സന്തോഷം - മൂർത്തീഭാവത്തിലെത്തുമ്പോൾ ഉന്മാദം..!
തലവാചകം കണ്ടു ഏറെക്കുറെ സന്തോഷിക്കാമെന്ന മുൻധാരണയോട് കൂടി ഇനിയുള്ള വരികളിലേക്കു കണ്ണോടിക്കണ്ട. വില്ലന്റെ പേര് സിനിമയ്ക്കു നൽകിയിട്ടു വില്ലനെ മഹത്വവത്കരിച്ചു ഒടുവിൽ അയാളെത്തന്നെ ദയനീമായി പരാജയപ്പെടുത്തുന്ന സിനിമഗണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായേക്കാം ഇനിയുള്ള ആഖ്യാനം.എന്നത്തേയും പോലെ ശരാശരിക്ക് മേലെ ഉണ്ടായ മാനസികസമ്മർദ്ദങ്ങളും വ്യഥകളും തന്നെയാണ് എഴുത്തിനു പ്രേരിപ്പിച്ചത്. മടുപ്പുളവാക്കുന്ന ആമുഖഭാഷണം അവസാനിപ്പിച്ച് കാര്യത്തിൻറെ മർമത്തിലേക്കു ഊളിയിടട്ടെ ... വിഷയം സന്തോഷമാണ്. അപ്പോൾ തുടക്കത്തിൽ തന്നെ വിഷയത്തിന്റെ അസ്തിത്വമാണ് ആകുലപ്പെടുത്തുന്നത്. സന്തോഷം എന്നൊന്ന് ഉണ്ടോ ? അതോ വെറും ഒരു പ്രഹേളികയോ? ഉദാഹരണ സഹിതമുള്ള കീറിമുറിക്കൽ വളരെയധികം മനസ്സിനുള്ളിൽ നടത്തിയതിനു ശേഷം അങ്ങനെയൊന്നില്ലാതെയില്ല എന്ന നിഗമനത്തിലെത്തിയിരിക്കുന്നു. പക്ഷെ, കക്ഷിയുടെ അസ്തിത്വം പൊതുധാരണയിൽ ഉറച്ചു പോയ പോലെ അത്ര സുഖകരമല്ലെന്നു വേണം കരുതാൻ. അന്തമില്ലാത്ത ആശയക്കുഴപ്പം ജനിപ്പിക്കാൻ വേണ്ടി നിരവധി വികാരവിചാരങ്ങളോട് ഇഴുകിച്ചേർന്നുള്ള പ്രയാണം ഒ...