നേർരേഖ..!
"ഹൌ.., എന്താ ഇപ്പൊ ഓന്റെ ആ പോക്കും പത്രാസും. പണ്ടിതിലേ തേരാ പാര നടന്നിരുന്ന ചെക്കനാ..", തൻ്റെ മുൻപിലൂടെ പോയ ആ വലിയ വെള്ളനിറത്തിലുള്ള കാർ നോക്കി ചായക്കടയിലിരുന്ന് മൂസാക്ക പറയുന്നത് കേട്ടാണ് മൻസൂർ ഇരുന്നിടത്ത് നിന്ന് പെട്ടെന്ന് തിരിഞ്ഞ് അതാരാണെന്ന് നോക്കിയത്. " ഹയ്, അത് ഞമ്മളെ മജീദാക്കന്റെ ബെൻസ് അല്ലേ, ഇങ്ങളാ മനുഷ്യനെപ്പറ്റി വേണ്ടാത്ത ബർത്താനം പറയണ്ട മൂസാക്ക.. പണ്ട് ഒരു ഗതീം ഇല്ലാണ്ട്, ജീവിക്കാൻ ബുദ്ധിമുട്ടീട്ടു കടലും കടന്നു പോയി നല്ലോണം കഷ്ടപ്പെട്ടു നയിച്ച് തന്നെയാ മൂപ്പരീ കാണുന്ന നിലയിലെത്തിയത്. ഇങ്ങള് അന്നുമിന്നും ഈ പീടികക്കോലായിൽ ചായേം കുടിച്ചു ബീഡീം വലിച്ചിരിക്കൽ തന്നല്ലേ..? ഒന്നുമില്ലേലും ഇങ്ങളെ തൊണക്കാരൻ മുഹമ്മദാക്കാന്റെ മോൻ അല്ലേ മൂപ്പര്.. അത് വിചാരിച്ചേലും ഇങ്ങക്കാ തൊള്ള ഒന്ന് പൂട്ടി വെച്ചൂടെ..? അല്ലേലും എല്ലാ നാട്ടിലും മനുഷ്യന്മാരുടെ പച്ചയിറച്ചി തിന്നാനായിട്ടു മാത്രം ഇങ്ങനെ ആരേലും ഉണ്ടാവും.." ഇത്രേം പറഞ്ഞിട്ട് താൻ കുടിച്ച ചായ ഗ്ലാസ് അല്പം ശക്തിയിൽ മേശമേൽ വെച്ച് മൻസൂർ പുറത്തേക്കിറങ്ങി പോയി. തൻ്റെ ഒരൊറ്റ ഡയലോഗിന് ഈ ചെക്കൻ ഇത്രേം തൊള്ള തുറക്കുമെന്ന് മൂസാക്ക സ്വപ്നത്തിൽ പോലും കരുതിയില്ല. മൻസൂർ നടന്നു കുറച്ചകലെയെത്തിയെന്നുറപ്പായപ്പോൾ ചായക്കടക്കാരൻ അന്ത്രൂനെ നോക്കി, " ഈറ്റിങ്ങളെല്ലാം ഒരൊറ്റ സെറ്റാണെടോ" എന്നൊരു വാൽക്കഷ്ണം കൂടി മൂസാക്ക പാസ്സാക്കി. പ്രതീക്ഷിച്ച ഒരു തിരിച്ചു പറച്ചിൽ അന്ത്രൂന്റെ ഭാഗത്തു നിന്ന് ഇല്ലാ എന്ന് മനസ്സിലാക്കിയ അയാൾ അവിടെയിരുന്ന പാത്രത്തിലേക്ക് മുഖം പൂഴ്ത്തി...
