിക്കൂ,”
എന്നൊക്കെ ആക്രോശിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ
പൊടുന്നെനെ, അയാൾ പാന്റ് ധരിക്കുന്നതിനിടയിൽ പെട്ടെന്ന് എന്തോ ഒന്ന് താഴെ വീണു.അതൊരു
റിവോൾവറായിരുന്നു...!
എല്ലാവരും ഭയപ്പാടോടെ
പകച്ച് പിന്നോട്ട് മാറി. എന്നാൽ, അയാളുടെ മുഖത്തോ ശരീരഭാഷയിലോ
യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. ഒരു സാധാരണ വസ്തു താഴെ വീണതുപോലെ അയാൾ അതെടുത്ത്,
പാന്റ് ധരിച്ചതിനോടൊപ്പം അരയിൽ തിരുകിവെച്ചു.
ചിരിച്ചുകൊണ്ട് അവരോട്
പറഞ്ഞു, “പേടിക്കണ്ട, ഇത് ലൈസൻസുള്ള തോക്കാണ്. സ്വയരക്ഷയ്ക്കാണ്. ഞാനിത്
അങ്ങനെ ഉപയോഗിക്കാറില്ല.”
അതോടെ ചോദ്യംചെയ്യലിന്റെ
അന്തരീക്ഷം മാറി. സൗമ്യതയോടെയും പേടിയോടും കൂടി കൂട്ടത്തിലെ മുതിർന്ന അധ്യാപകൻ അയാളോട്
ചോദിച്ചു. നിങ്ങളൊരു അലുമിനിയാണെങ്കിൽ നേരെ വന്ന് കോളേജും ഹോസ്റ്റലുമെല്ലാം സന്ദർശിച്ച്
അങ്ങ് പോയാൽ പോരേ? ഈ വന്ന് അനുവാദമില്ലാത്ത
റൂമിൽ കയറിയും വസ്ത്രം മാറ്റുകയും, തുടർന്ന് റൂഫ്‌ടോപ്പിൽ
പോയി കിടന്ന് ഉറങ്ങുകയും ചെയ്തുവെന്നൊക്കെ പറയുന്നത് തീർത്തും അസ്വാഭാവികമായി തോന്നുന്നു.എന്തിനാണ്
നിങ്ങൾ അങ്ങനെയൊക്കെ ചെയ്തത്?
ആ ചോദ്യത്തിനുള്ള
ഉത്തരം, അധ്യാപകരുടെ മുഖത്തുനോക്കി അയാൾ ഒരു പുച്ഛഭാവത്തോടെ പറഞ്ഞു:
“അങ്ങനെ എല്ലാ ചോദ്യങ്ങൾക്കുമൊന്നും
ഉത്തരമുണ്ടാവില്ല, സാറേ. ചിലതൊക്കെ അങ്ങനെയാണ്.”
അവർ സംസാരിച്ചുനിൽക്കുന്നതിനിടെ,
ജനലിലൂടെ ഒരു ആഡംബര കാർ വരുന്നത് കാണാനിടയായി. താഴെനിന്ന്
കാറിന്റെ ഹോൺ ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കിയ അയാൾ, “എന്നാൽ ശരി, പിന്നീട് കാണാം,”
എന്ന് പറഞ്ഞുകൊണ്ട്, ആരെയും വകവെക്കാതെ പുറത്തേക്ക് നടക്കുവാൻ ആരംഭിച്ചു.
ഒരു കയ്യേറ്റത്തിന്
തയ്യാറായിരുന്ന വിദ്യാർത്ഥികളെല്ലാം ഭയപ്പാടോടെ പിറകോട്ടുമാറി നിന്നു. എന്നാൽ,
ആരെയും വകവെക്കാതെ, എല്ലാവരോടും സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അയാൾ പുറത്തേക്കുള്ള
എണിയിലൂടെ താഴേക്കിറങ്ങിപ്പോയി.സംഭവിച്ചതൊന്നും ഉൾക്കൊള്ളാനാവാതെ അധ്യാപകരും വിദ്യാർത്ഥികളും
ഒരുപോലെ സ്തബ്ധരായി അയാൾ പോകുന്നത് നോക്കിനിന്നു.
പതുക്കെ ആ കാറിൽ കയറിയ
അയാൾ, കോളേജിന്റെ പുറത്തേക്ക് മെല്ലെ
നീങ്ങിപ്പോകുന്നത്, ദൂരേക്ക് മറയുന്നതുവരെ
അവർ നോക്കിനിന്നു.
കോളേജ് ഗേറ്റിന് പുറത്തേക്ക്
കടന്ന കാറിൽ വിദൂരതയിലേക്ക് നോട്ടം പായിച്ചു കൊണ്ട് അയാൾ സ്വയം ചോദിച്ചു: എന്തിനാണ്
ഇപ്പോൾ ഇവിടെ വന്നത്? എന്താണ് താൻ കാണിച്ചുകൂട്ടിയത്?
ഈ ചോദ്യങ്ങൾക്കൊന്നും അയാൾക്കും ഉത്തരമുണ്ടായിരുന്നില്ല.
പക്ഷേ, അയാളുടെ മനസ്സിലാകെ ഒരു മുഖം മാത്രം.
തനിക്കൊപ്പം പഠിച്ച്,
തന്റെ മുറിയിൽ എന്നും തന്നോടൊപ്പം ഉണ്ടായിരുന്ന,
എന്നാൽ ആ പഠനം പൂർത്തിയാക്കും മുമ്പ് ഒരു സന്ധ്യാസമയത്ത്
അതേ റൂഫ്‌ടോപ്പിൽ നിന്ന് താഴേക്ക് വീണ് മരിച്ച—അല്ല, താഴേക്ക് ചാടി മരിച്ച—തന്റെ കൂട്ടുകാരന്റെ മുഖം മാത്രം.
ഇപ്പോഴും അയാൾക്ക്
പോലും കൃത്യമായി അറിയാത്ത കാരണത്താൽ ഉണ്ടായ ഒരു മരണം. ആത്മഹത്യയാണോ കൊലപാതകമാണോ എന്നൊക്കെ
ഒരുപാട് അന്വേഷിച്ച്, ഒടുവിൽ ആത്മഹത്യയാണെന്ന്
പോലീസിന്റെ നിഗമനത്തിൽ കേസ് അവസാനിപ്പിച്ച, അയാളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്റെ മുഖം.
മഴയുടെ പെയ്ത്തു ശക്തമായി.
ഒരുപക്ഷേ, അവൻ തന്നെ ആശ്വസിപ്പിക്കുന്നതാണോ?
ഒരു ദീർഘ നിശ്വാസത്തോടെ
അയാൾ സ്വയം മന്ത്രിച്ചു : “അങ്ങനെ എല്ലാ ചോദ്യങ്ങൾക്കൊന്നും
ഉത്തരമുണ്ടാവില്ല.”

Comments
Post a Comment