സലാല ഡയറീസ് ..
ചില യാത്രകൾ അങ്ങനെയാണ്, നാം പോലും അറിയാതെ നമ്മുടെ മനസ്സിനെ ഒന്ന് പൊടി തട്ടി എടുക്കും , അനാവശ്യമായ ചില മുഖം മൂടികളും ചില മിഥ്യാ ധാരണകളും നാം ഉപേക്ഷിക്കും. ഒരേ പ്രദേശത്തു ഉള്ള വാസം നമ്മെ ഒരു അലസനും ഇടുങ്ങിയ ചിന്താഗതിക്കാരനും ആക്കിയേക്കാം . വിശാലമായ ലോകത്തിലൂടെ വിടർന്ന കണ്ണുകളോടെ അത്ഭുതം കൂറി യാത്ര ചെയ്യുമ്പോൾ മാത്രമാണ് നമ്മളെന്ന കൂപമണ്ഡൂകങ്ങൾ എത്ര മാത്രം ചെറിയ കിണറുകളിലാണ് വസിക്കുന്നതെന്ന യാഥാർഥ്യം തിരിച്ചറിയുന്നുള്ളൂ.. യാത്രകൾ നമുക്ക് ഒരുപാട് ദൃശ്യങ്ങൾ മാത്രമല്ല സമ്മാനിക്കുന്നത്. ഒരുപാട് വേദനകളും പ്രതീക്ഷകളും ആശ്വാസങ്ങളും നിർവൃതിയും എല്ലാം ആണ് . സുദീർഘത, വിജനത , ഏകാന്തത ഇവ ഒക്കെ ഒറ്റയടിക്ക് അനുഭവിച്ചു അറിയാൻ ദുബായിൽ നിന്ന് ഒന്ന് സലാല വരെ മാത്രം പോയാൽ മതി.ഒരുപാട് ഒന്നുമില്ല ഒരു 1300 കിലോമീറ്റർ മാത്രം..! റോഡിനു ഇരുവശത്തും കണ്ണെത്താത്ത ദൂരത്തോളം വരണ്ട ഭൂമി, ഒരു പുൽക്കൊടിക്കു പോലും ഇന്ന് വരെ ആ ഭൂമിയോടു പ്രണയം തോന്നിയിട്ടില്ല. സസ്യജാലങ്ങൾക്കു വരെ തോന്നാത്ത പ്രണയം മൃഗത്തിൽ നിന്നും മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ പിന്നെ അർത്ഥമില്ലല്ലോ. നാട്ടിൽ 2 സെന്റിലും 3 സെന്റി...