സന്തോഷം - മൂർത്തീഭാവത്തിലെത്തുമ്പോൾ ഉന്മാദം..!
തലവാചകം കണ്ടു ഏറെക്കുറെ സന്തോഷിക്കാമെന്ന മുൻധാരണയോട് കൂടി ഇനിയുള്ള വരികളിലേക്കു കണ്ണോടിക്കണ്ട. വില്ലന്റെ പേര് സിനിമയ്ക്കു നൽകിയിട്ടു വില്ലനെ മഹത്വവത്കരിച്ചു ഒടുവിൽ അയാളെത്തന്നെ ദയനീമായി പരാജയപ്പെടുത്തുന്ന സിനിമഗണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായേക്കാം ഇനിയുള്ള ആഖ്യാനം.എന്നത്തേയും പോലെ ശരാശരിക്ക് മേലെ ഉണ്ടായ മാനസികസമ്മർദ്ദങ്ങളും വ്യഥകളും തന്നെയാണ് എഴുത്തിനു പ്രേരിപ്പിച്ചത്. മടുപ്പുളവാക്കുന്ന ആമുഖഭാഷണം അവസാനിപ്പിച്ച് കാര്യത്തിൻറെ മർമത്തിലേക്കു ഊളിയിടട്ടെ ...
വിഷയം സന്തോഷമാണ്. അപ്പോൾ തുടക്കത്തിൽ തന്നെ വിഷയത്തിന്റെ അസ്തിത്വമാണ് ആകുലപ്പെടുത്തുന്നത്. സന്തോഷം എന്നൊന്ന് ഉണ്ടോ ? അതോ വെറും ഒരു പ്രഹേളികയോ? ഉദാഹരണ സഹിതമുള്ള കീറിമുറിക്കൽ വളരെയധികം മനസ്സിനുള്ളിൽ നടത്തിയതിനു ശേഷം അങ്ങനെയൊന്നില്ലാതെയില്ല എന്ന നിഗമനത്തിലെത്തിയിരിക്കുന്നു. പക്ഷെ, കക്ഷിയുടെ അസ്തിത്വം പൊതുധാരണയിൽ ഉറച്ചു പോയ പോലെ അത്ര സുഖകരമല്ലെന്നു വേണം കരുതാൻ. അന്തമില്ലാത്ത ആശയക്കുഴപ്പം ജനിപ്പിക്കാൻ വേണ്ടി നിരവധി വികാരവിചാരങ്ങളോട് ഇഴുകിച്ചേർന്നുള്ള പ്രയാണം ഒരു വീണ്ടുവിചാരത്തിനിടയാക്കാത്ത വിധം കക്ഷിയെ പൊതുസമ്മതനാക്കിയിരിക്കുന്നു. ഒന്ന് കൂടി വ്യക്തമാക്കിയാൽ സംതൃപ്തി, സമാധാനം,സാമ്പത്തികം,സ്നേഹം,എന്നിങ്ങനെ തുടങ്ങിയ വികാര-വ്യവസ്ഥികളോടുള്ള ഇഴുകിചേരലോ അതല്ലെങ്കിൽ മേൽപ്പറഞ്ഞതിന്റെ ഉപോല്പന്നമായി വർത്തിക്കാനുള്ള ഒരു അസാമാന്യപാടവമോ ഉണ്ടെന്നുള്ളത് സമ്മതിക്കാതെ വയ്യ...!
സമാധാനം- സമാധാനം എന്നത് സന്തോഷമല്ല. പക്ഷെ,സമാധാനത്തിന്റെ ഒരു ഉപോല്പന്നം ആണ് സന്തോഷം എന്ന് വേണം കരുതാൻ .എന്തെന്നാൽ സമാധാനമില്ലാതെ സന്തോഷം ഉണ്ടാവുകയില്ല. ഇനി അങ്ങനെ ഉണ്ടാക്കാൻ ശ്രമിച്ചാൽ അത് സ്വന്തം മനസ്സാക്ഷിയുടെ മുന്നിലുള്ള നാട്യമായി അവസാനിക്കും. മനം നിറഞ്ഞു സന്തോഷിക്കുന്ന ഒരാളുടെ ജീവിതസാഹചര്യം സമാധാനപൂര്ണമാണെന്നു തന്നെ ഉറപ്പിക്കാം. ഒരു പക്ഷെ ആ നൈമിഷികവർത്തമാന കാലത്തിലെങ്കിലും.