അപ്പോൾ അന്ത്രുക്കാന്റെ മനസ്സിലൂടെ പഴയ കാര്യങ്ങളൊക്കെ ഒന്ന് മിന്നിമാഞ്ഞു. പഠിക്കാൻ അതിമിടുക്കൻ അല്ലേലും തീരെ മോശമായിരുന്നില്ല മജീദ്.. ആ ചെക്കൻ എട്ടാം ക്ലാസ് പഠിക്കുന്ന കാലം തൊട്ടേ, പഠിത്തത്തിന്റെ കൂടെ നയിച്ച് തുടങ്ങിയതാ.. ജീപ്പ് ക്ലീനർ ആയി തുടങ്ങിയ അവൻ പത്രം ഇടൽ,നിലക്കടല വില്പന, സിനിമ പോസ്റ്റർ ഒട്ടിക്കൽ, ബുക്ക് ബൈൻഡിങ്, റാലി വലിക്കൽ, ചില്ലറ കൂലിപ്പണി എന്ന് തുടങ്ങി ചെയ്യാത്ത ജോലികളൊന്നും ഇല്ലായിരുന്നു. അതിനിടയിൽ എങ്ങനെയൊക്കെയോ പത്താം ക്ലാസ് കടന്നു കൂടി. അത് കഴിഞ്ഞപ്പോ തുടർന്ന് പഠിക്കണമെന്ന് അവനോ, പഠിപ്പിക്കണമെന്ന് അവന്റെ പുരയിലുള്ളവർക്കോ തോന്നിയില്ല.അല്ലേലും അരപ്പട്ടിണിയും പണ്ടപരാധീനതയും മാത്രമുള്ളോർക്കു നാട്ടുനടപ്പിനൊപ്പിച്ചു പോവാനോ സ്വപ്നം കാണാനോ അവസരമുണ്ടാകാറില്ലല്ലോ... മജീദിന്റെ മനസ്സിലും എപ്പോഴും അവരുടെ ചോർന്നൊലിക്കുന്ന വീടും തൻ്റെ 4 പെങ്ങന്മാരും മാത്രമായിരുന്നു.ഇപ്പോൾ തൻ്റെ അനിയത്തികുട്ടികളാണെങ്കിലും, പെൺകുട്ടികൾ കണ്ണടച്ച് തുറക്കുമ്പോഴേക്കും വലുതാകുമെന്ന അവന്റെ ഉമ്മാന്റെ എപ്പോഴുമുള്ള പറച്ചിൽ അവന്റെ മനസ്സിലും ആ ചിന്ത ഊട്ടിയുറപ്പിച്ചിരുന്നു.പള്ളിയിലെ മുക്രിപ്പണിയും ദര്സിലെ ചെറിയ ജോലിയിൽ നിന്നും കിട്ടുന്നത് കൊണ്ട് അവന്റെ ഉപ്പാക്ക് നിത്യച്ചെലവിനപ്പുറത്തേക്കു ഒന്നുമാവില്ലെന്നത് മജീദിന് കുഞ്ഞുനാളിലെ ബോധ്യപ്പെട്ട കാര്യമായിരുന്നു. മോഹിച്ച കളിപ്പാട്ടങ്ങളൊന്നും കിട്ടാത്ത ബാല്യവും ആണ്ടിലൊരിക്കൽ ചെറിയ പെരുന്നാളിന് മാത്രമേ കിട്ടൂ എന്നുറപ്പുള്ള കോടിവസ്ത്രവും അവനെ പെട്ടെന്ന് തന്നെ പ്രായത്തിലേറെ പക്വതയുള്ളവനാക്കി മാറ്റിയിരുന്നു.
