വിഷുവം
"കാലം ഇനിയും ഉരുളും, വിഷു വരും, വര്ഷം വരും പിന്നെ, ഓരോരോ തളിരിനും പൂ വരും ,കായ് വരും അപ്പോളാരെന്നും എന്തെന്നും ആര്ക്കറിയാം...? " എൻ.എൻ. കക്കാട് 28സംവത്സരങ്ങൾക്കു മുൻപ് കുറിച്ച ഈ വരികൾ മലയാളികൾ നെഞ്ചിൽ ഏറ്റി. എന്നാൽ, ഇന്ന് രണ്ടര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഒരു പുനർവിചിന്തനം നടത്തി നമ്മിലേക്ക് തന്നെ ഒന്ന് നോക്കിയാൽ ഈ നെഞ്ചിൽ ഏറ്റിയ വരികൾ ഇന്ന് നമ്മുടെ ഹൃദയങ്ങളിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു. വിഷുവിനെയും വർഷത്തെയും കാത്തിരുന്ന മലയാളികൾ ഓർമ്മകളിൽ മാത്രം ഒതുങ്ങുകയാണ്. നമ്മുടെ അഹങ്കാരവും അഭിമാനവുമായ ആഘോഷങ്ങളും സംസ്കാരവും നമുക്കിന്നൊരു ഏച്ചുകെട്ടൽ ആണ് .ആ ആഘോഷങ്ങളുടെ പേരിൽ ജോലി ചെയ്യാതെ അലസനായിരിക്കാമെന്ന ദുര മാത്രമേ നമുക്ക് ആത്മസായൂജ്യം തരുന്നുള്ളൂ.. നമ്മുടെ മനസ്സിനെയും ജീവിതശൈലികളെയും അരോചകവിമുക്തമാക്കിയിരുന്ന ഋതഭേദങ്ങൾ ആകുന്ന അനുഗ്രഹങ്ങൾ നമ്മുടെ കണ്ണിനും മനസ്സിനും ഒരു ശാപമായി കാണപ്പെടുന്നു. ഒരു കാലത്ത് നല്ല മഴ,നല്ല വേനൽ, നല്ല ഗ്രീഷ്മം എന്നു പറഞ്ഞു ശീലിച്ച നാം ഇന്ന് ഇതിനെയെല്ലാം ഒടുക്കത്തതും പണ്ടാരമടങ്ങിയതുമാക്കി മാറ്റിയിരിക്കുന്നു. ...