ഇനി സംതൃപ്തി- നന്നായി വിശന്നു കഴിഞ്ഞതിനു ശേഷം ഏറെ സ്വാദുള്ള വിഭവസമൃദ്ധമായ ഒരു സദ്യ തരുന്ന സന്തോഷം അല്പമൊന്നുമല്ല.പക്ഷെ,സത്യത്തിൽ അത് സന്തോഷമാണോ? അത് സംതൃപ്തി അല്ലെ? മൃഷ്ടാന്ന ഭോജനശേഷം ഉപബോധമനസ്സിൽ നിന്നു വരുന്ന വാക്ക് പോലും "തൃപ്തിയായി" എന്നല്ലേ പലപ്പോഴും? തനിക്കോ മറ്റുള്ളവർക്കോ വന്ന അസുഖം ഭേദമാകുമ്പോഴും പറഞ്ഞറിയിക്കാനാകാത്ത ഒരു സന്തോഷം വരാറുണ്ട്.അതും സത്യത്തിൽ ഒരു തൃപ്തിയല്ലേ ? പൂർണ്ണാരോഗ്യം വീണ്ടെടുത്തതിന്റെ തൃപ്തി? നല്ല തികഞ്ഞ സംതൃപ്തി..! പക്ഷെ സംതൃപ്തരായി സായൂജ്യമടയുന്ന വേളയിൽ ഊണിനു പിറകെ മധുരമെന്ന പോലെ സന്തോഷം ഉണ്ടാവുന്നുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.
ഇനി സ്നേഹം- നാം സന്തുഷ്ടരാണെന്നു ആശയക്കുഴപ്പത്തിലാക്കാൻ ഇത്രമാത്രം കഴിവുള്ള ഒരു വിരുതൻ വേറെ ഉണ്ടെന്നു തോന്നുന്നില്ല. അതിനെ ഉത്തമ ഉദാഹരണമാണ് പ്രണയത്തിന്റെ ആഴിയിൽ അകപ്പെടുന്ന നിറങ്ങളുടെ ലോകത്തിൽ മാത്രം വിരാജിക്കുന്ന സുന്ദരഹൃദയങ്ങൾ ..! ഒരൊറ്റ നിമിഷവും സുന്ദര സ്വപ്നങ്ങളാലും ഓരോ കാത്തിരിപ്പും അതിസുന്ദര പ്രതീക്ഷകളായും മാത്രം ഭവിക്കുന്ന പ്രണയാതുരതയുടെ സന്തോഷം അണപൊട്ടിയ വെള്ളത്തേക്കാൾ ശക്തിയും ഓജസ്സുമാർന്നതാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. എന്നാൽ ആ ബന്ധത്തിലുണ്ടാകുന്ന വിള്ളലോ വീഴ്ചയോ അന്നോളം അനുഭവിച്ചതൊക്കെ തിരിഞ്ഞു കൊത്തുന്ന ഒരു കാളകൂട സർപ്പമായി മാറുന്നത് താങ്ങാനാവാതെ ശരീരത്തിന്റെ ബന്ധനത്തിൽ നിന്നും സ്വതന്ത്രരായ ആത്മാക്കൾ അനവധി നിരവധിയാണ് . ഇനി സ്നേഹത്തിന്റെ വീക്ഷണകോൺ അല്പം വിശാലമാക്കിയാലും സന്തോഷം ഒരു പ്രഹേളികയായി മാറിനിൽക്കുന്നതു പലവുരു ദർശിക്കേണ്ടി വരും. സ്നേഹം സ്നേഹമായിത്തന്നെയാണ് നാം അനുഭവിക്കാറ്. സ്നേഹത്തിന്റെ ആ അതിതീവ്രതയിലേക്കെത്താൻ സന്തോഷം പലപ്പോഴും പ്രാപ്തമല്ല . അതുകൊണ്ടു തന്നെ സ്നേഹത്തിന്റെ പകരക്കാരനാവാനുള്ള സന്തോഷത്തിന്റെ ശ്രമങ്ങൾ പലതും വൃഥാവിലാവാറാണ് പതിവ്. അത് മാത്രവുമല്ല പലപ്പോഴും സ്നേഹം ഒഴുകിയെത്തി അനുഭവിക്കുമ്പോഴും അത് തിരിച്ചുനൽകാനാവാത്ത മനസ്സിന്റെ നിസ്സഹായാവസ്ഥ സന്തോഷത്തെ പാടെ തല്ലിക്കെടുത്തി ദുഃഖത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്നതിനു ജീവിതം പലവുരു സാക്ഷിയാണ്...!