ഉമ്മാന്റെ മുറുമുറുക്കുന്ന സ്വഭാവത്തിന് പകരം ഉപ്പാന്റെ സൗമ്യതയും മന്ദഹാസവും നല്ല പെരുമാറ്റവുമൊക്കെ ലഭിച്ച മജീദ്, നാട്ടുകാർക്കിടയിൽ സ്വീകാര്യനായിരുന്നു.പത്താം ക്ലാസ് കഴിഞ്ഞു മുഴുവൻ സമയം ജോലിയിലേക്ക് തിരിഞ്ഞ അവൻ കുറേക്കൂടി കട്ടി കൂടിയ പണികളെടുത്തു തുടങ്ങി. പെയിന്റിംഗ് പണി,കൂലിപ്പണി,കിണർപണി,കക്കവാരൽ,ചുമടെടുപ്പ്,കല്ലുപണി എന്നിങ്ങനെ അവനെക്കൊണ്ടാവുന്ന എല്ലാ പണിക്കും പോയി.എടുക്കുന്ന ജോലിയുടെ ഭാരത്തെക്കുറിച്ചു അവനൊരിക്കലും ചിന്തിച്ചില്ല, കിട്ടുന്ന കൂലിയുടെ വലുപ്പത്തെക്കുറിച്ചു മാത്രമേ ഓർത്തുള്ളൂ..ഒന്നിലും ഉറച്ചു നിൽക്കാതെ പല പണികളും മാറി മാറി ചെയ്‌തെങ്കിലും, ഒരു ദിവസം പോലും പണിക്കു പോകാതിരിക്കാത്തതും സൗമ്യമായ അവന്റെ പ്രകൃതവും കൂടെ ജോലി ചെയ്യുന്നവരുടെയും മേസ്തിരിമാരുടെയും ചീത്ത പറച്ചിലിൽ നിന്ന് ഒരു പരിധി വരെ അവനെ രക്ഷിച്ചിരുന്നു. കുടുംബം അരപ്പട്ടിണിയിൽ നിന്ന് വയറുനിറച്ചു ഉണ്ണുന്നിടത്തേക്ക് എത്തിയെങ്കിലും,അവന്റെ ഈ ഓട്ടപ്പാച്ചിൽ കൊണ്ട് ഒരു സമ്പാദ്യമുണ്ടായി പെങ്ങന്മാരുടെ കല്യാണക്കാര്യം ഒന്നും നടക്കില്ലെന്നു അവൻ പതിയെ തിരിച്ചറിയുന്നുണ്ടായിരുന്നു. പണ്ടേ വല്യ ആരോഗ്യമൊന്നുമില്ലാത്ത ഉപ്പ ചില വല്ലായ്മയും രോഗലക്ഷണങ്ങളൊക്കെ കാണിച്ചു തുടങ്ങിയതും,അവനെ ഏറെ ചിന്താകുലനാക്കി. എന്തെങ്കിലും ഒരു സമൂലമായ മാറ്റം തൻ്റെ ജീവിതത്തിലുണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൂട്ടിമുട്ടില്ലെന്ന തിരിച്ചറിവ്, ഏതൊരു പ്രാരാബ്ധക്കാരനെയും പോലെ കടൽ കടക്കുന്നതിനെക്കുറിച്ചു അവനെ ചിന്തിപ്പിച്ചു. 18 പൂർത്തിയായ ഉടൻ അവൻ നാട്ടിലുള്ള ഒരു ട്രാവൽ ഏജൻറ് മുഖേന പാസ്പോർട്ട് തരമാക്കി.മറ്റാരോടും പറയാതെ അവൻ ചേർന്നിരുന്ന ഒരു കുറിയിൽ നിന്ന് പൈസ പിടിച്ചും അല്ലറ ചില്ലറ കടങ്ങളൊക്കെ വാങ്ങിയും പിന്നെ കാര്യങ്ങളൊക്കെ ശരവേഗത്തിൽ മുന്നോട്ടു പോയി. വീട്ടിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ തല കുനിച്ചു നിലത്തു നോക്കിയിരിക്കുന്ന ഉപ്പന്റെയും കണ്ണ് നിറച്ചു തേങ്ങുന്ന പെങ്ങന്മാരുടെയും മുൻപിൽ പിടിച്ചു നിന്ന മജീദ്, എപ്പോഴും മുറുമുറുക്കുന്ന ഉമ്മ, ഓടി വന്നു കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞപ്പോൾ, പിടിച്ചു വെച്ച കണ്ണുനീർ അണപൊട്ടിയതിനോടൊപ്പം ഒന്ന് പതിയെ നിലവിളിച്ചു പോയി...!
10 - 20 കൊല്ലങ്ങൾക്കു ശേഷം ആ മജീദ് ആണിന്നു ബെൻസ് കാറിൽ പോവുന്നത്. സാധാരണ കാറിൽ ഒന്നുമല്ല, ബെൻസ് കാറിൽ, ബെൻസേ...! അതെ, മണലാരണ്യത്തിലെ കൊടും ചൂടിൽ രക്തവും വിയർപ്പും ആവിയാക്കിക്കളഞ്ഞ് തൻ്റെ സ്വപ്നങ്ങളൊക്കെ നേടിയെടുത്തു പെങ്ങന്മാരെയും കുടുംബത്തെയും കരക്കടുപ്പിക്കുമ്പോഴും അവന്റെ മനസ്സിലെ ഒരു അതിമോഹം മുന്തിയ അറബികളൊക്കെ പോവുന്ന പോലൊരു ബെൻസ് കാർ...! ഇന്ന് മജീദ് ആ നാട്ടിലെ വലിയ പണക്കാരിൽ ഒരാൾ ആണ്. ഗൾഫ് സമ്പാദ്യം മൂലം മജീദിന്റെ വീടും ചുറ്റുപാടും ബന്ധുജനങ്ങളുമെല്ലാം മുന്നേറിയ പോലെ തന്നെ ആ കൊച്ചുനാടും ഒരുപാട് മാറ്റങ്ങളുൾക്കൊണ്ടിരുന്നു.മജീദിനെപ്പോലെ മറ്റനേകം പ്രവാസികളും , വലുതും ചെറുതുമായ അവരയക്കുന്ന ദിർഹവും ദിനാറും റിയാലുമെല്ലാം നാട്ടിലെ വീടുകളും പള്ളികളെയുമെല്ലാം ഉടച്ചുവാർത്തിരുന്നു. അതിനനുബന്ധമായി നിർമ്മാണമേഖലയും കച്ചവടവും അതിനോടനുബന്ധിച്ചു മറ്റു വികസനങ്ങളുമെല്ലാം ആ നാട്ടുകാരുടെ ജീവിതസാഹചര്യങ്ങളെയും ചുറ്റുപാടുകളെയും ഏറെ മുന്നോട്ടു നയിച്ചിരുന്നു.
ഈ വരവിനു അവന്റെ മൂന്നാമത്തെ കുട്ടിയുടെ 'അഖീഖ' (കുഞ്ഞു ജനിച്ചതിനോടനുബന്ധിച്ചുള്ള മൃഗബലി ) നടത്തിക്കളയണം എന്ന ഉദ്ദേശത്തോടു കൂടിയും ആണ് മജീദ് എത്തിയിരിക്കുന്നത്.തുടക്കകാലത്തു മൂന്നോ രണ്ടോ വർഷത്തിലൊരിക്കൽ വന്നിരുന്ന മജീദ് ഇപ്പൊ കുറച്ചുകാലങ്ങളായി വർഷത്തിൽ 5 - 6 പ്രാവശ്യമോ അതിലധികമോ ഒക്കെ നാട്ടിൽ വരുന്നതിനാൽ , എപ്പോ എത്തി, എപ്പോ തിരിച്ചുപോവും എന്ന നാട്ടുകാരുടെ സ്ഥിരംപല്ലവി മജീദ് കേൾക്കേണ്ടി വരാറില്ല. ചോദിക്കുന്ന പിരിവും സഹായങ്ങളുമെല്ലാം എല്ലാവർക്കും ചെയ്തുകൊടുക്കുന്നതിനാൽ നാട്ടുകാർക്കെല്ലാം മൂപ്പരെ വല്യ കാര്യവുമാണ്. സാമ്പത്തികമായ അഭിവൃദ്ധിക്കൊപ്പം വേറെയും ഒരുപാട് അനുഗ്രഹങ്ങൾ അയാളെ തേടിയെത്തിയിരുന്നു.മൃതപ്രായനെന്ന പോലെ തോന്നിയിരുന്ന ഉപ്പ ആരോഗ്യവും പ്രസന്നതയും വീണ്ടെടുത്തു. എപ്പോഴും മുറുമുറുക്കുന്ന ഉമ്മ , അയൽവാസികളോട് പോലും സ്നേഹത്തിൽ പെരുമാറുകയും പങ്കുവെക്കുകയും ചെയ്യുന്ന ഒരു പാവമായി. ഒരു പക്ഷെ പണ്ടപരാധീനകാലത്തെ തൻ്റെ സങ്കടവും നിരാശയും ദേഷ്യവുമെല്ലാം ആ ഉമ്മ, പുറത്തേക്കു മറ്റൊരു രൂപത്തിൽ കാട്ടിക്കൂട്ടിയതായിരിക്കാം.