സാമ്പത്തികം- സന്തോഷം സാമ്പത്തികമായി തീരെ ബന്ധപ്പെട്ടിരിക്കുന്നില്ലെന്നു ഏറെ ആലോചിക്കാതെ തന്നെ പറയാനാകും. അതിനെതിരെ ആക്ഷേപങ്ങൾക്കുള്ള സാധുതയും വളരെ വിരളമാണ്. എന്തെന്നാൽ അതിസമ്പന്നരായ പലരും സന്തുഷ്ടരല്ലെന്നും സമ്പത്ത് ഉപയോഗിച്ച് സന്തോഷം ഉണ്ടാക്കാനാകില്ലെന്നത് അവരുടെ വാക്കുകളും ജീവിതവും കൊണ്ട് നമുക്ക് ബോധ്യപ്പെട്ട കാര്യമാണ്.
ഇനി ആകെ ഒന്ന് സംഗ്രഹിച്ചാൽ നമുക്ക് ചുറ്റും കാണുന്ന സന്തോഷങ്ങളിൽ ആത്മാര്ഥമായതിന്റെ ഒരു ശതമാനക്കണക്കെടുത്താൽ അത് തീരെകുറവാണെന്നു മനസ്സിലാക്കാം...! "Happiness Street " ഉം "Happiness Day "ഉം ഒക്കെ ഉണ്ടാക്കി കൃത്രിമ സന്തോഷത്തിനു ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകമാണ് നമുക്ക് ചുറ്റും. അതിനാലാവണം സന്തോഷത്തെ പലപ്പോഴും മാർക്കറ്റ് ചെയ്യേണ്ടി വരുന്നത്. ചരിത്രാതീതകാലം മുതൽക്കിന്നോളം ദുഃഖത്തെ മാർക്കറ്റ് ചെയ്യേണ്ടി വന്നിട്ടില്ല.എന്തെന്നാൽ അതിൽ കാപട്യമില്ല. ദുഃഖം എന്നും സത്യമാണ്.. പരമാർത്ഥമാണ്... ദാരിദ്രവും രോഗങ്ങളും ഇല്ലായ്മയും കടിച്ചുകീറിയ ഒന്നുമില്ലാത്തവന്റെ കുഞ്ഞിന്റെ കണ്ണിൽ നിന്നുതിർന്നു വീഴുന്ന ദുഃഖത്തിൽ സത്യം മാത്രമേയുള്ളൂ... ഉള്ളു പൊള്ളിക്കുന്ന സത്യം.
എത്ര ചെറുതാണെങ്കിലും നമ്മളാൽ കഴിയുന്ന ഒരു സഹായം അല്ലെങ്കിൽ പ്രവൃത്തി ചെയ്തിട്ട് ഒരു സങ്കടത്തെ ഇല്ലാതാക്കി നോക്കൂ.. ആ സങ്കടം പരിണമിച്ചു സന്തോഷമായി മാറുമ്പോഴാണ് അത് പത്തരമാറ്റുള്ള സന്തോഷം ആകുന്നത്. സന്തോഷം എന്ന സത്യമാവുന്നത്....
- ഹിസ്‌കാഫ്
Comments
Post a Comment