അഖീഖ അറുക്കാൻ ആൺകുഞ്ഞിന് ൨ ആടിനെ അറുത്താൽ മതിയെങ്കിലും,ഏറ്റവും അടുത്തവർക്കു മാത്രമായി കൊടുക്കാൻ തന്നെ ഒരു 4 ആട് എങ്കിലും വേണ്ടി വരുമെന്ന് മജീദ് കണക്കാക്കി. വെറുതെ ഒരു ലിസ്റ്റ് ഇട്ടു വന്നപ്പോ 4 എന്നത് 5 ആയി മാറി.ഏതായാലും ഇറച്ചിക്കാരൻ കാദറിനും സഹായികൾക്കും കുശാലായി.അറവും വെട്ടിനുറുക്കലുമൊക്കെ കഴിഞ്ഞു മജീദ് തന്നെ കൊണ്ട് പോയി എല്ലാർക്കും വിതരണം ചെയ്യാനൊരുങ്ങി. " ഇങ്ങളെ കാറ് ആകെ നാശമാവും ഇക്കാ..ഇങ്ങൾക്കു വേറെ ആരേലും ഏൽപ്പിച്ചാൽ പോരെ ?, ആ ഇറച്ചിന്റെ വാടാ പോവൂല്ല..." എന്ന് ഭാര്യ പറഞ്ഞെങ്കിലും അതൊന്നും വകവെക്കാതെ മജീദ്, മുന്തിയ അറേബ്യൻ ഊദ് മണക്കുന്ന അയാളുടെ കാറിൽ തന്നെ എല്ലാം കേറ്റി വിതരണം ചെയ്യാനായി പോയി. ഇതൊക്കെ മജീദിന്റെ വലിയ സന്തോഷങ്ങളാണ്... പൂർവ പർവ്വത്തിലെ അഷ്ടിക്ക് വകയില്ലാത്ത നാളുകളോടുള്ള അവന്റെ മധുര പ്രതികാരമായിരുന്നു ഇതൊക്കെയും. സഹായത്തിനായി അവന്റെ സുഹൃത്ത് നൗഫലും എളാമയുടെ മകൻ റമീസും കൂടെക്കൂടി. അല്ലേലും മജീദ് നാട്ടിൽ വന്നാൽ ഒറ്റയ്ക്ക് കണ്ടു കിട്ടാൻ പ്രയാസമാണ്.ബന്ധുക്കളോ സുഹൃത്തുക്കളുടെയോ ഒരു വലയം പലപ്പോഴും അവന്റെ ചുറ്റുമുണ്ടാകാറുണ്ട്.
ബന്ധുക്കൾക്കും അയൽവാസികൾക്കും സുഹൃത്തുക്കൾക്കുമൊക്കെയായി തകൃതിയായി വിതരണം നടക്കുന്നതിനിടയിൽ പള്ളിയിൽ ബാങ്ക് വിളിച്ചു.ഇനി ഏതായാലും നിസ്കാരം കഴിഞ്ഞിട്ടാകാമെന്നു കരുതി, നേരെ പള്ളിയിലേക്ക് വിട്ടു.വുളു എടുത്തു പള്ളിക്കകത്തു പ്രവേശിക്കുമ്പോഴേക്ക് നിസ്കാരം ആരംഭിച്ചിരുന്നു. നിസ്കാരം ഏതാണ്ട് പകുതിയോടടുത്തപ്പോൾ നിറുത്താതെയുള്ള ഒരു ചുമയുടെ ശബ്ദം കേട്ട മജീദിന് അത് തന്റെ ഉപ്പാന്റതല്ലേ എന്ന് സംശയമായി.താൻ നിൽക്കുന്നിടത്തു നിന്ന് 4 - 5 ആളുകൾക്ക് അപ്പുറം നിന്ന് കേട്ട ആ ചുമ തൻറെ ഉപ്പാന്റെ തന്നെ എന്നറിയുമ്പോഴേക്ക് അദ്ദേഹം മുട്ടുകുത്തി വീണിരുന്നു.പെട്ടെന്ന് നമസ്കാരത്തിൽ നിന്ന് വിരമിച്ചു മജീദ് ഉപ്പാനെ താങ്ങിയെടുത്തു പിറകിലേക്ക് കൊണ്ട് പോവുമ്പോഴേക്ക് നൗഫലും കൂടെയെത്തിയിരുന്നു. മറ്റു ആളുകളൊക്കെ നിസ്കാരത്തിൽ തന്നെ തുടരുന്നു... പെട്ടെന്ന് എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാതെ മജീദ് ഒരു നിമിഷം സ്തബ്ധനായി.ഇത് മനസ്സിലാക്കിയ നൗഫൽ അദ്ദേഹത്തെ പെട്ടെന്ന് എടുത്തുയർത്താനും എഴുന്നേൽപ്പിക്കാനും ശ്രമിക്കുന്നു.അപ്പോഴേക്കും നമസ്കാരം അവസാനിച്ചു റമീസും മറ്റു ആളുകളുമെല്ലാം കൂടി മുഹമ്മദാക്കനെ എടുത്തുയർത്തി പള്ളിയിൽ നിന്നും പുറത്തേക്കിറങ്ങി.മജീദ് ഓടിപോയി തന്റെ കാറിൽ കയറി.ആ ഒരു നിമിഷത്തിൽ കാറിനുള്ളിലെ മാംസഗന്ധം അദ്ദേഹത്തെ മനം മടുപ്പിച്ചു.അപ്പോഴേക്കും നൗഫലും റമീസും വേറെ ചിലരും കൂടി ഉപ്പാനെ താങ്ങിയെടുത്തു കാറിലേക്ക് കയറി.അപ്പോഴും മുഹമ്മദാക്കന്റെ മുഖത്തു എനിക്കൊന്നുമില്ലെന്നും എന്തിനാ ഇങ്ങനെ പായ്യാരമാക്കുന്നതെന്നുമൊക്കെ ആലോചിച്ചു ദേഷ്യവും സങ്കടവും ജാള്യതയുമൊക്കെ കലർന്ന ഒരു ഭാവമായിരുന്നു. "ഇനിക്ക് ഒന്നൂല്ലെട മജീദെയ്.." എന്നദ്ദേഹം പറയുന്നുണ്ടായിരുന്നു. ആ കാർ അന്ന് വരെ പോകാത്തത്ര വേഗതയിലും അപകടമായ രീതിയിലും ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് കുതിച്ചു.അപ്പോഴേക്കും ആശുപത്രിയിലുള്ള തന്റെ പരിചയക്കാരനെ റമീസ് ഫോണിലൂടെ വിവരം ധരിപ്പിച്ചതിനാൽ അവർ അവിടെത്തുമ്പോഴേക്ക് സ്‌ട്രെച്ചറുമായി ചിലർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അതിവേഗത്തിൽ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ഡോക്ടർ പരിശോധിക്കുകയും ചെയ്തു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.അതേ ഹോസ്പിറ്റൽ ആംബുലൻസിൽ തന്നെ കൊണ്ടുപോവാൻ ഏർപ്പാടാക്കി മജീദും നൗഫലും നഴ്സുമാർക്കൊപ്പം സ്‌ട്രെച്ചറും തള്ളി ഓടി.ഇതിനിടയിൽ വീട്ടിൽ പോയി വിവരം ധരിപ്പിക്കാൻ റമീസിനെ പറഞ്ഞയച്ചു.
സൈറൺ മുഴക്കിക്കൊണ്ട് ശരവേഗത്തിൽ ആംബുലൻസ് കുതിച്ചു.ഉപ്പാന്റെ കൈ മുറുകെ പിടിച്ചിരുന്ന മജീദ്,ഒന്നും ഉണ്ടാവൂല്ല..ഒന്നും ഉണ്ടാവൂല്ല..പടച്ചോനെ കാക്കണേ..എന്ന് നിരന്തരം മനസ്സിലുരുവിടുന്നുണ്ടായിരുന്നെങ്കിലും അവനറിയാതെ നിഗൂഢമായ ഒരു ഭയം അവന്റെ നെഞ്ചിലാകെ വ്യാപിക്കുന്നുണ്ടായിരുന്നു.20 മിനിറ്റിൽ മെഡിക്കൽ കോളേജിന്റെ കമാനാകൃതിയിലുള്ള കവാടം കടന്ന ആ ആംബുലൻസ് അതേ വേഗത്തിൽ തന്നെ മുന്നോട്ടു കുതിച്ചു അത്യാഹിത വിഭാഗത്തിന് മുന്നിൽ ചവിട്ടി നിർത്തി. ഉടനെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹത്തെ ICU ലേക്ക് മാറ്റി. ICU ൻറെ പുറത്തു നിൽക്കുന്ന തന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് മജീദ് തിരിച്ചറിയുന്നുണ്ടായിരുന്നു. ഒന്നുമില്ലെന്ന് സ്വയം പറഞ്ഞു ആശ്വസിക്കുമ്പോഴും ഭയം അവനിൽ വല്ലാതെ നിഴലിക്കുന്നുണ്ടായിരുന്നു. അര മണിക്കൂറോളം കഴിഞ്ഞു ചില നഴ്സുമാർ ICU യിൽ നിന്ന് പുറത്തേക്കു ഓടുന്നതും വേറെ ഡോക്ടർമാർ ICU വിന് അകത്തേക്ക് ഓടിക്കയറുന്നതുമെല്ലാം അവന്റെ നെഞ്ചിടിപ്പ് ദ്രുതതാളത്തിലാക്കി. അവൻ അവരോടൊക്കെ എന്തൊക്കെയോ ചോദിക്കാൻ ശ്രമിച്ചെങ്കിലും അവരാരും അത് കേൾക്കാനോ മറുപടി പറയാനോ ഉള്ള സാവകാശം കാണിച്ചില്ല. ഏതാണ്ട് ഒരു മണിക്കൂർ ആകുമ്പോഴേക്കും പെങ്ങന്മാരും അളിയന്മാരും ഉമ്മയുമൊക്കെ ആശുപത്രിയിലേക്ക് എത്തിച്ചേർന്നു.അപ്പോഴേക്ക് ഒരു ഡോക്ടർ ICU വിൽ നിന്ന് പുറത്തു വന്നു യാതൊരു തിരക്കും കാണിക്കാതെ മന്ദഗതിയിൽ മജീദിനടുത്തേക്കു വന്നു "ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു , പക്ഷെ പൾസ് കുറഞ്ഞു കൊണ്ടിരിക്കയാണ്.. ഇനി അധികനേരമില്ല, അകത്തു കയറി കണ്ടോളൂ.." എന്ന് പറഞ്ഞു. അപ്പോഴേക്കും പിറകെ വന്ന നേഴ്സ് "ഏതെങ്കിലും ഒന്നോ രണ്ടോ പേര് മാത്രമേ കയറാവൂ..ICU വിൽ വേറെയും പേഷ്യന്റ്സ് ഉള്ളതാണെന്ന് പറഞ്ഞു തിരികെ പോയി.
മജീദും ഉമ്മയും മാത്രം അകത്തു കയറി.ഡോക്ടറുടെ വാക്കുകൾ, തന്റെ ഹൃദയത്തിൽ ഒരു കത്തി കുത്തിയിറക്കി, ഹൃദയത്തിൽ നിന്നും ചോര കിനിയുന്നതായി തോന്നിച്ചു മജീദിന്.ശബ്ദമുണ്ടാക്കാതെ കരയാൻ ഉമ്മ പരമാവധി ശ്രമിച്ചെങ്കിലും അവരതിൽ പരാജയപ്പെട്ടു കൊണ്ടേ ഇരുന്നു. മജീദിന്റെ മനസ്സിൽ ഒരുപാട് ചിത്രങ്ങൾ മിന്നിമാഞ്ഞുകൊണ്ടിരുന്നു.തങ്ങളുടെ കഷ്ടപ്പാട് കാലം തൊട്ടിന്നു വരെയുള്ള ചീത്തയും നല്ലതുമായ ഓർമകളും അനുഭവങ്ങളും അവന്റെ കണ്മുന്നിലൂടെന്ന പോലെ പോയ്മറഞ്ഞു കൊണ്ടിരുന്നു.ഒരു സിനിമയിലോ കഥയിലോ കാണുന്ന പോലുള്ള രംഗങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളിൽ തന്റെ ജീവിതത്തിൽ സംഭവിക്കുന്നതെന്ന യാഥാർഥ്യം ഉൾകൊള്ളാൻ അവനു കഴിയുന്നുണ്ടായിരുന്നില്ല. അവൻ ഉപ്പാന്റെ കയ്യിൽ തന്റെ കൈ ചേർത്തുപിടിച്ചു. പാതിയടഞ്ഞ കണ്ണുകളും വിളറിയ ചുണ്ടുകളുമായി ഉപ്പ അവനോടെന്തോ പറയാൻ ശ്രമിക്കുന്നുവെന്ന പോലെ അവനു തോന്നി.പക്ഷെ, അദ്ദേഹത്തിന് ഒന്നും ഉരുവിടാൻ സാധിച്ചില്ല. പൊൻപ്രഭാതത്തിനു മേൽ കരിനിഴൽ വീഴുന്നത് പോലെ അവനു തോന്നി.താൻ ഉപ്പാനെ നല്ലവണ്ണം നോക്കിയില്ലേ..,വേണ്ടതെല്ലാം ചെയ്തു കൊടുത്തില്ലേ..,വേണ്ട സൗകര്യങ്ങളെല്ലാം നൽകിയില്ലേ...,എന്നൊക്കെ അവൻ സ്വയം മനസ്സിൽ പറഞ്ഞു സമാധാനിക്കാൻ ശ്രമിച്ചെങ്കിലും തന്റെ സാമീപ്യവും സ്നേഹവുമൊക്കെ കഴിഞ്ഞ കാലങ്ങളിൽ ഉപ്പാക്ക് ഒരുപാട് കിട്ടിയിട്ടില്ലെന്നും , കുറച്ചു കാലം കൂടി ഉണ്ടായിരുന്നെങ്കിൽ അതെല്ലാം കുറെയേറെ കൊടുക്കാമായിരുന്നെന്നുമൊക്കെയുള്ള ചിന്തകൾ അവന്റെ ഹൃദയത്തിന്റെ ഭാരം കൂട്ടി.
താൻ ജീവിതത്തിൽ നേടിയതൊന്നും ഒന്നുമല്ലെന്നും നോക്കി അഭിമാനിച്ച സ്വത്തും സുഖങ്ങളുമെല്ലാം ഒന്നുമല്ലെന്നും അവനപ്പോൾ തോന്നി. തനിക്കുള്ളതെല്ലാം ത്യജിച്ചു ആയാലും ഉപ്പാനെ കുറച്ചുകാലത്തേക്ക് കൂടെ കിട്ടിയിരുന്നെങ്കിലെന്നവൻ ആശിച്ചു. ഉപ്പ തന്നോടും താൻ ഉപ്പയോടും പ്രകടിപ്പിക്കാൻ പിശുക്കിയ സ്നേഹത്തിന്റെ കണക്കുപുസ്തകം തീരാനഷ്ടത്തിൽ അവസാനിക്കുന്നതായി അവനു തോന്നി.അവൻ ഉപ്പാന്റെ ചെവിയോട് ചേർന്ന് അവസാനമായി "ലാ ഇലാഹ ഇല്ലല്ലാഹ് ..." എന്ന് മന്ത്രിച്ചു.ഉപ്പാന്റെ കണ്ണുകളിൽ ചലനം നിലച്ചെന്നു തോന്നി മുഖമുയർത്തിയ അവൻ ഇസിജി മോണിറ്ററിൽ ചലിക്കുന്ന വരയുടെ നിമ്നോന്നതങ്ങൾ കുറഞ്ഞു കുറഞ്ഞു വന്നു ഒരു നേർരേഖയിൽ അവസാനിക്കുന്നത് കണ്ടു.തന്റെ ജീവിതത്തിലെയും സന്തോഷ സന്താപങ്ങളുടെ ഉയർച്ച താഴ്ചകൾ പെട്ടെന്ന് കീഴ്മേൽ മറിഞ്ഞു,ഒരു നേർരേഖയിൽ അവസാനിക്കുന്നത് അവൻ തിരിച്ചറിഞ്ഞു. മരവിപ്പിന്റെ, തീരസങ്കടത്തിന്റെ, മായാത്ത ഓർമകളുടെ ഒരു നേർരേഖ.............
Comments
Post a Comment